by Midhun HP News | Oct 22, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യ നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്.
ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ (എസ്എസ്ബിഎന്‍) ഐഎന്‍എസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷന്‍ ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎന്‍ അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.
ഒക്ടോബര്‍ 9ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ രണ്ടെണ്ണം കൂടി നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയം സൈന്യത്തെ ശക്തിപ്പെടുത്തുന്നത്.
നാലാമത്തെ എസ്എസ്ബിഎന്നിന് ട4* എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 75ശതമാനവും തദ്ദേശീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. അവ ലംബമായ വിക്ഷേപണ സംവിധാനങ്ങളിലൂടെ തൊടുക്കാന്‍ കഴിയും. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തില്‍ ഉള്ളത്.ഐഎന്‍എസ് അരിഹന്തും ഐഎന്‍എസ് അരിഘാതും ഇതിനകം ആഴക്കടല്‍ പട്രോളിങ്ങിലാണ്. കൂടാതെ റഷ്യന്‍ ആകുല ക്ലാസിന്റെ ഒരു ആണവോര്‍ജ്ജ ആക്രമണ അന്തര്‍വാഹിനി 2028 ല്‍ സേനയുടെ ഭാഗമാകും. പാട്ടത്തിനാണ് ഇത് എടുക്കുന്നത്.
ഇന്ത്യയുടെ ആദ്യ ആണവ ആക്രമണ അന്തര്‍വാഹിനിക്ക് ട1 എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ആണവ ആക്രമണ അന്തര്‍വാഹിനിയായ ഐഎന്‍എസ് ചക്രയുടെ കോഡ് നാമമാണ് ട1. ഇത് പാട്ടത്തിന് എടുത്തതാണ്. ഐഎന്‍എസ് അരിഹന്ത് ട2, ഐഎന്‍എസ് അരിഘാത് s3, ഐഎന്‍എസ് അരിധാമാന്‍ ട4 എന്നിങ്ങനെയാണ് മറ്റു അന്തര്‍വാഹിനികള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. പുതുതായി ലോഞ്ച് ചെയ്ത അന്തര്‍വാഹിനിക്ക് ട4* എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഔപചാരിക പേര് ഇതുവരെ നല്‍കിയിട്ടില്ല. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനി നിര്‍മ്മിക്കാനാണ് പ്രതിരോധമന്ത്രാലയത്തിന്റെ അടുത്ത നീക്കം.
by Midhun HP News | Oct 21, 2024 | Latest News, ദേശീയ വാർത്ത
വെല്ലിങ്ടണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീട ജേതാക്കളായ ന്യൂസിലന്‍ഡ് ടീമിന് 23 ലക്ഷം യുഎസ് ഡോളര്‍ സമ്മാനത്തുക. കലാശപ്പോരില്‍ 32 റണ്‍സിനാണ് ന്യൂസിലന്‍ഡ് എതിരാളികളെ പരാജയപ്പെടുത്തിയത്.
പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം തുല്യവേതനത്തിനായി വാദിക്കുന്ന വനിതാ താരങ്ങള്‍ക്ക് ഈ തുക വന്‍നേട്ടമാണ്. തുക തുല്യമായി പങ്കിട്ടാല്‍ ലോകകപ്പ് ടീമിലെ ഒരംഗത്തിന് ഏകദേശം 155,000 യുഎസ് ഡോളറാണ് ലഭിക്കുക.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫൈനലില്‍ എത്തിയാണ് കിവീസ് ആദ്യ കിരീടത്തില്‍ മുത്തമിടുന്നത്. 2009ലും 2010ലും റണ്ണറപ്പായി. അതേസമയം തുടര്‍ച്ചയായി രണ്ടാം തവണയും ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലില്‍ കാലിടറി.
ലോകകപ്പിന്റെ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് തുടര്‍ച്ചയായി 10 ടി20 മത്സരങ്ങള്‍ തോറ്റിടത്തു നിന്നാണ് ന്യൂസിലന്‍ഡ് ടീമിന്റെ തിരിച്ചുവരവ്. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ടീമിനെ ന്യൂസിലന്‍ഡ് ടീമിനെ പ്രശംസിച്ച് കായിക മന്ത്രി ക്രിസ് ബിഷപ്പ് രംഗത്തെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ ടീമുകളെ തോല്‍പ്പിച്ച ടീം സെമിഫൈനലിലേക്കുള്ള യാത്രയില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് തോറ്റത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആറ് തവണ ചാംപ്യന്‍മാരായ ഓസീസിനെ ദക്ഷിണാഫ്രിക്കയാണ് പുറത്താക്കിയത്.
by Midhun HP News | Oct 21, 2024 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. മരിച്ചവരില്‍ ഒരു ഡോക്ടറും ആറു തൊഴിലാളികളും ഉള്‍പ്പെടുന്നു. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലെ നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തു കടന്നാണ് രണ്ടു ഭീകരർ വെടിയുതിർത്തത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രദേശം പൊലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്.
പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ ആരംഭിച്ചു. ആക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ആക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.
by Midhun HP News | Oct 20, 2024 | Latest News, ദേശീയ വാർത്ത
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ പരിശോധന ശക്തമാക്കി. പരിശോധനയുടെ ഭാഗമായി ഫ്‌ളെയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവരെ വിന്യസിച്ചു. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നതിനെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമം വകുപ്പ് 123 പ്രകാരവും ഭാരതീയ ന്യായ സംഹിതയനുസരിച്ചും നടപടിയെടുക്കും.
വോട്ടെടുപ്പ് കഴിയുന്നത് വരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് കര്‍ശന പരിശോധനകള്‍ നടത്തും. 50,000 രൂപയില്‍ കൂടുതലുള്ള പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റു സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് മതിയായ രേഖകള്‍ യാത്രക്കാര്‍ കൈവശം കരുതണം. പരിശോധനയില്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്ന് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്ങ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
by Midhun HP News | Oct 18, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് വരെയാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 81000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി.
വിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള നിക്ഷേപ ഒഴുക്ക് തുടരുന്നതാണ് ഇടിവിന് കാരണം. ചൈനീസ് വിപണി തിരിച്ചുവരവിന്റെ പാതയിലാണെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ അവിടെ ഉന്നംവെയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങളും വിപണിയെ സ്വാധീനിക്കുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയില്‍ സംഭവവികാസങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
ഇന്‍ഫോസിസ്, ബജാജ് ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഇതിന് പുറമേ ഐടിസി, ബിപിസിഎല്‍, ടെക് മഹീന്ദ്ര ഓഹരികളും റെഡിലാണ്. അതേസമയം ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
by Midhun HP News | Oct 16, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: കഴിഞ്ഞ മൂന്ന് ദിവസത്തിൽ 15 വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി സന്ദേശം വന്ന സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മൂംബൈയിലും ഛത്തീസ്ഗഡിലായി മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തു. രാജ്യത്തെ വ്യോമഗതാഗതത്തിന് കടുത്ത ആശങ്ക ഉയർത്തുകയാണ് തുടർച്ചയായുള്ള ബോംബ് ഭീഷണി. അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടക്കം ഇത്തരം ഭീഷണിസന്ദേശം എത്തുന്നതിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് സംശയം.
സാമൂഹികമാധ്യമയായ ഏക്സിലാണ് ഭീഷണി സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഈ സന്ദേശം പ്രചരിപ്പിച്ച മുംബൈ സ്വദേശിയായ പതിനേഴുകാരനെയും ഇയാളുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പതിനേഴുകാരൻ വിവിധ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് സന്ദേശങ്ങൾ പ്രചരിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡ് സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഭീഷണി വന്ന അക്കൗണ്ടുകൾ എക്സ് അധികൃതർ നീക്കം ചെയ്തു.
ഇന്നലെ മാത്രം ഡൽഹി-ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം- ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോദ്ധ്യ-ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എന്നിവയ്ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ചിക്കാഗോ വിമാനത്തിലെ യാത്രക്കാരെ കാനേഡിയൻ വ്യോമസേന വിമാനത്തിൽ ചിക്കാഗോയിൽ എത്തിച്ചു. ഗൗരവകരമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്വേഷണത്തിൽ ഇന്ത്യയെ സഹായിക്കുമെന്നും അമേരിക്കൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. സംഭവത്തെകുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രിയും വിശദാംശങ്ങൾ തേടി.
Recent Comments