നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കൽ വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.

ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ മറച്ചിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എൻടിഎ ഈ വിശദാംശങ്ങൾ പുറത്തുവിടുന്നതോടെ അസാധാരണമായി ഏതെങ്കിലും ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും വ്യക്തമാകും.

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

റീൽ ചിത്രീകരിക്കാൻ ശ്രമം; 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്.

യുവതി ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്. സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് മാങ്കോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാർഡ് ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ മനഗാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്തിൽ ​പടർന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികൾ കൂടി മരിച്ചു

ഗുജറാത്തിൽ ​പടർന്നുപിടിച്ച് ചന്ദിപുര വൈറസ്; രണ്ട് കുട്ടികൾ കൂടി മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ അറിയിച്ചു. ആകെ 15 പേർക്കാണ് രോ​ഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയിൽ നിന്നുള്ളവരാണ് രോ​ഗബാധിതരില്‍ നാലു കുട്ടികൾ. ബാക്കിയുള്ളവർ മഹിസാ​ഗർ, ഖേഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

രണ്ടു കുട്ടികൾ രാജസ്ഥാനിൽ നിന്നും ഒരാൾ മധ്യപ്രദേശിൽ നിന്നുമുള്ളതാണ്. ഇവർക്കും ​ഗുജറാത്തിൽ തന്നെയാണ് ചികിത്സ നൽകുന്നതെന്ന് ​ഋഷികേശ് പട്ടേൽ പറഞ്ഞു. അതില്‍ രാജസ്ഥാൻ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചു.

രോ​ഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കടുത്ത ജാ​ഗ്രത പുലർത്താൻ ആരോ​ഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചന്ദിപുര വൈറസിനു സമാനമായ രോ​ഗലക്ഷണങ്ങളുമായി എത്തുന്നവരെ പ്രസ്തുതരോ​ഗമായി തന്നെ പരി​ഗണിച്ച് ചികിത്സ നൽകണമെന്ന് കമ്മ്യൂണിറ്റി സെന്ററുകൾക്കും പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾക്കും ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ രോ​ഗം ബാധിച്ചാൽ മരണനിരക്ക് കൂടുതലാണെന്നും ചികിത്സ വൈകിയാൽ ആരോ​ഗ്യം വഷളാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സബർകാന്തയിലെ ഹിമത്‌നഗറിലെ സിവിൽ ആശുപത്രിയിലാണ് ആദ്യത്തെ നാലു കേസുകൾ റിപ്പോർട്ട് ചെയ്തത്. സ്ഥിരീകരിക്കാനായി രോഗികളുടെ രക്തസാംപിളുകൾ പുന്നെ ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ചിരിക്കുകയാണ്.

എന്താണ് ചന്ദിപുര വൈറസ്?

റാബ്ഡോവിറിഡേ വിഭാ​ഗത്തിൽപ്പെട്ട വൈറസാണിത്. ഒമ്പതു മാസം മുതൽ 14 വയസു വരെ പ്രായത്തിലുള്ള കുട്ടികളെയാണ് പൊതുവെ ചന്ദിപുര വൈറസ് ബാധിക്കുന്നത്.

കൊതുകുജന്യരോ​ഗമാണെങ്കിലും ചെള്ളുകളിലൂടെയും മണൽ ഈച്ചകളിലൂടെയും രോ​ഗം
വ്യാപിക്കാം. പൊതുവേ മഴക്കാലത്താണ് രോ​ഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ. കടുത്ത പനി, ശരീരവേദന, തലവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.

രോ​ഗം ​ഗുരുതരമാകുംതോറും ചുഴലിയുണ്ടാകാനും എൻസെഫലൈറ്റിസിനും കാരണമാകും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രക്തസ്രാവസാധ്യതയും അനീമിയയും ഉണ്ടാകാമെന്ന് പലപഠനങ്ങളിലും പറയുന്നുണ്ട്. എൻസെഫലൈറ്റിസ് ബാധിക്കുന്നതോടെ രോ​ഗംകൂടുതൽ വഷളാവുകയും മരണസാധ്യത കൂടുകയും ചെയ്യും.

സാമൂഹിക മാധ്യമങ്ങളില്‍ നെഗറ്റീവ് റിവ്യു; കാത്തിരിക്കുന്നത് കനത്ത പിഴ

സാമൂഹിക മാധ്യമങ്ങളില്‍ നെഗറ്റീവ് റിവ്യു; കാത്തിരിക്കുന്നത് കനത്ത പിഴ

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തികളെയോ, സ്ഥാപനങ്ങളെയോക്കുറിച്ച് നെഗറ്റീവ് റിവ്യു ഇടുന്നവര്‍ ശ്രദ്ധിക്കുക. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയാണ്.

ഗൂഗിളില്‍ നെഗറ്റീവായി എഴുതുകയോ, സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തികളെയോ, സ്ഥാപനങ്ങളെയോക്കുറിച്ച് നെഗറ്റീവ് കമന്റുകളോ, മെസേജുകളോ, വിഡിയോകളോ പങ്കുവെക്കുകയോ ചെയ്യുന്നവരേയാണ് 20,000 ദിര്‍ഹംവരെയുള്ള കനത്ത പിഴ കാത്തിരിക്കുന്നത്.

നാട്ടിലെപ്പോലെ എന്തിനും ഏതിനും നെഗറ്റിവ് കമന്റുമായി വന്ന് പണി വാങ്ങരുതെന്നാണ് യു എ ഇയിലെ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉപദേശിക്കുന്നത്. താന്‍ ചികിത്സ തേടിയ ആശുപത്രിയെക്കുറിച്ച് അവിടുത്തെ സര്‍വിസ് മോശമാണെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി അറിയില്ലെന്നുമെല്ലാം ഘോരഘോരം വിമര്‍ശിച്ച ഒരു വനിതക്ക് കനത്ത പിഴയാണ് സ്ഥാപനം നല്‍കിയ കേസില്‍ ദുബൈ കോടതി വിധിച്ചത്. ഇതിന് സമാനമായ നിരവധി കേസുകളാണ് കോടതികളില്‍ എത്തുന്നത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഇത്തരം പ്രവണതകള്‍ക്കെതിരേ കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖലയിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിയ ജമ്മു പൊലീസും സൈന്യവും ചേര്‍ന്ന സംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഭീകരർക്കായി പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

ഓണ്‍ലൈന്‍ ഭക്ഷണത്തിനു ചെലവേറും, സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി

ഓണ്‍ലൈന്‍ ഭക്ഷണത്തിനു ചെലവേറും, സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു.

ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ ഈടാക്കാന്‍ തുടങ്ങിയത്. രണ്ടു രൂപയില്‍ തുടങ്ങിയ ഫീ പിന്നീട് മൂന്നായി ഉയര്‍ത്തി. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇത് അഞ്ചു രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ ഡല്‍ഹിയിലും ബംഗളൂരുവിലും ഈടാക്കുന്ന പ്ലാറ്റ് ഫോം ഫീ മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. അധിക ചെലവ് കണ്ടെത്തുന്നതിനാണ് ഇതെന്ന് കമ്പനി പറയുന്നു.