ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

ലക്‌നൗ: ഷോപ്പിങ്‌ മാളിലെ സീലിങ് തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഗാലക്സി ബ്ലൂ സഫയര്‍ മാളില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. എസ്‌കലേറ്ററില്‍ കയറാന്‍ പോകുകയായിരുന്ന രണ്ട് പേരുടെ ദേഹത്തേക്ക് അഞ്ചാം നിലയില്‍ നിന്ന് സീലിങ് ഗ്രില്‍ പതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവര്‍ക്ക് ഏകദേശം 35 വയസ്സ് പ്രായമുണ്ടെന്നും തൊട്ടടുത്ത ഗാസിയാബാദ് ജില്ലയിലെ വിജയ് നഗര്‍ പ്രദേശത്തെ താമസക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ പിടിഐ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതില്‍ മാളിന്റെ താഴത്തെ നിലയില്‍ തകര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങള്‍ കാണാം. അഞ്ചാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ വീണതിനെ തുടര്‍ന്ന് ബ്ലൂ സഫയര്‍ മാളില്‍ രണ്ട് പേര്‍ മരിച്ചതായി യാഥര്‍ത്ത് ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തി. മരിച്ചത് ഹരേന്ദ്ര ഭാട്ടി, ഷക്കീല്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അഡീഷണല്‍ ഡിസിപി (സെന്‍ട്രല്‍ നോയിഡ) ഹൃദേഷ് കതേരിയ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പൊലീസ് അറിയിച്ചു.

ഇനി പ്രവേശനകവാടം തേടി അലയണ്ട!, കൃത്യമായി വെളുത്ത വൃത്തങ്ങളായി കാണിച്ചുതരും; ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍

ഇനി പ്രവേശനകവാടം തേടി അലയണ്ട!, കൃത്യമായി വെളുത്ത വൃത്തങ്ങളായി കാണിച്ചുതരും; ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഇന്ന് യാത്ര ചെയ്യുന്നവരില്‍ ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കുന്നത്. ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്.

നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.

രാജ്യത്ത് ഇത് ആദ്യം, എഞ്ചിനീയറിങ് വിസ്മയം; കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

രാജ്യത്ത് ഇത് ആദ്യം, എഞ്ചിനീയറിങ് വിസ്മയം; കൊൽക്കത്ത അണ്ടർ വാട്ടർ മെട്രോയുടെ പ്രത്യേകതകൾ

കൊൽക്കത്തയിലെ ഹൂഗ്ലി നദിക്കടിയിലൂടെ ഇന്ന് മെട്രോ സഞ്ചരിക്കുമ്പോൾ ഇന്ത്യയ്ക്ക് അത് അഭിമാന നിമിഷമാണ്. രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ടണൽ ആണ് പശ്ചിമ ബംഗാളിലെ കൊൽക്കത്തയ്ക്കും ഹൗറയ്ക്കും ഇടയിൽ യാഥാർഥ്യമായിരിക്കുന്നത്.

കൊൽക്കത്ത – ഹൗറ അണ്ട‍ർ വാട്ടർ റെയിൽവേ ലൈൻ നൂറു വ‍ർഷങ്ങൾക്ക് മുൻപാണ് മുൻപോട്ടുവെച്ചത്. കൃത്യമായി പറഞ്ഞാൽ 1921ൽ. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എൻജിനീയറായ സ‍ർ ഹാ‍ർളി ഡൽറിംപിൾ ആണ് 1921ൽ കൊൽക്കത്തയിലൊരു അണ്ടർ വാട്ടർ റെയിൽവേ പാത എന്ന ആശയം മുൻപോട്ടുവെച്ചത്. വർഷം 100 പിന്നിട്ടെങ്കിലും ഒടുവിൽ അത് യാഥാർഥ്യമായതിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാം.

കിഴക്കൽ കൊൽക്കത്തയിലെ സെക്ട‍ർ വിയും സെൽദ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്ന കൊൽക്കത്ത മെട്രോയുടെ 9.2 കിലോമീറ്റ‍ർ ദൈർഘ്യമുള്ള ഗ്രീൽ ലൈനിലാണ് അണ്ടർ വാട്ടർ മെട്രോ ടണൽ ഉള്ളത്. ഗ്രീൽ ലൈനിലെ 4.8 കിലോമീറ്റ‍ർ നീളുന്ന ഹൗറ മൈതാൻ മുതൽ എസ്പ്ലനേഡ് വരെയുള്ള സ്ട്രെച്ചിലെ 520 മീറ്റ‍ർ നീളമുള്ള ടണൽ ആണ് ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്നത്. തികച്ചും എഞ്ചിനീയറിങ് വിസ്മയം. നദിക്കടിയിൽ 13 മീറ്റർ ആഴത്തിലാണ് പാത, ഭൂപ്രതലത്തിൽനിന്ന് 37 മീറ്ററും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പദ്ധതി നാടിന് സമർപ്പിക്കും.

അണ്ട‍ർ വാട്ടർ മെട്രോ ടണലിൻ്റെ പ്രത്യേകതകൾ

ഹൂഗ്ലി നദിയുടെ പടിഞ്ഞാറൻ തീരമായ ഹൗറ, കിഴക്കൻ തീരമായ സാൾട്ട് ലേക്ക് സിറ്റി എന്നീ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പാതയിലാണ് അണ്ടർ വാട്ടർ ടണൽ.
ഹൗറ മൈതാൻ – എസ്പ്ലനേഡ് സ്ട്രെച്ചിലാണ് അണ്ട‍ർ വാട്ടർ മെട്രോ ടണൽ സ്ഥിതിചെയ്യുന്നത്.
ഹൂഗ്ലി നദിക്കടിയിലാണ് ടണൽ നിർമിച്ചിരിക്കുന്നത്.
ഹൗറ – സാൾട്ട് ലേക്ക് സിറ്റി സ്റ്റേഷനുകൾക്കിടയിൽ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. അതിൽ മൂന്നെണ്ണം ഭൂമിക്കടിയിലാണ്.
പാതയുടെ 10.8 കിലോമീറ്ററാണ് ഭൂമിക്കടിയിലുള്ളത്.
ഇന്ത്യയിൽ ഏറ്റവും ആഴത്തിൽ സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനായി ഹൗറ സ്റ്റേഷൻ മാറും.
45 സെക്കൻഡ് കൊണ്ട് മെട്രോയ്ക്ക് 520 മീറ്റർ നീളുമുള്ള അണ്ടർ വാട്ടർ ടണൽ പിന്നിടാം.
കൊൽക്കത്ത മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് ആണ് നി‍ർവഹണ ഏജൻസി.
പാത ഗതാഗതയോഗ്യമാകുന്നതോടെ കൊൽക്കത്ത നഗരത്തിലെ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ കുറയുമെന്ന് പ്രതീക്ഷ

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

ഫേസ്ബുക്ക് ഡൗണായി; പരിഭ്രാന്തരായി ഉപയോക്താക്കള്‍

മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പ് ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഫേസ്ബുക്കിന് പുറമേ മെറ്റയുടെ ഇന്‍സ്റ്റഗ്രാമിനും, ത്രെഡിനും പ്രശ്നം ഉള്ളതായും റിപ്പോര്‍ട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫേസ്ബുക്ക് ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യുകയാണ് ഉണ്ടായത്. തുടര്‍ന്ന് ആര്‍ക്കും ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ഡൗണായ സൈറ്റുകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന സൈറ്റ് ഡൗണ്‍ ഡിക്ടക്ടറിലെ ഡാറ്റ പ്രകാരം മാര്‍ച്ച് 5 ചൊവ്വാഴ്ച വൈകീട്ട് 8.40 മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ്ബുക്ക് ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.

നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിവരം.

ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്ബനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.
.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുമോ?, വിപണിയില്‍ കനത്ത ഇടിവ്

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുമോ?, വിപണിയില്‍ കനത്ത ഇടിവ്

ഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഉടന്‍ തന്നെ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പേടിഎം ഓഹരിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിനിടെ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് പേടിഎം നേരിട്ടത്.

ജനുവരി 31നാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് അടക്കം പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 15ന് ശേഷമാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ലൈസന്‍സ് റദ്ദാക്കിയാല്‍ രണ്ടു പതിറ്റാണ്ടിനിടയില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ആദ്യ നടപടിയായി ഇത് മാറും.

വ്യാപാരത്തിനിടെ ഓഹരിക്ക് 403 രൂപ എന്ന നിലയിലേക്കാണ് പേടിഎം ഓഹരി ഇന്ന് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് 998.3 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലേക്ക് പേടിഎം ഓഹരി മുന്നേറിയിരുന്നു. റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 318.35 രൂപയിലേക്ക് ഓഹരിവില കുത്തനെ ഇടിയുന്നതിനും വിപണി സാക്ഷിയായി.

അതിനിടെ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുകയാണ്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 84 പോയിന്റ് നേട്ടത്തോടെ 73890 പോയിന്റിലേക്കാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി.

ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഫീസ് തര്‍ക്കം; ഇന്ത്യന്‍ മാട്രിമോണിയല്‍ ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ഡല്‍ഹി: ഫീസ് തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ മാട്രിമോണിയല്‍ ആപ്പുകള്‍ അടക്കം 10 കമ്പനി ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. സര്‍വീസ് ഫീയുമായി ബന്ധപ്പെട്ട് ഭാരത് മാട്രിമോണി അടക്കമുള്ള ആപ്പുകളാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്.

15% മുതല്‍ 30% വരെ ഈടാക്കുന്ന മുന്‍ സമ്പ്രദായം പൊളിച്ചുമാറ്റാന്‍ രാജ്യത്തെ ആന്റിട്രസ്റ്റ് അധികാരികള്‍ ഉത്തരവിട്ടതിന് ശേഷം, ഇന്‍-ആപ്പ് പേയ്മെന്റുകള്‍ക്ക് 11% മുതല്‍ 26% വരെ ഫീസ് ചുമത്തുന്നതില്‍ നിന്ന് ഗൂഗിളിനെ തടയാനുള്ള ചില ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകളുടെ ശ്രമങ്ങളാണ് തര്‍ക്കത്തില്‍ കലാശിച്ചത്. എന്നാല്‍, സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതിയുടേത് അടക്കം ജനുവരിയിലും ഫെബ്രുവരിയിലുമായി വന്ന രണ്ട് കോടതി തീരുമാനങ്ങള്‍ക്ക് ശേഷം ഫീസ് ഈടാക്കാനും ആപ്പുകള്‍ നീക്കം ചെയ്യാനുമുള്ള നടപടികളുമായി ഗൂഗിള്‍ മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.