by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്.
ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ ആര്‍ബിഐ സെട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. കേന്ദ്രത്തിന് ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമ, വികസന പദ്ധതികള്‍ക്ക് പണം ഉറപ്പാക്കാനും റിസര്‍വ് ബാങ്കിന്റെ ഈ പിന്തുണ വലിയ സഹായമാകും. നടപ്പുവര്‍ഷം (2025-26) ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 5.6 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷം.
അടിയന്തര സാഹചര്യമുണ്ടായാല്‍ ആര്‍ബിഐ കരുതി വയ്ക്കുന്ന സഞ്ചിത നിധിയുടെ പരിധി ആര്‍ബിഐ ബാലന്‍സ് ഷീറ്റിന്റെ 7.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സിആര്‍ബി അനുപാതം ഉയര്‍ത്തിയിട്ടും കേന്ദ്രത്തിന് ബംപര്‍ ലാഭവിഹിതം പ്രഖ്യാപിക്കാന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞത് വരുമാനത്തില്‍ കുതിപ്പുണ്ടായതുവഴിയാണ്. റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്.
ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന അടിയന്തര വായ്പകളില്‍ നിന്നുള്ള പലിശ, നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടം, കരുതല്‍ വിദേശനാണയ ശേഖരത്തില്‍ നിന്നുള്ള ഡോളര്‍ വിറ്റഴിക്കല്‍ എന്നിവ വഴിയാണ് റിസര്‍വ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതില്‍ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സര്‍പ്ലസ്.
by Midhun HP News | May 24, 2025 | Latest News, ദേശീയ വാർത്ത
സുല്‍ത്താന്‍ബത്തേരി: സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്‌പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച രാത്രി പതിവുപരിശോധനയ്ക്കിടെയാണ് കര്‍ണാടകയില്‍നിന്ന് ലോറിയെത്തിയത്. കാലിത്തീറ്റയാണെന്നു പറഞ്ഞതില്‍ സംശയംതോന്നിയ എക്‌സൈസ് പുറമേയുള്ള ചാക്കുകള്‍ മാറ്റി പരിശോധിച്ചപ്പോഴാണ് നിരോധിത ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
15 കിലോഗ്രാം വരുന്ന 133 പ്ലാസ്റ്റിക് ചാക്കുകളും 30 കിലോഗ്രാം വരുന്ന 50 ചണ ചാക്കുകളുമാണ് മിനിലോറിയിലുണ്ടായിരുന്നത്. ലോഡിന് പുറംഭാഗങ്ങളില്‍ 40 ചാക്ക് ബിയര്‍ വേസ്റ്റ് അടുക്കിയതിനുള്ളിലാണ് പുകയില ഉത്പന്നങ്ങളുടെ ചാക്കുകളുണ്ടായിരുന്നത്. പുറത്തുനിന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റാത്ത നിലയിലായിരുന്നു ഇവ. സഫീറാണ് ലോറി ഓടിച്ചുവന്നത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്‍ഫീര്‍ മുഹമ്മദ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. സൈമണ്‍, പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. ജിനോഷ്, സിഇഒമാരായ ഇബി അനീഷ്, പി. വിപിന്‍ എന്നിവരും വയനാട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സി.ഡി. സാബു, സിഇഒ പി.എന്‍. ശശികുമാര്‍ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത വാഹനവും പുകയില ഉത്പന്നങ്ങളും പ്രതിയെയും ബത്തേരി പൊലീസിന് കൈമാറി. തുടര്‍ന്ന് കേസെടുത്ത പൊലീസ് ലോറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ലോഡും ലോറിയും കോടതിയില്‍ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | May 23, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: അമിത മദ്യപനായ ഭർത്താവിനെ വിഷം കൊടുത്തു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെ സഹായത്തോടെ മൃതദേഹം കത്തിച്ച സ്കൂൾ പ്രിൻസിപ്പാളായ യുവതി അറസ്റ്റിൽ. നാഗ്പുർ യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ശാന്തനു ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. അതേ സ്കൂളിലെ പ്രിൻസിപ്പളാണ് ഇയാളുടെ ഭാര്യ നിധി ദേശ്മുഖ് (24). ഇവർ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ മാസം 15-നാണ് ചൗസാല വനമേഖലയിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഫോറൻസിക് അനാലിസിസ് അടക്കമുള്ള വിശദമായ പരിശോധനയിലൂടെയാണ് മരിച്ചു ശാന്തനുവാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ലോക്കൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ ഭാര്യ പിടിയിലാവുകയായിരുന്നു.
സ്ഥിരം മദ്യപനായിരുന്ന ശാന്തനുവിന്റെ സ്വഭാവത്തിൽ അസ്വസ്ഥയായിരുന്ന നിധി 13ന് രാത്രി ഇയാൾക്ക് വിഷം നൽകി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുന്നതിന് മൂന്ന് ട്യൂഷൻ വിദ്യാർഥികളുടെ സഹായം തേടി. പിന്നേറ്റ് പുലർച്ചെ നാലു പേരും കൂടി ആളൊഴിഞ്ഞ സ്ഥലത്തു മൃതദേഹം തള്ളി. ആരെങ്കിലും തിരിച്ചറിയുമെന്ന ഭയം കാരണം അന്നു രാത്രി വീണ്ടും സ്ഥലത്തെത്തി മൃതദേഹം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്നു വിദ്യാർഥികളെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
by Midhun HP News | May 23, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: മലപ്പുറം കൂരിയാട് എലിവേറ്റഡ് പാത തകരാന്‍ ഇടയായത് മണ്ണിന്റെ കുഴപ്പം മൂലമെന്ന് കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്. റോഡ് തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി, ആവശ്യമെങ്കില്‍ അവിടെ പാലം നിര്‍മ്മിക്കാന്‍ പോലും കമ്പനി തയ്യാറാണെന്ന് വ്യക്തമാക്കി. അധികൃതരുടെ നിര്‍ദേശങ്ങള്‍ കമ്പനി കര്‍ശനമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ഭൂഗര്‍ഭ സാഹചര്യങ്ങളും ഉയര്‍ന്ന ജലവിതാനവും തകര്‍ച്ചയ്ക്ക് ഘടകമായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അണ്ടര്‍പാസ് അപ്രോച്ച് റാമ്പുകളിലൊന്ന് ഇടിഞ്ഞുവീണു. ഇതോടെ സര്‍വീസ് റോഡും താറുമാറായി. പ്രധാനപാതയുടെ ഇരുവശത്തുമുള്ള സര്‍വീസ് റോഡ് എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. ജലന്ധര്‍ റെഡ്ഡി പറഞ്ഞു.
റോഡ് നിര്‍മ്മിച്ച നെല്‍വയല്‍ വികസിച്ചതും, ദേശീയപാതയ്ക്ക് വിള്ളല്‍ വീഴാനും, ഇടിഞ്ഞ് വീഴാനും കാരണമായിയെന്ന് ദേശീയപാജ പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുല്‍ ശര്‍മ്മ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണമാണ് ദേശീയപാതയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. കൂരിയാട് ദേശീയപാത തകര്‍ന്നതിന് പിന്നാലെ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഡീബാര്‍ ചെയ്തിരിക്കുകയാണ്.
കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇത് രണ്ടാം തവണയാണ് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തുന്നത്. ഡീ ബാര്‍ ചെയ്തതിനെ തുടര്‍ന്ന് തുടര്‍ കരാറുകളില്‍ ഇനി കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിക്ക് പങ്കെടുക്കാന്‍ ആകില്ല. ദേശീയപാതയിലെ അപാകതകളെ കുറിച്ച് പരിശോധിക്കാന്‍ ഐഐടി വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
by Midhun HP News | May 22, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: കേരളത്തിലെ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍ മന്ത്രാലയം. മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.
വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളും, കോട്ടയം- നിലമ്പൂര്‍ റോഡ് ഇന്റര്‍സിറ്റി എക്‌സ്പ്രസിന് രണ്ട് കോച്ചുകളുമാണ് പുതുതായി അനുവദിച്ചതെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്കും, കൂടുതല്‍ ഗതാഗത സൗകര്യം ഒരുക്കലും കണക്കിലെടുത്താണ് അധിക കോച്ചുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
മംഗലൂരു- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് എട്ടു കോച്ചുകളാണ് ഉണ്ടായിരുന്നത്. എട്ടു കോച്ചുകള്‍ കൂടി അനുവദിച്ചതോടെ, യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കപ്പാസിറ്റി ഇരട്ടിയായി. 16 കോച്ചുകളുമായി വന്ദേഭാരത് ഇന്നു മുതല്‍ സര്‍വീസ് നടത്തും.
അതേസമയം വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടിയെങ്കിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. തിരുവനന്തപുരം-മംഗലൂരു റൂട്ടില്‍ ഈയാഴ്ച വെയ്റ്റിങ്ങ് ലിസ്റ്റ് 100 ന് മുകളിലാണ്. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോച്ചുകളുടെ എണ്ണം 20 ആക്കണമെന്ന ആവശ്യം ശക്തമാണ്.
by Midhun HP News | May 22, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിക്കുകയും വേഗത്തിലുള്ള തിരിച്ചടി നല്‍കിയ സായുധ സേനയെ അഭിനന്ദിക്കുകയും ചെയ്ത മോദി, ഇന്ത്യയുടെ പ്രതികരണം ശത്രുക്കള്‍ക്ക് ശക്തമായ സന്ദേശം നല്‍കിയതായി കൂട്ടിച്ചേര്‍ത്തു. ബിക്കാനീറില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
‘രാജ്യത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് രാജസ്ഥാന്‍ നമ്മെ പഠിപ്പിക്കുന്നു. ഏപ്രില്‍ 22ന് ഭീകരര്‍ നമ്മുടെ ജനങ്ങളെ ലക്ഷ്യം വച്ചു, അവരുടെ മതം ചോദിച്ചു, നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ചു കളഞ്ഞു. പഹല്‍ഗാമില്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളെയാണ് മുറിവേല്‍പ്പിച്ചത്’- മോദി ഓര്‍മ്മിപ്പിച്ചു.
‘അവിസ്മരണീയമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. നമ്മുടെ സായുധ സേനയുടെ വീര്യത്താല്‍, പാകിസ്ഥാന്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതരായി. ആക്രമണം നടന്ന് വെറും 22 മിനിറ്റിനുള്ളില്‍, ഭീകര ക്യാമ്പുകള്‍ നശിപ്പിക്കപ്പെട്ടു. സിന്ദൂരം വെടിമരുന്നായി മാറുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തിന്റെയും രാജ്യത്തിന്റെയും ശത്രുക്കള്‍ കണ്ടു. രക്തമല്ല, എന്റെ സിരകളില്‍ തിളയ്ക്കുന്നത് സിന്ദൂരമാണ്’- മോദി ആഞ്ഞടിച്ചു.
Recent Comments