ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ പിടിയില്‍

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ 45കാരന്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചു. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഗുരു മൂര്‍ത്തി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത് എന്നും പൊലീസ് പറയുന്നു.ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ഭര്‍ത്താവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഗുരു മൂര്‍ത്തി കുളിമുറിയില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തുടര്‍ന്ന് അസ്ഥികള്‍ വേര്‍പെടുത്തി. മൂന്ന് ദിവസത്തിനിടെ മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി മൃതദേഹ ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ തള്ളിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവര്‍ക്കുമായി രണ്ട് കുട്ടികള്‍ ഉണ്ട്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല.പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യാം, അപ്‌ഡേറ്റ്

വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യാം, അപ്‌ഡേറ്റ്

ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കുളുടെ ഇഷ്ടാനുസൃതം ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും.

മെറ്റയുടെ വിവിധ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ നേട്ടമാണ്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ അപ്ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് ഉള്ളടക്കം കൂടുതല്‍ ഉപയോക്താക്കളില്‍ ഒറ്റപോസ്റ്റിലൂടെ എത്തിക്കാന്‍ കഴിയും.

പുതിയ ഫീച്ചര്‍ ലഭിക്കുന്നത് എങ്ങനെ?

വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. ആദ്യം വാട്‌സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്‌സ് മെനുവിലേക്ക് പോകുക. ആഡ് യുവര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക- മെറ്റ അക്കൗണ്ട് ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തെരഞ്ഞെടുക്കുക. അക്കൗണ്ടുകള്‍ അണ്‍ലിങ്ക് ചെയ്യണമെങ്കില്‍ അക്കൗണ്ട് സെന്ററില്‍ പോയി വാട്‌സ്ആപ്പ് റിമൂവ് ചെയ്യാം.

സെയ്ഫ് അലിഖാന് തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കും

സെയ്ഫ് അലിഖാന് തിരിച്ചടി; 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ ഏറ്റെടുക്കും

ഭോപ്പാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 15,000 കോടി രൂപയുടെ വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരായ സെയ്ഫ് അലിഖാന്റെ ഹര്‍ജി മധ്യപേദേശ് ഹൈക്കോടതി തള്ളി. ഇതോടെ സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വയ്ക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാനുള്ള വഴിയൊരുങ്ങും.

1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് നിയമപ്രകാരം അവകാശം ഉന്നയിക്കാം. വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് ശത്രുസ്വത്തായി പ്രഖ്യാപിക്കുന്നത്.

ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടീസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം

ബംഗലൂരു: കര്‍ണാടകയിലെ യെല്ലാപുരയില്‍ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഉത്തര കന്നഡയില്‍ പുലര്‍ച്ചെയായിരുന്നു അപകടം.

ലോറിയില്‍ 25 പേരാണ് ഉണ്ടായിരുന്നത്. സാവനൂരില്‍ നിന്ന് കുംത മാര്‍ക്കറ്റിലേക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

‘വിക്കറ്റ് കീപ്പർ സഞ്ജു തന്നെ, അക്കാര്യത്തിൽ ഒരു ചോദ്യവുമില്ല’- വിവാദങ്ങൾക്കിടെ സൂര്യയുടെ കട്ട സപ്പോർട്ട്

‘വിക്കറ്റ് കീപ്പർ സഞ്ജു തന്നെ, അക്കാര്യത്തിൽ ഒരു ചോദ്യവുമില്ല’- വിവാദങ്ങൾക്കിടെ സൂര്യയുടെ കട്ട സപ്പോർട്ട്

കൊൽക്കത്ത: കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങൾ സംബന്ധിച്ച വിവാ​ദം ഒരു വശത്തു നിൽക്കുന്നതിനിടെ സഞ്ജു സാംസണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഉറച്ച പിന്തുണ. ഇന്ത്യൻ ടി20 ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ഒരു സംശയത്തിനും ഇടമില്ലെന്നും അതു സഞ്ജു സാംസൺ തന്നെയാണെന്നും സൂര്യ പരസ്യമായി തന്നെ പ്രഖ്യാപിച്ചു. ഇം​ഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന കാര്യത്തിൽ ഒരു ചോദ്യത്തിനും പ്രസക്തിയില്ല. കഴിഞ്ഞ 7, 8 മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. എന്തൊക്കെ സാധിക്കുമെന്നു അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു’- സൂര്യ പറഞ്ഞു.

ടി20 നായകനായി ചുമതലയേറ്റ ശേഷം സൂര്യകുമാർ മലയാളി താരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ക്യാപ്റ്റന്റെ ഉറച്ച പിന്തുണയിൽ സഞ്ജു ബം​ഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പോരാട്ടത്തിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയിരുന്നു.

ഒരു കളിയിൽ പ്രകടനം മോശമായാൽ അടുത്ത കളിക്കു പരി​ഗണിക്കാതെ സഞ്ജുവിനെ തഴയുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഒരു കളി മാത്രം അടിസ്ഥാനമാക്കി നടപടി ഉണ്ടാകില്ലെന്നു ഉറപ്പായതോടെ സഞ്ജു അനായാസം കളിക്കാനും തുടങ്ങി. ബം​ഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ പരമ്പരകളിൽ നിന്നു 3 സെഞ്ച്വറികളാണ് സഞ്ജു നേടിയത്.

രോഹിത് ശർമ ടി20യിൽ നിന്നു വിരമിച്ചതോടെയാണ് സഞ്ജുവിന്റെ സമയം തെളിഞ്ഞത് എന്നുകൂടി പറയാം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ സഞ്ജു 12 കളിയിൽ നിന്നു 471 റൺസാണ് അടിച്ചെടുത്തത്. 42.81 ശരാശരി. സ്ട്രൈക്ക് റേറ്റ് 189.15.

ആകാശത്ത് ഇന്ന് അപൂര്‍വ്വ കാഴ്ച, ആറു ഗ്രഹങ്ങള്‍ നേർരേഖയിൽ ഒരുമിച്ച് കാണാം

ആകാശത്ത് ഇന്ന് അപൂര്‍വ്വ കാഴ്ച, ആറു ഗ്രഹങ്ങള്‍ നേർരേഖയിൽ ഒരുമിച്ച് കാണാം

ഡല്‍ഹി: വാനനിരീക്ഷകര്‍ക്ക് കണ്ണിന് വിരുന്നൊരുക്കി ആറു ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരുന്നു. ആകാശത്ത് ഇന്ന് കാണാന്‍ പോകുന്ന ഈ വിസ്മയത്തെ ഗ്രഹ വിന്യാസം എന്നാണ് വിളിക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ ഗ്രഹങ്ങളുടെ ഒത്തുചേരലിന് പിന്നാലെ ശനിയും ശുക്രനും അടുത്തടുത്താണ്. ഇതിന് പുറമേയാണ് ആറു ഗ്രഹങ്ങള്‍ ഏകദേശം നേര്‍രേഖയില്‍ വരുന്ന അപൂര്‍വ്വ കാഴ്ച. ഗ്രഹങ്ങള്‍ പൂര്‍ണ്ണമായും നേര്‍രേഖയില്‍ വരുന്നില്ലെങ്കിലും, ആകാശത്തിന്റെ ഒരു ഭാഗത്ത് ഗ്രഹങ്ങള്‍ ഒരുമിച്ച് കാണുന്നത് ഒരു അത്ഭുത കാഴ്ചയായിരിക്കും.

ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റിയൂണ്‍, യുറാനസ് എന്നിവയാണ് ഗ്രഹ വിന്യാസം തീര്‍ക്കുന്നത്. ഇവ നേര്‍രേഖയില്‍ അടുത്തടുത്ത് ആണെന്ന് തോന്നാമെങ്കിലും ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലം കൊണ്ട് ഇവ ഓരോന്നും വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്.

ഭ്രമണപഥത്തിലെ ഭൂമിയുടെ സ്ഥാനം മൂലമാണ് ഈ വിന്യാസം. ജനുവരിയില്‍ ചൊവ്വ ‘എതിര്‍വശത്ത്’ എത്തിയതായി നാസ അറിയിച്ചു. അതായത് സൂര്യനില്‍ നിന്ന് ഭൂമിയുടെ എതിര്‍വശത്തായി നേര്‍രേഖ തീര്‍ത്താണ് ചൊവ്വ ദൃശ്യമാകുന്നത്.

ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന സമയമാണിത്. ഏറ്റവും വലുതും തിളക്കമുള്ളതുമായി ചൊവ്വ ദൃശ്യമാകുന്ന സമയമാണിത്.

എപ്പോഴാണ് വിന്യാസം ദൃശ്യമാകുക?

ഇന്ന് സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം 45 മിനിറ്റിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ഗ്രഹങ്ങളുടെ വിന്യാസം ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കും. പടിഞ്ഞാറന്‍ ചക്രവാളത്തിന് താഴെ ശുക്രനും ശനിയും അസ്തമിക്കുന്നത് വരെയുള്ള സമയമാണ് ഇത് കാണാന്‍ അനുയോജ്യമായ സമയം. ഇരുട്ടിക്കഴിഞ്ഞാല്‍, ഈ മാസം മുഴുവന്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ശുക്രനെയും ശനിയെയും കാണാന്‍ കഴിയും. വ്യാഴം ആകാശത്ത് തിളങ്ങുന്നതായും കിഴക്ക് ചൊവ്വ ഉദിക്കുന്നതായുമുള്ള ദൃശൃങ്ങള്‍ വിസ്മയം ജനിപ്പിക്കുമെന്നും നാസ പറയുന്നു.

ഇന്ത്യയില്‍ വിന്യാസം എപ്പോള്‍ ദൃശ്യമാകും?

മേഘാവൃതത്തെയും കാലാവസ്ഥയെയും ആശ്രയിച്ച് ഇന്ത്യയിലുടനീളം അപൂര്‍വമായ ഈ വിന്യാസം ദൃശ്യമാകും. ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളില്‍ നിന്നും അപൂര്‍വമായ ഗ്രഹ വിന്യാസം കാണാന്‍ കഴിയും. ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി നാല് ഗ്രഹങ്ങളെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും നെപ്റ്റിയൂണും യുറാനസും വളരെ മങ്ങിയതിനാല്‍ അവയെ കാണാന്‍ ഒരു ദൂരദര്‍ശിനി വേണ്ടി വരും.