വിവാഹസമയത്ത് വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീംകോടതി

വിവാഹസമയത്ത് വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീംകോടതി

ഡല്‍ഹി: വിവാഹ സമയം വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രധാന നീരീക്ഷണം. സ്ത്രീധനം ദുരുപയോഗം ചെയ്തെന്ന ആലപ്പുഴ സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി വിധി.

വിവാഹ സമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമ നടപടി ആരംഭിച്ചത്. ഈ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിന് ശേഷമോ പെണ്‍വീട്ടുകാര്‍ നല്‍കുന്ന എല്ലാ വസ്തുവകകളും ഇതില്‍ ഉള്‍പ്പെടും. അതിന്റെ പൂര്‍ണമായ അവകാശം വധുവിന് തന്നെയാണ്. ഭര്‍ത്താവിന് അവകാശം ഉന്നയിക്കാന്‍ കഴിയില്ല. നിയന്ത്രിക്കാനും ഭര്‍ത്താവിന് അവകാശമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം തന്നെയെന്നുള്ള അഭിപ്രായവും കേസ് പരിഗണിക്കവേ കോടതി രേഖപ്പെടുത്തി.

2003ലായിരുന്നു കക്ഷികളുടെ വിവാഹം. 89 പവനും രണ്ടു ലക്ഷം രൂപയുമാണ് സ്ത്രീധനം നല്‍കിയത്. സുരക്ഷിതമായി വയ്ക്കാനെന്ന് പറഞ്ഞ് ആദ്യ ദിവസം തന്നെ ഭര്‍ത്താവ് സ്വര്‍ണം കൈക്കലാക്കി സ്വന്തം വീട്ടുകാരെ ഏല്‍പ്പിച്ചു. വിവാഹത്തിന് മുമ്പുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ഇവ മുഴുവനും അന്യാധീനപ്പെടുത്തിയെന്നാണ് പരാതി. സ്വര്‍ണവും പണവും തിരികെ ചോദിച്ചത് തിരികെ ചോദിച്ച് 2009ല്‍ കുടുംബക്കോടതിയെ സമീപിച്ചു. 89 പവന് പകരമായി 8,90,000 രൂപയും രണ്ട് ലക്ഷം രൂപ ആറു ശതമാനം പലിശയോടെയും തിരിച്ചു കൊടുക്കാന്‍ കുടുംബക്കോടതി ഉത്തരവിട്ടു. വിവാഹമോചനവും അനുവദിച്ചു. 2011ലായിരുന്നു വിധി. ഇതിനെതിരെ ഭര്‍ത്താവ് കേരള ഹൈക്കോടതിയെ സമീപിച്ചു. വിവാഹമോചനത്തെ എതിര്‍ത്തില്ല. സ്ത്രീധനം തിരികെ കൊടുക്കണമെന്ന കീഴ്‌ക്കോടതി ശരിവെച്ചെങ്കിലും സ്വര്‍ണത്തിന്റെ കാര്യത്തില്‍ പ്രതികൂല നിലപാട് സ്വീകരിച്ചു. സ്വര്‍ണം ഭര്‍ത്താവ് ഊരിവാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്.

രാഹുല്‍ ദ്രാവിഡ് അല്ലേ ഇത്?; വോട്ടു ചെയ്യാനും ‘കൂളാ’യി ഇന്ത്യന്‍ കോച്ച്

രാഹുല്‍ ദ്രാവിഡ് അല്ലേ ഇത്?; വോട്ടു ചെയ്യാനും ‘കൂളാ’യി ഇന്ത്യന്‍ കോച്ച്

ബംഗളൂരു: 88 മണ്ഡലങ്ങളിലേക്ക് നടന്ന രണ്ടാം ഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. ക്യൂ നിന്ന് രാഹുല്‍ ദ്രാവിഡ് വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷോട്‌സും ബനിയനും ധരിച്ച് സിംപിള്‍ ആയാണ് വോട്ട് ചെയ്യാനായി രാഹുല്‍ ദ്രാവിഡ്ര പോളിങ് ബൂത്തില്‍ എത്തിയത്.

രണ്ടാം ഘട്ടത്തില്‍ കര്‍ണാടകയില്‍ പകുതി ലോക്‌സഭ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കര്‍ണാടകയില്‍ 28 ലോക്‌സഭ മണ്ഡലങ്ങളാണ് ഉള്ളത്. ബംഗളൂരുവിലാണ് രാഹുല്‍ ദ്രാവിഡിന് വോട്ട് ഉള്ളത്. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് രാഹുല്‍ ദ്രാവിഡ് അഭ്യര്‍ഥിച്ചു.

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്യുന്നയാള്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെയാണോ വോട്ടു രേഖപ്പെടുത്തിയതെന്ന് ഉറപ്പിക്കാനുള്ള, വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിപിപാറ്റ്) പൂര്‍ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരസ്പരം യോജിക്കുന്ന രണ്ടു വ്യത്യസ്ത വിധിന്യായങ്ങളിലാണ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചിന്റെ വിധി.

പേപ്പര്‍ ബാലറ്റിലേക്കു മടങ്ങണമെന്ന, ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി. ഹര്‍ജികളില്‍ രണ്ടു നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതായി ബെഞ്ച് വ്യക്തമാക്കി. സിംബര്‍ ലോഡിങ് യൂണിറ്റ് മുദ്രവച്ച് 45 ദിവസമെങ്കിലും സൂക്ഷിക്കണം. ഫലപ്രഖ്യാപനത്തിനു ശേഷം മൈക്രോ കണ്‍ട്രോളര്‍ പ്രോഗാം വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കാന്‍ സ്ഥാനാര്‍ഥിക്ക് അവസരം നല്‍കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. ഇത്തരമൊരു ആവശ്യം സ്ഥാനാര്‍ഥി ഫലപ്രഖ്യാപനത്തിന് ശേഷം ഏഴു ദിവസത്തിനകം ഉന്നയിക്കണമെന്നും കോടതി പറഞ്ഞു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി എണ്ണണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്നതാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചത്.

ആര്‍ബിഐ നിയന്ത്രണം; കൊട്ടക് മഹീന്ദ്ര ഓഹരികള്‍ കൂപ്പുകുത്തി, 13% ഇടിവ്

ആര്‍ബിഐ നിയന്ത്രണം; കൊട്ടക് മഹീന്ദ്ര ഓഹരികള്‍ കൂപ്പുകുത്തി, 13% ഇടിവ്

മുംബൈ: പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ കൊട്ടക് മഹിന്ദ്ര ബാങ്കിന്റെ ഓഹരികളില്‍ തകര്‍ച്ച. രാവിലെ വ്യാപാരത്തുടക്കത്തില്‍ 13 ശതമാനത്തോളമാണ് ഓഹരിവില താഴ്ന്നത്.

ബിഎസ്ഇയില്‍ കൊട്ടക് മഹീന്ദ്ര ഓഹരി വില 1620 ആയി താഴ്ന്നു. 52 ആഴ്ചയിലെ താഴ്ന്ന നിലയാണിത്. എന്‍എസ്ഇയില്‍ 13 ശതമാനം ഇടിഞ്ഞ് 1602ല്‍ എത്തി. കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 37,720.8 കോടിയാണ് താഴ്ന്നത്.

പുതിയ അക്കൗണ്ട് ഉടമകളെ ചേര്‍ക്കുന്നതില്‍ നിന്ന് ഇന്നലെയാണ് പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്രയെ ആര്‍ബിഐ തടഞ്ഞത്. ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് എന്നി ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നാണ് ബാങ്കിനെ ആര്‍ബിഐ വിലക്കിയത്. ബാങ്ക് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കരുതെന്നും ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ സെക്ഷന്‍ 35എ പ്രകാരമാണ് ആര്‍ബിഐ നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് നല്‍കി വരുന്ന സേവനം തുടരാം. നിലവിലെ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും തുടര്‍ന്നും ബാങ്കിങ് സേവനം നല്‍കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

2022 ലും 2023 ലും കേന്ദ്ര ബാങ്കിന്റെ ഐടി പരിശോധനകള്‍ക്കിടെ ഉയര്‍ന്ന ആശങ്കകളെ തുടര്‍ന്നാണ് ആര്‍ബിഐ കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഐടി ഇന്‍വെന്ററി മാനേജ്‌മെന്റ്, യൂസര്‍ ആക്‌സസ് മാനേജ്‌മെന്റ്, ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായി രണ്ട് വര്‍ഷം ഐടി അപകടസാധ്യതകള്‍ തടയുന്നതില്‍ പോരായ്മകള്‍ ഉണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി.

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസം; യുഎഇയില്‍ വായ്പാ തിരിച്ചടവ് നീട്ടി

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസം; യുഎഇയില്‍ വായ്പാ തിരിച്ചടവ് നീട്ടി

ദുബൈ: യുഎഇയില്‍ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസവുമായി യുഎഇ കേന്ദ്രബാങ്ക്. ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ കേന്ദ്ര ബാങ്ക് നോട്ടീസ് നല്‍കി.

അധിക ഫീസോ, പലിശയോ ഈടാക്കാതെ ആറുമാസം വരെ വായ്പാ തിരിച്ചടവ് നീട്ടി നല്‍കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. വായ്പയുടെ പ്രിന്‍സിപ്പല്‍ തുക വര്‍ദ്ധിപ്പിക്കരുത്. അടുത്തിടെയുണ്ടായ കനത്ത മഴയില്‍ വാഹനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നും കേന്ദ്ര ബാങ്ക് സ്ഥിരീകരിച്ചു. വീടും വാഹനങ്ങളും ഇന്‍ഷുര്‍ ചെയ്തവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നഷ്ടപരിഹാരം നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയായി കണക്കാക്കും. ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ തര്‍ക്കമോ ഉണ്ടായാല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ കുത്തിക്കൊന്നു; അക്രമിയെ അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ കുത്തിക്കൊന്നു; അക്രമിയെ അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 24കാരിയെ 44കാരന്‍ കുത്തിക്കൊന്നു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ, അമ്മ കല്ല് കൊണ്ട് തലയ്ക്കടിച്ച് യുവാവിനെ കൊലപ്പെടുത്തി.

ബംഗളൂരുവിലെ ജയനഗറില്‍ കഴിഞ്ഞദിവസമാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സുരേഷ് ആണ് 24കാരിയായ അനുഷയെ കുത്തിക്കൊന്നത്. രണ്ടു തവണയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. മകളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ അമ്മ കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് സുരേഷിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു.

പാര്‍ക്കില്‍ വച്ചാണ് സംഭവം നടന്നത്. സുരേഷിനെ അകറ്റാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി അനുഷയുമായി വഴക്കിട്ടു. തുടര്‍ന്ന് കുപിതനായ സുരേഷ് യുവതിയെ കുത്തുകയായിരുന്നു. നേരത്തെ ഒരാളെ കാണാന്‍ പാര്‍ക്കില്‍ പോകുന്നതായി അമ്മയോട് പറഞ്ഞിട്ടാണ് മകള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇതില്‍ പന്തികേട് തോന്നിയ അമ്മ മകളെ പിന്തുടര്‍ന്ന് പാര്‍ക്കില്‍ എത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈയില്‍ കിട്ടിയ കല്ല് ഉപയോഗിച്ച് അമ്മ സുരേഷിനെ ആക്രമിച്ചത്. ജോലി സ്ഥലത്ത് വച്ചാണ് അനുഷയും സുരേഷും പരിചയക്കാരായതെന്നും പൊലീസ് പറയുന്നു.