ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ 5 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ 5 പുതിയ വിമാനത്താവളങ്ങള്‍ കൂടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒരുമാസത്തിനുള്ളില്‍ അഞ്ച് വിമാനത്താവളങ്ങള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അയോധ്യയില്‍ നിന്ന്‌ അഹമ്മദാബാദിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അയോധ്യ വിമാനത്താവളം വികസിപ്പിക്കുകയും റണ്‍വെ നീട്ടുകയും ചെയ്യുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനും അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പടെ നടത്താനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

അയോധ്യയിലെ മഹര്‍ഷി വാത്മീകി വിമാനത്താവളം കഴിഞ്ഞ ഡിസംബര്‍ 30നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. അന്നേദിവസം ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അയോധ്യയിലേക്ക് സര്‍വീസ് നടത്തിയിരുന്നു

ഉത്തര്‍പ്രദേശില്‍ ഒരു മാസത്തിനുള്ളില്‍ അഞ്ച് പുതിയ വിമാനത്താവളങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇതോടെ സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ എണ്ണം 19 ആയി ഉയരുമെന്നും മന്ത്രി പരഞ്ഞു. അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളിലാണ് പുതിയ വിമാനത്താവളങ്ങള്‍ വരുന്നത്.

സോഡാ കുപ്പിയുടെ അടപ്പ് തെറിച്ചു വീണത് യുവാവിന്റെ കണ്ണില്‍; കാഴ്ച നഷ്ടപ്പെട്ടു

സോഡാ കുപ്പിയുടെ അടപ്പ് തെറിച്ചു വീണത് യുവാവിന്റെ കണ്ണില്‍; കാഴ്ച നഷ്ടപ്പെട്ടു

മുംബൈ: സോഡാ കുപ്പിയുടെ അടപ്പ് തുളച്ചുകയറി യുവാവിന്റെ കണ്ണിന്റെ കാഴ്ച കുറഞ്ഞു. സംഭവത്തില്‍ സോഡ വില്‍പ്പനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയില്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സിദ്ധേഷ് സാവന്തിന്റെ കണ്ണിനാണ് ഗുരുതരമായി പരിക്കേറ്റത്.

മുംബൈ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അത്യപൂര്‍വ്വ സംഭവം ഉണ്ടായത്. സോഡാ കുപ്പിയുടെ അടപ്പ് തുറക്കുന്നതിനിടെ, തെറിച്ചുവീണ അടപ്പ് സിദ്ധേഷിന്റെ കണ്ണില്‍ തറയ്ക്കുകയായിരുന്നു. ഇടതുകണ്ണിലാണ് ഗുരുതരമായി പരിക്കേറ്റത്.

ക്രിസ്മസ് ന്യൂഇയര്‍ അവധി കൂട്ടുകാര്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാന്‍ മുംബൈയില്‍ എത്തിയ സമയത്താണ് അപകടം സംഭവിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടയിലെത്തിയ സാവന്ത് മൂന്ന് സോഡയ്ക്ക് ഓര്‍ഡര്‍ നല്‍കി. സോഡാ കുപ്പികള്‍ ശക്തിയായി കുലുക്കിയ ശേഷം തുറക്കുമ്പോഴാണ് അപകടം ഉണ്ടായത്. ആദ്യ രണ്ടു കുപ്പികള്‍ തുറന്ന് സോഡ ഗ്ലാസില്‍ പകര്‍ന്നു.

മൂന്നാമത്തെ കുപ്പി തുറക്കുന്നതിനിടെ, തെറിച്ചുവീണ മെറ്റല്‍ അടപ്പ് സാവന്തിന്റെ ഇടതുകണ്ണില്‍ തറയ്ക്കുകയായിരുന്നു. കണ്ണില്‍ ആന്തരിക രക്തസ്രാവവും കടുത്ത വേദനയും അനുഭവപ്പെട്ടതോടെ, ഉടന്‍ തന്നെ കൂട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. കണ്ണിന്റെ കാഴ്ച പൂര്‍ണമായി ലഭിക്കുന്നതിന് സാവന്ത് ചികിത്സ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് സോഡ കച്ചവടം നടത്തുന്ന വിശ്വനാഥ് സിങ്ങിനെതിരെ കേസെടുത്തു.

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ 16 ന് റോഡ് ഷോ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; കൊച്ചിയില്‍ 16 ന് റോഡ് ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയില്‍ റോഡ് ഷോയില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് പ്രധാനമന്ത്രി മടങ്ങിപ്പോകും.

ജനുവരി മൂന്നിന് ബിജെപിയുടെ മഹിള സംഗമം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തിയിരുന്നു. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിക്കായി തൃശൂരില്‍ എത്തിയ നരേന്ദ്ര മോദി റോഡ് ഷോ നടത്തിയ ശേഷമാണ് വേദിയിലെത്തിയത്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററിലായുള്ള റോഡ് ഷോയില്‍ ആയിരങ്ങളെയാണ് മോദി അഭിവാദ്യം ചെയ്തത്.

ദളിത്‌ യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

ദളിത്‌ യുവാവിനെ വിവാഹം ചെയ്തു; 19 കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു

തമിഴ്നാട്ടിൽ 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂരിലാണ് ​​ദുരഭിമാനക്കൊല അരങ്ങേറിയത്. ദളിത് യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് യുവതിയെ ബന്ധുക്കൾ തന്നെ ചുട്ടുക്കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ‍ിസംബർ 31നാണ് നവീനും ഐശ്വര്യയും വിവാഹിതരായത്. വിവാ​ഹത്തിന് ശേഷം തിരുപ്പൂരിലെ വീരപാണ്ടിയിൽ ഇരുവരും വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. തിരുപ്പൂരിലെ വസ്ത്രനിർമാണ കമ്പനിയിലെ ജീവനക്കാരനാണ് നവീൻ. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വര്യയുടെ അച്ഛൻ പെരുമാൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് ഐശ്വര്യയെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. നവീൻ പൊലീസിനെ സമീപിച്ചപ്പോൾ ഐശ്വര്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നാണ് മറുപടി നൽകിയത്. അടുത്തദിവസം നവീൻ അറിയുന്നത് ഐശ്വര്യ പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയാണ്. തുടർന്ന് കുടുംബത്തിനെതിരെ പൊലീസീൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്.

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു.

ഇത് അപകടമാണോ ആക്രമണമാണോ എന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരംആറു മണിയോടെയായിരുന്നു സംഭവം. അപകടം നടക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍
വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല.

കഴിഞ്ഞ മാസം 17 ന് ജോ ബൈഡന് അകമ്പടി പോയ കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് കയറിയിരുന്നു. ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഡൗണ്‍ടൗ
ണിലാലിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തത്.

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള വർദ്ധനവ് ഉൾപ്പെടെ ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദീർഘദൂര ബസ്സുകൾ അടക്കം സർവീസ് നടത്തുന്നില്ല. സംസ്ഥാനത്തിനകത്തും പുറത്തേക്കും സ്വകാര്യ ബസ്സുകൾ 24 മണിക്കൂറും സർവീസ് നടത്തണമെന്ന് സ്വകാര്യ ബസ്സുകൾ അറിയിച്ചു.

കഴിഞ്ഞദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തൊഴിലാളി സംഘടനകൾ തീരുമാനിച്ചത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത പെൻഷൻകാർക്ക് അനുവദിക്കണമെന്നതാണ് സമര സംഘടനകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. സർവീസിലുള്ളവർക്ക് പൊങ്കലിന് മുമ്പ് പെൻഡിംഗ് ഡിഎ അനുവദിക്കുക, 15-ാം വേതന പരിഷ്കരണ ഉടമ്പടി പ്രകാരം വർദ്ധിപ്പിച്ച വേതനം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കുക എന്നിവയാണ് യൂണിയനുകളുടെ മറ്റ് ആവശ്യങ്ങൾ.