പുതിയ കോവിഡ് വകഭേദത്തെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന

പുതിയ കോവിഡ് വകഭേദത്തെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന

ജനീവ: പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1നെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. ജെഎന്‍.1 വകദേഭം ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസ്സിലാണ് ആദ്യം കണ്ടെത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഐന്‍.1 ആഗോളതലത്തില്‍ വലിയ അപകടസാധ്യത ഉയര്‍ത്തുന്നില്ലെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.

കോവിഡിനെതിരെയുള്ള നിലവിലെ വാക്സിനുകള്‍ ജെഎന്‍.1-ല്‍ നിന്നുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷിക്കുമെന്ന് യുഎന്‍ ഏജന്‍സി പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ 8 വരെ യുഎസില്‍ ഏകദേശം 15% മുതല്‍ 29% വരെ കേസുകളില്‍ ജെ.എന്‍.1 ആണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ആഴചയില്‍ ജെഎന്‍.1 കാരണം ചൈനയില്‍ ഏഴോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കേരളത്തിലും പുതിയ വേരിയന്റ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.

നിലവിലെ വ്യാപനത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍
ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് കണക്കുകള്‍ നല്‍കാനും രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കുകയും സ്വീകരിക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചും ലോകാരോഗ്യ സംഘടന കോവിഡ് -19 സാങ്കേതിക മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവിന്റെ വീഡിയോ ഡബ്ല്യുഎച്ച്ഒ പങ്കുവെച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്;  അഞ്ചംഗ സഖ്യസമിതി; മുകുള്‍ വാസ്‌നിക് കണ്‍വീനര്‍

ലോക്‌സഭാ തെരഞ്ഞടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; അഞ്ചംഗ സഖ്യസമിതി; മുകുള്‍ വാസ്‌നിക് കണ്‍വീനര്‍

ഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന നടക്കുന്ന പൊതു തെരഞ്ഞടുപ്പിന് മുന്നോടിയായി ദേശീയ സഖ്യസമിതി രൂപികരിച്ച് കോണ്‍ഗ്രസ്. അഞ്ചംഗങ്ങളുള്ള സഖ്യസമിതിയുടെ കണ്‍വീനര്‍ മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് ആണ്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, മോഹന്‍ പ്രകാശ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന്റെ എല്ലാ വശങ്ങളും സമിതി പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ജാഗ്രത നിര്‍ദേശം

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, ജാഗ്രത നിര്‍ദേശം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് 47 കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ടീമിന് കനത്ത സുരക്ഷ. ടീം താമസിക്കുന്ന ഹോട്ടലിന്റെ പ്രധാന വാതിലിന്റെ തൊട്ടരികിലാണ് കൊലപാതകം നടന്നത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനെത്തിയ ടീമിനോട് ഷെഡ്യൂള്‍ ചെയ്ത രണ്ട് മത്സരങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഗോള്‍ഫ് റൗണ്ട്, തിങ്കളാഴ്ച രാവിലെ ഒരു പരിശീലന സെഷന്‍ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് സുരക്ഷ ഉദ്യേഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അഞ്ച് ട്വന്റി 20കളുടെ പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പ്രാദേശിക സമയം തിങ്കളാഴ്ച വെളിപ്പിന് 1.20 ഓടോയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് കൊലപാതകം നടന്നത്. സംഭവത്തില്‍ 47 വയസുകാരനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ സമീപ വര്‍ഷങ്ങളില്‍ തോക്കുകള്‍ കൊണ്ടുള്ള കുറ്റകൃത്യം വര്‍ധിച്ചിരുന്നു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് വലിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനവും തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെ തുടര്‍ന്നുള്ള മരണ കണക്കില്‍ 11മത്തെ സ്ഥാനവുമാണ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്കുള്ളത്.

ചൈനയിൽ വൻ ഭൂചലനം

ചൈനയിൽ വൻ ഭൂചലനം

ചൈനയിൽ വൻ ഭൂചലനം. നൂറിലധികം പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഗാൻസു, ക്വിങ്ഹായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഇരുന്നൂറോളം പേർക്ക് പരുക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം.

ജല വൈദ്യുത ബന്ധം തകരാറിലാണ്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി.ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ ഭൂകമ്പങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. ഓഗസ്റ്റിൽ, കിഴക്കൻ ചൈനയിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 23 പേർക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.

നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തണമെന്ന് പ്രസിഡന്റ് നിർദേശം നൽകിയതായി എപി റിപ്പോർട്ട് ചെയ്യുന്നു. ക്വിങ്ഹായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി.

ദാവൂദ് ഇബ്രാഹിമിനെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദാവൂദ് ഇബ്രാഹിമിനെ​ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ വിഷബാധയേറ്റതിനെ തുടര്‍ന്ന് ദാവൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നോ അതിനെക്കുറിച്ചുള്ള വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.

കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയാണ് ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ കഴിയുന്നത്. ആശുപത്രിയിലെ ഒരു നില മുഴുവന്‍ ഇതിനായി സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ നിന്ന് മറ്റ് രോഗികളെയും ജീവനക്കാരെയുമെല്ലാം മാറ്റി.

ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് ഈ നിലയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദാവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിക്കാന്‍ മുംബൈ പൊലീസ് ശ്രമം തുടങ്ങിയിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ദാവൂദിൻ്റെ തലയ്ക്ക് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിട്ടിരിക്കുന്നത്. ഇതിനിടെ, ദാവൂദിന് വിഷബാധയേറ്റതിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന പ്രചാരണം ശക്തമായതോടെ പാകിസ്ഥാനിൽ ഇൻ്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തി.

വനിതാ സംവരണ ബില്‍ അടുത്ത വര്‍ഷത്തെ സെന്‍സസിനു ശേഷം നടപ്പാക്കും:  നിര്‍മല സീതാരാമന്‍

വനിതാ സംവരണ ബില്‍ അടുത്ത വര്‍ഷത്തെ സെന്‍സസിനു ശേഷം നടപ്പാക്കും: നിര്‍മല സീതാരാമന്‍

ഡല്‍ഹി: 2024 ലെ സെന്‍സസിന് ശേഷം വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വാസം മൂലമാണ് വനിതാ ബില്‍ യാഥാര്‍ത്ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ മൂഡ്ബിദ്രിയില്‍ റാണി അബ്ബക്കയുടെ പേരിലുള്ള തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പോരാടിയ പതിനാറാം നൂറ്റാണ്ടിലെ രാജ്ഞി റാണി അബ്ബക്കയുടെ ധീരതയെ പ്രശംസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അറിയപ്പെടാത്ത നിരവധി പേരുണ്ടെന്നും അവരുടെ സംഭാവനകള്‍ രേഖപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സര്‍ക്കാര്‍ 14,500 കഥകളുള്ള ഒരു ഡിജിറ്റല്‍ ഡിസ്ട്രിക്റ്റ് ശേഖരം സമാഹരിച്ചിട്ടുണ്ടെന്നും ഇതില്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, ഭരണഘടനാ അസംബ്ലിയിലെ സ്ത്രീകള്‍, സ്വാതന്ത്ര്യ സമരത്തിലെ ആദിവാസി നേതാക്കള്‍ എന്നിവയെക്കുറിച്ചുള്ള മൂന്ന് പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം തയ്യാറെടുക്കുകയാണ്. തീരദേശ കര്‍ണാടകയില്‍ റാണി അബ്ബക്കയുടെ പേരില്‍ സ്‌കൂള്‍ തുറക്കാന് ആലോചനയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.