കേരള ചരിത്രത്തിൽ ഇടം പിടിച്ച ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം….

കേരള ചരിത്രത്തിൽ ഇടം പിടിച്ച ഉപതിരഞ്ഞെടുപ്പുകളെ കുറിച്ച് അറിയാം….

നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത് 1965 മുതലാണ്. കഴിഞ്ഞ 60 വർഷത്തെ ചരിത്രത്തിൽ മൊത്തം 16 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. ഈ 16 എണ്ണത്തിൽ രണ്ടെണ്ണം ഉപതിരഞ്ഞെടുപ്പുകളാണ്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് മണ്ഡലത്തിലെ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പാണ്.

കേരള രാഷ്ട്രീയത്തിൽ നിലമ്പൂർ മണ്ഡലം പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ ഉപതിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പ് പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാകും. ഇവിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ വളരെയധികം പ്രത്യേകതൾ ഉണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുകൾക്ക് കേരളത്തിലെ മറ്റ് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലങ്ങളേക്കാൾ വ്യത്യസ്തമായി ചരിത്രമാണുള്ളത്. ചോരയുടെയും പകയുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും കലഹത്തിന്റെയും ഒക്കെ കഥകൾ ഇതിൽ കാണാം. കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പുകളും കേരള ചരിത്രത്തിൽ ഇടം പിടിച്ചതാണ്.

നിലവിൽ എൽ ഡി എഫ് സ്വതന്ത്രനായി ജയിച്ച പി വി അൻവർ സി പി എം നേതൃത്വവുമായി പിണങ്ങി എം എൽ എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ വർഷം ജനുവരി 13 നാണ് പി വി അൻവർ എം എൽ എ സ്ഥാനം രാജിവച്ചത്. സി പി എം നേതൃത്വവും ഭരണ നേതൃത്വവുമായി തെറ്റിയ അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ തുടർന്നാണ് എം എൽ എ സ്ഥാനം രാജിവച്ചത്. സ്വതന്ത്രനായി ജയിച്ച ശേഷം അയോഗ്യനാക്കാനാകുമെന്നും അത്തരമൊരു തീരുമാനം ഉണ്ടായേക്കാമെന്നും കരുതിയാണ് അൻവർ രാജിവച്ചതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2016 ലും 2021ലും അൻവറായിരുന്നു നിലമ്പൂരിൽ നിന്നും ജയിച്ചത്.

നിലമ്പൂർ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചത് സി പി എമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. തോൽപ്പിച്ചത് കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെയും. 1967ലും കുഞ്ഞാലി ആര്യാടനെ തോൽപ്പിച്ചു. 1969 ജൂലൈ 26 ന് എതിരാളികളുടെ വെടിയേൽക്കുകയും ജൂലൈ 28 ന് കുഞ്ഞാലി മരണമടയുകയും ചെയ്തു. ഈ കേസിൽ രണ്ട് തവണ കുഞ്ഞാലിയോട് തോറ്റ ആര്യാടൻ മുഹമ്മദ് പ്രതിസ്ഥാനത്ത് വന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1970ൽ ഈ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ് വരുന്നത്. അതായത് മണ്ഡലം രൂപീകരിച്ച് അഞ്ച് വർഷമാകുമ്പോൾ ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് നിലമ്പൂർ. മാത്രമല്ല, കേരള ചരിത്രത്തിൽ ഒരു എം എൽ എ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആദ്യത്തേയായിരുന്നു. അതേതുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. കുഞ്ഞാലി കൊല്ലപ്പെട്ട് ആറ് മാസം കഴിഞ്ഞ് നടന്ന ഉപതെരഞ്ഞടുപ്പ് ഫലം 1970 ഏപ്രിൽ 21 ന് പുറത്തുവന്നപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച എം പി ഗംഗാധരൻ വിജയിച്ചു. സി പി എമ്മിലെ സി പി അബൂബക്കറിനെ തോൽപ്പിച്ചാണ് ഗംഗാധരൻ കന്നിയങ്കം ജയിച്ചത്.

പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത് പത്ത് വർഷത്തിന് ശേഷം 1980 ലാണ്. അതിന് പിന്നിലുള്ള കഥയിലും കുഞ്ഞാലി വിടാതെ പിന്തുടരുന്നുണ്ട്. 1970 ലെ ഉപതെരഞ്ഞെടുപ്പിൽ അതിന് മുന്നിൽ രണ്ട് തെരഞ്ഞടുപ്പുകളിലും മത്സരിച്ച ആര്യാടൻ മുഹമ്മദിനെ മാറ്റി എം പി ഗംഗാധരനെയാണ് കോൺഗ്രസ് മത്സരിപ്പിച്ചതും സീറ്റ് പിടിച്ചെടുത്തതും. 1977ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. എന്നാൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം 1980 ൽ നിലമ്പൂരിൽ നിന്ന് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ടി കെ ഹംസയായിരുന്നു. കോൺഗ്രസിനെ ഇടതുമുന്നണിക്ക് വേണ്ടി എതിർത്തത് ആര്യാടനൊപ്പം കോൺഗ്രസിൽ നിന്നും വിട്ട് കോൺഗ്രസ് (യു) വിൽ ചേർന്ന സി ഹരിദാസ് ആയിരുന്നു. സി. ഹരിദാസിനായിരുന്നു ജയം.

ആദ്യമായി അധികാരത്തിലെത്തിയ ഇ കെ നായാനാർ മന്ത്രിസഭയിൽ കോൺഗ്രസ് യു വിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ടവിഭാഗം) മന്ത്രിസ്ഥാനം നൽകി. ആര്യാടൻ മുഹമ്മദ് അതിലൊരു മന്ത്രിയായി. ആര്യാടന് മത്സരിച്ച് എം എൽ എ ആകാൻ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തിൽ പ്രത്യേകത കൂടി നേടി. ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന വ്യക്തി എന്നതാണ് ആ പ്രത്യേകത. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി.

ആര്യാടൻ 1980 ൽ പൊന്നാനി ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. ലോകസഭയിൽ തോറ്റ ആര്യാടനെയാണ് മന്ത്രിസഭയിലെടുത്തത്. ആര്യാടനെ തോൽപ്പിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുർക്കിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളി പക്ഷേ, ആര്യാടനോട് തോൽക്കാനായിരുന്നു വിധി.

കുഞ്ഞാലിയോട് രണ്ട് തവണ തോൽക്കുകയും സിപി എമ്മിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അതുവരെ ആര്യാടൻ മുഹമ്മദ്. സിപി എമ്മിനും തിരിച്ച് അങ്ങനെ തന്നെയായിരന്നു. കുഞ്ഞാലി വധക്കേസിൽ പ്രതിസ്ഥാനത്ത് വന്ന ആര്യാടനെതിരെ സി പി എം അതിശക്തമായ എതിർപ്പും ഉയർത്തിയിരുന്നു. ആ ആര്യാടൻ സി പി എം നേതൃത്വം നൽകുന്ന മുന്നണിയുടെ സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച കാഴ്ചയായിരുന്നു അന്നത്തേത്.

ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷത്തെ ഇടവേളയായിരുന്നുവെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പിൽ എത്തുമ്പോൾ അത്, ഏകദേശം 45 വർഷത്തിന് ശേഷമാണ്.

ഇങ്ങനെ, ചരിത്രത്തിൽ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാണ് ഇതിന് മുൻപ് നിലമ്പൂർ സാക്ഷ്യം വഹിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പിൽ ഒന്നിൽ യു ഡി എഫിനും ഒന്നിൽ എൽ ഡി എഫിനും അനുകൂലമായി വിധിയെഴുതിയതാണ് നിലമ്പൂരിന്റെ ചരിത്രം.

‘വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകരുത്’; നിയമലംഘകര്‍ക്കു തടവും 5,000 ദിര്‍ഹം പിഴയും

‘വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകരുത്’; നിയമലംഘകര്‍ക്കു തടവും 5,000 ദിര്‍ഹം പിഴയും

അബുദാബി: യുഎഇയില്‍(UAE) ശക്തമായ ചൂടനുഭവപ്പെടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. പല ഇടങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന പശ്ചാത്തലത്തില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്നാണ് മുന്നറിയിപ്പ്. അശ്രദ്ധ മൂലം അപകടമുണ്ടായാല്‍ നിയമലംഘകര്‍ക്കു തടവും 5,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.

ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ സമയത്തെ ശരാശരി താപനില 45 മതുല്‍ 48 ഡിഗ്രിയാണ്. അപൂര്‍വം ചിലയിടങ്ങളില്‍ ചില സമയത്ത് 50 ഡിഗ്രി കടന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തുന്നത് അപകടകരമാണ്. കടുത്ത ചൂടും വാഹനത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നതോടെ സൂര്യാഘാതം, നിര്‍ജലീകരണം എന്നിവയ്ക്കു കാരണമാകുകയും നിമിഷങ്ങള്‍ക്കകം കുട്ടി മരിക്കുകയും ചെയ്‌തേക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നത്.

കുട്ടികള്‍ അബദ്ധവശാല്‍ സ്വയം ലോക്ക് ചെയ്യുകയോ ഗിയറില്‍ കേടുപാടുകള്‍ വരുത്തുകയോ ചെയ്‌തേക്കാം. ഇതു കൂടുതല്‍ അപകടത്തിനു കാരണമാകും.മുതിര്‍ന്നവരുടെ അശ്രദ്ധമൂലം ഒരു കുട്ടിയുടെ ജീവന്‍ അപകടത്തിലാകുന്നതു യുഎഇയില്‍ ക്രിമിനല്‍ കുറ്റമാണ്. മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്നവര്‍ക്കോ തടവും പിഴയും ശിക്ഷ നേരിടേണ്ടിവരും. കുട്ടികളെ തനിച്ചു വാഹനത്തില്‍ കണ്ടെത്തിയാല്‍ പൊലീസിലോ (999), ആംബുലന്‍സിലോ (998) ഉടന്‍ വിവരം അറിയിക്കണമെന്നുമാണ് നിര്‍ദേശം.

അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ; മോചനം അടുത്ത വർഷം ഡിസംബറിൽ

അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ; മോചനം അടുത്ത വർഷം ഡിസംബറിൽ

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൾ റഹിമിന്റെ മോചനം വൈകും. അബ്ദുൾ റഹീമിന് 20 വർഷം തടവുശിക്ഷ റിയാദ് ക്രിമിനൽ കോടതി വിധിച്ചു. പൊതു അവകാശ (പബ്ലിക്​ റൈറ്റ്​സ്​) പ്രകാരമാണ് 20 വർഷം​ തടവുശിക്ഷ വിധിച്ചത്.

കേസിൽ ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാൽ മതിയാകും. അതുപ്രകാരം 2026 ഡിസംബറിൽ 20 വർഷം തികയും. ഇതിനു ശേഷം റഹീമിന് മോചനമുണ്ടാകും. സൗദി സമയം ഇന്ന്​ (തിങ്കളാഴ്​ച) രാവിലെ 9.30ന്​​ നടന്ന കോടതി സിറ്റിങ്ങിലാണ്​ വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ 19 വർഷമായി റിയാദിലെ ഇസ്കാൻ ജയിലിൽ തടവിലാണ് റഹീം.

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ അബ്ദുൾ റഹിമിന് വധശിക്ഷയാണ് കോടതി നേരത്തെ വിധിച്ചിരുന്നത്. എന്നാൽ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദിഭാഗം മാപ്പ്​ നൽകിയതോടെയാണ് ഒമ്പത്​​ മാസം മുമ്പ്​ വധശിക്ഷയിൽ നിന്നും ഒഴിവായത്​. എന്നാൽ പബ്ലിക്​ റൈറ്റ്​ പ്രകാരം തീർപ്പാവാതിരുന്നതോടെ​ ജയിൽ മോചനത്തിൽ തീരുമാനം നീളുകയായിരുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വോട്ടെണ്ണല്‍ ജൂണ്‍ 23 ന് നടക്കും. ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ രണ്ട് ആണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

വോട്ടെടുപ്പിന് ഇനി 25 ദിവസങ്ങള്‍ മാത്രമാണുള്ളത്. നിലമ്പൂരിനൊപ്പം ഗുജറാത്തിലെ രണ്ട് മണ്ഡലങ്ങള്‍, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, ബംഗാളിലെ കാളിഗഞ്ച് മണ്ഡലങ്ങളിലും ഉപതെഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

രോഹിതിന് പകരക്കാരന്‍, പുതിയ നായകന്‍ ഗില്ലോ? നിര്‍ണായക പ്രഖ്യാപനം ഇന്ന്

രോഹിതിന് പകരക്കാരന്‍, പുതിയ നായകന്‍ ഗില്ലോ? നിര്‍ണായക പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് പകരം ആര് ഇന്ത്യന്‍ ടീമിന്റെ നായകമാകുമെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടായേക്കും. ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ടീമില്‍ വൈസ് ക്യാപ്റ്റന്‍ ബുംറയ്ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ളതിനാല്‍ സാധ്യത കുറവാണ്.

ഐപിഎല്‍ പ്രകടനത്തില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ അവിഭാജ്യഘടകമായ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കാനാണു സാധ്യത. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കും. ഒരു ദശാബ്ദത്തിലധികമായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുന്തൂണുകളായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും അടുത്തിടെ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ പുതിയ ടീം സെലക്ഷനെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

രോഹിതിന്റെ ഒഴിവില്‍ പരിചയസമ്പന്നനായ കെഎല്‍രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാകും ബാറ്റിങ് ഓപ്പണ്‍ ചെയ്യുക. ഐപിഎലില്‍ തിളങ്ങിയ യുവതാരം സായ് സുദര്‍ശനെ റിസര്‍വ് ഓപ്പണറായി ടീമിലെടുക്കാനും സാധ്യതയുണ്ട്. സ്‌പെഷലിസ്റ്റ് ബാറ്ററായി ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാളും ടീമിലുണ്ടാകും. ആര്‍.അശ്വിനും വിരമിച്ചതിനാല്‍ രവീന്ദ്ര ജഡേജയാകും ടീമിലെ ലീഡ് സ്പിന്നര്‍.

പോളിങ് സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണിന് വിലക്ക്; ബൂത്തുകള്‍ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിങ് സ്‌റ്റേഷനില്‍ മൊബൈല്‍ ഫോണിന് വിലക്ക്; ബൂത്തുകള്‍ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.

വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രമീകരിക്കുന്ന ബൂത്തുകള്‍ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ പരിധിയില്‍ പാടില്ല.ഈ പരിധിയില്‍ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷന്‍ അറിയിച്ചു.

പോളിങ് സ്റ്റേഷന്റെ നൂറുമീറ്റര്‍ ചുറ്റളവില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ മൊബൈല്‍ഫോണ്‍ കൊണ്ടു പോകുന്നതില്‍ ഇളവനുവദിക്കാം. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.