by Midhun HP News | Feb 7, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ കൊണ്ടുവരികയാണ്. വാട്‌സ്ആപ്പ് ചാനലുകള്‍, ലോഗിനിന്നായി പാസ്‌വേഡുകള്‍, ചാറ്റ് ലോക്കിങ് സംവിധാനം എന്നീ അപ്‌ഡേറ്റുകളും കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും നടപ്പിലാക്കുന്നതായാണ് റിപ്പോര്‍ട്ട്.
വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് എഐ ഉത്തരം നല്‍കും. ആന്‍ഡ്രോയിഡ് ഉപയോക്തക്കള്‍ക്കായാണ് നിലവില്‍ ഈ ഫീച്ചര്‍ കൊണ്ടുവരുന്നതെങ്കിലും ഐഒഎസ് ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എഐ കസ്റ്റമര്‍ അസിസ്റ്റുകൊണ്ട് ഉപയോക്താവിന്റെ പരാതി പരിഹരിക്കാനായില്ലെങ്കില്‍ എഐയുടെ സഹായത്തോടെ തന്നെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവുകളെയും ബന്ധപ്പെടാം.
പുതിയ ഫീച്ചര്‍ ഉപയോക്തളുടെ കസ്റ്റമര്‍ അസിസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കും. എക്‌സിക്യൂട്ടീവുകള്‍ തിരക്കിലാണെങ്കിലും എഐയുടെ സഹായം ലഭ്യമാകും. എന്നാല്‍ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നതിനെ കുറിച്ച് ഇപ്പോള്‍ വിവരമില്ല.
by Midhun HP News | Feb 6, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പുതുവര്‍ഷത്തിന്റെ തുടക്കമായ ജനുവരിയില്‍ ഐടി ജീവനക്കാരുടെ ആശങ്ക കൂട്ടി വിവിധ കമ്പനികളില്‍ നടന്നത് കൂട്ടപ്പിരിച്ചുവിടല്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ പത്തുകമ്പനികള്‍ ഓരോ സ്ഥാപനങ്ങളിലും ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില്‍ ജനുവരിയില്‍ 115 ഐടി കമ്പനികളില്‍ നിന്നായി 30,000ല്‍പ്പരം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ജനുവരി 10നാണ് ആയിരം പേരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിടുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. ജനുവരി 25ന് 1900 ജീവനക്കാരോടാണ് പിരിഞ്ഞുപോകാന്‍ മറ്റൊരു പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടത്. ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിലും കഴിഞ്ഞമാസം പിരിച്ചുവിടല്‍ നടന്നു. ജനുവരി എട്ടിന് 1100 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. മൊത്തം ജീവനക്കാരില്‍ അഞ്ചുശതമാനം ആളുകളെയാണ് ഇത് ബാധിച്ചത്.
ഗെയിം എന്‍ജിന്‍ ഡവലപ്പറായ യൂണിറ്റി, വേഫെയര്‍, ഇബേ, സാപ്പ്, ബ്ലോക്ക്, പേപല്‍ തുടങ്ങിയ കമ്പനികളും ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Feb 6, 2024 | Latest News, ദേശീയ വാർത്ത
മംഗളൂരു: മംഗളൂരുവില്‍ വീണ്ടും സദാചാര ഗുണ്ടായിസം. ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിക്കും മലയാളി യുവാവിനും നേരെ തീവ്ര ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ ആക്രമണം നടത്തി. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മംഗലാപുരത്തെ പനമ്പൂര്‍ ബീച്ചില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബീച്ചിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. യുവാവ് മുസ്ലീമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചായിരുന്നു ആക്രമണം.
ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ അക്രമികള്‍ യുവാവിനെയും യുവതിയെയും കയ്യേറ്റം ചെയ്തയായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഇടപെട്ട പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ രാമസേന എന്ന തീവ്ര ഹിന്ദുസംഘടനയിലെ അംഗങ്ങളാണ്. സംഭവത്തെത്തുടര്‍ന്ന് പനമ്പൂര്‍ ബീച്ചില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
by Midhun HP News | Feb 6, 2024 | Latest News, ദേശീയ വാർത്ത
മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. സ്‌ഫോടനത്തിൽ 6 മരണം, 59 പേർക്ക് പരിക്കേറ്റു. ഒന്നിന് പുറകെ ഒന്നായി നിരവധി സ്ഫോടനങ്ങൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി വരികയാണ്.
70 ആംബുലൻസുകൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി പേർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും ജീവനക്കാരും സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് യോഗം വിളിച്ചു. കൂടാതെ മന്ത്രി ഉദയ് പ്രതാപിനോട് എത്രയും വേഗം സംഭവസ്ഥലത്തേക്ക് പോകാൻ നിർദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Feb 6, 2024 | Latest News, ദേശീയ വാർത്ത
ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത ബില്‍ അവതരണത്തിനും അതിന്മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ചു ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്.
ഏകീകൃത സിവില്‍ കോഡ് ബില്ലിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ എംഎല്‍എമാരുടെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ബിജെപി, പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ യശ്പാല്‍ ആര്യ പറഞ്ഞു.
രാവിലെ ഭരണഘടനയുടെ വലിയ കോപ്പി കയ്യില്‍ പിടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിയമസഭയിലെത്തിയത്. കോണ്‍ഗ്രസ് നിയമസഭ നടപടികളുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി കരട് ബില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപി അംഗങ്ങള്‍ ജയ് ശ്രീറാം, വന്ദേമാതരം വിളികള്‍ മുഴക്കി.
ദേവഭൂമി ഉത്തരാഖണ്ഡിലെ പൗരന്മാര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, അതിന്റെ വ്യവസ്ഥകള്‍ പഠിക്കാന്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു.
നിയമനിര്‍മ്മാണ പാരമ്പര്യങ്ങള്‍ ലംഘിച്ച് ചര്‍ച്ചയില്ലാതെ ബില്‍ പാസ്സാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് യശ്പാല്‍ ആര്യ കുറ്റപ്പെടുത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ പഠിക്കാന്‍ മതിയായ സമയം ഉറപ്പാക്കുമെന്ന് സ്പീക്കര്‍ ഉറപ്പു നല്‍കി.
by Midhun HP News | Feb 5, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ഇന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയില്‍ അവതരിപ്പിക്കും. മത്സരപ്പരീക്ഷയിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും നിര്‍ദേശിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കും. പരമാവധി അഞ്ചുവര്‍ഷം വരെ. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
യുപിഎസ് സി, എസ്എസ് സി, റെയില്‍വേ, നീറ്റ്, ജെഇഇ, തുടങ്ങിയ മത്സരപ്പരീക്ഷകളില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുക ലക്ഷ്യമിട്ടാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്‍. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കും. കുറ്റം ചെയ്തിട്ടുണ്ട് എന്ന് അന്വേഷണസംഘം തെളിയിക്കുന്ന പക്ഷമാണ് കടുത്ത നടപടി.
ബില്‍ അനുസരിച്ച് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അല്ലെങ്കില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തേണ്ടത്. അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്ക് കൈമാറാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്നും ബില്ലില്‍ പറയുന്നു.
Recent Comments