by liji HP News | Jun 14, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വൈകാതെ തന്നെ എടിഎം ഇടപാടുകള്‍ക്ക് ഉപയോക്താക്കള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു. പരമാവധി പരിധി 23 രൂപയാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.
സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസാണ് വൈകാതെ വര്‍ധിക്കുക. ഉപയോക്താവ് എടിഎം ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ബാങ്കിന് എടിഎം കാര്‍ഡ് സേവനദാതാക്കള്‍ (കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക്) നല്‍കുന്ന ഫീസാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.
സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 17-21 രൂപയാണ് നിലവില്‍ ഫീസ്. പുറമേ ജിഎസ്ടിയുമുണ്ട്. 2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.
by liji HP News | Jun 12, 2024 | Latest News, ദേശീയ വാർത്ത
കുവൈത്ത് സിറ്റി: കുവൈത്ത് മാംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയതായി റിപ്പോര്‍ട്ടുകള്‍. 35 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ആറുനില കെട്ടിടത്തില്‍ താമസിച്ചിരുന്നത്. അപകടസമയത്ത് 160 ലേറെ പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരില്‍ 10 പേര്‍ ഇന്ത്യാക്കാരാണെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ അഞ്ചുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഒരു നേപ്പാള്‍ സ്വദേശിയും മരിച്ചവരില്‍പ്പെടുന്നു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണെന്നും, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കൂവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റേതാണ് ഫ്‌ലാറ്റ്. തീപിടിത്തത്തില്‍ പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. അകത്തു കുടുങ്ങിപ്പോയ കുറേപ്പേര്‍ പുക ശ്വസിച്ചും മരിച്ചു. അപകടത്തില്‍ പൊലീസ് അന്വേഷണത്തിന് കുവൈത്ത് ആഭ്യന്തരമന്ത്രി ഷേഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ഉത്തരവിട്ടു. അപകടസ്ഥലം കുവൈത്ത് ആഭ്യന്തരമന്ത്രി നേരിട്ട് സന്ദര്‍ശിച്ചിരുന്നു.
by liji HP News | Jun 12, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വരും വര്‍ഷങ്ങളിലും അതിവേഗം വളരുന്ന രാജ്യം എന്ന ലേബല്‍ ഇന്ത്യ നിലനിര്‍ത്തുമെന്ന് ലോകബാങ്ക് അനുമാനം. നടപ്പുസാമ്പത്തികവര്‍ഷം അടക്കം മൂന്ന് വര്‍ഷം ഇന്ത്യ സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തും. 6.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് പുതുക്കി നിശ്ചയിച്ചു. ജനുവരിയില്‍ 6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. പുതുക്കിയ അനുമാനം അനുസരിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായി ഉയരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ ആഗോള വളര്‍ച്ചയില്‍ കാര്യമായ മാറ്റം ഉണ്ടാവില്ല. 2.6 ശതമാനമായി വളര്‍ച്ചയില്‍ സ്ഥിരത പുലര്‍ത്തും. അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഇത് 2.7 ശതമാനമായി ഉയരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍. കോവിഡിന് മുന്‍പുള്ള പതിറ്റാണ്ടില്‍ രേഖപ്പെടുത്തിയിരുന്ന 3.1 ശതമാനത്തില്‍ താഴെയാണിത്.
2024ല്‍ ദക്ഷിണേഷ്യയുടെ വളര്‍ച്ചാനിരക്ക് 6.2 ശതമാനമായിരിക്കും. 2023ല്‍ 6.3 ശതമാനമായിരുന്നു. ഉയര്‍ന്ന നിരക്കില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് സ്ഥിരതയിലേക്ക് മാറുന്നതാണ് ഇതിന് കാരണം. നിക്ഷേപം മന്ദഗതിയിലായതാണ് ഉയര്‍ന്ന വളര്‍ച്ചാനിരക്കില്‍ നിന്ന് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
by liji HP News | Jun 12, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: കേന്ദ്രമന്ത്രിയുടെ ശമ്പളം എടുക്കില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപി. തനിക്ക് സിനിമ എന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘ഇതിന്റെ ശമ്പളം ഞാൻ എടുക്കില്ല. ഇത് രാജ്യസഭയിൽ ചെയ്തതുപോലെ ചെയ്യും. എനിക്ക് സിനിമയെന്ന തൊഴിലേ അറിയൂ. വേറെ വരുമാന മാർഗം ഇല്ല. വ്യക്തിപരമായ ബാധ്യതകൾ നിറവേറ്റപ്പെടണം. സിനിമാ ചിത്രീകരണ സ്ഥലത്തുനിന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ ആലോചിക്കുന്നു. വിശദമായി പിന്നീട് പറയാം. കുലം വേണ്ടാത്തവനെ നാടിനു വേണ്ട’- സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന് പുറമേ പ്രകൃതിവാതകം, ടൂറിസം എന്നി വകുപ്പുകളിലും സഹമന്ത്രി പദവി അദ്ദേഹം വഹിക്കും. പെട്രോളിയം മന്ത്രാലയത്തെക്കുറിച്ച് താന്‍ പഠിച്ച് തുടങ്ങിയിട്ടുപോലുമില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. പഠിച്ച് മന്നൻ ആകണം എന്നു കരുതുന്നു. ടൂറിസം രംഗത്തിന് പ്രാധാന്യം നൽകും. ടൂറിസത്തെ വിനോദമേഖലയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
by liji HP News | Jun 12, 2024 | Latest News, ദേശീയ വാർത്ത
ഡൽഹി: ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനാ മേധാവിയാകും. നിലവിലെ മേധാവി മനോജ് പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാം കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേൽക്കുക. നിലവിൽ കരസേനാ ഉപമേധാവിയാണ് അദ്ദേഹം. ഫെബ്രുവരിയിലാണ് ഉപമേധാവിയായി ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റത്.കഴിഞ്ഞ മാസം അവസാനം മനോജ് പാണ്ഡെ വിരമിക്കാനിരുന്നതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലും കരസേനയിലെ ചില അഡ്മിനിസ്‌ട്രേറ്റീവ് വിഷയങ്ങളും കണക്കിലെടുത്ത് ഒരു മാസം കൂടി കാലാവധി നീട്ടിനൽകുകയായിരുന്നു. അദ്ദേഹം വിരമിക്കുന്ന ജൂൺ 30ന് തന്നെ പുതിയ കരസേനാ മേധാവി ചുമതലയേൽക്കും.

1984ൽ സേനയിൽ ചേർന്ന ദ്വിവേദി ചൈനാ അതിർത്തിയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിർത്തിപ്രശ്നങ്ങളിൽ ഇന്ത്യയ്ക്കായി നിർണായക ഇടപെടലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഉധംപുർ ആസ്ഥാനമായ വടക്കൻ കമാൻഡിന്റെ മേധാവിയായും സേവനമനുഷ്ഠിച്ചു. നാഷനൽ ഡിഫൻസ് കോളജിലും യുഎസ് വാർ കോളജിലുമുൾപ്പെടെ ഉന്നത വിദ്യാഭ്യാസം നേടി.
by liji HP News | Jun 11, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്നാണ് അന്നപൂർണേശ്വരി നഗർ പൊലീസ് നടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തൽ.
കേസിൽ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂഗുദീപയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സോമനഹള്ളിയില്‍ കഴിഞ്ഞദിവസമാണ് ചിത്രദുർഗ സ്വദേശി രേണുകസ്വാമി (33) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്ത് പാലത്തിന് താഴെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ ബോഡിഗാര്‍ഡുകളായ കൂട്ടാളികള്‍ രേണുകസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പാലത്തിന് താഴെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.
Recent Comments