by Midhun HP News | Jan 3, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഒരു ഡോളറിന് 85.78 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ സാമ്പത്തിക രംഗം ആശങ്കയിലാണ്.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.അതേസമയം ഇന്നലെ ശക്തമായി മുന്നേറിയ ഓഹരി വിപണി ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 400 ഓളം പോയിന്റാണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
by Midhun HP News | Jan 3, 2025 | Latest News, ദേശീയ വാർത്ത
കോട്ടയം: ഓൺലൈനിൽ ട്രിമ്മർ ഓർഡർ ചെയ്ത ആൾക്ക് മൂന്നു തവണയും തെറ്റായ ഉൽപ്പന്നം നൽകിയതിന് ഫ്ലിപ്കാർട്ടിന് പിഴ. ഉപഭോക്തൃ തർക്ക പരിഹാര കമ്മിശനാണ് 25,000 രൂപ പിഴ ചുമത്തിയത്. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി.
ഫ്ലിപ്കാർട്ടിൽ നിന്ന് ട്രിമ്മറാണ് സന്ദീപ് ഓർഡർ ചെയ്തത്. എന്നാൽ ലഭിച്ചത് വ്യത്യസ്തമായ ഉൽപ്പന്നമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും ഇത് ആവർത്തിക്കുകയായിരുന്നു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു ആയിരുന്നു, മലയാള മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മുഖം നല്‍കിയ അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.
ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.
ആത്മകഥയ്ക്കു പുറമേ റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഇക്കഴിഞ്ഞ ഡിസംബറില്‍ കേരള ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച, ഷാജി എന്‍ കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ഏകാന്ത ദീപ്തിയാണ് അവസാന കൃതി. മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് ജനിച്ച ജയചന്ദ്രന്‍ നായര്‍ കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.
കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ യെമന്‍ തലസ്ഥാനമായ സനയിലെ സെന്‍ട്രല്‍ പ്രിസണില്‍ തടവിലാണ്. നിമിഷ പ്രിയയുടെ വധശിക്ഷ കഴിഞ്ഞദിവസം യെമന്‍ പ്രസിഡന്റും ശരിവെച്ചിരുന്നു. ഒരു മാസത്തിനകം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി രംഗത്തു വന്നിരുന്നു. ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കി ഉള്ളൂ. എല്ലാവരും വധശിക്ഷ ഒഴിവാക്കാന്‍ സഹായിക്കണം. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും നിമിഷ പ്രിയയുടെ അമ്മ പറഞ്ഞു. നിമിഷപ്രിയയുടെ ശിക്ഷാ ഇളവിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Jan 2, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉച്ചഭഷണ പദ്ധതി ആരംഭിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. നിലവില്‍ അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നത്. ഹയര്‍സെക്കന്‍ഡറിയിലെ 132,000 വിദ്യാര്‍ഥികള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 475 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 132,000 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഒന്നാം വര്‍ഷം 72,000 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷം 62,000 വിദ്യാര്‍ഥികളുമാണ് ഉള്ളത്. 2024-25 സാമ്പത്തിക വര്‍ഷം 27.39 കോടിയും അടുത്ത സാമ്പത്തിക വര്‍ഷം 85.84 കോടിയും ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനമുള്ള വീടുകളില്‍ നിന്ന് വരുന്നവരാണെന്നും സര്‍ക്കാര്‍ പറയുന്നു.
സാമ്പത്തിക ബാധ്യതയില്ലാതെയും ആരോഗ്യകരമായ അന്തരിക്ഷത്തിലൂടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഉച്ചഭക്ഷണ പദ്ധതി അനിവാര്യമാണെന്ന് സര്‍ക്കാരിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമായി ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
by Midhun HP News | Jan 2, 2025 | Latest News, Tech News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ കെ വിനോദ് ചന്ദ്രന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്.
26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. തിങ്കളാഴ്ചയാണ് പട്‌നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാർ നിയുക്ത ഗവർണറെ സന്ദർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരെ വസതിയിലെത്തി സന്ദർശിച്ചു. പുതുവത്സരാശംസ നേരാനാണ് ലാലുവിന്റെ വീട്ടിലെത്തിയതെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ആരിഫ് മുഹമ്മദ് ഖാനുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മനാട്ടിലെത്തി, നിതീഷിന്റെ അമ്മയുടെ ചരമവാർഷിക ചടങ്ങുകളിലും ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തിരുന്നു.
Recent Comments