രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി,വധശിക്ഷ

രണ്ടാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ചത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി,വധശിക്ഷ

ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.

ഭുവനേശ്വറിലെ ഘടികിയ എന്ന സ്ഥലത്ത് രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്.

ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഈ വൈരാഗ്യത്തില്‍ ആറ് വയസുള്ള ആദ്യത്തെ മകളെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെടുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് പരിഗണിച്ചാണ് രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബന്ദന കര്‍ മരണം വരെ തൂക്കിലേറ്റാന്‍ ശിക്ഷ വിധിച്ചത്.

ഡിസ്ട്രിക്ട്’ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി സൊമാറ്റോ

ഡിസ്ട്രിക്ട്’ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി സൊമാറ്റോ

‘ഗോയിങ് ഔട്ട്’ ബിസിനസുകളെ ഏകോപിപ്പിച്ച് പുതിയ ആപ്പ്’ഡിസ്ട്രിക്ട്’ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ. പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റുകള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഡൈനിങ്, സിനിമകളും പരിപാടികളും കാണാന്‍ സഹായിക്കുന്ന ടിക്കറ്റിങ് സേവനം അടക്കമാണ് ഗോയിങ് ഔട്ട് ബിസിനസില്‍ വരുന്നത്.

സിംഗില്‍ പ്ലാറ്റ്‌ഫോമില്‍ മുഴുവന്‍ ലൈഫ്‌സ്റ്റൈല്‍ സേവനങ്ങളും അണിനിരത്താന്‍ ലക്ഷ്യമിട്ടാണ് ഡിസ്ട്രിക്ട് എന്ന പേരില്‍ പുതിയ ആപ്പിന് കമ്പനി തുടക്കമിടുന്നത്. ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ തന്നെ സേവനം നല്‍കുന്ന നിലവിലെ രീതി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് എന്ന് കമ്പനിയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പറഞ്ഞു. ‘ഭക്ഷണത്തിനായി റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ‘ഗോയിങ് ഔട്ട്’ ബിസിനസുകളിലൊന്ന് ഞങ്ങളുടേതാണ്. ഞങ്ങളുടെ ഡൈനിംഗ് ഔട്ട് ബിസിനസിന് അപ്പുറം ഗോയിങ് ഔട്ട് ബിസിനസിനെ വളര്‍ത്താന്‍ അവസരമുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം. ഡൈനിംഗ് ഔട്ടിന് പുറമേ സിനിമ, സ്പോര്‍ട്സ് ടിക്കറ്റിംഗ്, ലൈവ് ഷോകള്‍, ഷോപ്പിംഗ്, താമസസ്ഥലങ്ങള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി പുറത്തുപോകുന്ന ഉപഭോക്താക്കളെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് സേവനം വിപുലീകരിക്കുന്നത്. ഇതില്‍ ചില സേവനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി

പൂജ ഖേഡ്കറിന്റെ ഐഎഎസ് റദ്ദാക്കി

മുംബൈ: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേഡ്കറിന്റെ ഐഎഎസ് യുപിഎസ്‌സി റദ്ദാക്കി. ഭാവിയില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതില്‍ നിന്ന് പൂജ ഖേഡ്കറെ യുപിഎസ് സി ഡീബാര്‍ ചെയ്യുകയും ചെയ്തു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നിയമവിരുദ്ധമായി സംവരണം ഉറപ്പാക്കാന്‍ വികലാംഗ, മറ്റ് പിന്നാക്ക വിഭാഗ ക്വാട്ടകള്‍ ദുരുപയോഗം ചെയ്തതിന് ജൂലൈ 19 ന് ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഖേഡ്കറിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎസ് സിയുടെ നടപടി.

അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാന്‍ വ്യാജ രേഖ ചമച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഖേഡ്കറിനെതിരെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് രേഖകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പൂജയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് പൂജ യ്‌ക്കെതിരെ ആദ്യം ഉയര്‍ന്ന ആരോപണം.പ്രൊബേഷനറി കാലഘട്ടത്തില്‍ ബീക്കണ്‍ ലൈറ്റ് അനുവദനീയമല്ല. വിവാദമുണ്ടായതിനു ശേഷം പൂജയെ പുനെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖയും ഹാജരാക്കിയെന്ന ആരോപണവും ഉയര്‍ന്നത്.

പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍

പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണ്‍. കാലാവധി പൂര്‍ത്തിയാകും മുന്‍പേ മനോജ് സോണി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ആഗസ്റ്റ് ഒന്നിന് പ്രീതി സൂദന്‍ യുപിഎസ്‌സി ചെയര്‍പേഴ്‌സണായി ചുമതലയേല്‍ക്കും.പുതിയ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. അടുത്തവര്‍ഷം ഏപ്രില്‍ 29വരെയാണ് നിയമനം.

ആന്ധ്രാപ്രദേശ് കേഡര്‍ ഓഫീസറായ സൂദന്‍ നേരത്തെ വനിതാ-ശിശു വികസന, പ്രതിരോധ മന്ത്രാലയങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ കണ്‍സല്‍ട്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2029 മെയ് വരെ കാലാവധി നിലനില്‍ക്കെയാണ് മനോജ് സോണി രാജിവച്ചത്. പ്രബേഷണറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ് ഖേഡ്കറുമായി ബന്ധപ്പെട്ട് യുപിഎസ്സി വിവാദങ്ങളുടെ നടുവില്‍ നില്‍ക്കുന്നതിനിടെയാണ്, വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവച്ചത്. ജൂലായ് നാലിന് നല്‍കിയ രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചിരുന്നു.

‘മുഖ്യമന്ത്രിയുമായി സംസാരിച്ചു’; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംചേരാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് രാഹുല്‍

‘മുഖ്യമന്ത്രിയുമായി സംസാരിച്ചു’; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംചേരാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് രാഹുല്‍

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായ രാഹുല്‍ ഗാന്ധി. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകാന്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കലക്ടറുമായും സംസാരിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പറഞ്ഞതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ദുരന്തത്തില്‍ ദുഃഖം അറിയിച്ചു. വയനാട്ടില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ അതിയായ വേദനയുണ്ടെന്നും ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം അറിയിക്കുന്നതായും ഖാര്‍ഗെ എക്സില്‍ കുറിച്ചു.

എല്ലാ ഏജന്‍സികളുമായും ഏകോപിപ്പിച്ച് ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഇരകള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു, ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എല്ലാ ശ്രമങ്ങളും നടത്തണമെന്നും ഖാര്‍ഗെ പറഞ്ഞു.

ദുരന്തത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കൊപ്പമുണ്ടെന്നും പ്രിയങ്ക കുറിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ദുരന്തത്തില്‍ അകപ്പെട്ട എല്ലാവര്‍ക്കും പിന്തുണയും സാന്ത്വനത്തിനും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികാരികളെ പൂര്‍ണ തോതില്‍ സഹായിക്കാന്‍ എല്ലാ യുഡിഎഫ് പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മുംബൈ – ഹൗറ മെയില്‍ പാളം തെറ്റി അപകടം; രണ്ട് മരണം, 20 പേര്‍ക്ക് പരിക്ക്

മുംബൈ – ഹൗറ മെയില്‍ പാളം തെറ്റി അപകടം; രണ്ട് മരണം, 20 പേര്‍ക്ക് പരിക്ക്

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മുംബൈ – ഹൗറ മെയിലിന്റെ 18 കോച്ചുകള്‍ പാളം തെറ്റി അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45 ഓടെ ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബഡാബാംബുവിനടുത്തായിരുന്നു അപകടം.

അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. പാളം തെറ്റിയ 18 കോച്ചുകളില്‍ 16 എണ്ണം പാസഞ്ചര്‍ കോച്ചുകളും ഒരു പവര്‍ കാറും ഒരു പാന്‍ട്രി കാറുമാണ്. ഒരു ഗുഡ്സ് ട്രെയിനും പാളം തെറ്റിയെങ്കിലും രണ്ട് അപകടങ്ങളും ഒരേസമയം നടന്നതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഓം പ്രകാശ് ചരണ്‍ പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലത് വഴിതിരിച്ചു വിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയവര്‍ക്ക് തുടര്‍ യാത്രകള്‍ക്ക് ബസ് സര്‍വീസുകള്‍ നല്‍കിയിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കും സഹായത്തിനുമായി ഇന്ത്യന്‍ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറത്തുവിട്ടു. ടാറ്റാനഗര്‍: 06572290324, ചക്രധര്‍പൂര്‍: 06587 238072, റൂര്‍ക്കേല: 06612501072, 06612500244, ഹൗറ: 9433357920, 03326382217,റാഞ്ചി: 0651-27-87115, മുംബൈ: 022-22694040