സീറ്റ് വിഭജന ചര്‍ച്ച: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാമെന്ന് ആംആദ്മി

സീറ്റ് വിഭജന ചര്‍ച്ച: ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് നല്‍കാമെന്ന് ആംആദ്മി

ഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായി ആം ആദ്മിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി നടന്ന സഖ്യചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെച്ചത്. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചര്‍ച്ചയാണിത്.

ഡല്‍ഹിയിലും പഞ്ചാബിലും സീറ്റ് വിട്ടുതരുന്നതിന് പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്നും എഎപി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയില്‍ മൂന്നും ഗുജറാത്തിലും ഗോവയിലും ഓരോ വീതം സീറ്റുമാണ് എഎപി ആവശ്യപ്പെട്ടത്. 10 ലോക്‌സഭാ സീറ്റുള്ള ഹരിയാനയില്‍ കൂടുതല്‍ സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കൂടാതെ 13 സീറ്റുള്ള പഞ്ചാബില്‍ 6 സീറ്റില്‍ മത്സരിക്കണമെന്നാണ് ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്.

2019-ല്‍ പഞ്ചാബില്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍, സഖ്യത്തിനായി ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന നിലപാടിലാണ് ദേശീയനേതൃത്വം.

‘ബില്‍കിസിന് നീതി ലഭിച്ചു’; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് സാക്ഷി

‘ബില്‍കിസിന് നീതി ലഭിച്ചു’; സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് സാക്ഷി

ഡല്‍ഹി: ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേസിലെ സാക്ഷി. ബില്‍കിസ് ബാനുവിനെ നീതി ലഭിച്ചുവെന്ന് കേസിലെ സാക്ഷിയായ അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ദേവ്ഗഥ് ബാരിയ ഗ്രാമത്തിലെ ബില്‍കിസിന്റെ ബന്ധുക്കള്‍ സുപ്രീംകോടതി വിധിയില്‍ പടക്കം പൊട്ടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.

ബാനുവിന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കി, പ്രതികളോട് കീഴടങ്ങാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി വിധിയില്‍ വളരെ സന്തോഷമുണ്ട്. അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. സംഭവത്തിന് ഞാന്‍ സാക്ഷിയാണ്.

കേസിലെ 11 പ്രതികളെയും മഹാരാഷ്ട്ര കോടതി ശിക്ഷിച്ചതാണ്. ഈ പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച നടപടി തെറ്റാണ്. അതാണ് കോടതിയില്‍ ചോദ്യം ചെയ്തത്. സുപ്രീംകോടതി വിധി വളരെയധികം സന്തോഷം തരുന്നുവെന്നും അബ്ദുള്‍ റസാഖ് മന്‍സുരി പറഞ്ഞു. ബില്‍കിസിന്റെ ബന്ധുക്കള്‍ താമസിക്കുന്ന ദേവ്ഗഥ് ബാരിയ ഗ്രാമത്തിലാണ് മന്‍സുരിയും താമസിക്കുന്നത്. സുപ്രീംകോടതി വിധി ടെലിവിഷനില്‍ കണ്ടതിനു പിന്നാലെ ബന്ധുക്കള്‍ പടക്കം പൊട്ടിച്ച് കോടതി വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു.

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്, ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സുരക്ഷാസേനയുടെ ബാരക്കുകള്‍ ലക്ഷ്യമിട്ട് ബോംബെറുണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അസം റൈഫിള്‍, ബിഎസ്എഫ്, സംസ്ഥാന പോലീസ് കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകള്‍ തിരിച്ചടിച്ചു.
മ്യാന്‍മര്‍ അതിര്‍ത്തിയായ ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ സംഘത്തെ ലക്ഷ്യമിട്ട് സമാനമായ രീതിയില്‍ വെടിവയ്പ് ഉണ്ടായിരുന്നു.

തെങ്നൗപാല്‍ ജില്ലയിലെ അതിര്‍ത്തി പട്ടണത്തില്‍ ജനുവരി 2 നാണ് വെടിവയ്പ് നടന്നത്. ഇതില്‍ ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. മോറെയിലെ ആക്രമണത്തില്‍ മ്യാന്‍മറില്‍ നിന്നുള്ള വിദേശ കൂലിപ്പടയാളികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു

സൈബര്‍ തട്ടിപ്പ്; രണ്ട് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

സൈബര്‍ തട്ടിപ്പ്; രണ്ട് ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹി: രാജ്യാന്തര ഇ- സിം സേവനം നല്‍കുന്ന രണ്ടു ഇ- സിം ആപ്പുകള്‍ നീക്കം ചെയ്ത് പ്രമുഖ ടെക് കമ്പനികളായ ഗൂഗിളും ആപ്പിളും. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നുമാണ് ആപ്പുകള്‍ നീക്കം ചെയ്തത്. സൈബര്‍ തട്ടിപ്പ് തടയാന്‍ Airalo, Holafly ആപ്പുകള്‍ നീക്കം ചെയ്യാനാണ് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിച്ചത്. ഇതിന് പുറമേ ഈ രണ്ടു ആപ്പുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടും ടെലികോം കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സര്‍ക്കാര്‍ പരാജയപ്പെട്ടു; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി; ഇടപെടുമെന്ന് ഗവര്‍ണര്‍

സര്‍ക്കാര്‍ പരാജയപ്പെട്ടു; ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി; ഇടപെടുമെന്ന് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധിയെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ്. നിയമവിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും ആനന്ദബോസ് പറഞ്ഞു.

‘വിനാശകാലേ വിപരീത ബുദ്ധി എന്ന പറഞ്ഞ നിലയിലാണോ ബംഗാള്‍ സര്‍ക്കാര്‍ നീങ്ങുന്നതെന്ന് സംശിയിക്കേണ്ടിയിരിക്കുന്നു. ഭരണാഘടനാപരമായ പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് പറയുന്നത് മാധ്യമങ്ങള്‍ മാത്രമല്ല. കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി തന്നെ ഇക്കാര്യം പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ നടക്കുന്നതെന്തെന്ന് ജനങ്ങളും ജ്യൂഡിഷ്യറിയും ശ്രദ്ധിക്കുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഭരണഘടനപ്രതിസന്ധിയുണ്ടായാല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ഇടപെടും. ശക്തമായ തീരുമാനമെടുക്കുമെന്ന് ആനന്ദബോസ് പറഞ്ഞു.

ഒരുപരിഷ്‌കൃത സര്‍ക്കാരിന്റെ കര്‍ത്തവ്യം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നതാണ്. ആ കൃത്യനിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് നിഗമനം. മേല്‍ നടപടിയെന്ത് നിയമവിദഗ്ധരുമായി ആലോചിച്ച് ഭരണഘടനയ്ക്ക് അനുസൃതമായി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു’- ആനന്ദബോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.