സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം; കോണ്‍ഗ്രസിന്റെ ഗ്യാരന്റി

സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം; നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം; കോണ്‍ഗ്രസിന്റെ ഗ്യാരന്റി

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണവും ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ധൂലെയില്‍ നടന്ന മഹിളാറാലിയിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുമെന്നും രാഹുല്‍ പറഞ്ഞു. അവരുടെ കേസുകളില്‍ വാദം നടത്താനായി ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്കായി സാവിത്രിഭായ് ഫൂലെ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിര്‍ധനരായ സ്ത്രീകളുടെ അക്കൗണ്ടില്‍ പ്രതിവര്‍ഷം ഒരുലക്ഷം രൂപ നിക്ഷേപിക്കുമെന്നതും സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കായി അന്‍പത് ശതമാനം സംവരണം ചെയ്യുമെന്നതും കോണ്‍ഗ്രസിന്റെ ഉറപ്പാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍

നടികര്‍ സംഘത്തിന് കെട്ടിടം പണിയാന്‍ ഒരു കോടി രൂപ സംഭാവന: വിജയ്ക്ക് നന്ദി പറഞ്ഞ് വിശാല്‍

തമിഴ് ചലച്ചിത്ര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫിസ് നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ദളപതി വിജയ്. വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടനും നടികർ സംഘം ജനറൽ സെക്രട്ടറിയുമായ വിശാലാണ് വിവരം പങ്കുവച്ചത്. വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം നന്ദി കുറിച്ചത്.

താങ്ക്യു എന്നത് രണ്ട് വാക്ക് മാത്രമാണെങ്കിലും അത് ഓരാളുടെ ഹൃദയത്തില്‍ നിന്നാവുമ്പോള്‍ അതിന്റെ അര്‍ത്ഥം വലുതാകും. എന്റെ പ്രിയപ്പെട്ട നടനും നമ്മുടെ സ്വന്തവുമായ ദളപതി വിജയിനെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. നടികര്‍ സംഘം കെട്ടിടത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ കെട്ടിടത്തിന്റെ പണം പൂര്‍ണമാകുമായിരുന്നില്ല. ഏറ്റവും പെട്ടെന്ന് ഇത് പൂര്‍ത്തിയാക്കാനുള്ള ഊര്‍ജമാണ് നിങ്ങള്‍ നല്‍കിയത്. നന്‍ട്രി നന്‍പാ.- വിശാല്‍ കുറിച്ചു.

നേരത്തെ കമല്‍ഹാസനും കെട്ടിട നിര്‍മാണ ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. ഒരു കോടി രൂപയാണ് താരം നല്‍കിയത്. 2017ലാണ് കെട്ടിടത്തിന്റെ പണി രംഭിച്ചത്. പല പ്രതിസന്ധികളെ തുടര്‍ന്ന് തടസം നേരിടുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണ് വിജയ് ഇപ്പോള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് താരം ലക്ഷ്യമിടുന്നത്.

കാറിന് മുകളില്‍ പ്രതിമ പോലെ രാജകീയമായി പോസ് ചെയ്ത് വരന്‍; എസ്‌യുവി പിടിച്ചെടുത്ത് പൊലീസ്

കാറിന് മുകളില്‍ പ്രതിമ പോലെ രാജകീയമായി പോസ് ചെയ്ത് വരന്‍; എസ്‌യുവി പിടിച്ചെടുത്ത് പൊലീസ്

ലഖ്‌നൗ: വിവാഹാഘോഷം കെങ്കേമമാക്കാന്‍ അഗ്രഹിക്കാത്ത വധുവരന്‍മാര്‍ കുറവായിരിക്കും. പലപ്പോഴും ഇതിനായി വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട്. അവരുടെ ആഘോഷങ്ങള്‍ ചില വേളകളില്‍ അതിരുകടക്കുമെങ്കിലും അവയൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കാറുമുണ്ട്.

സാധാരണ നിലയില്‍ വധുവിന്റെ വീട്ടിലേക്ക് വരന്‍ കുതിരപ്പുറത്തോ വാഹനങ്ങളിലോ ആണ് സഞ്ചാരിക്കാറുള്ളത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ, ഒരു ചെയ്ഞ്ച് ആവട്ടെയെന്ന് കരുതി വരന്‍ വിവാഹവേഷത്തില്‍ രാജകീയമായി കാറിന് മുകളില്‍ നിന്ന് പ്രതിമ പോലെ ഫോട്ടോ എടുത്തതാണ് വിനയായത്. വരന്റെ ഫോട്ടോ പോസ് പൊലീസിന് അത്രപിടിച്ചില്ല. അവര്‍ വരന്‍ സഞ്ചരിച്ച വാഹനം പിടിച്ചെടുക്കുകയും യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ സഹന്‍പൂരിലെ ഭൈല ഗ്രാമത്തിലാണ് സംഭവം. വരന്‍ അങ്കിത് വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഡല്‍ഹി- ഡെറാഡൂണ്‍ ദേശീയപാതയില്‍ വച്ച് ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുത്തത്. വിവരം ലഭിച്ച പൊലീസ് വാഹനം തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

സര്‍ക്കാരിനെ അനുകൂലിച്ചു പറഞ്ഞത് വൈറലായി, ട്രോള്‍ കനത്തു; ആന്ധ്രയില്‍ യുവതി ജീവനൊടുക്കി

അമരാവതി: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് അനുകൂലമായി സംസാരിച്ചതിനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ടിഡിപിയുടേയും ജനസേനയുടേയും പ്രവര്‍ത്തകര്‍ യുവതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയത്. ഇതില്‍ മനം നൊന്ത് യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

മരിച്ച ഗീതാഞ്ജലിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗീതാഞ്ജലിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ വൈഎസ്ആര്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ആഴ്ചയാണ് നെതാലി റെയില്‍വേ സ്റ്റേഷന് സമീപം ഗീതാഞ്ജലി എന്ന യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ട്രെയിന് മുന്നില്‍ ചാടിയ യുവതി പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

പട്ടയമേള വിതരണ പരിപാടിയില്‍ സ്വന്തമായി വീട് ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് പ്രാദേശിക മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വൈറലായി. ഈ വീഡിയോ പുറത്ത് വന്നതിന് ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടി അണികള്‍ യുവതി ക്രൂരമായ ഭാഷയില്‍ ട്രോളുകയും വിമര്‍ശിക്കുകയും ചെയ്തത്. വീഡിയോ വന്ന യൂട്യൂബ് ചാനലിന്റെ താഴെ കമന്റുകള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. അത്തരത്തില്‍ സംശയമുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോയും പ്രചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണെന്ന് സംശയിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ഒരു നിമിഷത്തിനുള്ളില്‍ എല്ലാം തീര്‍ന്നു; കുതിച്ചുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ച് ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ്

ഒരു നിമിഷത്തിനുള്ളില്‍ എല്ലാം തീര്‍ന്നു; കുതിച്ചുയര്‍ന്ന ഉടന്‍ പൊട്ടിത്തെറിച്ച് ജപ്പാന്റെ ആദ്യ സ്വകാര്യ റോക്കറ്റ്

ടോക്കിയോ: ജപ്പാന്റെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. കയ്‌റോസ് എന്ന റോക്കറ്റ് ആണ് മധ്യ ജപ്പാനിലെ പര്‍വത പ്രദേശമായ വകയാമ പ്രിഫെക്ചറില്‍ വച്ച് പൊട്ടിത്തെറിച്ചത്.റോക്കറ്റ് വിക്ഷേപണം നടത്തിയ ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വലിയ മരങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശത്ത് തീപടരുകയും കനത്ത പുക ഉയരുകയും ചെയ്തിരുന്നു. വെള്ളം പമ്പുചെയ്ത് മേഖലയിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോക്കറ്റിന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിക്ഷേപണം വിജയിച്ചിരുന്നെങ്കില്‍ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്‌പേസ് വണ്‍ മാറുമായിരുന്നു. നാഷണല്‍ സ്‌പേസ് ഡെവലപ്‌മെന്റ് ഏജന്‍സി (എന്‍എഎസ്ഡിഎ) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ജപ്പാനിലെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ നിയന്ത്രിക്കുന്നത്. യുഎസിന്റെ നാസയ്ക്ക് സമാനമാണ് ജപ്പാന്റെ എന്‍എഎസ്ഡിഎ. കാനല്‍ ഇലക്‌ട്രോണിക്‌സ്, ഐഎച്ച്‌ഐ, ഷിമിസു, നിരവധി ബാങ്കുകള്‍ എന്നിവയടക്കമുള്ള ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണ് 2018ല്‍ ടോക്കിയോ ആസ്ഥാനമാക്കി സ്‌പേസ് വണ്‍ സ്ഥാപിച്ചത്.

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍; പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍; പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ ഇന്നലെ എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

ഡിജിറ്റല്‍ രൂപത്തിലാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിട്ടുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. എസ്ബിഐ വിവരങ്ങള്‍ സമര്‍പ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്‌സിലൂടെ അറിയിച്ചിരുന്നു.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ഈ മാസം 15 ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇല്ലെങ്കില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനാല്‍ തന്നെ എസ്ബിഐ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പതിനഞ്ചിനുള്ളില്‍ പ്രസീദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വെല്ലുവിളിയാകുമെന്നാണ് സൂചന. സുപ്രീം കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തും.