തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്: എല്ലാവരും സുരക്ഷിതര്‍

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്: എല്ലാവരും സുരക്ഷിതര്‍

ഉത്തരകാശി തുരങ്ക അപകടത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണുകളിൽ പ്രതീക്ഷയുമായി തലയിൽ ഹെൽമറ്റ് ധരിച്ച തൊഴിലാളികളെ വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തനം പത്താം ദിവസത്തിലേക്ക് കടന്നു. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചുള്ള രക്ഷാദൗത്യം ഉച്ചയോടെ ആരംഭിക്കും.തൊഴിലാളികളെ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് രക്ഷാദൗത്യം. ഈ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. തുരങ്കത്തിലൂടെ കടത്തിവിട്ട എൻഡോസ്കോപ്പിക് ഫ്ലെക്സി ക്യാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി.

ദുരന്തമുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരിയുമായി നിൽക്കുന്ന തൊഴിലാളികളെ വീഡിയോയിൽ കാണാം. സില്‍ക്യാര തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന ആശങ്കാകുലരായ ബന്ധുക്കൾക്ക് ആശ്വാസം പകരുന്നതാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍.

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വേർതിരിച്ചെടുക്കാൻ വിദേശ കമ്പനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്. കശ്മീരിന് പിന്നാലെ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോർട്ട്.

ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി.

രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ കിച്ച്ഡി ഗ്ലാസ് ബോട്ടിലില്‍ തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കി. ഇതുവരെ ഡ്രൈ ഫ്രൂട്ട്‌സ് ആണ് നല്‍കിക്കൊണ്ടിരുന്നത്. സില്‍ക്യാര ടണല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലമുകളില്‍ നിന്ന് തുരന്ന് താഴേക്ക് ഇറങ്ങി തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.

നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ കേസ് കൊട്, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്. കാന്താര, വാക്സിൻ വാര്‍, വിടുതൈല ഒന്നാംഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യധാര വിഭാഗത്തില്‍ ദ കേരള സ്റ്റോറിക്ക് പുറമേ പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകളുണ്ട്. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. 28 വരെയാണ് മേള.

ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണറിനും സുപ്രിം കോടതി നോട്ടീസ്

ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണറിനും സുപ്രിം കോടതി നോട്ടീസ്

ഗവർണർക്കെതിരായ കേരളത്തിൻ്റെ ഹർജിയിൽ കേന്ദ്രത്തിനും ഗവർണറിനും സുപ്രിം കോടതി നോട്ടീസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. കേന്ദ്രസർക്കാർ, ഗവർണർ അടക്കം എല്ലാ എതിർ കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം.

സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു; ഏഴു പേർക്കെതിരെ കേസ്

സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു; ഏഴു പേർക്കെതിരെ കേസ്

ബംഗളൂരു: സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മഹന്തമ്മ. സ്‌കൂളിലെ അടുക്കളയില്‍ ഉച്ച ഭക്ഷണത്തിനായി തയ്യാറായി കൊണ്ടിരുന്ന സാമ്പാര്‍ ചെമ്പിലേക്ക് വിദ്യാര്‍ഥിനി വീഴുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാഴാഴ്ചയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ ചൗദാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തുടര്‍ ചികിത്സയ്ക്കായി കല്‍ബുറഗിയിലെ ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റി.

മകള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെള്ളിയാഴ്ച കല്‍ബുറഗിയിലെ ബസവേശ്വര ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്നും ആരോഗ്യ നില വഷളായതോടെ ശനിയാഴ്ച ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ 3.30ന് വിദ്യാര്‍ഥിനി മരിക്കുകയായിരുന്നുവെന്ന് അഫ്സല്‍പൂര്‍ തഹസില്‍ദാര്‍ സഞ്ജീവ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു.