by Midhun HP News | Jul 14, 2026 | Latest News, ദേശീയ വാർത്ത
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ഒരു ചെറിയ പിന്‍ എല്ലാ ഉപയോക്താക്കള്‍ക്കും കിട്ടുന്നുണ്ട്. എന്നാല്‍ അധികം പേരും ഈ പിന്‍ സിം പുറത്തെടുക്കാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഈ പിന്നിന് വേറെയും ഉപയോഗങ്ങളുണ്ട്.
ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഫോണ്‍ ഹാങ്ങ് ആകും. ഇത്തരം സാഹചര്യത്തില്‍, ഈ ചെറിയ പിന്‍ ഉപയോഗിച്ച് ആ പ്രശ്നം പരിഹരിക്കാന്‍ കഴിയും. പല ഫോണുകളിലും ഒരു ചെറിയ റീസെറ്റ് ഹോള്‍ ഉണ്ട്. അത് സിം പിന്‍ ഉപയോഗിച്ച് അമര്‍ത്തി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാം. പല സ്മാര്‍ട്ട്‌ഫോണുകളിലും ഇങ്ങനെ ചെയ്യാന്‍ കഴിയും.
ചെറിയ ദ്വാരങ്ങള്‍ വൃത്തിയാക്കുന്നതിനും മെമ്മറി കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനും ഈ പിന്നിന്റെ മറ്റൊരു ഗുണം ഫോണിന്റെ സ്പീക്കറിനോ ചാര്‍ജിങ് പോര്‍ട്ടിനോ ചുറ്റുമുള്ള പൊടിയും അഴുക്കും വൃത്തിയാക്കാന്‍ ഉപയോഗിക്കാം എന്നതാണ്. കൂടാതെ പ്രത്യേക സിം, മെമ്മറി കാര്‍ഡ് ട്രേകളുള്ള ഫോണുകളില്‍ രണ്ട് ട്രേകളും തുറക്കാന്‍ ഈ പിന്‍ ഉപയോഗിക്കാം.
ചില റൂട്ടറുകളിലും മോഡങ്ങളിലും ഒരു ചെറിയ റീസെറ്റ് ബട്ടണും ഉണ്ട്. ഒരു പിന്‍ ഉപയോഗിച്ച് ഈ ബട്ടണ്‍ അമര്‍ത്തുന്നത് റൂട്ടറിന്റെ ഫാക്ടറി ഡിഫോള്‍ട്ട് ക്രമീകരണങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സഹായിക്കുന്നു. ഫോണുകള്‍ക്ക് മാത്രമല്ല, സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റ് ചെറിയ ഉപകരണങ്ങള്‍ക്കും പിന്‍ഹോള്‍ റീസെറ്റ് സിസ്റ്റം ഉണ്ട്. ഇത് വിരല്‍ കൊണ്ട് അമര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ പിന്‍ ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.

by Midhun HP News | Jul 14, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഹോര്‍മൂസ് കടലിടുക്കില്‍ കപ്പലിന് നേര്‍ക്കുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ന്യൂഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ മുഹമ്മദ് ജാവേദ് ഹൊസൈനിയെയെയും മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയാണ് വിദേശകാര്യമന്ത്രാലയം അതൃപ്തി അറിയിച്ചത്.
‘മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സംഘര്‍ഷങ്ങള്‍ ഉടനടി അവസാനിപ്പിക്കാനും, നയതന്ത്ര ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകളെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണം’ എന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്കില്‍ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു. ആറ് ഇന്ത്യക്കാരും രണ്ട് യുക്രൈന്‍ സ്വദേശികളും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
ഒമാന്റെ പ്രാദേശിക സമുദ്രാതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതില്‍ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ രണ്ട് കപ്പലുകള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. സ്വന്തം ഭൂപ്രദേശവും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

by Midhun HP News | Jul 14, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈൻ പൗരന്മാരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് ഇരുകപ്പലുകളിലും തീപിടിത്തമുണ്ടായെങ്കിലും ഉടൻ തന്നെ തീയണക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. കപ്പലുകൾക്ക് കാര്യമായ നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
അതേ സമയം, ഇറാനുമേലുള്ള നാവിക ഉപരോധം ഇന്ന് ആരംഭിക്കുമെന്നും ഹോർമുസിന്‍റെ അധികാരം തങ്ങള്‍ പിടിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഹോർമുസിലും ഇറാന്‍ ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു .യുഎസ് പടക്കപ്പല്‍ ആക്രകമിച്ചായിരുന്നു ഇതിന് ഇറാൻ മറുപടി നൽകിയത്.

by Midhun HP News | Jul 14, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. അമേരിക്ക- ഇറാന്‍ സംഘര്‍ഷമാണ് പ്രധാനമായി ഓഹരി വിപണിയെ ബാധിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,000ന് തൊട്ടുമുകളിലാണ്.
ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം വീണ്ടും കനത്തതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. എണ്ണനീക്കത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച് ഇറാനും അമേരിക്കയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണാധികാരം തങ്ങള്‍ക്ക് ആണ് എന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാന് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സുരക്ഷിത യാത്രയ്ക്കായി കാര്‍ഗോ കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേസമയം തങ്ങളുടെ അനുവാദമില്ലാതെ യുഎസ് സേന ഈ പാതയിലൂടെ കടന്നുപോകാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ഇതോടെ ഹോര്‍മുസ് കടലിടുക്ക് സാധാരണനിലയിലേക്ക് വരുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് എണ്ണവില കുതിക്കുന്നതാണ് യഥാര്‍ഥത്തില്‍ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്. രണ്ടുദിവസത്തിനിടെ എണ്ണവിലയില്‍ 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രധാനമായി എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിടുന്നത്.
by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ചില്ലറയില്ലെന്ന് പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടു! ഒടുവിൽ കണ്ടക്ടർ ഞെട്ടി, കട്ട ആക്ഷനുമായി മന്ത്രി
സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം കർണാടക ബി.എം.ടി.സി. ബസുകൾ സാക്ഷ്യം വഹിച്ചത്.
പൊതുഗതാഗത സംവിധാനത്തിന്റെ യഥാർത്ഥ അവസ്ഥയും ജനങ്ങളുടെ ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കാൻ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ശനിയാഴ്ച രാത്രി ഒരു മിന്നൽ പരിശോധന നടത്തി. ആരും തിരിച്ചറിയാതിരിക്കാൻ മുഖത്ത് മാസ്കും ധരിച്ച്, തികച്ചും സാധാരണക്കാരനായി അദ്ദേഹം ബസുകളിൽ യാത്ര ചെയ്യാനിറങ്ങി.
ഹെബ്ബാളിൽ നിന്നും നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട് കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് നൽകി. എന്നാൽ ചില്ലറ നൽകണമെന്നായിരുന്നു കണ്ടക്ടർ സിദ്ധപ്പ ഹൊസമാനിയുടെ ശാഠ്യം.
ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ “ചില്ലറ ഇല്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങിക്കോണം” എന്ന് കണ്ടക്ടർ കർശനമായി ആവശ്യപ്പെടുകയായിരുന്നു.
മാസ്ക് ധരിച്ചിരുന്നതിനാൽ മുന്നിൽ നിൽക്കുന്നത് സ്വന്തം വകുപ്പ് മന്ത്രിയാണെന്ന് ജീവനക്കാരൻ അറിഞ്ഞതുമില്ല. തർക്കത്തിനൊന്നും നിൽക്കാതെ, തന്റെ പദവി വെളിപ്പെടുത്താതെ മന്ത്രി ശാന്തനായി ബസിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് വിവരമറിഞ്ഞ് ഞെട്ടിയ അധികൃതർ കണ്ടക്ടർ സിദ്ധപ്പ ഹൊസമാനിയെ അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
എന്നാൽ മന്ത്രിയുടെ മിന്നൽ ഓപ്പറേഷൻ അവിടെക്കൊണ്ടും തീർന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ‘ഫൺ വേൾഡ്’ ബസ് സ്റ്റോപ്പിൽ യാത്രക്കാർ കൈകാണിച്ചിട്ടും വണ്ടി നിർത്താതെ പോയ മറ്റൊരു ബി.എം.ടി.സി. ബസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാരെ വലയ്ക്കുന്ന ഈ പ്രവണതയ്ക്കെതിരെ സംഭവസ്ഥലത്തു വെച്ച് തന്നെ മന്ത്രി കടുത്ത നടപടിയെടുത്തു. വണ്ടി നിർത്താതെ പോയ ആ ബസിലെ ഡ്രൈവർ മുസ്താഖ്, കണ്ടക്ടർ ദയാനന്ദ് എന്നിവരെ ഉടനടി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിട്ടു.
യാത്രക്കാരോട് മോശമായി പെരുമാറുന്നവർക്കും സ്റ്റോപ്പുകളിൽ വണ്ടി നിർത്താതെ പോകുന്ന ജീവനക്കാർക്കുമുള്ള ശക്തമായ മുന്നറിയിപ്പായി മാറിയിരിക്കുകയാണ് മന്ത്രിയുടെ ഈ മിന്നൽ പരിശോധന.
കർണാടക ഗതാഗത മന്ത്രിയുടെ ഈ മാസ്സ് ആക്ഷൻ വാർത്ത കേരളത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അകമ്പടി വാഹനങ്ങളുടെയും സൈറണുകളുടെയും ബഹളമില്ലാതെ, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ നേരിട്ടറിയാൻ നമ്മുടെ നാട്ടിലെ മന്ത്രിമാരും ഇതുപോലെ വല്ലപ്പോഴും സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് ഈ വാർത്ത കണ്ട മലയാളി സോഷ്യൽ മീഡിയയിൽ ഒന്നടങ്കം പറയുന്നത്.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യവും സ്റ്റോപ്പുകളിൽ വണ്ടി നിർത്താത്തതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നമ്മുടെ ജനപ്രതിനിധികളും ഇത്തരം മിന്നൽ പരിശോധനകൾ മാതൃകയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് വകമാറ്റിയ കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍, ട്രസ്റ്റിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം എസ്‌ഐടിയിലെ അംഗങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേഷ് കുമാര്‍ യാദവ് എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിനായി പൊതുജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വഞ്ചനാപരമായി ദുരുപയോഗം ചെയ്യല്‍, വകമാറ്റല്‍, തട്ടിപ്പ് നടത്തല്‍ തുടങ്ങിയ ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഉത്തര്‍പ്രദേശ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യമായ ഫോറന്‍സിക്, അന്വേഷണ അടിസ്ഥാന സൌകര്യങ്ങളി ല്ലെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. ഇത് കണ്ടെത്തുന്ന തെളിവുകളുടെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കും. സംഭാവന റജിസ്റ്ററുകള്‍, ലെഡ്ജറുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ബാങ്ക് രേഖകള്‍, സോഫ്റ്റ്‌വെയര്‍ ഡാറ്റാബേസുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഭൗതിക, ഇലക്ട്രോണിക്, സാമ്പത്തിക രേഖകളും സൂക്ഷിക്കാന്‍ ട്രസ്റ്റിനും സംസ്ഥാനത്തിനും ഇടക്കാല നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Recent Comments