by Midhun HP News | Jan 21, 2025 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. പ്രതിക്ക് മരണം വരെ തടവു വിധിച്ച സിയാല്‍ദേ അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു.
ബംഗാള്‍ അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. വിചാരണ കോടതി വിധിയില്‍ തൃപ്തിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രതികരിച്ചിരുന്നു. കേസ് അന്വേഷണം ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നു. ബംഗാള്‍ പൊലീസാണ് അന്വേഷണം നടത്തിയതെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടിരുന്നു.
ക്രൂരമായ കൊലപാതകം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധി കേട്ട് ഞെട്ടിപ്പോയെന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എങ്ങനെയാണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നത്?. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതി വിധി നിരാശപ്പെടുത്തുന്നതാണ്. കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോക്ടറുടെ മാതാപിതാക്കള്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Jan 20, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. 86.46 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയെ സ്വാധീനിച്ചത്. ഏഷ്യന്‍ വിപണിയിലെ അനുകൂല സാഹചര്യത്തിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചത്. വെള്ളിയാഴ്ച രൂപ 86.60 എന്ന നിലയിലാണ് വിനിമയം അവസാനിപ്പിച്ചത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിന് മുകളിലാണ്.
വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസഇ സെന്‍സെക്‌സ് ഇന്ന് 400 പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞയാഴ്ച നഷ്ടത്തിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 77000 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്. റിലയന്‍സ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
by Midhun HP News | Jan 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ പേപ്പര്‍ വണ്‍ പരീക്ഷകള്‍ 22,23,24,28,29 തീയതികളിലാണ് നടക്കുന്നത്. പേപ്പര്‍ 2 പരീക്ഷ ജനുവരി 30ന് ആണ്. ആദ്യഘട്ടമായി 22,23,24 തീയതികളില്‍ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടത്.
ബിടെക് / ബിഇ പ്രവേശനത്തിനുള്ള പേപ്പര്‍ വണ്‍ പരീക്ഷ രണ്ടു ഷിഫ്റ്റുകളിലായാണ് നടത്തുന്നത്. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറുമണിവരെയുമാണ് പരീക്ഷ. ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്റ്റ് (B.Arch and B.Planning) പ്രവേശനത്തിനുള്ള പേപ്പര്‍ 2 പരീക്ഷ ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ആറര വരെയാണ്. jeemain.nta.nic.in.ല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഡൗണ്‍ലോഡ് ചെയ്യുന്ന വിധം?
jeemain.nta.nic.in.സന്ദര്‍ശിക്കുക
ഹോംപേജില്‍ കാണുന്ന ‘Download JEE Main 2025 Admit Card’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കുക
സ്‌ക്രീനില്‍ തെളിയുന്ന അഡ്മിറ്റ് കാര്‍ഡില്‍ നോക്കി നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പാക്കുക
തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്ത ശേഷം പ്രിന്റ് എടുക്കുക
പരീക്ഷയ്ക്ക് എത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
അഡ്മിറ്റ് കാര്‍ഡ് എടുക്കാന്‍ മറക്കരുത്
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അംഗീകരിച്ച അസല്‍ തിരിച്ചറിയല്‍ രേഖയും കൈവശം വേണം
ഇന്‍സ്ട്രുമെന്റ്‌സ്, പെന്‍സില്‍ ബോക്‌സ്, ജോമെട്രി ബോക്‌സ്, ഹാന്‍ഡ് ബാഗ്, പഴ്‌സ്, ഭക്ഷണം എന്നിവ പരീക്ഷാഹാളില്‍ കൊണ്ടുവരരുത്.
മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, മൈക്രോഫോണ്‍, പേജര്‍, കാല്‍ക്കുലേറ്റര്‍, സ്മാര്‍ട്ട് വാച്ച്, കാമറ, ടേപ്പ് റെക്കോര്‍ഡര്‍, മറ്റു ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ലോഹ നിര്‍മ്മിത വസ്തുക്കള്‍ എന്നിവയ്ക്കും വിലക്കുണ്ട്
ആനയിറങ്ങിയിട്ടുണ്ടോ? ആകാശവാണി അറിയിക്കും; വന്യമൃഗ ആക്രമണം കുറയ്ക്കാന്‍ മധ്യപ്രദേശ്
ഡ്രസ് കോഡ്:
ബക്കിളുകള്‍ പോലുള്ള ലോഹ ഭാഗങ്ങളുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക.
തലയില്‍ തൊപ്പികള്‍, മഫ്ളറുകള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ധരിക്കരുത്.
മോതിരങ്ങള്‍, ചെയിനുകള്‍, വളകള്‍ തുടങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കുക.
കട്ടിയുള്ള സോളുകളുള്ള ഷൂസ് ധരിക്കരുത്, ലളിതമായ പാദരക്ഷകളാണ് ഏറ്റവും നല്ലത്.
by Midhun HP News | Jan 20, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: പാര്‍സല്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിക്കും പിന്നാലെ പുതിയ സൈബര്‍ തട്ടിപ്പ്. ബാങ്ക് അധികൃതരെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ നല്‍കി പണം തട്ടുന്നതാണ് സംഘത്തിന്റെ രീതി.
സൗജന്യ മൊബൈല്‍ അല്ലെങ്കില്‍ ടാബ്‌ലെറ്റ് സമ്മാനമായി നല്‍കി ബാങ്ക് വിശദാംശങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കും. ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും തട്ടിപ്പ് സംഘത്തിന് ലഭിക്കും. ഇത്തരത്തില്‍ ഐടി ജീവനക്കാരന് 2.8 കോടി രൂപ നഷ്ടപ്പെട്ടതായി ബംഗളൂരു വൈറ്റ്ഫീല്‍ഡ് സിഇഎന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കി പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു. ക്ലോണിങ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇടുന്നതോടെ ഉപയോക്താവിന് ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഡിവൈസില്‍ ലഭിക്കില്ല.
തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന്‍ അറിയുന്നത്. ഫോണ്‍ ക്ലോണ്‍ ചെയ്തതിനാല്‍, ബാങ്ക് അയച്ച ഒടിപികള്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് റീഡയറക്ട് ചെയ്തു. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്.
by Midhun HP News | Jan 19, 2025 | Latest News, ദേശീയ വാർത്ത
പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെ പ്രയാഗ്‌രാജില്‍ വന്‍ തീപിടിത്തം. സെക്‌ടർ നമ്പർ 6-ലെ ഒരു ക്യാമ്പിലാണ് ഞായറാഴ്‌ച തീ പടര്‍ന്നത്. ഏകദേശം 20 മുതൽ 25 വരെ ടെന്‍റുകള്‍ കത്തിയതായാണ് റിപ്പോര്‍ട്ട്.
ഭക്തരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. ശക്തമായ കാറ്റ് കാരണം ഒരു ടെന്‍റില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടരുകയാണ്. ടെന്‍റിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് പറയപ്പെടുന്നു.
by Midhun HP News | Jan 18, 2025 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയ് കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ സിബിഐ കോടതി തിങ്കളാഴ്ച വിധിക്കും.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ് പ്രതി സഞ്ജയ് റോയി.
ആദ്യം കൊല്‍ക്കത്ത പൊലീസും തുടര്‍ന്ന് സിബിഐയുമാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസ് അന്വേഷിച്ചത്. പ്രതിക്ക് തൂക്കുകയര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. സുപ്രീംകോടതിയും ഹൈക്കോടതിയും നിര്‍ണായക ഇടപെടല്‍ നടത്തിയ സംഭവത്തില്‍ കൊലപാതകം നടന്ന് 5 മാസത്തിന് ശേഷമാണ് വിധി പറയുന്നത്.
Recent Comments