യുഎഇയിൽ ശക്തമായ മഴ; ​വിവിധയിടങ്ങളിൽ ​ഗതാ​ഗതം തടസപ്പെട്ടു

യുഎഇയിൽ ശക്തമായ മഴ; ​വിവിധയിടങ്ങളിൽ ​ഗതാ​ഗതം തടസപ്പെട്ടു

ദുബായ്: യുഎഇയിൽ ശക്തമായ മഴ. ഇന്ന് പുലർച്ചെ തുടങ്ങി മണിക്കൂറോളം നീണ്ട മഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിൽ മുങ്ങി. പലയിടങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്​ പുറ​പ്പെടേണ്ടതും വന്നിറങ്ങേണ്ടതുമായ 20ഓളം വിമാന സർവിസുകളെ പ്രതികൂല കാലാവസ്ഥ ബാധിച്ചതായി അധികൃതർ അറിയിച്ചു.

വെളളിയാഴ്ച കിഴക്ക്, വടക്ക് തീരപ്രദേശങ്ങളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി. മഴ സാധ്യത കണക്കിലെടുത്ത്​
അജ്​മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എമിറേറ്റുകളിൽ വിദൂരപഠനത്തിന്​ അധികൃതർ നിർദേശം നൽകിയിരുന്നു. ജോലിയ്ക്ക് പോകുന്നവർക്കായി ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

ദുബായിലെ കറാമ, സിലിക്കൺ ഒയാസിസ്​, മുഹൈസിന, ഷാർജയിലെ അൽ നഹ്​ദ എന്നിവിടങ്ങളിലെല്ലാം റോഡുകളിൽ വെള്ളം നിറഞ്ഞിട്ടുണ്ട്​. ഗതാഗതം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

ചില മേഖലകളില്‍ പൊടിക്കാറ്റ് വീശിയടിക്കാനും പുലര്‍ച്ചെയും രാവിലെയും മൂടല്‍ മഞ്ഞ് ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു ജനങ്ങള്‍ക്കായി വിവിധ എമിറേറ്റുകളിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും വെളളക്കെട്ടുളള പ്രദേശങ്ങളിലൂടെയുളള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

വാക്‌സിനേഷൻ കുറഞ്ഞു; ഭീതി പടർത്തി അഞ്ചാംപനി

വാക്‌സിനേഷൻ കുറഞ്ഞു; ഭീതി പടർത്തി അഞ്ചാംപനി

ലണ്ടൻ: ആ​ഗോളതലത്തിൽ ഭീതി പടർത്തി അഞ്ചാംപനി വ്യാപനം. കോവിഡിന് ശേഷം അഞ്ചാംപനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 40 ശതമാനത്തിലധികം വർധിച്ചതായി റിപ്പോർട്ട്. രോ​ഗബാധിതരുടെ എണ്ണം ഏകദേശം 20 ശതമാനം ഉയർന്നു. കോവിഡിനെ തുടർന്ന് അഞ്ചാംപനിക്കെതിരെയുള്ള വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് വീണ്ടും പകർച്ചവ്യാധി പിടിമുറുക്കാൻ കാരണം. മഹാമാരിക്കാലത്താണ് 15 വർഷത്തിനിടെ നടന്ന ഏറ്റവും താഴ്‌ന്ന പ്രതിരോധ കുത്തിവെപ്പുകളുടെ എണ്ണം.

കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിച്ചാൽ 37 രാജ്യങ്ങളിൽ പകച്ചവ്യാധി വ്യാപിച്ചതായി റിപ്പോർട്ട് ചെയ്‌തു. ആ​ഗോളതലത്തിൽ ഒൻപതു ദശലക്ഷത്തോളം കുട്ടികൾ രോ​ഗബാധിതരായി. ഇതിൽ 136,00 പേർ മരിച്ചു. ദരിദ്ര രാഷ്ട്രങ്ങളിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്‌തതെന്ന് ലോകാരോ​ഗ്യ സംഘടനയും അമേരിക്കയിലെ രോ​ഗനിയന്ത്രണ പ്രതിരോധ കേന്ദ്രവും വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളായ ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, ലാറ്റിനമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലാണ് പകർച്ചവ്യാധി ഏറ്റവുമധികം ബാധിക്കാൻ സാധ്യത. 66 ശതമാനമാണ് ദരിദ്ര രാജ്യങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് നിരക്ക്. വികസിത രാജ്യങ്ങളിലും അഞ്ചാംപനി റിപ്പോർട്ട് ചെയ്‍‌തിട്ടുണ്ട്. അഞ്ചാംപനി ലണ്ടനിൽ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടീഷ് ആരോ​ഗ്യ അധികൃതർ ജൂലൈയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇവിടെ 40 ശതമാനം കുട്ടികളിൽ മാത്രമാണ് വാക്‌സിനേഷൻ ചെയ്‌തിട്ടുള്ളു.

രക്ഷാദൗത്യം ആറാംദിനം; തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം നിര്‍ണായക ഘട്ടത്തില്‍

രക്ഷാദൗത്യം ആറാംദിനം; തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം നിര്‍ണായക ഘട്ടത്തില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. അപകടമുണ്ടായിട്ട് 120 മണിക്കൂര്‍ കഴിഞ്ഞു. ശക്തമായ യന്ത്രം ഉപയോഗിച്ച് രാത്രി മുഴുവന്‍ നടത്തിയ പരിശ്രമത്തെത്തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, തകര്‍ന്ന സില്‍ക്യാര ടണലിന്റെ 21 മീറ്റര്‍ വരെ തുരന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ സമീപത്തേക്കെത്തിക്കാന്‍ 60 മീറ്റര്‍ വരെ തുരക്കേണ്ടതുണ്ട്.

അതിനുശേഷം 800 മില്ലീമീറ്ററും 900 മില്ലീമീറ്ററും വ്യാസമുള്ള പൈപ്പുകള്‍ ഒന്നിന് പുറകെ ഒന്നായി തുരങ്കത്തിലേക്ക് തിരുകിക്കയറ്റും. ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം. സില്‍ക്യാര തുരങ്കത്തിന്റെ പ്രവേശന ഭാഗത്തു നിന്ന് 270 മീറ്റര്‍ അകലെ വരെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ സുരക്ഷിതരാണെന്നും അവരുടെ മനോവീര്യം നിലനിറുത്താന്‍ അവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും ഉത്തരകാശി ജില്ലാ കലക്ടര്‍ അഭിഷേക് റൂഹേല പറഞ്ഞു. ഓക്‌സിജനും മരുന്നുകളും ഭക്ഷണവും വെള്ളവും പൈപ്പുകളിലൂടെ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് തുരങ്കം തകര്‍ന്നത്. നാലര കിലോമീറ്റര്‍ വരുന്ന ടണലിന്റെ 150 മീറ്റര്‍ ഭാഗമാണ് തകര്‍ന്നത്. സില്‍ക്യാരയെ ദണ്ഡല്‍ഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട തുരങ്കം. തുരങ്കത്തിന്റെ ഒരുഭാഗം തകർന്നതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാന്‍ തായ്‌ലന്‍ഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും രക്ഷാദൗത്യത്തിൽ സജീവമാണ്.

‘കണ്ണുകളെ വിശ്വസിക്കാനായില്ല’; യുഎഇയില്‍ മലയാളി യുവാവിന് കോടികളുടെ  ഭാഗ്യം

‘കണ്ണുകളെ വിശ്വസിക്കാനായില്ല’; യുഎഇയില്‍ മലയാളി യുവാവിന് കോടികളുടെ ഭാഗ്യം

അബുദാബി: യുഎഇ നറുക്കെടുപ്പിലൂടെ മലയാളിക്ക് 45 കോടിയുടെ ഭാഗ്യം. മഹ്‌സൂസ് 154-ാമത് നറുക്കെടുപ്പിലൂടെയാണ് ശ്രീജുവിന് 2 കോടി ദിര്‍ഹത്തിന്റെ ലോട്ടറിയടിച്ചത്, ഏകദേശം 45 കോടി ഇന്ത്യന്‍ രൂപ. ഫുജൈറയിലെ ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായത്തില്‍ കണ്‍ട്രോള്‍ റൂം ഓപറേറ്ററാണ് 39 കാരനായ ശ്രീജു. 11 വര്‍ഷമായി യുഎഇയിലെ ഫുജൈറയിലാണ് താമസം.

കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടയിലാണ് കോടികളുടെ ലോട്ടറി തനിക്ക് ലഭിച്ച വിവരം ശ്രീജു അറിയുന്നത്. തുടര്‍ന്ന് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ച് വിജയം ഉറപ്പു വരുത്തുകയായിരുന്നു. ഭാഗ്യം തുണച്ച നിമിഷം കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും, വിജയം സത്യമാണെന്ന് സ്ഥിരീകരിക്കാന്‍ മഹ്സൂസിന്റെ കോളിനായി കാത്തിരുന്നതായും ശ്രീജു പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്ലാ മാസവും രണ്ടുതവണ മഹ്സൂസില്‍ പങ്കെടുക്കാറുണ്ടെന്നും ഭാഗ്യം തുണച്ചത് ഇപ്പോഴാണെന്നും ശ്രീജു പറഞ്ഞു.

ബമ്പര്‍ സമ്മാനം ജീവിതം മാറ്റിമറിച്ചെങ്കിലും തല്‍ക്കാലും ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. ബാങ്ക് ലോണില്‍ ഒരു വീട് വാങ്ങാന്‍ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ലോട്ടറി അടിച്ചത്. ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഇരട്ടക്കുട്ടികളുടെ പിതാവായ ശ്രീജു പറഞ്ഞു. കന്യാകുമാരിയാണ് ശ്രീജുവിന്റെ വീട്. ഇതുവരെ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പുകള്‍ 64 കോടീശ്വരന്മാരെ സൃഷ്ടിച്ചതായി മഹ്സൂസിന്റെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി സൂസന്‍ കാസി പറഞ്ഞു. കൂടാതെ 1,107,000-ലധികം വിജയികള്‍ക്ക് അര ബില്യണ്‍ ദിര്‍ഹം വിതരണം ചെയ്തു.

തമിഴ്നാട്ടിൽ ​ഗവർണർ-സർക്കാർ പോര് രൂക്ഷം

തമിഴ്നാട്ടിൽ ​ഗവർണർ-സർക്കാർ പോര് രൂക്ഷം

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വീണ്ടും രൂക്ഷമായി. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഒപ്പിടാതെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം മറ്റന്നാള്‍ കൂടും. തിരിച്ചയച്ച ബില്ലുകള്‍ പാസ്സാക്കി വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ തീരുമാനം.

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിക്കെതിരെ എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ നടപടി ഗൗരവകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ബില്ലുകളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകാരത്തിനായി എത്തുമ്പോള്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നവംബര്‍ 20 ന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയാണ്. അന്നേദിവസം അറ്റോര്‍ണി ജനറലോ, സോളിസിറ്റര്‍ ജനറലോ കോടതിയില്‍ ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി പ്രതീക്ഷ പ്രസിഡന്റിൽ;  അപ്പീല്‍ സുപ്രീംകോടതി  തള്ളി

ഇനി പ്രതീക്ഷ പ്രസിഡന്റിൽ; അപ്പീല്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവു നല്‍കണമെങ്കില്‍ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയൂവെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു തങ്ങള്‍ക്ക് കിട്ടിയ വിവരമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു. മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ അമ്മയുടെ അപേക്ഷ കിട്ടിയാല്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്നത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.