ക്ലീൻ സ്വീപ്പിന് ഇന്ത്യ, ചരിത്രം കുറിക്കാൻ കോഹ്‌ലി; ഇന്ന് നെതർലൻഡ്‌സിനെതിരെ

ക്ലീൻ സ്വീപ്പിന് ഇന്ത്യ, ചരിത്രം കുറിക്കാൻ കോഹ്‌ലി; ഇന്ന് നെതർലൻഡ്‌സിനെതിരെ

ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടും. ഓറഞ്ചുപടയെയും തകർത്ത് തുടർച്ചയായ ഒൻപതാം വിജയം ലക്ഷ്യമിട്ടാണ് ഹിറ്റ്മാനും സംഘവും ഇറങ്ങുന്നത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം.

പട്ടികയിൽ ഏറ്റവും താഴെയാണ് സ്ഥാനമെങ്കിലും രണ്ട് വിജയം സ്വന്തമാക്കാൻ ടൂർണമെന്റിലെ ചെറുമീനുകളായ നെതർലൻഡ്സിനായിട്ടുണ്ട്. ഇന്ന് ഇന്ത്യയെ അട്ടിമറിച്ചാൽ കാര്യങ്ങൾ പ്രതീക്ഷയ്ക്കപ്പുറമെത്തിക്കാൻ സ്കോട്ട് എഡ്വേർഡിനും സംഘത്തിനും കഴിയും. വിജയിച്ചാൽ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേര് ഒഴിവാക്കുന്നതിനോടൊപ്പം 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യതയ്ക്കുള്ള സാധ്യത നിലനിർത്താനുമാവും. ഇന്ത്യയുടെ അപരാജിത കുതിപ്പിന് തടയിട്ട അണ്ടർഡോ​ഗ്സെന്ന സ്വപ്നതുല്യ പദവിയും ഇതോടൊപ്പം ഡച്ച് പടയ്ക്ക് വന്നുചേരും.

മറുവശത്ത് ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വിജയിച്ച നീലപ്പട ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരുന്നു. കിവീസാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. സമ്മർദ്ദങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഡച്ച് പടയ്‌ക്കെതിരെ ഇറങ്ങുന്നത്. എങ്കിലും കിവീസിനെതിരായ സെമി പോരാട്ടത്തിന് ടീം സജ്ജമാണെന്ന് ഇന്ത്യയ്ക്ക് ഉറപ്പുവരുത്തേണ്ടത്. ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കാം.

ഏകദിന ക്രിക്കറ്റിലെ ആദ്യ 50-ാമത് സെഞ്ച്വറി ഇന്നത്തെ മത്സരത്തിൽ പിറക്കുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ചിന്നസ്വാമിയില്‍ ഇന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിക്ക് സാധിച്ചാല്‍ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ സാക്ഷാല്‍ സച്ചിനെ മറികടക്കാനാകും. ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഏകദിന ക്രിക്കറ്റ് കരിയറിലെ 49-ാം സെഞ്ച്വറി തികച്ച മുൻ ഇന്ത്യൻ നായകൻ റെക്കോർഡിൽ സച്ചിനൊപ്പമെത്തിയിരുന്നു. കൊൽക്കത്തയിലെ തകർപ്പൻ പ്രകടനം ചിന്നസ്വാമിയിലും ആവർത്തിച്ചാൽ 50-ാം ഏകദിന സെഞ്ച്വറിയെന്ന ചരിത്രം കുറിക്കാൻ കോഹ്‌ലിക്ക് സാധിക്കും.

പ്രതിയെ വെറുതെ വിടാന്‍ ‘മതിഭ്രമം’ മതിയായ കാരണമല്ല; ക്രിമിനല്‍ നിയമങ്ങളില്‍ പാര്‍ലമെന്ററി സമിതി

പ്രതിയെ വെറുതെ വിടാന്‍ ‘മതിഭ്രമം’ മതിയായ കാരണമല്ല; ക്രിമിനല്‍ നിയമങ്ങളില്‍ പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: മതിഭ്രമം പോലെയുള്ള മെഡിക്കല്‍ കാരണങ്ങളാല്‍ മാത്രം കേസില്‍ പ്രതികളെ വെറുതെ വിടാനാവില്ലെന്ന് പാര്‍ലമെന്ററി സമിതി. നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാത്രമേ പ്രതികളെ വെറുതെ വിടാനാവൂവെന്ന്, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പരിശോധിച്ച പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

നിയമത്തില്‍ മാനസിക രോഗം (മെന്റല്‍ ഇല്‍നെസ്) എന്ന വാക്കിനു പകരം അനാരോഗ്യകരമായ മനസ്സ് (അണ്‍സൗണ്ട് മൈന്‍ഡ്) എന്നു പ്രയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാനസിക രോഗം ഏറെ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന വിശാലമായ അര്‍ഥമുള്ളതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഐപിസി, സിആര്‍പിസി, തെളിവു നിയമം എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണ് സമിതി പരിശോധിച്ചത്. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവയാണ് പുതിയ ബില്ലുകള്‍. ബില്ലുകള്‍ പരിശോധിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഇന്നലെ രാജ്യസഭയില്‍ സമര്‍പ്പിച്ചു.

തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു

തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ സംവിധായകനുമായ കെ വിശ്വനാഥിന്റെ ബന്ധുവാണ്. പ്രമുഖ പിന്നണി ഗായകന്‍ എസ്പിബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 932 സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ചന്ദ്ര മോഹന്‍ 150 ചിത്രങ്ങളില്‍ നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ

പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ

ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബേറ്. ബോംബേറിൽ മുരളീകൃഷ്ണ എന്നയാള്‍ പൊലീസ് പിടിയിലായി. പ്രാര്‍ഥന ഫലിക്കാത്തതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസിനോട് പ്രതി പറഞ്ഞു .ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ.

സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.ശനിയാഴ്ച രാവിലെയാണ് സംഭവം.ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളിപെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു.

മഹുവ മൊയ്ത്രയെ കുരുക്കി റിപ്പോര്‍ട്ട്: രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

മഹുവ മൊയ്ത്രയെ കുരുക്കി റിപ്പോര്‍ട്ട്: രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി

ഡൽഹി: ചോദ്യത്തിന് കോഴ ആരോപണ കേസിൽ മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്. പരസ്യപ്പെടുത്താത്ത 20 ലധികം ബില്ലുകൾ എംപിമാർക്ക് മുൻകൂറായി നൽകിയതിലെ വിവരങ്ങൾ ചോർന്നിരിക്കാമെന്ന് എത്തിക്സ് കമ്മിറ്റി പറഞ്ഞു. ജമ്മുകശ്മീർ മണ്ഡല പുനർനിർണ്ണയ ബില്ലടക്കം നൽകിയിരുന്നു. ഇക്കാലയളവിലാണ് ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയത്. 2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യുഎഇയിൽ നിന്ന് ഉപയോഗിച്ചു. ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ചെന്നൈ തുറമുഖത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചു

ചെന്നൈ തുറമുഖത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചു

ചെന്നൈ: ചെന്നൈ തുറമുഖത്ത് കപ്പലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ്റകുറ്റപ്പണികള്‍ക്കിടെ കപ്പലിലെ ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തടയാര്‍പേട്ട് സ്വദേശി സഹായ് തങ്കരാജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. കഴിഞ്ഞ 31ന് ഒഡീഷയില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈ തുറമുഖത്ത് എത്തിച്ച എണ്ണകപ്പലിലാണ് അപകടം ഉണ്ടായത്. കപ്പലിനുള്ളിലെ ഗ്യാസ് പൈപ്പിനോട് ചേര്‍ന്ന ഭാഗത്തെ ബോള്‍ട്ട് അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍

പരിക്കേറ്റ ജോഷ്വ, രാജേഷ്, പുഷ്പ ലിംഗം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.