കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

കൊടുങ്കാറ്റ് ഭീഷണിയിൽ അമേരിക്ക: ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ

മിൽട്ടൺ കൊടുങ്കാറ്റ് അമേരിക്കൻ തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കാറ്റഗറി 5ൽ ഉൾപ്പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ് ഉടൻ കര തൊടുമെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ ആയിരക്കണക്കിനാളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിക്കൊണ്ടിയിരിക്കുകയാണ്. 2005 ൽ ആഞ്ഞടിച്ച റീറ്റ കൊടുങ്കാറ്റിന് ശേഷം എത്തുന്ന വളരെ അപകടകാരിയായ കൊടുങ്കാറ്റാകും മിൽട്ടൺ എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. അപകട സാധ്യത കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഗവർണർ റോൺ ഡി സാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

ഒലയ്ക്ക് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ കാരണംകാണിക്കല്‍ നോട്ടീസ്

മുംബൈ: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി വീണ്ടും കൂപ്പുകുത്തി. ഓഹരി വിപണിയില്‍ ആറു ശതമാനം ഇടിവാണ് കമ്പനി ഇന്ന് നേരിട്ടത്. ഇതോടെ ഓഗസ്റ്റിലെ റെക്കോര്‍ഡ് ഉയരമായ 157.53 രൂപയില്‍ നിന്ന് ഇതുവരെ 46 ശതമാനത്തിന്റെ ഇടിവാണ് ഒലയ്ക്ക് ഉണ്ടായത്.

ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിച്ചു എന്നതടക്കം വിവിധ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍, അനാരോഗ്യകരമായ വ്യാപാര പ്രവണതകള്‍ എന്നിവയാണ് നോട്ടീസിന് ആധാരമായ മറ്റു ലംഘനങ്ങളായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചൂണ്ടിക്കാണിച്ചത്. കാരണം കാണിക്കല്‍ നോട്ടീസ് കമ്പനിയുടെ സാമ്പത്തികവും ദൈനംദിനവുമായ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഒല ഇലക്ട്രിക് അറിയിച്ചു.

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നോട്ടീസില്‍ പിഴ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കമ്പനി അറിയിച്ചു. നോട്ടീസിന് മറുപടി നല്‍കാന്‍ ഒലയ്ക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ തങ്ങളുടെ വാദം ബോധ്യപ്പെടുത്താന്‍ ആവശ്യമായ രേഖകള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഒലയുടെ ഓഹരി 6.18 ശതമാനം ഇടിഞ്ഞ് 85.21 രൂപയിലെത്തി. ഓഗസ്റ്റ് 20 ന് കമ്പനിയുടെ സ്റ്റോക്ക് 157.53 രൂപ വരെ ഉയര്‍ന്നിരുന്നു. രണ്ടുമാസത്തിനുള്ളില്‍ ഈ നിലവാരത്തില്‍ നിന്ന് 46 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.

ഹരിയാനയിൽ തിരിച്ചുകയറി ബി.ജെ.പി, ഇഞ്ചോടിഞ്ച് പോരാട്ടം; കശ്മീരിൽ ഇൻഡ്യ സഖ്യം

ഹരിയാനയിൽ തിരിച്ചുകയറി ബി.ജെ.പി, ഇഞ്ചോടിഞ്ച് പോരാട്ടം; കശ്മീരിൽ ഇൻഡ്യ സഖ്യം

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം പുരോഗമിക്കവേ ഹരിയാനയിൽ ബി.ജെ.പിയുടെ തിരിച്ചുവരവ്. ആദ്യ മണിക്കൂറിൽ കോൺഗ്രസാണ് വൻ മുന്നേറ്റം നടത്തിയതെങ്കിൽ ഇപ്പോൾ ബി.ജെ.പി തിരിച്ചുകയറുകയാണ്. ബി.ജെ.പി 46 സീറ്റിലും കോൺഗ്രസ് 37 സീറ്റിലുമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡ്യ സഖ്യം 48 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 26 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. ഇരു സംസ്ഥാനങ്ങളിലും 90 സീറ്റുകളിലാണ് മത്സരം.

ഹ​രി​യാ​ന​യി​ൽ കോ​ൺ​ഗ്ര​സും ജ​മ്മു-​ക​ശ്മീ​രി​ൽ തൂ​ക്കു​സ​ഭ​യു​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പ്ര​വ​ചിച്ചിട്ടുള്ളത്. ഹ​രി​യാ​ന​യി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 61 ശ​ത​മാ​ന​വും ജ​മ്മു-​ക​ശ്മീ​രി​ൽ സെ​പ്റ്റം​ബ​ർ 18, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളിൽ മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 63 ശ​ത​മാ​ന​വും​ പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആവതി കലായ്…; നവരാത്രി വേളയിൽ താൻ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി

ആവതി കലായ്…; നവരാത്രി വേളയിൽ താൻ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് താൻ രചിച്ച ​ഗർബ ​ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർ​ഗ ദേവിയ്ക്ക് സമർപ്പണമായാണ് പ്രധാനമന്ത്രി ​ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ​ഗായിക പൂർവ മന്ത്രിയാണ് ഈണം നൽകിയിരിക്കുന്നത്. ‘ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകൾ ദുർഗ മാതാവിനോടുള്ള ഭക്തിയാൽ ഒന്നിച്ച് വ്യത്യസ്ത രീതികളിൽ ആഘോഷിക്കുന്നു.

ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയിൽ ഞാൻ രചിച്ച ‘ആവതി കലായ്’ എന്ന ഗർബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്‌ക്കും മുന്നിൽ സമർപ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ’- ​ഗാനം പങ്കുവച്ച് മോദി എക്സിൽ കുറിച്ചു. തന്റെ ഗർബ ഗാനം ആലപിച്ചതിന് ഗായിക പൂർവ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രധാനമന്ത്രി.

അവർ ഒരു പ്രതിഭാധനയായ ഗായികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ നാടോടി നൃത്തരൂപമായ ഗർബ നവരാത്രി ഉത്സവവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ്. 2023 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗർബ ഇടംനേടിയിരുന്നു. കഴിഞ്ഞവർഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചിരുന്നു.

സെന്‍സെക്‌സ് 900 പോയിന്റ് താഴ്ന്നു; ബാങ്ക് ഓഹരികള്‍ ‘റെഡില്‍’

സെന്‍സെക്‌സ് 900 പോയിന്റ് താഴ്ന്നു; ബാങ്ക് ഓഹരികള്‍ ‘റെഡില്‍’

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ചത്തെ കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറുമെന്ന പ്രതീതി സൃഷ്ടിച്ച ഓഹരി വിപണി നഷ്ടത്തില്‍. വിപണിയുടെ തുടക്കത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണി 11 മണിയോടെ വീണ്ടും നഷ്ടത്തിലേക്ക് വഴുതി വീഴുകയായിരുന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 900 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. നിഫ്റ്റി 24,700 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ പോയി.

ദിവസങ്ങള്‍ക്ക് മുന്‍പ് 85000 പോയിന്റും കടന്ന് മുന്നേറിയ സെന്‍സെക്‌സ് 81,000 പോയിന്റിലും താഴെക്കാണ് ഇന്ന് പോയത്. ആഗോള സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ അസംസ്‌കൃത എണ്ണ വിതരണത്തെ ബാധിക്കുമോ എന്ന ചിന്ത അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള മറ്റു ഘടകങ്ങളും നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്.

ഐടി സെക്ടര്‍ ഒഴികെ മറ്റു മേഖലകളെല്ലാം നഷ്ടത്തിലാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഇന്‍ഫോസിസ്, ഐടിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ചുരുക്കം ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായി മുംതാസ് അലി മൃതദേഹം കണ്ടെത്തി. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌കൂബ ടീമും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കുലൂര്‍ പുഴയിലെ തണ്ണീര്‍ബാവിയില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മുംതാസ് അലിയെ കാണാതായത്.മുംതാസ് അലിയുടെ കാര്‍ കുലൂര്‍ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ജനതാദള്‍ (സെക്യുലര്‍) നേതാവ് ബി.എം ഫറൂഖിന്റേയും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മൊഹിയുദ്ദീന്‍ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനാണ്. സിറ്റി പൊലീസ്, ഫയര്‍ഫോഴ്‌സ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെയെല്ലാം നേതൃത്വത്തില്‍ വ്യാപകമായ തെരച്ചിലാണ് ഇദ്ദേഹത്തിനായി നടന്നത്. മാല്‍പെയും ദൗത്യത്തിന്റെ ഭാഗമായി. അലിയുടെ മകള്‍ കവൂര്‍ സ്റ്റേഷനില്‍ അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പരാതി നല്‍കിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെപൊലീസ് കേസെടുത്തു.

ഞായറാഴ്ച മൂന്ന് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇദ്ദേഹം നഗരത്തില്‍ ചുറ്റിത്തിരിയുകയായിരുന്നുവെന്നും പുലര്‍ച്ചെ അഞ്ച് മണിയോടെ മംഗളൂരുവിലെ കുളൂര്‍ പാലത്തിന് സമീപം കാര്‍ നിര്‍ത്തിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിശദീകരണം. മൃതശരീരം സ്വകാര്യ ആശുപത്രിയിലേത്ത് മാറ്റിയിട്ടുണ്ട്.