കാമുകനെ സ്വന്തമാക്കാന്‍ വേണ്ടന്നുവച്ചത് 2500 കോടി; മലേഷ്യയില്‍ നിന്നൊരു പ്രണയകഥ

കാമുകനെ സ്വന്തമാക്കാന്‍ വേണ്ടന്നുവച്ചത് 2500 കോടി; മലേഷ്യയില്‍ നിന്നൊരു പ്രണയകഥ

കോലാലമ്പൂര്‍: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നാണ് പൊതുവെ പറയാറ്. ഇഷ്ടം സ്വന്തമാക്കാന്‍ എന്തും ഉപേക്ഷിക്കാന്‍ കമിതാക്കള്‍ തയ്യാറാകും. മലേഷ്യയില്‍ നിന്നുള്ള അത്തരമൊരു പ്രണയകഥയാണ് വാര്‍ത്തകളില്‍ നിറയുന്നത്. കാമുകനെ വിവാഹം കഴിക്കുന്നതിനായി പ്രമുഖ ബിസിനസുകാരന്റെ മകള്‍ 2500 കോടി രൂപയുടെ കുടുംബസ്വത്തുക്കളാണ് വേണ്ടെന്ന് വച്ചത്.

മലേഷ്യന്‍ വ്യവസായിയായ ഖൂകേ പെങ്ങിന്റെയും മുന്‍ മിസ് മലേഷ്യ പോളിങ് ചായ്‌യുടെയും മകളായ ആഞ്ചലിന്‍ ഫ്രാന്‍സിസ് കുടുംബ സ്വത്ത് ഉപേക്ഷിച്ചത്. മലേഷ്യയിലെ സമ്പന്നരില്‍ 44 സ്ഥാനത്താണ് ആഞ്ചലിന്റെ പിതാവ്. 300 മില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ കാമുകനുമായുള്ള വിവാഹത്തിന് കുടുംബം സമ്മതം നല്‍കിയില്ല. തുടര്‍ന്നാണ് ആഞ്ചലിന്‍ കോടികളുടെ സ്വത്ത് ഉപേക്ഷിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ആഞ്ചലിന്റെ പ്രണയം ആരംഭിക്കുന്നത്. അവിടെ വച്ച് കരീബിയന്‍ വംശജനായ ജെഡിയ ഫ്രാന്‍സിസിനെ കണ്ടുമുട്ടുന്നു. പരസ്പരം സുഹൃത്തുക്കളായ ഇവര്‍ പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇക്കാര്യം ആഞ്ചലിന്‍ പിതാവിനെ അറിയിക്കുന്നു. എന്നാല്‍ രണ്ടുകുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം ഉള്‍പ്പടെ ഒന്നും പിതാവ് അംഗീകരിച്ചില്ല. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

പ്രണയത്തിനായി ഉറ്റവരെയും കോടികളുടെ സ്വത്തുക്കളും ഉപേക്ഷിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. ജപ്പാനിലെ രാജകുമാരി തന്റെ കാമുകനെ സ്വന്തമാക്കുന്നതിനായി രാജപദവി തന്നെ ഉപേക്ഷിച്ചിരുന്നു.

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ മർദ്ദിച്ചു

ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രികൻ മർദിച്ചു. ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ഇൻഡിഗോ 6E 2175 വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം വൈകുമെന്ന് അറിയിച്ചതിനാലാണ് മർദ്ദനമേറ്റത്.

സഹിൽ കടാരിയ എന്ന യാത്രക്കാരാണ് പൈലറ്റിനെ മർദിച്ചത്. വ്യോമയാന സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചു. മഞ്ഞ ഹൂഡി ധരിച്ച യാത്രക്കാരൻ അപ്രതീക്ഷിതമായി വിമാനത്തിന്റെ പിന്നിൽ നിന്ന് പാഞ്ഞുകയറുകയും പൈലറ്റിനെ ഇടിക്കുകയുമായിരുന്നു.

തണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു

തണുത്ത് വിറച്ച് ഉത്തരേന്ത്യ; കടുത്ത മൂടല്‍മഞ്ഞ്, ദൃശ്യത പൂജ്യത്തിലേക്ക് താഴുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം അതിരൂകഷമായി തുടരുന്നു. ദൃശ്യപരിധി പലയിലങ്ങളിലും പൂജ്യമാണ്. ശൈത്യം റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ അതിശൈത്യത്തിനിടെ സ്കൂളുകൾ ഇന്ന് തുറക്കും.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, അംബാല, ചണ്ഡിഗഡ്, പാലം, സഫ്ദര്‍ജംഗ് (ന്യൂഡല്‍ഹി), ബറേലി, ലഖ്‌നൗ, ബഹ്‌റൈച്ച്, വാരണാസി, പ്രയാഗ്രാജ്, തേസ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ ശൈത്യകാലത്ത് ആദ്യമായി ദൃശ്യപരിമിതി പൂജ്യമായി രേഖപ്പെടുത്തിയതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഞായറാഴ്ച രാവിലെ ശരാശരി കുറഞ്ഞ താപനില ഏകദേശം 3 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞതോടെ ദേശീയ തലസ്ഥാനം തണുത്ത കാലാവസ്ഥയില്‍ വിറച്ചു. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് മേഖലയില്‍ 3.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.

അതുപോലെ, പാലത്തില്‍ 5.9 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 3.4 ഡിഗ്രി സെല്‍ഷ്യസും അയനഗറില്‍ 4.0 ഉം റിഡ്ജില്‍ 4.4 ഡിഗ്രി സെല്‍ഷ്യസും രാവിലെ 8:30ന് കുറഞ്ഞ താപനില.ഇന്ന് പുലര്‍ച്ചെ 5:30 ന് കങഉ ഡാറ്റ പ്രകാരം, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവയുടെ ഒറ്റപ്പെട്ട ഭാഗങ്ങളില്‍ വളരെ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് കാണപ്പെട്ടു.

വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു

വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു

ഡല്‍ഹി: വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുനവര്‍ റാണയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. മുനവര്‍ റാണയുടെ ഏറ്റവും പ്രശസ്തമായ ‘മാ’ എന്ന കവിത, ഉറുദു സാഹിത്യ ലോകത്തെ പ്രമുഖ കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്നു. 2014 ല്‍ ഷഹ്ദാബ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്; വൈകീട്ട് നാഗാലാന്‍ഡില്‍

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്; വൈകീട്ട് നാഗാലാന്‍ഡില്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിവസത്തിലേക്ക്. രാവിലെ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റില്‍ നിന്നാണ് ഇന്നത്തെ യാത്ര തുടങ്ങുക. ബസില്‍ യാത്ര ചെയ്യുന്ന രാഹുല്‍ ഗാന്ധി ആറു കിലോമീറ്ററോളം പദയാത്ര നടത്തും.

കാങ് പോങ്പിയിലും സേനാപതിയിലും രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി ചര്‍ച്ച നടത്തും. വൈകീട്ട് മാവോ ഗേറ്റില്‍ യാത്ര അവസാനിപ്പിക്കും. നാഗാലാന്‍ഡിലെ കുസാമ ഗ്രൗണ്ടിലാണ് രാഹുലും സംഘവും രാത്രി ചെലവഴിക്കുക. മണിപ്പൂരില്‍ ഒരു ദിവസം മാത്രമാണ് യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും വിമാനം പുറപ്പെടാന്‍ വൈകിയതിനാല്‍ ആരംഭിക്കാന്‍ വൈകിയതാണ് യാത്ര നീളാന്‍ ഇടയാക്കിയത്.

മണിപ്പൂരിലെ കലാപത്തില്‍ ഇരയായ കുട്ടികളോടൊപ്പം ആണ് രാഹുല്‍ ഗാന്ധി ഇന്നലെ ബസ്സില്‍ സഞ്ചരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനെ അനുഗമിക്കുന്നുണ്ട്. നാഗാലാന്‍ഡില്‍ രണ്ട് ദിവസമാണ് രാഹുല്‍ പര്യടനം നടത്തുക.

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കുന്നു; ശൗര്യസന്ധ്യയില്‍ പ്രതിരോധമന്ത്രി പങ്കെടുക്കും

ഡല്‍ഹി: രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കുന്നു. ലഖ്‌നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററില്‍ കരസേനാ ദിനത്തോട് അനുബന്ധിച്ച് സൈനിക പരേഡ് നടക്കും. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും.

മേജര്‍ ജനറല്‍ സലില്‍ സേതയുടെ നേതൃത്വത്തിലാണ് സൈനിക പരേഡ് നടക്കുന്നത്. 50-ാമത് പാരച്യൂട്ട് ബ്രിഗേഡ്, സിഖ് ലൈറ്റ് ഇന്‍ഫെന്‍ട്രി, ജാട്ട് റെജിമെന്റ്, ഗര്‍വാള്‍ റൈഫിള്‍സ്, ബംഗാള്‍ എഞ്ചിനീയര്‍ ഗ്രൂപ്പ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.

സേനയുടെ വിവിധ റെജിമെന്റുകളില്‍ നിന്നുള്ള ബാന്‍ഡ് സംഘങ്ങളും പരേഡിന്റെ ഭാഗമാകും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗലൂരുവിലെ എംഇഡി ആന്‍ഡ് സെന്റര്‍ പരേഡ് ഗ്രൗണ്ടിലായിരുന്നു കരസേനാ ദിനാചരണം. വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തിരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.