by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ദീര്‍ഘവീക്ഷണമുള്ള വ്യവസായി എന്ന വിശേഷണത്തോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ് രത്തന്‍ ടാറ്റയിലെ ജീവകാരുണ്യപ്രവര്‍ത്തകനെയും.എല്ലാവരോടും കാരുണ്യം പുലര്‍ത്തിയ അനിതരസാധാരണ മനുഷ്യന് ആയിരുന്നു രത്തന്‍ ടാറ്റ എന്നത് അദ്ദേഹം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുക തന്നെ ഉത്തര ഉദാഹരണമാണ്.
വിവിധ രംഗങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 9000 കോടി രൂപയാണ് രത്തന്‍ ടാറ്റ ചെലവഴിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നി രംഗങ്ങളിലെ മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം തുക വിനിയോഗിച്ചത്. ഇന്ത്യയിലുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് ധനസഹായം നല്കുന്നതില് രത്തന്‍ ടാറ്റ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. രത്തന്‍ ടാറ്റ അനുവദിച്ച സ്കോളര്‍ഷിപ്പുകളും ഗ്രാന്റുകളും ഉപയോഗിച്ച് നിരവധി സ്കൂളുകളും കോളജുകളും സ്ഥാപിച്ചത് വഴി എണ്ണമറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ സാധിച്ചു.
ആരോഗ്യമേഖലയില്‍ പിന്നാക്ക പ്രദേശങ്ങള്‍ക്കാണ് രത്തന്‍ ടാറ്റ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. പിന്നാക്ക പ്രദേശങ്ങളിലെ ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനാണ് പ്രധാനമായി തുക ചെലവഴിച്ചത്. ആശുപത്രികള്‍ സ്ഥാപിച്ചതും മെഡിക്കല്‍ ഗവേഷണ സംരംഭങ്ങള്‍ക്കുള്ള ധനസഹായവും എല്ലാവര്ക്കും ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നു. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലും ചെറുകിട കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന സുസ്ഥിര കാര്‍ഷിക രീതികളെ പിന്തുണയ്ക്കുന്നതിലും ഈ പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
രത്തന്‍ ടാറ്റയുടെ ആസ്തി
2024-ലെ കണക്കനുസരിച്ച്, രത്തന്‍ ടാറ്റയുടെ ആസ്തി ഏകദേശം 3,800 കോടിയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്റെ ഓഹരിപങ്കാളിത്തത്തില്‍ നിന്നാണ് ആസ്തി കണക്ക് ലഭിക്കുന്നത്. തങ്ങളുടെ കമ്പനികളിലെ ഓഹരികള്‍ വഴി വ്യക്തിഗത സമ്പത്ത് സ്വരൂപിക്കുന്ന പല സമ്പന്നരില്‍ നിന്നും വ്യത്യസ്തമായി, രത്തന്‍ ടാറ്റയുടെ സമ്പത്തിന്റെ ഒരു പ്രധാന ഭാഗം ചാരിറ്റബിള്‍ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. ടാറ്റ ട്രസ്റ്റുകള്‍ ടാറ്റ സണ്‍സിന്റെ ഏകദേശം 66% കൈവശം വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള വിവിധ ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ഇവ ലാഭത്തിന്റെ വിഹിതം അനുവദിക്കുകയും ചെയ്യുന്നു.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യന്‍ വ്യസായ ലോകത്തെ ഇതിഹാസം രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ ആ സ്നേഹവായ്പ് അനുഭവിച്ച മനുഷ്യര്‍ക്കു മാത്രമല്ല, ദക്ഷിണ മുംബൈയിലെ തെരുവുനായകള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ ഉറ്റ ചങ്ങാതിയെയാണ് അവര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാകുന്നത്. ബോംബെ ഹൗസിലേക്ക് കടന്നു ചെല്ലുമ്പോള്‍ മറ്റേതൊരു കമ്പനിയുടെ ആസ്ഥാനത്ത് നിന്നും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാകുക.
കൊളോണിയല്‍ കാലഘട്ടത്തിലെ കെട്ടിടത്തിന്റെ പ്രവേശന കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തെരുവ് നായകള്‍ അശ്രദ്ധമായി നടക്കുന്നത് പതിവു കാഴ്ചയാണ്. തെരുവുനായകളെ അകത്തേക്ക് കടത്തിവിടാനും സ്വതന്ത്രമായി പുറത്തേക്ക് പോകാനും അനുവദിക്കണമെന്ന് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരിക്കല്‍ ബോംബെ ഹൗസിന് വെളിയില്‍ ഒരു തെരുവ് നായ കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറങ്ങലിച്ചു നില്ക്കുന്നതു കണ്ടതോടെയാണ്, കെട്ടിട വളപ്പിനുള്ളിലേക്ക് തെരുവുനായ്കളുടെ പ്രവേശനം തടയരുതെന്ന് നിര്‍ദേശം നല്കാന് പ്രേരിപ്പിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ബോംബെ ഹൗസ് നവീകരിച്ചപ്പോള്‍, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു നായക്കൂടു പണിതു. മികച്ച സൗകര്യങ്ങളുള്ള ആ വലിയ മുറിയില്‍ നിരവധി നായകളാണ് കഴിഞ്ഞത്.
ഏതാനും നായകള്‍ ബോംബെ ഹൗസിലെ സ്ഥിരം നിവാസികളാണ്. ആദ്യമായി എത്തുന്നവരെ കുളിപ്പിക്കാനായി ഒരു പരിചാരകനെ നിയമിച്ചിട്ടുണ്ട്. അവയ്ക്ക് ഉറങ്ങാന്‍ ബങ്ക് ബെഡും ഒരുക്കിയിട്ടുണ്ട്. മുറിയില്‍ കാറ്റും വെളിച്ചവും കടക്കാന്‍ വലിയ വാതിലുകളും ജനാലകളുമുണ്ട്. സ്ഥിരം വാസികളെക്കൂടാതെ, സന്ദര്‍ശകരായി എത്തുന്ന നായകള്‍ക്കും തുല്യ പരിഗണനയും പരിചരണവും അവിടെ ലഭിക്കുന്നു.
വളര്‍ത്തുമൃഗങ്ങളോടും തെരുവുനായകളോടുമുള്ള രത്തന്‍ ടാറ്റയുടെ സ്നേഹം ബോംബെ ഹൗസിന്റെ പരിസരവാസികള്‍ക്ക് നിത്യകാഴ്ചയാണ്. ഈ വര്‍ഷമാദ്യം, ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു അതിഥി, ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ ഒരു തെരുവ് നായ ശാന്തമായി ഉറങ്ങുന്ന കഥ പങ്കുവെച്ചിരുന്നു. അതിനു കാരണം രത്തന്‍ ടാറ്റയുടെ നിര്‍ദ്ദേശമായിരുന്നു.
രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ്, സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ആശുപത്രി നിര്‍മ്മിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് രത്തന്‍ ടാറ്റയെ അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹായിയായ ശന്തനു നായിഡുവുമായി ബന്ധിപ്പിച്ചത്. തെരുവുനായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിഫ്ലക്ടറുകളുള്ള ഡോഗ് കോളറിനെ കുറിച്ച് ടാറ്റയ്ക്ക് കത്തെഴുതിയതാണ് പൂനെ സ്വദേശിയായ നായിഡുവുമായി രത്തനെ അടുപ്പിച്ചത്.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അതിതീവ്ര ചുഴലിക്കാറ്റ് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ടതിനെ തടര്‍ന്ന് ഫ്ളോറിഡയില്‍ വന്‍ നാശനഷ്ടം. നിരവധി പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 20 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. 105 മൈല്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനൊപ്പം കനത്ത മഴയും തുടരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. നൂറ്റാണ്ടുകണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റായിരിക്കും മില്‍ട്ടനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെള്ളപ്പൊക്കത്തിന് സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. കൊടുങ്കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. കടുത്ത വെള്ളപ്പൊക്കത്തില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഹാര്‍ഡി കൗണ്ടിയിലും അയല്‍പ്രദേശങ്ങളായ സരസോട്ട, മനാറ്റി കൗണ്ടികളിലുമാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി മുടക്കം ഉണ്ടായത്. എന്നാല്‍ മരണസംഖ്യ എത്രയെന്ന് വ്യക്തമല്ല. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി.
by Midhun HP News | Oct 10, 2024 | Latest News, ദേശീയ വാർത്ത
മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ തുടങ്ങി വന്‍ ജനാവലിയാണ് രത്തന്‍ അന്തിമോപചാരം അര്‍പ്പിക്കാനായി മുംബൈയിലെ കൊളാബയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് നാലിന് മുംബൈ വര്‍ളി ശ്മശാനത്തിലാണ് രത്തന്‍ ടാറ്റയുടെ ഭൗതികദേഹം സംസ്കരിക്കുക.
വ്യവസായ-സാമൂഹ്യ രംഗത്ത് അതുല്യ സംഭാവന നല്കിയ രത്തന്‍ ടാറ്റയ്ക്ക് ഔദ്യോഗിക ബഹുമതികളോടെയാകും വിട നല്‍കുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി രത്തന്‍ ടാറ്റയുടെ ഭൗതികശരീരം ദക്ഷിണ മുംബൈയിലെ നരിമാന് പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ പൊതുദര്‍ശനത്തിന് വെക്കും.
തുടര്‍ന്നാണ് സംസ്കാരത്തിനായി വര്‍ളി ശ്മശാനത്തിലേക്ക് കൊണ്ടുപോകുക. രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വിനോദ പരിപാടികളും ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മന്ത്രി ദീപക് കേസര്‍കര്‍ വ്യക്തമാക്കി.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ രാവിലെ തന്നെ വര്‍ളിയിലെ വീട്ടിലെത്തി രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വീടിന് മുന്നില്‍ വന്‍ പൊലീസ് സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. രത്തന്‍ ടാറ്റയുടെ മരണം അറിഞ്ഞയുടന്‍ തന്നെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, വിദ്യാഭ്യാസമന്ത്രി ദീപക് കേസര്‍കര്‍, വ്യവസായി മുകേഷ് അംബാനി തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാത്രി 11.45ഓടെയായിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം സംഭവിച്ചത്.
by Midhun HP News | Oct 9, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മുതിര്‍ന്ന വ്യവസായിയും ടാറ്റ സണ്‍സ് ചെയര്‍മാനുമായ രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.
രത്തന്‍ ടാറ്റ മുംബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള രണ്ട് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, താനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കിവംദന്തിയാണെന്ന് ഈ മാസം ഏഴിന് 86 കാരനായ രത്തന്‍ ടാറ്റ എക്സില്‍ കുറിച്ചിരുന്നു.
by Midhun HP News | Oct 9, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. തുടര്‍ച്ചയായി പത്താം തവണയും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യങ്ങളോട് പറഞ്ഞു.
സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരാനും തീരുമാനിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കൂടി ന്യൂട്രല്‍ നിലപാട് സ്വീകരിക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായും ശക്തികാന്ത ദാസ് അറിയിച്ചു.
നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയര്‍ന്നതോടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് കോവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ 10 മോണിറ്ററി പോളിസി കമ്മിറ്റി യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനാണ് തീരുമാനിച്ചത്. 2023 ഫെബ്രുവരി മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയായിരുന്നു.
Recent Comments