by Midhun HP News | Nov 27, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: നഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലാണ് സംഭവം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പൊലിസ് വീണ്ടെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ നിര്‍ണായകമായത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ മൂന്ന് സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ മനുഷ്യക്കടത്ത് മാഫിയയുടെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
26കാരിയായ ചിത്താപ്പുര്‍ സ്വദേശി കസ്തൂരി തിങ്കളാഴ്ചയാണ് കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഉച്ചയോടെ തട്ടിപ്പുസംഘം നഴ്‌സിന്റെ വേഷത്തില്‍ അമ്മയ്ക്ക് സമീപത്ത് എത്തുകയും രക്തപരിശോധനയ്‌ക്കെന്ന വ്യാജേനെ നവജാതശിശുവിനെ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നാതിരുന്ന കുടുംബം കുഞ്ഞിനെ കൈമാറി.
ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ തിരികെ കിട്ടാതിരുന്നതോടെ കുടുംബം ഡോക്ടറെ വിവരം അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെ ഒരു നഴ്‌സും കുട്ടിയെ എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ നഴ്‌സ് വേഷത്തില്‍ ആശുപത്രിയലെത്തിയത് കണ്ടെത്തി. ഒപ്പം സഹായിക്കാനായി മറ്റൊരു സത്രീയെയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് അന്വേഷണത്തിനായി നാല് സംഘങ്ങള്‍ രൂപികരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. ഇവര്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ ഭാഗമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. കുഞ്ഞിനെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്ന് അമ്മ കസ്തൂരിക്ക് മന്ത്ര ശരണ്‍ പ്രകാശ് പാട്ടില്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ 24 മണിക്കൂറിനകം കണ്ടെത്തിയ പൊലീസിന്റെ അന്വേഷണമികവിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

by Midhun HP News | Nov 26, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ നാളെ അവതരിപ്പിക്കും. ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ആക്ടിവയുടെ ഇലക്ട്രിക് പതിപ്പാണ് വിപണിയില്‍ എത്തുന്നത്. വളര്‍ന്നു കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഇരുചക്ര വാഹനവിപണിയില്‍ നേട്ടം ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ് ഹോണ്ട.
പുതിയ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും വാഹനവുമായി ബന്ധപ്പെട്ട് ഒന്നിലധികം ടീസറുകള്‍ കമ്പനി പുറത്തുവിട്ടിരുന്നു. ഹോണ്ട ലോഗോയ്ക്ക് താഴെ വരുന്ന ഹെഡ്‌ലൈറ്റിന്റെ ഏകദേശ രൂപമാണ് ആദ്യ ടീസറില്‍ ഇടംപിടിച്ചത്. രണ്ട് റൈഡര്‍മാര്‍ക്ക് വിശാലമായി ഇരുന്ന് പോകാന്‍ കഴിയുന്ന വിധം വീതിയേറിയതും നീളമുള്ളതുമായ സീറ്റിന്റെ ദൃശ്യമാണ് രണ്ടാമത്തെ ടീസര്‍.
എല്‍സിഡിയും പ്രീമിയം ടിഎഫ്ടി പതിപ്പും രണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഓപ്ഷനുമായാണ് സ്‌കൂട്ടര്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. രണ്ട് റൈഡ് മോഡുകള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കുറഞ്ഞത് ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍ ലഭ്യമാണ്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യയാണ് ഹൈലൈറ്റ് എന്നും ഹോണ്ട സ്ഥിരീകരിച്ചു.
ഫുട്ബോര്‍ഡിന് സമീപമാണ് ചാര്‍ജിംഗ് പോര്‍ട്ട്. പ്ലഗ്-ആന്‍ഡ്-പ്ലേ തരത്തിലുള്ള ചാര്‍ജറാണ് ഇതില്‍ വരിക. 2.5 മുതല്‍ 2.8kWh ബാറ്ററി പായ്‌ക്കോട് കൂടിയാണ് ആക്ടിവ ഇലക്ട്രിക് വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലോ പൊതു സ്ഥലത്തോ ചാര്‍ജിങ് സോക്കറ്റിലൂടെ ചാര്‍ജ് ചെയ്യാനും ബാറ്ററി സ്വാപ്പ് ചെയ്യാനും കഴിയുന്ന വിധമുള്ള സാങ്കേതികവിദ്യയെ ഇത് പിന്തുണയ്ക്കും. ഈ ഡ്യുവല്‍ ചാര്‍ജിങ് വിപണിയില്‍ മുന്നേറ്റത്തിന് സഹായകമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
by Midhun HP News | Nov 26, 2024 | Latest News, ദേശീയ വാർത്ത
ദുബായ്: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിര്‍ഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത്.
യുഎഇയില്‍ ഓണ്‍ലൈന്‍ എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ ഡോളറിനെതിരേ 84.40 എന്നനിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചതോടെ ഇന്ത്യയിലേക്ക് കോടികളാണെത്തിയത്.
യുഎഇ ദിര്‍ഹം കൂടാതെ മറ്റ് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാല്‍ 22.45 രൂപ, ഖത്തര്‍ റിയാല്‍ 23.10 രൂപ, ഒമാന്‍ റിയാല്‍ 218.89 രൂപ, ബഹ്‌റൈന്‍ ദിനാര്‍ 223.55 രൂപ, കുവൈത്ത് ദിനാര്‍ 273.79 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയനിരക്ക്. ഇതില്‍ 10 മുതല്‍ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്‍കുന്നത്.

by Midhun HP News | Nov 24, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് നാളെ തുടക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് രാഷ്ട്രീയപാര്‍ട്ടികളുടെ സഹകരണം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്. ഡിസംബര്‍ 20 വരെയാണ് ശൈത്യകാല സമ്മേളനം നടക്കുക.
വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത്. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സർക്കാരുകൾക്ക് മാറ്റുന്നതാണ് പുതിയ ഭേദഗതി. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യൻ തുറമുഖ ബില്ലും അവതരിപ്പിക്കുന്നതിനും അന്തിമമായി പാസാക്കുന്നതിനുമായി പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Nov 24, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് നിയുക്ത എംപി പ്രിയങ്ക ഗാന്ധി. വോട്ടു ചെയ്തു വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായിട്ടാണ് പ്രിയങ്ക എത്തുന്നത്. 4.10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പ്രിയങ്ക വയനാട്ടില്‍ തകര്‍പ്പന്‍ വിജയം നേടിയത്. വയനാട്ടിലെ പ്രിയങ്കയുടെ വിജയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നു. ‘വയനാട്ടിലെ എന്റെ കുടുംബം പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ പ്രിയങ്കരമായ വയനാടിനെ പുരോഗതിയുടെയും സമൃദ്ധിയുടെയും വിളക്കുമാടമാക്കി മാറ്റാന്‍ പ്രിയങ്ക അനുകമ്പയോടെയും അചഞ്ചലമായ അര്‍പ്പണബോധത്തോടെയും നയിക്കുമെന്ന് എനിക്കറിയാം’. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങുമെങ്കിലും, പ്രിയങ്കാ ഗാന്ധി ലോക്‌സഭാംഗമായി നാളെ സത്യപ്രതിജ്ഞ ചെയ്യുമോയെന്നതില്‍ വ്യക്തതയില്ല. ഷിംലയിലുള്ള അമ്മ സോണിയ ഗാന്ധി മടങ്ങിവന്ന ശേഷമേ സത്യപ്രതിജ്ഞയുണ്ടാകുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഭാരവാഹിത്വം ഏറ്റെടുത്ത് അഞ്ചു വര്‍ഷത്തിനു ശേഷമാണ് 52കാരിയായ പ്രിയങ്ക തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത്.

by liji HP News | Nov 23, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെക്കാള്‍ അജിത് പവാര്‍ ബഹുദൂരം മുന്നിലാണ്.
ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ അജിത് പവാറിന്‍റെ ലീഡ് 43619 ആയി ഉയര്‍ന്നു. യുഗേന്ദ്ര പവാറിന് ലഭിച്ചത് 38436 വോട്ടുകളാണ്. ഇരുപത് റൗണ്ട് വോട്ടാണ് ആകെ എണ്ണാനുള്ളത്.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ അജിത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി പിളര്‍ന്നത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ അജിത്തിന് ഈ പോരാട്ടം നിര്‍ണായകമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമാണ് ഏറ്റുമുട്ടിയത്. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു.

Recent Comments