സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു. 77 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30 ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്.

1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ സംഗീതരംഗത്ത് അരങ്ങേറ്റം. 200 ലേറെ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കി. മലയാളത്തിലെ ആദ്യ ടെക്‌നോ മ്യൂസിഷ്യന്‍ എന്ന് വിശേഷിക്കപ്പെട്ടു. 1994 ല്‍ പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ദാദ ആണ് കെ ജെ ജോയ് അവസാനമായി സംഗീതമൊരുക്കിയ ചിത്രം.

ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ്. 18-ാമത്തെ വയസ്സില്‍ എംഎസ് വിശ്വനാഥന്റെ ഓര്‍ക്കസ്ട്ര ടീമില്‍ ചേര്‍ന്നു. പള്ളികളിലെ ഗായകസംഘത്തില്‍ സംഗീത ഉപകരണങ്ങള്‍ വായിച്ചായിരുന്നു തുടക്കം.

ഇവന്‍ എന്റെ പ്രിയപുത്രന്‍, ചന്ദനച്ചോല, ആരാധന, മുക്കുവനെ സ്‌നേഹിച്ച ഭൂതം, മദാലസ, ലിസ, സായൂജ്യം, ഇതാ ഒരു തീരം, അനുപല്ലവി, സര്‍പ്പം, ചന്ദ്രഹാസം, മനുഷ്യമൃഗം, കരിമ്പൂച്ച തുടങ്ങിയവ കെജെ ജോയ് സംഗീത സംവിധാനം നിര്‍വഹിച്ച സിനിമകളാണ്. 12 ഓളം ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.

കസ്തൂരി മാന്‍മിഴി, എന്‍ സ്വരം പൂവിടും, ഒരേ രാഗ പല്ലവി, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ, മറഞ്ഞിരുന്നാലും, കാലിത്തൊഴുത്തില്‍ പിറന്നവനേ തുടങ്ങിയവ കെ ജെ ജോയ് സംഗീതമൊരുക്കിയ ഹിറ്റ് ഗാനങ്ങളാണ്. സൂപ്പര്‍ താരം ജയന്റെ നിരവധി സിനിമകള്‍ക്ക് കെജെ ജോയ് സംഗീതമൊരുക്കി.

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്‌റ അറിയിച്ചു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്‌സിലെ കുറിപ്പില്‍ സൂചിപ്പിച്ചു.

കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്‌റ വ്യക്തമാക്കി. മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ മകനാണ്.

ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍; നിതീഷ് കുമാര്‍ കണ്‍വീനര്‍ സ്ഥാനം നിരസിച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന് യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നെങ്കിലും അദ്ദേഹം നിരസിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസില്‍ നിന്നൊരാള്‍ കണ്‍വീനറാകണമെന്ന് അദ്ദേഹം പറഞ്ഞതായാണ് സൂചന.

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെയും ഇക്കാര്യം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇരുവരും ഇന്നത്തെ യോഗത്തില്‍ സംബന്ധിച്ചിരുന്നില്ല. വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പ്രതിപക്ഷഐക്യം എങ്ങനെ ശക്തിപ്പെടുത്താമെന്നും സീറ്റ് പങ്കിടുന്നതുള്‍പ്പടെയുള്ള വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു.

സീറ്റ് വിഭജനം സംബന്ധിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് – ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും ധാരണയിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇരുപാര്‍്ട്ടി നേതാക്കാളും പങ്കുവച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ നേരിടാനുള്ള വിശാല പ്രതിപക്ഷ സഖ്യമാണ് ഇന്ത്യാമുന്നണി. മൂന്നാം തവണയും അധികാരം പിടിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്കു തടയിടുകയാണ് സഖ്യത്തിന്റെ ലക്ഷ്യം.

വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി

ഡല്‍ഹി: ഗുഡ്ഗാവ് ഹോട്ടലില്‍ വെടിയേറ്റ് മരിച്ച മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം ഹരിയാന കനാലില്‍ കണ്ടെത്തി. മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിലേക്ക് വലിച്ചെറിഞ്ഞ് പ്രതികള്‍ അയല്‍ സംസ്ഥാനത്തേക്ക് കടന്നതായും പൊലീസ് പറഞ്ഞു.

ഹരിയാനയിലെ തോനയില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും ദിവ്യയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

കേസിലെ പ്രതികളിലൊരാളായ ബല്‍രാജ് ഗില്ലിനെ വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹത്തെക്കുറിച്ച് സൂചന ലഭിച്ചത്.

2016 ല്‍ അധോലോക നേതാവും കാമുകനുമായിരുന്ന സന്ദീപ് ഗദോലിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഏഴു വര്‍ഷം ജയിലായിരുന്നു ദിവ്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്.

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭാ അത്രെ അന്തരിച്ചു

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

ഹൃദയസ്തംഭനത്തെ തുർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. പൂനെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബർ 13നായിരുന്നു ജനനം. സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

പൊങ്കല്‍ സമ്മാനമായി ലഭിച്ച ആയിരം രൂപ നല്‍കിയില്ല; അമ്മയെ അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു

പൊങ്കല്‍ സമ്മാനമായി ലഭിച്ച ആയിരം രൂപ നല്‍കിയില്ല; അമ്മയെ അമ്മിക്കല്ലുകൊണ്ട് അടിച്ചുകൊന്നു

തെങ്കാശി: പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ ആയിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തിപ്പനംപട്ടി ഗ്രാമവാസിയായ എസ് ശിവന്തിപ്പൂവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്‍പതുകാരനായ മകനെ മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ധക്യകാല പെന്‍ഷന്‍ ആവശ്യപ്പെട്ട് മുരുകന്‍ അമ്മയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും അമ്മയുടെ പേരിലുള്ള വീട് തന്റെ പേരിലാക്കാണമെന്നും മുരുകന്‍ നിര്‍ബന്ധിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. വ്യാഴാഴ്ച പൊങ്കലിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപ ശിവന്തിപ്പൂവിന് ലഭിച്ചിരുന്നു.

മുരുകന്‍ ഈ പണം ആവശ്യപ്പെട്ടത് വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് പണം നല്‍കാന്‍ തയ്യാറാവാതിരുന്ന അമ്മയെ മുരുകന്‍ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും അമ്മികല്ലുകൊണ്ട് തലയില്‍ ഇടിക്കുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ്് പൊലീസ് സ്ഥലത്തെത്തി. വയോധികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തെങ്കാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.