ബജറ്റ് ഒറ്റനോട്ടത്തില്‍

ബജറ്റ് ഒറ്റനോട്ടത്തില്‍

ന്യൂഡല്‍ഹി: വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ രണ്ടാംമോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആദായ നികുതി പരിധിയില്‍ മാറ്റങ്ങളില്ല. ജൂലായില്‍ വികസിത ഭാതരത്തിനുള്ള സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാമെന്ന പ്രതീക്ഷയും ധനമന്ത്രി പങ്കുവെച്ചു.

പത്ത് വര്‍ഷത്തെ പ്രകടനം മുന്‍നിര്‍ത്തി ജനങ്ങള്‍ വീണ്ടും മോദി സര്‍ക്കാരിനെ അനുഗ്രഹിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട നിര്‍മലയുടെ ബജറ്റ് പ്രസംഗം മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷം ചെയ്ത കാര്യങ്ങള്‍ വിവരിക്കാനാണ് കൂടുതല്‍ സമയമെടുത്തത്.

ഇടക്കാല ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

പ്രധാനമന്ത്രി ആവാസ യോജനയിലൂടെ രണ്ട് കോടി വീടുകള്‍ കൂടി യാഥാര്‍ത്ഥ്യമാകും

കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ രാജ്യത്താകെ സ്ഥാപിക്കും

ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.

തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കുക ലക്ഷ്യം

മത്സ്യബന്ധന മേഖലയില്‍ 55 ലക്ഷം തൊഴില്‍ അവസരങ്ങള്‍

35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് പ്രഖ്യാപനം

അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും. രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാല്‍ ഉല്‍പ്പാദനം കൂട്ടും

ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ സഹായം

ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗരോര്‍ജ്ജ പദ്ധതി

സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ നല്‍കും, പലിശ രഹിത വായ്പ ഈ വര്‍ഷവും തുടരും,

ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം

പുതിയ നികുതി നിര്‍ദേശങ്ങളില്ല, ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ

ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല. പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല

സ്വയം സഹായ സംഘങ്ങളില്‍ 9 കോടി വനിതകള്‍ക്ക് സഹായം നല്‍കാനുള്ള പദ്ധതി സര്‍ക്കാര്‍ തുടരും.

യുവാക്കളുടെ ഗവേഷണത്തിന് ധനസഹായം നല്‍കും

മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ നടപ്പാക്കും

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങും

11 ലക്ഷംകോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിന്, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും.

സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള കുത്തിവയ്പ്പിന് സര്‍ക്കാര്‍ ധനസഹായം നല്‍കും.

അടുത്ത അഞ്ച് വര്‍ഷം 9നും 14നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി

ഇനി സ്വകാര്യ ചാറ്റുകള്‍ മറയ്ക്കാം; വെബ് വേര്‍ഷനിലും ചാറ്റ്‌ലോക്ക് ഫീച്ചര്‍

ഇനി സ്വകാര്യ ചാറ്റുകള്‍ മറയ്ക്കാം; വെബ് വേര്‍ഷനിലും ചാറ്റ്‌ലോക്ക് ഫീച്ചര്‍

ഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ വാട്‌സ്ആപ്പ് വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം.

മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമായ ചാറ്റ് ലോക്ക് ഫീച്ചര്‍ വാട്‌സ്ആപ്പ് വെബ് വേര്‍ഷനിലേക്കും നീട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ അപ്‌ഡേറ്റായി ഇത് അവതരിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ചാറ്റ് ലോക്ക് ഐക്കണ്‍ വെബ് വേര്‍ഷനില്‍ ക്രമീകരിക്കും. ആപ്പിന്റെ സൈഡ് ബാറില്‍ കാണാവുന്ന വിധം ‘പാഡ്‌ലോക്ക്’ ഐക്കണ്‍ ആണ് ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് കൊണ്ടുവന്നത്. മറ്റുള്ളവര്‍ കാണുന്നത് ഒഴിവാക്കാന്‍ ലോക്ക്ഡ് ഫോള്‍ഡറില്‍ സ്വകാര്യ ചാറ്റുകള്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. മൊബൈല്‍ വേര്‍ഷനില്‍ ചാറ്റുകള്‍ക്ക് അധിക സുരക്ഷ നല്‍കാന്‍ അവതരിപ്പിച്ച പാസ്‌കീ സംവിധാനവും വെബ് വേര്‍ഷനിലേക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി

മധ്യപ്രദേശിൽ 256 ദിനോസർ മുട്ടകള്‍ കണ്ടെത്തി

ലോകത്ത് ഏറ്റവുമധികം ദിനോസറുകളുണ്ടായിരുന്നത് മധ്യപ്രദേശിലോ? ഇന്ത്യക്കാരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാലിയൻ്റോളജിസ്റ്റുകൾ. ഫോസിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലാണ് 92 ഇടങ്ങളില്‍ നിന്നായി ദിനോസറുകളുടെ വാസസ്ഥലത്തിന്‍റെയും 256 മുട്ടകളുടെയും ഫോസിലുകള്‍ കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

മുട്ടയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 20 മുട്ടകള്‍ വരെയെന്ന കണക്കില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. 66 ദശലക്ഷം (6.6 കോടി)വര്‍ഷങ്ങള്‍ ഈ ഫോസിലുകള്‍ക്ക് പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ മുട്ടയ്ക്കും 15 മുതല്‍ 17 സെന്‍റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂട്ടിലും 20 മുട്ടവരെയും ദിനോസറുകള്‍ സൂക്ഷിച്ചിരുന്നു.

ചില മുട്ടകളില്‍ വിരിയാന്‍ വച്ചതിന്‍റെ ശേഷിപ്പുകളുണ്ടായിരുന്നു. ചിലതില്‍ അത് കണ്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ദിനോസറുകള്‍ ലോകത്തില്‍ നിന്ന് വംശനാശം സംഭവിക്കുന്നതിന് മുന്‍പ്, പരിണാമത്തിലെ അവസാനദശയില്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നാണ് ശാസ്ത്രലോകത്തിന്‍റെ നിഗമനം.

കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി

കടന്നുപോകുന്നത് ഐതിഹാസിക നേട്ടങ്ങളിലൂടെ, രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി

ഡല്‍ഹി: രാജ്യം വികസനത്തിന്റെ പാതയിലെന്ന് പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രതിസന്ധികള്‍ക്ക് ഇടയിലും സമ്പദ് വ്യവസ്ഥ വളര്‍ന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പുതിയ ഭാരതത്തിന്റെ ഉദയമാണ്. ലക്ഷക്കണത്തിന് യുവാക്കള്‍ക്ക് ജോലി നല്‍കാനായി. കായികരംഗത്തും ഇന്ത്യയ്ക്ക് നേട്ടമുണ്ടാക്കാനായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞു കൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നു പതിറ്റാണ്ടിനു ശേഷം വനിതാ സംവരണം യാഥാര്‍ത്ഥ്യമായി. ബില്‍ പാസ്സാക്കിയത് ചരിത്ര നേട്ടമാണ്. ക്രിമിനല്‍ നിയമങ്ങളും പരിഷ്‌കരിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ചന്ദ്രയാന്‍ വിജയം അഭിമാനകരമാണ്. ജി20 ഉച്ചകോടി വിജയകരമായി നടപ്പാക്കാനായി. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; കേന്ദ്ര ബജറ്റ് നാളെ

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ലോക്‌സഭ ചേംബറിലാണ് യംയുക്ത സമ്മേളനം ചേരുക.

കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജമ്മു കശ്മീരിന്റെ ബജറ്റും മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും.

പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. അടുത്ത മാസം ഒമ്പതു വരെയാണ് സമ്മേളനം നടക്കുക. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം സമ്മേളന കാലയളവില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിപി ജോണ്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി

സിപി ജോണ്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി

കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്.

സെക്രട്ടറിമാരായി സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എംപി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ചന മാച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു. വി കെ രവീന്ദ്രനാണ് കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളായി ബി എസ് സ്വാതികുമാര്‍, പിആര്‍എന്‍ നമ്പീശന്‍, എ രാജീവ് എന്നിവരെയും തെരഞ്ഞെടുത്തു.