by Midhun HP News | Feb 14, 2025 | Latest News, ദേശീയ വാർത്ത
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന് വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ്. ജവാന്മാര് സഞ്ചരിച്ച വാഹനത്തിന് നേരേയായിരുന്നു ഭീകരാക്രമണം. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തിയപ്പോള്‍ 100 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറച്ച സ്കോര്‍പ്പിയോ വാന്‍ ചാവേര്‍ ഭീകരന് ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.76-ാം നമ്പര്‍ ബറ്റാലിയന്റെ ബസില്‍ ഉണ്ടായിരുന്ന 40 സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. പിന്നാലെ വന്ന ബസുകളില്‍ ഉണ്ടായിരുന്ന സൈനികരില്‍ പലര്‍ക്കും ഗുരുതര പരുക്കേറ്റു. പാകിസ്താന് കേന്ദ്രമാക്കിയ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ആയിരുന്നു ചാവേര്‍ സ്ഫോടനത്തിന് പിന്നില്‍. പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍.
ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയില്‍ പറന്നെത്തി. ബാലാകോട്ട് ജയ്ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി.
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ എന്‍ഐഎ 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. മസൂദ് അസ്ഹറിനെ യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചു.
by Midhun HP News | Feb 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ആര്‍എസ്എസിന് പുതിയ ഓഫീസ്. ‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസില്‍ പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 19ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.
ഹിന്ദുത്വ ആശയം ഉള്‍ക്കൊള്ളുന്ന 75,000ത്തിലധികം ആളുകളില്‍ നിന്ന് ഫണ്ട് സ്വരുപിച്ചാണ് പുതിയ കെട്ടിടം പണിതത്. 3.75 ഏക്കറില്‍ 5ലക്ഷം സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് ഗുജറാത്ത് സ്വദേശിയായ അനൂപ് ദവേയാണ്. ആധുനിക സാങ്കേതിക വിദ്യയും പുരാതന വാസ്തുവിദ്യാരീതികളും സംയോജിപ്പിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.
by Midhun HP News | Feb 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: തെരഞ്ഞെടുപ്പിനു മുമ്പായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സൗജന്യ റേഷനും പണവും കിട്ടിയാല്‍ പിന്നെ ആളുകള്‍ ജോലി ചെയ്യാന്‍ മടിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
നഗര മേഖലകളിലെ വീടില്ലാത്തവര്‍ക്ക് അഭയ സ്ഥാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ബിആര്‍ ഗവായിയുടെയും അഗസ്റ്റിന് ജോര്‍ജ് മാസിയുടെയും നിരീക്ഷണം. ”സൗജന്യങ്ങള്‍ കിട്ടുന്നതുകൊണ്ട് ജനങ്ങള്‍ ജോലിക്കു പോവില്ല. അവര്‍ക്കു റേഷന്‍ കിട്ടുന്നുണ്ട്, പണം കിട്ടുന്നുണ്ട്, ഒരു ജോലിയും ചെയ്യാതെ തന്നെ”- കോടതി പറഞ്ഞു. സൗജന്യങ്ങള്‍ കൊടുക്കുന്നതിനു പകരം ജനങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.
നഗര ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്കി വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ ആര് വെങ്കടരമണി കോടതിയെ അറിയിച്ചു. വീടില്ലാത്തവര്‍ക്ക് വീട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതില്‍ വരുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് എപ്പോള്‍ പ്രവര്‍ത്തന ക്ഷമമാവുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.
by Midhun HP News | Feb 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുപിഐ പേയ്മെന്റ് സേവനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ബില്‍ പേയ്മെന്റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. രാജ്യത്ത് പേയ്മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെയാണ് വാട്സ്ആപ്പിന് അനുമതി ലഭിച്ചത്. താമസിയാതെ, വൈദ്യുതി, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയ മറ്റ് സേവനങ്ങളും വാട്സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
വാട്സ്ആപ്പില്‍ യുപിഐ പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് പണം അയക്കുന്നതിന് സമാനമായിരിക്കും ബില്ലുകളും അടയ്ക്കുന്ന രീതി. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പേയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായാണ്റിപ്പോര്‍ട്ട്. പേയ്മെന്റ് സേവനങ്ങള്‍ക്കായി രാജ്യത്ത് മറ്റ് ആപ്പുകളുണ്ടെങ്കിലും 40 കോടിയിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിന് പുതിയ ഫീച്ചറിന്റെ വരവ് കൂടുതല്‍ നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ആപ്പില്‍ തന്നെ മെസേജിങ്,കോളിങ്, എഐ ഫീച്ചര്‍ എന്നിവ ലഭ്യമാകുമെന്നതിനാലാണിത്.
വാട്സ്ആപ്പില്‍ ബില്ലിങ് സേവനം വരുന്നതോടെ വൈദ്യുതി, ഗ്യാസ്, മൊബൈല്‍ അല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ബില്‍ ഉള്‍പ്പെടെ അടയ്ക്കാനാകും. യുപിഐ പേയ്മെന്റ് സേവനത്തിലൂടെ വാട്സ്ആപ്പ് വിപണിയില്‍ പുതിയ മുന്നേറ്റം നടത്തുമെന്നും വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാകും പുതിയ അപ്ഡേറ്റെന്നാണ് റിപ്പോര്‍ട്ട്.
by Midhun HP News | Feb 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പുതിയ ആദായനികുതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. 536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബില്‍ 2025 ആണ് അവതരിപ്പിക്കാന്‍ പോകുന്നത്.
1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 1961 ലെ ആദായനികുതി നിയമത്തില്‍ പറയുന്ന ‘മുന്‍ വര്‍ഷം’ (previous year) എന്ന പദത്തിന് പകരം ‘നികുതി വര്‍ഷം’ (tax year) എന്ന പദമാണ് പുതിയ ബില്ലില്‍ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ അസസ്മെന്റ് വര്‍ഷം എന്ന പദവും ഒഴിവാക്കിയിട്ടുണ്ട്.
ഉദാഹരണമായി മുന്‍വര്‍ഷമായ 2023-24ല്‍ നേടിയ വരുമാനത്തിന് അസസ്മെന്റ് വര്‍ഷമായ 2024-25ല്‍ നികുതി അടയ്ക്കുന്നതാണ് തുടരുന്ന രീതി. എന്നാല്‍ പുതിയ ബില്ലില്‍ ഈ രണ്ടു പദപ്രയോഗങ്ങളും ഒഴിവാക്കി നികുതി വര്‍ഷമാണ് ഇടംപിടിച്ചിരിക്കുന്നത്. 1961 ലെ ആദായനികുതി നിയമത്തില്‍ 298 വകുപ്പുകളാണ് ഉള്ളത്. എന്നാല്‍ പുതിയ ബില്ലില്‍ വകുപ്പുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ട്. നിലവിലുള്ള നിയമത്തില്‍ 14 ഷെഡ്യൂളുകള്‍ ഉണ്ട്. അത് പുതിയ ബില്ലില്‍ 16 ആയി വര്‍ദ്ധിക്കും. എന്നിരുന്നാലും, അധ്യായങ്ങളുടെ എണ്ണം 23 ല്‍ നിലനിര്‍ത്തി.
പേജുകളുടെ എണ്ണം 622 ആയി കുറച്ചു. നിലവിലെ നിയമത്തില്‍ 880 പേജുകള്‍ ഉണ്ട്. ബജറ്റ് അവതരണ വേളയിലാണ് നടപ്പുസമ്മേളന കാലയളവില്‍ തന്നെ പുതിയ ആദായനികുതി ബില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാന്‍ ബില്ലില്‍ കിഴിവ് നിര്‍ദേശിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സംഭാവന നിയമങ്ങള്‍ പരിഷ്കരിക്കാനും ക്രിപ്റ്റോ-ആസ്തികള്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ലളിതമായ റീഫണ്ട് പ്രക്രിയ ആവിഷ്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്‍. വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിന് ബില്‍ നിയമപരമായ നിബന്ധനകള്‍ ലളിതമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
by Midhun HP News | Feb 11, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: തുടര്‍ച്ചയായ അഞ്ചാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിനിടെ സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഇരു വിപണികളും ഇന്ന് 1.5 ശതമാനമാണ് ഇടിഞ്ഞത്. ഇടത്തരം, ചെറുകിട ഓഹരികളില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്.
അമേരിക്കയുടെ വ്യാപാര താരിഫ് ഭീഷണി, വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, കമ്പനികളുടെ മോശം മൂന്നാം പാദ ഫലം എന്നിവയാണ് വിപണിയെ സ്വാധീനിക്കുന്നത്. അമേരിക്ക അലുമിനിയത്തിന്റെ ഇറക്കുമതി താരിഫ് 25 ശതമാനമായി ഉയര്‍ത്തിയതും സ്റ്റീല്‍ ഇറക്കുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം താരിഫ് പുനഃസ്ഥാപിച്ചതുമാണ് വിപണിയെ പ്രധാനമായി ബാധിച്ചത്. അപ്പോളോ ഹോസ്പിറ്റല്‍, ശ്രീറാം ഫിനാന്‍സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍.
ഇതിന് പുറമേ ഡോളറിനെതിരെ രൂപ വീണ്ടും ദുര്‍ബലമായതും വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാരത്തിനിടെ ഒരു ഡോളറിന് 88 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഈ മാസം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 12,643 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്.
Recent Comments