തൊട്ടിലാണെന്ന് കരുതി അബദ്ധത്തില്‍ ഓവനില്‍ കിടത്തി; പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു; അമ്മ കസ്റ്റഡിയില്‍

തൊട്ടിലാണെന്ന് കരുതി അബദ്ധത്തില്‍ ഓവനില്‍ കിടത്തി; പിഞ്ചുകുഞ്ഞ് വെന്തുമരിച്ചു; അമ്മ കസ്റ്റഡിയില്‍

വാഷിങ്ടണ്‍: തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തില്‍ മൈക്രോവേവ് ഓവനില്‍ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു. യുഎസിലെ മിസോറിയില്‍ കന്‍സാസ് സിറ്റിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുഞ്ഞിന്റെ മരണത്തില്‍ മാതാവ് മരിയ തോമസിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയവര്‍ കുഞ്ഞിനെ പൊള്ളലേറ്റ് ചലനമറ്റ നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതായി അവര്‍ കണ്ടെത്തിയിരുന്നു. കുഞ്ഞ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

കുഞ്ഞ് ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിരുന്നു. വീട്ടില്‍നിന്ന് പുകയും ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുഞ്ഞിനെ എടുത്തുകൊണ്ടിരുന്ന മറിയ പെട്ടെന്ന് തൊട്ടിലാണെന്ന് കരുതി ഓവനില്‍ വച്ചാതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ മാനസികാവസ്ഥയിലെ പ്രശ്‌നമാകാം ഇത്തരത്തില്‍ ദുരന്തത്തിലേക്ക് നയിച്ചതെന്നും സുഹൃത്ത് പൊലീസിനോട് സൂചിപ്പിച്ചു. നിലവില്‍ ജാക്‌സണ്‍ കൗണ്ടി ഡിറ്റക്ഷന്‍ സെന്ററിലാണു യുവതിയുള്ളത്. ഇത് സംബന്ധിച്ച് കുടുതല്‍ വിശദീകരണം നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

‘രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്’: ചിത്രം പങ്കുവെച്ച് ശിൽപി

‘രാം ലല്ലയുടെ കണ്ണുകൾ കൊത്തിയത് സ്വര്‍ണ ഉളിയും വെള്ളി ചുറ്റികയുംകൊണ്ട്’: ചിത്രം പങ്കുവെച്ച് ശിൽപി

അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാം ലല്ലയുടെ വിഗ്രഹനിർമാണത്തിന് ഉപയോഗിച്ച സ്വർണ ഉളിയും വെള്ളി ചുറ്റികയും സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിരിക്കുകയാണ് ശില്പി അരുൺ യോഗിരാജ്. വിഗ്രഹത്തിൻ്റെ ജീവസ്സുറ്റ കണ്ണുകൾ കൊത്തിയ വെള്ളിച്ചുറ്റിക, സ്വർണ ഉളി എന്നിവയുടെ ചിത്രമാണ് അരുൺ യോഗിരാജ് തൻ്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ പങ്കുവെച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയുന്നു.

രാം ലല്ലയുടെ ദിവ്യമായ കണ്ണുകൾ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും പങ്കുവെക്കുന്നുവെന്നാണ് ശിൽപിയുടെ കുറിപ്പ്.കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അഞ്ചു വയസ്സുകാരനായ രാം ലല്ലയുടെ വിഗ്രഹം തയ്യാറാക്കിയത്.
താമരയിൽ നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്ന് തോന്നുന്നുവെന്നായിരുന്നു പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അരുൺ യോഗിരാജ് നടത്തിയ പ്രതികരണം.

കഴിഞ്ഞ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണ് വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചത്.38കാരനായ അരുൺ യോഗിരാജ് മൈസൂരു സ്വദേശിയാണ്. മൈസൂരു എച്ച്ഡി കോട്ടെയിലെ ചെറു ഗ്രാമമായ ബുജ്ജേഗൗധൻപുരയിൽ വെച്ചായിരുന്നു രാം ലല്ലയുടെ നിർമാണം നടത്തിയത്.

വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്‌സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു. ശേഷം അവിടെ തന്നെ ചിത്രകലാവിഭാഗം മേധാവിയായി 1992ല്‍ സ്വമേധയാപിരിയുന്നതുവരെ കഴിഞ്ഞു. ഭാര്യ ചമേലി. കുട്ടികള്‍ രാഹുലും സുജാതയും.

1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരം, 1993ല്‍ ഡല്‍ഹി സാഹിത്യകലാപരിഷത്തിന്റെ പരിഷത്ത് സമ്മാനം

വിശ്വഭാരതിയില്‍നിന്നും ഗഗനേന്ദ്രനാഥ് അഭനേന്ദ്രനാഥ് പുരസ്‌കാരം, കേരളസര്‍ക്കാറിന്റെ രാജാരവി വര്‍മ്മ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1978ലും 1980ലും ബുക്ക് ഇല്ലസ്‌റ്റ്രേഷന് ജപ്പാനില്‍നിന്നും ‘നോമ’ സമ്മാനത്തിന് അര്‍ഹനായി.

രാമചന്ദ്രനെക്കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ. ബിക്രം സിംഗ് അദ്ദേഹത്തെ കുറിച്ച് ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെക്കുറിച്ച് രാമചന്ദ്രന്‍ ഒരു പുസ്തകവും ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.

കർണാടക കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്

കർണാടക കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ ഇഡി റെയ്ഡ്. ബല്ലാരി എംഎൽഎ നര ഭരത് റെഡ്ഡിയുമായി ബന്ധമുള്ള ആറിടങ്ങളിലാണ് പരിശോധന. എംഎൽഎയുടെ ബല്ലാരി, ബെംഗളൂരുവിലെ വസതികൾ, ചെന്നൈയിലെ ഓഫീസ്, പിതാവിൻ്റെ ഓഫീസ്, അമ്മാവൻ പ്രത റെഡ്ഡിയുടെ വസതി, ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ ആറരയോടെയാണ് ബെംഗളൂരുവിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ബല്ലാരിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ പരിശോധന ആരംഭിച്ചത്. എംഎൽഎയുടെ കുടുംബത്തിന് കൊപ്പൽ ജില്ലയിലും ആന്ധ്രാപ്രദേശിലെ ഓംഗോൾ ജില്ലയിലും ഗ്രാനൈറ്റ് ക്വാറി വ്യാപാര സ്ഥാപനങ്ങൾ ഉണ്ട്. നേരത്തെ തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ബല്ലാരി നഗരത്തിലുടനീളം എംഎൽഎ പ്രഷർ കുക്കറുകൾ വിതരണം നടത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

പഴയ വാഹനങ്ങള്‍ വെറുതെ തൂക്കി വില്‍ക്കല്ലെ…, അവസാനം വെട്ടിലാവും!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

പഴയ വാഹനങ്ങള്‍ വെറുതെ തൂക്കി വില്‍ക്കല്ലെ…, അവസാനം വെട്ടിലാവും!; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: വീട്ടില്‍ തുരുമ്പു പിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ ആക്രി കച്ചവടക്കാര്‍ക്ക് തൂക്കി വില്‍ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. മോട്ടോര്‍ വാഹന നിയമപ്രകാരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ പഴയ വാഹനം തൂക്കി വില്‍ക്കുന്നത് ഭാവിയില്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

‘തൂക്കി വിറ്റ പഴയ വാഹനം റിപ്പയര്‍ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയില്‍ നിങ്ങള്‍ക്കായിരിക്കും. വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാവും. മാത്രമല്ല സമയാ സമയത്ത് സര്‍ക്കാരിലേക്ക് അടക്കേണ്ടതായ നികുതി ഒരു ബാധ്യതയായി നിങ്ങളുടെ മുന്നിലെത്താനും ഇത് വഴിവെക്കും. ഉപയോഗശൂന്യമായ വാഹനങ്ങള്‍ പൊളിച്ചു കളയാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസില്‍ ഒരു അപേക്ഷ നല്‍കുക.

സര്‍ക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ ഒടുക്കി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ച് ചേസിസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം, ആ ഉദ്യോഗസ്ഥന്‍ പ്രസ്തുത വാഹനം ഈ തീയതിയില്‍ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ നിയമപരമായി നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ആകും’- മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.

കുറിപ്പ്:

വെറുതെ തൂക്കി വില്‍ക്കല്ലെ…. അവസാനം വെട്ടിലാവും’

പഴയ സാധനങ്ങള്‍ ഉണ്ടോ?…… പഴയ പ്ലാസ്റ്റിക്, ഇരുമ്പ്, പേപ്പര്‍ കൊടുക്കാനുണ്ടോ?…

വീടുകള്‍ തോറും ഇങ്ങനെ പഴയ സാധനങ്ങള്‍ എടുക്കുന്നതിനായി ചെറിയ ഗുഡ്‌സ് വാഹനങ്ങളുമായി വരുന്ന ആളുകളെ കാണാന്‍ കഴിയും.ഇത്തരക്കാര്‍ക്കോ മറ്റു ആക്രി കച്ചവടക്കാര്‍ക്കോ നമ്മുടെ വീട്ടിലുള്ള പഴയ തുരുമ്പ് പിടിച്ച വാഹനങ്ങള്‍ നിങ്ങള്‍ നല്‍കാറുണ്ടോ?

തുച്ഛമായ വിലക്ക് ഇത്തരം വണ്ടികള്‍ നല്‍കുമ്പോള്‍ അതിന്റെ റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൃത്യമായി ക്യാന്‍സല്‍ ചെയ്തതിനു ശേഷമാണോ നിങ്ങള്‍ വില്‍ക്കാറുള്ളത് ? സാധ്യത ഇല്ല അല്ലെ?

മോട്ടോര്‍ വാഹന നിയമപ്രകാരം നമ്മുടെ പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്ത് ആര്‍സി ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ ഒരു പക്ഷേ നിങ്ങള്‍ വലിയ ഒരു പ്രശ്‌നത്തിലേക്ക് ചെന്ന് ചാടിയേക്കാം. നിങ്ങളുടെ ആ വാഹനം റിപ്പയര്‍ ചെയ്ത് മറ്റാരെങ്കിലും ഉപയോഗിച്ച് എന്തെങ്കിലും അപകടം സംഭവിച്ചാലോ, മറ്റേതെങ്കിലും ക്രിമിനല്‍ കുറ്റകൃത്യത്തിനുപയോഗിച്ചാലോ എല്ലാ ഉത്തരവാദിത്തവും വാഹന ഉടമ എന്ന നിലയില്‍ നിങ്ങള്‍ക്കായിരിക്കും. (വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാവും) മാത്രമല്ല സമയാ സമയത്ത് സര്‍ക്കാരിലേക്ക് അടക്കേണ്ടതായ നികുതി ഒരു ബാധ്യതയായി നിങ്ങളുടെ മുന്നിലെത്താനും ഇത് വഴിവെക്കും.

ഉപയോഗശൂന്യമായ വാഹനങ്ങള്‍ പൊളിച്ചു കളയാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആ വിവരം കാണിച്ച് ബന്ധപ്പെട്ട RT0/JRTO ഓഫീസില്‍ ഒരു അപേക്ഷ നല്‍കുക. സര്‍ക്കാരിലൊടുക്കേണ്ട ഏതെങ്കിലും നികുതി, പിഴ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ ഒടുക്കി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ അറിയിച്ച് ചേസിസ് നമ്പര്‍ എഞ്ചിന്‍നമ്പര്‍ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം, ആ ഉദ്യോഗസ്ഥന്‍ പ്രസ്തുത വാഹനം ഈ തീയതിയില്‍ പൊളിച്ചു കളഞ്ഞു എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതോടെ നിയമപരമായി നിങ്ങളുടെ വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ആകും

ഒടിപി സംവിധാനം മാറുന്നു; തട്ടിപ്പ് തടയാന്‍ പുതിയ പദ്ധതിയുമായി ആര്‍ബിഐ

ഒടിപി സംവിധാനം മാറുന്നു; തട്ടിപ്പ് തടയാന്‍ പുതിയ പദ്ധതിയുമായി ആര്‍ബിഐ

ഡല്‍ഹി: നിലവിലെ ഒടിപി വെരിഫിക്കേഷന്‍ സംവിധാനത്തിന് പകരം കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്ന സാങ്കേതികവിദ്യ നടപ്പാക്കാന്‍ റിസര്‍വ് ബാങ്ക് പദ്ധതിയിടുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ആധികാരികത കൈവരുന്നതിന് തത്വാധിഷ്ഠിത ചട്ടക്കൂടിന്
രൂപം നല്‍കാന്‍ ആര്‍ബിഐ ആലോചിക്കുന്നതായാണ് കഴിഞ്ഞദിവസം പണവായ്പാ നയപ്രഖ്യാപനത്തിനിടെ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞത്.

‘ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുരക്ഷിതമാക്കുന്നതിന് അഡീഷണല്‍ ഫാക്ടര്‍ ഓഫ് ഓതന്റിക്കേഷന്‍ (എഎഫ്എ) പോലുള്ള വിവിധ സംവിധാനങ്ങള്‍ റിസര്‍വ് ബാങ്ക് ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അതിനിടെ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി വളരെ ജനപ്രിയമായി. എന്നിരുന്നാലും, സാങ്കേതിക പുരോഗതിക്കൊപ്പം, സമീപ കാലങ്ങളില്‍ ആധികാരികത ഉറപ്പാക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതിനാല്‍, ഡിജിറ്റല്‍ പേയ്മെന്റുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ബദല്‍ സംവിധാനം സ്വീകരിക്കുന്നതിന് ഒരു തത്വാധിഷ്ഠിത ചട്ടക്കൂട് സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.’-ശക്തികാന്ത ദാസ് പറഞ്ഞു.

തത്വാധിഷ്ഠിത ചട്ടക്കൂടിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. അടുത്തിടെ ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് പുതിയ സുരക്ഷാ സംവിധാനത്തെ കുറിച്ച് ആര്‍ബിഐ ആലോചിച്ച് തുടങ്ങിയത്. 2022നും 23നും ഇടയില്‍ യുപിഐ ഇടപാടുകളുമായി ബന്ധപ്പെട്ട് 95000 തട്ടിപ്പുകള്‍ ആണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് ആര്‍ബിഐ ആലോചിച്ചത്.