കാശ്മീർ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ തനിയെ ഓടി, ഒഴിവായത് വൻ ദുരന്തം

കാശ്മീർ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ തനിയെ ഓടി, ഒഴിവായത് വൻ ദുരന്തം

അമൃത്സർ: കാശ്മീർ മുതൽ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ തനിയെ ഓടി, ഒഴിവായത് വൻ ദുരന്തം. ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിൻ ഓടിയ സംഭവം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ കഠ്‌വ മുതൽ പഞ്ചാബ് വരെയാണ് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. ജമ്മു കശ്മീരിലെ കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. കഠ്‌വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു.

ഒരു ഘട്ടത്തിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഈ ട്രെയിൻ സഞ്ചരിച്ചതായാണ് വിവരം. ഒടുവിൽ റെയിൽവേ അധികൃതരുടെ തീവ്ര ശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ് ട്രെയിൻ തടഞ്ഞു നിർത്താനായത്.ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഒരു റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ അതിവേഗം പോകുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. 

അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങള്‍

അംബാനിയുടെ മകന്റെ പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങള്‍

അംബാനി കുടുംബത്തിലെ കല്യാണ മേളങ്ങള്‍ക്ക് തുടക്കമായി. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷം മാര്‍ച്ച് മുതല്‍ മൂന്ന് ദിവസം ഗുജറാത്തിലെ ജാംനഗറില്‍ വെച്ച് നടക്കും.

പല മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കും. പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കായി ഒന്‍പതു പേജുള്ള ഇവന്റ്‌ഗൈഡാണ് തെയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ വിശദാംശങ്ങള്‍ ഇവന്റ് ഗൈഡില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും വ്യത്യസ്ത തീം അടിസ്ഥാനത്തിലാണ് ആഘോഷം.

ആദ്യ ദിനം എവര്‍ലാന്‍ഡിലൊരു സായാഹ്നം എന്നതാണ് തീം. ഇതിനായി എലഗന്റ് കോക്ക്‌ടെയ്ല്‍ ഡ്രസ് കോഡാണ് നിര്‍ദേശിച്ചിരിക്കുന്നത്. അത് വൈകുന്നേര പാര്‍ട്ടിയായാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ദിനം ജംഗിള്‍ ഫീവര്‍ എന്ന തീമാണ് ഡ്രസ് കോഡ്. ഇത് അംബാനിയുടെ ആനിമല്‍ റെസ്‌ക്യൂ സെന്ററില്‍ വച്ചാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. പിന്നാലെ സൗത്ത് ഏഷ്യന്‍ ഔട്ട്ഫിറ്റിലും ആഘോഷം സംഘടിപ്പിക്കും.

അവസാന പാര്‍ട്ടി ഹസ്താക്ഷര്‍ എന്ന തീമിലാണ്. ഇന്ത്യയുടെ പൈതൃകം നിറയ്ക്കുന്ന വസ്ത്രങ്ങളായിരിക്കണം ധരിക്കാന്‍. കൂടാതെ ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന അതിഥികള്‍ക്ക് ഹെയര്‍സ്റ്റൈലിസ്റ്റ്, സാരി ഡ്രേപ്പര്‍, മേക്കപ്പ് ആര്‍ടിസ്റ്റ് എന്നിവരെയും സജ്ജീകരിച്ചിട്ടുണ്ട്.

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസം സര്‍ക്കാര്‍; ഏകവ്യക്തി നിയമ ബില്‍ ഉടന്‍

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസം സര്‍ക്കാര്‍; ഏകവ്യക്തി നിയമ ബില്‍ ഉടന്‍

ഗുവാഹത്തി: ഉത്തരാഖണ്ഡിനു പിന്നാലെ ഏകവ്യക്തി നിയമം നടപ്പാക്കാന്‍ തയ്യാറെടുത്ത് അസം സര്‍ക്കാരും. ഇതിനുവേണ്ടിയുള്ള ആദ്യ ചുവടുവയ്പ്പായി മുസ്ലിം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നിയമം എന്നിവ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗം തീരുമാനം എടുത്തതായി അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. ഏക വ്യക്തി നിയമവുമായി ബന്ധപ്പെട്ട് അസം നിയമസഭയില്‍ ബില്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഈ മാസം 28നാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്.

നാല് വയസുള്ള ആണ്‍കുട്ടിയടക്കം ആറ് പേരെ കൊലപ്പെടുത്തി: മുന്‍ ഗുസ്തി പരിശീലകന് വധശിക്ഷ

നാല് വയസുള്ള ആണ്‍കുട്ടിയടക്കം ആറ് പേരെ കൊലപ്പെടുത്തി: മുന്‍ ഗുസ്തി പരിശീലകന് വധശിക്ഷ

ചണ്ഡീഗഢ്: ഹരിയാനയില്‍ നാല് വയസ്സുള്ള ആണ്‍കുട്ടിയടക്കം ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഗുസ്തി പരിശീലകന്‍ ഗഗന്‍ ഗീത് കൗര്‍ സുഖ്‌വീന്ദറിന് വധശിക്ഷ വിധിച്ച് റോഥക് കോടതി 1.26 ലക്ഷം രൂപ പിഴയും വിധിച്ചു. സോനെപത് ജില്ലയിലെ ബറൗദ ഗ്രാമ നിവാസികളായ സുഖ്വീന്ദര്‍, മനോജ് മാലിക്, ഭാര്യ സാക്ഷി മാലിക്, മകന്‍ സര്‍താജ്, ഗുസ്തി പരിശീലകരായ സതീഷ് കുമാര്‍, പര്‍ദീപ് മാലിക്, ഗുസ്തി താരം പൂജ എന്നിവരെ 2021 ഫെബ്രുവരി 12 ന് വെടിവച്ചു കൊന്നതിനാണ് ശിക്ഷ വിധിച്ചത്.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജുലൈ ഒന്നു മുതല്‍; കേന്ദ്ര വിജ്ഞാപനം പുറത്ത്

പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജുലൈ ഒന്നു മുതല്‍; കേന്ദ്ര വിജ്ഞാപനം പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്‌കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ 21ന് പാര്‍ലമെന്റ് മൂന്നു ബില്ലുകളും പാസാക്കിയിരുന്നു. 25ന് രാഷ്ട്രപതി ഇവയ്ക്ക് അംഗീകാരം നല്‍കി. മൂന്നു നിയമവും ജുലൈ ഒന്നിനു പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു.

കൊളോണിയല്‍ കാലത്തു പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ശിക്ഷാ നിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കു പകരമാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.

മറ്റൊരു കര്‍ഷകന്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം

മറ്റൊരു കര്‍ഷകന്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി; ഒരു കോടി ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബം

ഡല്‍ഹി: കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ദര്‍ശന്‍ സിങ് എന്ന കര്‍ഷകന്‍ മരിച്ചത്. 63 വയസായിരുന്നു. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയാണ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി.

മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിക്കുന്നത് തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. മൃതദേഹം പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച പഞ്ചാബ് സര്‍ക്കാരിന്റെ നഷ്ടപരിഹാരം കുടുംബം നിരസിച്ചു. കൊല്ലപ്പെട്ട കര്‍ഷകന് വേണ്ടത് നീതിയാണ്. ആ നീതിക്ക് പകരം വയ്ക്കാന്‍ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്നും ശുഭ്കരന്‍ സിങ്ങിന്റെ കുടുംബം പറഞ്ഞു. ഖനൗരി അതിര്‍ത്തിയിലെ കര്‍ഷക സമരത്തിനിടെ മരിച്ച ശുഭ്കരന്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായവും ഇളയ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഭട്ടിന്‍ഡ സ്വദേശിയായ ശുഭ്കരന്‍ സിങ്ങ് കൊല്ലപ്പെടുകയും 12 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് അടുത്തേക്ക് പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.