by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ പൗരന് വിധിച്ച വധശിക്ഷ ശരിവെച്ച് കുവൈത്ത് അപ്പീല്‍ കോടതി. ജഡ്ജി സലാഹ് അല്‍-ഹൂത്തി അധ്യക്ഷനായ അപ്പീല്‍ കോടതി ബെഞ്ചാണ് ഈ നിര്‍ണായക വിധി പ്രസ്താവിച്ചത്.
കുടുംബവഴക്കിന് പിന്നാലെ പ്രതി ഭാര്യയെ ആസൂത്രിതമായി കൊലപ്പെടുത്തിതെന്നാണ് കേസ്. കൃത്യം നടത്തുന്നതിനായി പ്രതി അംഘാരയിലെ ഒരു സ്ക്രാപ്പ് യാര്‍ഡില്‍ നിന്ന് പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടര്‍ന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി പറയുന്നു.
കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാള്‍ ഭാര്യയുടെ മൃതദേഹം വാഹനത്തില്‍ കയറ്റി സാല്‍മി മരുഭൂമിയില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. പ്രതിക്കെതിരെ ആസൂത്രിത കൊലപാതക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷന്, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാള്‍ക്ക് നല്‍കണമെന്ന് കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് അപ്പീല്‍ കോടതി ശരിവെച്ചിരിക്കുന്നത്.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: അസമില്‍ 27 പേര് വിദേശികളാണെന്ന് വിധിച്ച ട്രൈബ്യൂണല്‍ വിധി സുപ്രീംകോടതി റദ്ദാക്കി. ട്രൈബ്യൂണല്‍ വിധി ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരുടെ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ ഫോറിനേഴ്സ് ട്രൈബ്യൂണലിന് കോടതി നിര്‍ദേശം നല്കി. ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നത് ന്യായമായിട്ടായിരിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
അസമില്‍ ട്രൈബ്യൂണല്‍ നിരവധി പേരുടെ രേഖകള്‍ പരിശോധിക്കുകയും, 27 പേര് വിദേശികളാണെന്ന് വിധിക്കുകയും ചെയ്തിരുന്നു. പൗരത്വം തെളിയിക്കാനുള്ള രേഖകളൊന്നും ഇവരുടെ പക്കലില്ല എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഫോറിനേഴ്സ് ട്രൈബ്യൂണല്‍, ഇവര്‍ വിദേശികളാണെന്ന നിഗമനത്തിലെത്തിയത്. ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണല്‍ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
ഈ ഉത്തരവിനെതിരെയാണ് പരാതിക്കാര്‍ സുപ്രീംകോടതിയെ സമാപിച്ചത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൗരത്വവും വിദേശി പദവിയും ഭരണഘടനാപരമായും നിയമപരമായും അതീവ പ്രാധാന്യമുള്ള ഒരു വിഷയമാണ്. പൗരത്വം അഗാധമായ ഭരണഘടനാ പ്രാധാന്യമുള്ളതാണെന്നും നീതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പദവികള്‍ നിര്‍ണ്ണയിക്കുന്നത് തികച്ചും നീതിയുക്തവും നിയമാനുസൃതവും യുക്തിസഹവുമായ ഒരു പ്രക്രിയയിലൂടെയായിരിക്കണം. ഫോറിനേഴ്സ് ആക്ട്, 1946-ലെ സെക്ഷന്‍ 9 പ്രകാരമുള്ള നിയമപരമായ ബാധ്യത പൂര്‍ണ്ണമായും ബാധകമായി തുടരും. സുപ്രീംകോടതി വ്യക്തമാക്കി. അപ്പീല്‍ നല്‍കിയവരുടെ പൗരത്വ വാദങ്ങളുടെ മെറിറ്റ് സുപ്രീം കോടതി പരിശോധിക്കുന്നില്ല. ഇവര്‍ ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത, സ്വീകാര്യത, പ്രസക്തി തുടങ്ങിയവ ബന്ധപ്പെട്ട വിദേശ ട്രൈബ്യൂണല്‍ സ്വതന്ത്രമായി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
അതേസമയം, ഇന്ത്യന്‍ പൗരത്വത്തിനായുള്ള നിയമവിരുദ്ധമായ അവകാശവാദങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ അവകാശത്തെയും കോടതി അംഗീകരിച്ചു. ‘ഇന്ത്യന്‍ പൗരത്വത്തിന് നിയമപരമായി അര്‍ഹതയില്ലാത്ത വ്യക്തികള്‍ തെറ്റായ അവകാശവാദങ്ങളിലൂടെയോ, നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ടോ, അല്ലെങ്കില്‍ കാലതാമസങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടോ അത്തരം പദവികള്‍ നേടിയെടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ന്യായമായതും നിര്‍ബന്ധിതവുമായ അവകാശമുണ്ട്.’ ബെഞ്ച് വ്യക്തമാക്കി.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: ഒഡീഷയില്‍ കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചു. ബൊലാംഗീര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം. തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് അടിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
പരിക്കേറ്റയാളെ ഉടന്‍ തന്നെ ബൊലാംഗീറിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ ഇയാളുടെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ അടിയന്തര ചികിത്സയ്ക്കായി വീണ്ടും ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ പരമാവധി ശ്രമിച്ചെങ്കിലും ഇയാളുടെ ജീവന് രക്ഷിക്കാനായില്ല, തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
എങ്കിലും യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കാന്‍ പൊലീസിന് കഴിയൂ.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ ഭീതി വിതച്ച് വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. യുഎസ് ഇറാന് ധാരണാപത്രം നിലവില്‍ വന്നതിനു ശേഷം ആദ്യമായാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെ യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികളില്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇന്നലെ രാവിലെ ഇറാന് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമാതിര്‍ത്തി കടന്നെത്തി. 69 ദിവസത്തിനു ശേഷം ആദ്യമായാണ് യുഎഇയ്ക്കു നേരെ ആക്രമണം നടക്കുന്നത്. ഖത്തറിലെ അല്‍ ഉദെയ്ദ് യുഎസ് വ്യോമ താവളത്തിനു നേരെയാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നത്. യുദ്ധ വിമാനങ്ങള്‍ അറ്റകുറ്റപ്പണി ചെയ്യുന്ന കേന്ദ്രം ആക്രമിക്കപ്പെട്ടു. കുവൈത്തിന്റെ ആകാശത്തും ഇറാന് ഡ്രോണുകള്‍ എത്തിയതായി സൈന്യം അറിയിച്ചു. ഉച്ചയ്ക്കു ശേഷവും രണ്ടു തവണ വ്യോമാക്രമണമുണ്ടായി. മേഖലയിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഇന്നലെ 3 തവണയാണ് ബഹ്റൈനില്‍ സുരക്ഷാ സൈറന്‍ മുഴങ്ങിയത്. ഹോര്‍മൂസിലെ നിയന്ത്രണം സംബന്ധിച്ചു ഇറാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം ഒമാന്‍ ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ഭരണകൂടം. ഒമാനിലെ ദുഖം തുറമുഖത്ത് അമേരിക്കയുടെ യുദ്ധ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനുള്ള സംവിധാനത്തിനു നേരെയും നാവിക സേനയുടെ ബോട്ടുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്കുന്ന കേന്ദ്രത്തിനു നേരെയും ആക്രമണം നടത്തിയതായി ഇറാന് ഗാര്‍ഡ് അറിയിച്ചു. എന്നാല്‍ രാജ്യങ്ങളുടെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഈ ഭീഷണികളെ ആകാശത്തുവെച്ചുതന്നെ വിജയകരമായി വെടിവെച്ചിട്ടു.
ഒമാനെതിരെ നടന്ന ആക്രമണത്തില്‍ ഭരണകൂടം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഹോര്‍മുസ് കടലിടുക്ക് അടച്ചെങ്കിലും ഹോര്‍മുസിലെ തെക്കന്‍ സമുദ്ര പാത തുറന്നു കിടക്കുകയാണെന്ന് സംയുക്ത മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു.
യുഎഇയില്‍ അതീവ ജാഗ്രത; അവശിഷ്ടങ്ങള്‍ തൊടരുത്
ആക്രമണങ്ങളില്‍ യുഎഇ പ്രതിരോധ മന്ത്രാലയം രാജ്യവ്യാപകമായി ജനങ്ങള്‍ക്ക് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. രാജ്യമുടനീളം കേട്ട വന്‍ സ്ഫോടന ശബ്ദങ്ങള്‍ വ്യോമപ്രതിരോധ സേനയുടെ മിസൈല്‍ പ്രതിരോധ നടപടികള്‍ മൂലമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആകാശത്തുവെച്ച് തകര്‍ത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ വീണുകിടക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ അവയ്ക്ക് സമീപം പോകാനോ, തൊടാനോ, ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഇത്തരം അവശിഷ്ടങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ 999 എന്ന നമ്പറില്‍ വിളിച്ച് അധികൃതരെ വിവരമറിയിക്കണം.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: അമേരിക്ക- ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്കാണ് കുതിക്കുന്നത്. ഇന്നുമാത്രം 4.28 ശതമാനമാണ് എണ്ണവിലയില്‍ ഉണ്ടായ വര്‍ധന.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം തടസ്സപ്പെടുമെന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആഗോള തലത്തില്‍ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. എണ്ണവില വര്‍ധന ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് സമീപഭാവിയില്‍ തന്നെ ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ കാരണമാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 39 പൈസയുടെ നഷ്ടത്തോടെ 95.77ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. എണ്ണവില വര്‍ധന തന്നെയാണ് രൂപയില്‍ പ്രതിഫലിച്ചത്. വെള്ളിയാഴ്ച 9 പൈസയുടെ നേട്ടത്തോടെ 95.38ലാണ് രൂപ ക്ലോസ് ചെയ്തത്.
ഓഹരി വിപണിയും നഷ്ടത്തിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തന്നെയാണ് വിപണിയില്‍ പ്രതിഫലിച്ചത്. വിപണിയുടെ തുടക്കത്തില്‍ സെന്‍സെക്സ് 600ലധികം പോയിന്റ് ആണ് താഴ്ന്നത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ടാറ്റ സ്റ്റീല്‍, മാരുതി, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

by Midhun HP News | Jul 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ മാതാപിതാക്കളുടെ എസ്ഐആര്‍ വിവരങ്ങളും സമര്‍പ്പിക്കണം. പുതിയ വോട്ടര്‍മാര്‍ക്കും എസ്ഐആറിന് ശേഷം വന്ന വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇത് ബാധകമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള ഫോം 6 പൂരിപ്പിക്കുമ്പോള്‍ ഈ വിവരങ്ങള്‍ കൂടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഈ ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കാതെ അടുത്ത ഘട്ടത്തിലേക്ക് പോകാനാകില്ല. ഇത് കൃത്യമായി വോട്ടര്‍മാരെ മാപ്പ് ചെയ്യാന്‍ സഹായിക്കുകയും പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്നുവെന്നും കമ്മിഷന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറില്‍ ഇത് ഇതിനോടകം നടപ്പാക്കിയിട്ടുണ്ടെന്ന് കമ്മിഷന് വ്യക്തമാക്കി.
ഇരട്ട വോട്ടുകള്‍, താമസം മാറിയവര്‍, വിദേശികള്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും കമ്മിഷന് വ്യക്തമാക്കി. ചില വിഭാഗങ്ങളെ വ്യാപകമായി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കമ്മീഷന് നിഷേധിച്ചു. പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് മതിയായ അവസരം ലഭിച്ചിട്ടുണ്ട്. ഒരു പക്ഷപാതവും കാണിച്ചിട്ടില്ലെന്നും കമ്മീഷന് വ്യക്തമാക്കി.

Recent Comments