by Midhun HP News | Nov 9, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്രയെ പുറത്താക്കണമെന്ന ശുപാര്‍ശയുമായി പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റി. ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള പണമിടപാട് സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും അഞ്ഞൂറ് പേജുള്ള റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ എത്തിക്സ് കമ്മിറ്റി ഇന്ന് യോഗം ചേരും.
പാര്‍ലമെന്‍റ് ലോഗിന്‍ ഐഡിയും പാസ് വേഡും ഒരു ബിസിനസ് ഗ്രൂപ്പിന് നല്‍കിയത് കടുത്ത തെറ്റാണ്. ചോദ്യങ്ങള്‍ തയ്യാറാക്കാനായി ഒരു പിഎയെ ചുമതലപ്പെടുത്തുന്നത് പോലെ ആ ചെയ്തിയെ നിസാരവത്ക്കരിക്കാനാകില്ല.
വിലയേറിയ മേക്കപ്പ് സാധനങ്ങള്‍ ഉപഹാരങ്ങളായി കൈപ്പറ്റിയതും പദവിക്ക് നിരക്കുന്നതല്ല. പലപ്പോഴായി മൂന്ന് കോടിയോളം രൂപ ഹിരാനന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പരാതി. അതേകുറിച്ച് സര്‍ക്കാരിന്‍റെ അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
by Midhun HP News | Nov 9, 2023 | Latest News, ദേശീയ വാർത്ത
കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കി പോലീസ്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കായി പെരിയയിലെ ഉൾക്കാടുകളിൽ തിരച്ചിലും ഊർജിതമാക്കിയിട്ടുണ്ട്.
ബാണാസുര ദളത്തിലെ കമാൻഡർ ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് തണ്ടർബോൾട്ട് ഇന്നലെ പിടികൂടിയത്. ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിൽ രാത്രി എത്തിയതായിരുന്നു നാലംഗ സായുധസംഘം. മൊബൈൽ ഫോണുകൾ ചാർജിന് വെച്ച് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോൾ തണ്ടർബോൾട്ട് സംഘം വീട് വളഞ്ഞു. മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ഏറ്റുമുട്ടലുണ്ടായി. തുടർന്നാണ് ചന്ദ്രു, ഉണ്ണിമായ എന്നിവർ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ലതയും സുന്ദരിയും കാട്ടിലേക്ക് ഓടിമറഞ്ഞു. ഇവർക്ക് വെടിയേറ്റിട്ടുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിക്കുന്നുണ്ട്.
പിടിയിലായ പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്തി. നിലവിൽ 4 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളിൽ നിന്ന് അപഹരിച്ചതാണ്. തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന ഇന്ന് പൂർത്തിയാക്കും.
by Midhun HP News | Nov 9, 2023 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സഹകരണ സംഘങ്ങള്‍ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി.
ബാങ്കിങ്ങ് റെഗുലേഷന്‍ ആക്ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’, ‘ബാങ്കര്‍’, അഥവാ ‘ബാങ്കിങ്ങ്’ എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിങ്ങ് റെഗുലേഷന്‍ നിയമത്തിന്റെ ( കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ( ബി ആര്‍ ആക്ട്, 1949) സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ബിആര്‍ ആക്ട് വ്യവസ്ഥകള്‍ ലംഘിച്ച് ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും/ നാമമാത്ര അംഗങ്ങളില്‍ നിന്നും/ അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ സഹകരണ സംഘങ്ങള്‍ക്ക് ബിആര്‍ ആക്ട് പ്രകാരം ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ല. അത്തരം സഹകരണ സംഘങ്ങള്‍ ബാങ്കാണെന്ന് ആവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും, ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് ആര്‍ബിഐ നല്‍കിയ ബാങ്കിങ്ങ് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക ചുവടെയുള്ള ലിങ്കില്‍ നിന്ന് ലഭ്യമാണ്. https://www.rbi.org.in/commonperson/English/Scripts/BanksInIndia.aspx
by Midhun HP News | Nov 9, 2023 | Latest News, ദേശീയ വാർത്ത
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചതായി സേന അറിയിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.
മൈസര്‍ അഹമ്മദ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഭീകരസംഘടനായ ദി റെസിസ്റ്റന്റ് ഫ്രന്റിന്റെ പ്രവര്‍ത്തകനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായി പരിശോധന നടത്തുന്നതിനിടെയായിരുന്നു അക്രമണം. വെടിവയ്പില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നിന്ന് തോക്കുകളും മറ്റു ആയുധങ്ങളും കണ്ടെത്തി. മറ്റു ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്.
കശ്മിരില്‍ സമീപകാലത്തായി നിരവധി തവണയാണ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ നടത്തുന്നത്.ഇതിനിടെ അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരുക്കേറ്റു. സാംബെയിലെ നിയന്ത്രണരേഖയിലായിരുന്നു വെടിവയ്പ്പ്.
by Midhun HP News | Nov 6, 2023 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: കര്‍ണാടകയിലെ മൈന്‍ ആന്റ് ജിയോളജി വകുപ്പില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥ പ്രതിമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ കാര്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റില്‍. സംഭവം നടന്ന വളരെ വേഗത്തില്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതി മുന്‍ ഡ്രൈവറാണെന്ന് പൊലീസ് വ്യക്തമാക്കിയത്.
കഴുത്ത് ഞെരിച്ചും കഴുത്തില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു. ഔദ്യോഗികമായ പല നിര്‍ണായക വിവരങ്ങളും മറ്റും ഇയാള്‍ ചോര്‍ത്തുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പ്രതിമ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇത്തരം പ്രവൃത്തികള്‍ വീണ്ടും തുടര്‍ന്നപ്പോഴാണ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി പ്രതിമയുടെ സഹോദരന്‍ പ്രതീഷ് ഫോണില്‍ വിളിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. രാവിലെ വീണ്ടും വിളിച്ചിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഫ്‌ലാറ്റിലെത്തി. ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. കൊലപാതകത്തിന് ശേഷം കിരണിനെ കാണാതാവുകയും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ജില്ല വിട്ടുപോകുന്നതിനിടയിലാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.
by Midhun HP News | Nov 4, 2023 | Latest News, ദേശീയ വാർത്ത
കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയില്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 128 ആയി. നൂറിലേറെ പേര്‍ക്ക് പരിക്ക് പറ്റി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു.
ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസ്‌മേധാവി വ്യക്തമാക്കി. മരണ സംഖ്യ ഉയര്‍ന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
Recent Comments