പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തി; പോലീസുകാർക്ക് സസ്‌പെൻഷൻ

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തി; പോലീസുകാർക്ക് സസ്‌പെൻഷൻ

ജാർഖണ്ഡ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ഒരു എഎസ്‌ഐയെയും രണ്ട് കോൺസ്റ്റബിൾമാരെയുമാണ് സസ്പെൻഡ് ചെയ്തത്. മോദിയുടെ റോഡ് ഷോയ്ക്കിടെ ഒരു സ്ത്രീ അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ റാഞ്ചി സന്ദർശനത്തിനിടെയാണ് സുരക്ഷാ വീഴ്ച. ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു മോദി. ബുധനാഴ്ച രാവിലെ ഭഗവാൻ ബിർസ മുണ്ട മെമ്മോറിയൽ പാർക്ക്-കം-ഫ്രീഡം ഫൈറ്റർ മ്യൂസിയത്തിലേക്ക് റോഡ് ഷോയായി പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു സ്ത്രീ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ എത്തുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ യുവതിയെ പിടികൂടി. സംഗീത ഝാ എന്ന സ്ത്രീയെയാണ് കസ്റ്റഡിയിൽ എടുത്തത്. ഭർത്താവിനെതിരെ പരാതി നൽകാനാണ് യുവതി പ്രധാനമന്ത്രിയെ കാണാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. 2012ൽ ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ജമുനി ഗ്രാമത്തിൽ വെച്ചായിരുന്നു യുവതിയുടെ വിവാഹം. 2016 മുതൽ, ഭർത്താവുമായി പ്രശ്നങ്ങൾ ആരംഭിച്ചു. ഇവർ തമ്മിൽ പതിവായി വഴക്കിടാറുണ്ടെന്ന് റാഞ്ചി സീനിയർ പൊലീസ് സൂപ്രണ്ട് ചന്ദൻ കുമാർ സിൻഹ പറഞ്ഞു.

ഭർത്താവിന്റെ ശമ്പളം തന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രിയെ കാണാൻ യുവതി ഡൽഹിയിലേക്ക് പോകുകയും 10 ദിവസം താമസിക്കുകയും ചെയ്തു. പരാജയപ്പെട്ടതോടെ രാഷ്ട്രപതിയെ കാണാനും ശ്രമിച്ചു. എന്നാൽ എല്ലാ ശ്രമങ്ങളും പാഴായപ്പോൾ യുവതി ദിയോഘറിലുള്ള ബന്ധുവീട്ടിലേക്ക് മടങ്ങിയെത്തി. പ്രധാനമന്ത്രി റാഞ്ചിയിൽ എത്തിയതറിഞ്ഞാണ് ഝാ വന്നതെന്നും എസ്.പി പറഞ്ഞു.

പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിനു വിലക്ക്; നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍

പരീക്ഷാ ഹാളില്‍ ശിരോവസ്ത്രത്തിനു വിലക്ക്; നിലപാട് മാറ്റി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: പരീക്ഷകളില്‍ ശിരോവസ്ത്രത്തിന് നിരോധനം ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിനു നിരോധനം ഉണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയിരുന്നു. അതിന് വ്യത്യസ്തമായാണ് പുതിയ ഉത്തരവ്.

ഹിജാബ് എന്ന് ഉത്തരവില്‍ പ്രതിപാദിച്ചിട്ടില്ല. തലയോ, വായയോ, ചെവിയോ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. പരീക്ഷയില്‍ താലി, നെക്ലേസ് പോലുള്ള ആഭരണങ്ങള്‍ ധരിക്കുന്നതിന് വിലക്കില്ല. നവംബര്‍ 18നും 19നും കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റിയുടെ ബോര്‍ഡുകളിലേക്കും കോര്‍പ്പറേഷനുകളിലേക്കുമുള്ള പരീക്ഷകളുടെ ഭാഗമായാണ് നടപടി. പരീക്ഷകളില്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് ക്രമക്കേടുകള്‍ തടയുകയായാണ് ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു.

ഒക്ടോബറില്‍ കര്‍ണാടക എക്‌സാമിനേഷന്‍ അതോറിറ്റി നടത്തിയ പരീക്ഷയില്‍ ഹിജാബ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു.

പാകിസ്ഥാനിൽ  അജ്ഞാതരുടെ വെടിയേറ്റ് വീണ്ടുമൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് വീണ്ടുമൊരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ഡൽഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ സുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖിനെ കറാച്ചിയിൽ വെച്ച് അജ്ഞാതർ കൊലപ്പെടുത്തി. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന താരിഖിന് നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലഷ്‌കർ-ഇ-തൊയ്ബയുടെ മുതിർന്ന കമാൻഡറായ അക്രം ഖാൻ ഗാസിയെ കഴിഞ്ഞദിവസമാണ് അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തിയത്.

ദീപാവലി ആഘോഷം പൊടിപൊടിച്ചു; ലോകത്തെ പത്തു മലിന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ദീപാവലി ആഘോഷം പൊടിപൊടിച്ചു; ലോകത്തെ പത്തു മലിന നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ പത്ത് നഗരങ്ങളില്‍ മൂന്നെണ്ണം ഇന്ത്യയിലേതായി. അന്തരീക്ഷത്തില്‍ കനത്ത പുക ഉയര്‍ന്നതോടെയാണ് രാജ്യതലസ്ഥാന നഗരമായ ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ എന്നിവ മലീനികരണ നരങ്ങളുടെ പട്ടികയില്‍ പത്തില്‍ ഇടം പിടിച്ചത്.
ആഘോഷം കഴിഞ്ഞതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലയിലെത്തി. ചില സ്ഥലങ്ങളില്‍ 700 വരെ ഉയര്‍ന്നു. പത്തില്‍ ഒന്നാമതാണ് ഡല്‍ഹിയുടെ സ്ഥാനം. കൊല്‍ക്കത്ത നാലാം സ്ഥാനത്തും മുംൈബ എട്ടാം സ്ഥാനത്തുമാണ്.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400ന് മുകളിലായാല്‍ ആളുകളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങള്‍ വര്‍ധിക്കാനും ഇടയാക്കും. ഞായറാഴ്ച വൈകീട്ട് മുതല്‍ ഡല്‍ഹിയില്‍ അന്തരീക്ഷം മലിനമായതിനെ തുടര്‍ന്ന് അര്‍ദ്ധരാത്രിയായതോടെ എക്യുഐ 680ലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.വായു ഗുണനിലവാരം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് കര്‍ശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചത്. പടക്കങ്ങള്‍ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വില്‍ക്കുന്നതിനും ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമെന്ന് ഡൽഹി പൊലീസ്

ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകള്‍ക്ക് വെടിയേറ്റു; പരുക്ക് ഗുരുതരമെന്ന് ഡൽഹി പൊലീസ്

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിൽ വെടിയേറ്റ് രണ്ട് സ്ത്രീകൾക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ദീപാവലി പൂജയ്ക്ക് പോയ സ്ത്രീകൾക്ക് നേരെ അജ്ഞാതർ വെടിയുതിർക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. സ്വത്ത് തർക്കമാകാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും വിഷയം അന്വേഷണത്തിലാണ്.

സ്ത്രീകളുടെ കുടുംബവുമായി ബന്ധപ്പെട്ട് ചില സ്വത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്തിന് സമീപമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് ഇരുവരും. നില ഗുരുതരമാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

‘തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം സമ്മാനം’; കൈയടി നേടി അഫ്ഗാന്‍ താരം ഗുര്‍ബാസ്

‘തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം സമ്മാനം’; കൈയടി നേടി അഫ്ഗാന്‍ താരം ഗുര്‍ബാസ്

ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്.കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു.

ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്താനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച അഫ്ഗാന്‍ തോറ്റ മത്സരങ്ങളില്‍ പോലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തിരുന്നു. സെമി കണ്ടില്ലെങ്കിലും ഈ ലോകകപ്പില്‍ മികച്ച ടീമുകളുടെ തലയെടുത്ത അഫ്ഗാന്‍ തല ഉയര്‍ത്തി തന്നെയാകും നാട്ടിലേക്ക് മടങ്ങുക.