by Midhun HP News | Feb 11, 2025 | Latest News, ദേശീയ വാർത്ത
ബ്രസീലിൽ നടന്ന ലേലത്തിൽ 40 കോടി രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട ഇന്ത്യൻ ഇനമായ നെല്ലൂർ പശു, ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ലോകത്ത് ഏറ്റവും കൂടുതൽ വിലയ്ക്ക് വിറ്റു പോയതിനാണ് റെക്കോർഡ്. വിയറ്റിന–19 എന്നു പേരുള്ള ഈ നെല്ലൂർ പശുവിന്റെ ഭാരം 1101 കിലോഗ്രാം ആണ്. സാധാരണ നെല്ലൂർ പശുക്കളുടെ രണ്ടു മടങ്ങ് ഭാരമാണ് വിയറ്റിന- 19നു ഉള്ളത് എന്നാണ് വിദഗ്ദർ പറയുന്നത്. 53 മാസം പ്രായമുള്ള വിയറ്റിന- 19 ന്റെ സുന്ദരമായ വെളുത്ത രോമങ്ങൾ, അയഞ്ഞ ചർമ്മം, മുതുകത്തെ ഹമ്പ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. നേരത്തെ , ടെക്സാസിലെ ഫോർട്ട് വർത്തിൽ നടന്ന “ചാമ്പ്യൻ ഓഫ് ദി വേൾഡ്” മത്സരത്തിൽ വിയറ്റിന-19 മിസ് സൗത്ത് അമേരിക്ക കിരീടവും നേടിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാളകളും പശുക്കളും മത്സരിക്കുന്ന മിസ് യൂണിവേഴ്സ് ശൈലിയിലുള്ള കന്നുകാലി മത്സരമാണിത്.
ഉഷ്ണമേഖലാ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള കഴിവിനും രോഗ പ്രതിരോധത്തിനും പേരു കേട്ട ഇനമാണ് നെല്ലൂർ പശുക്കൾ. അതു കൊണ്ട് തന്നെ വിയറ്റിന -19 ൻ്റെ ഭ്രൂണങ്ങൾക്ക് ബ്രീഡിംഗിനായി ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡാണ്. ലോകത്തു നെല്ലൂർ പശുക്കളെ ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നത് ബ്രസീലിലാണ്. യുഎസ്, മെക്സിക്കോ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ട്.
by Midhun HP News | Feb 11, 2025 | Latest News, ജില്ലാ വാർത്ത, ദേശീയ വാർത്ത
ഗസ്സ പിടിച്ചെടുക്കുമെന്ന നിലപാടിൽ ഉറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഭാവിയിലേക്കുവേണ്ടിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ട്രംപ്. വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്നും ഭീഷണി. ഗസ്സയിൽ അസാധാരണ നീക്കങ്ങൾക്ക് മുതിരുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ഗസ്സ അമേരിക്ക പിടിച്ചെടുത്താൽ പലസ്തീൻകാർക്ക് അവകാശമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചില പലസ്തീൻ പൗരൻമാർക്ക് അമേരിക്ക അഭയം നൽകും. നീണ്ടകാലത്തേക്കുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഭാവിയിലേക്ക് വേണ്ടിയുള്ള ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്ന് പറഞ്ഞ ട്രംപ്, മനോരഹരമായ കമ്മ്യൂണിറ്റികൾ ഗസ്സയിൽ നിർമ്മിക്കുമെന്നും അവകാശപ്പെട്ടു. അമേരിക്ക പിടിച്ചെടുക്കുന്ന ഗസ്സയിൽ ഹമാസിന് സ്ഥാനമുണ്ടാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറുമെന്ന ഭീഷണിയും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും ശനിയാഴ്ച ഉച്ചയ്ക്ക് മുൻപ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ കരാർ പിൻവലിക്കണമെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ കരാറിൽ ഇസ്രയേൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഹമാസ് ബന്ദികൈമാറ്റം നിർത്തിവച്ചിരുന്നു. ഗസ്സയിൽ നിന്ന് പിൻമാറുന്ന നടപടി നിർത്തിവയ്ക്കുകയാണെന്ന് ഇസ്രയേൽ സൈന്യവും അറിയിച്ചിരുന്നു.
by Midhun HP News | Feb 11, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ലോട്ടറി ഒരു സേവനമല്ലെന്നും, അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണെന്നും അതിനാല്‍ സേവന നികുതി ചുമത്താനാകില്ലെന്നുമായിരുന്നു സിക്കിം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്.
by Midhun HP News | Feb 10, 2025 | Latest News, ദേശീയ വാർത്ത
കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.
ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
by Midhun HP News | Feb 9, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്.
ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്‍റെ പിന്‍ഭാഗം പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
by Midhun HP News | Feb 8, 2025 | Latest News, ദേശീയ വാർത്ത
“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്ക്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍,ഡോണി ഡാർവിൻ , ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ,വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്.
Recent Comments