by Midhun HP News | Dec 13, 2023 | Latest News, ദേശീയ വാർത്ത
കവരത്തി: വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം പ്രഖ്യാപിച്ച്, കേരളത്തിന്റെ എസ് സി ഇ ആര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാന്‍ ലക്ഷദ്വീപ് ഭരണകൂടം. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകളും മലയാളത്തില്‍ നിന്ന് സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറാനാണ് നിര്‍ദേശം.
അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകള്‍ സിബിഎസ്ഇ സിലബസിലേക്ക് മാറാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്നലെ ഉത്തരവിറക്കി. മലയാളം കരിക്കുലത്തില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്കാണ് നിര്‍ദ്ദേശം.
ഒന്നാം ക്ലാസ് മുതല്‍ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവില്‍ 9,10 ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാണ് നടപടിയെന്നാണ് ഉത്തവില്‍ പറയുന്നത്.
by Midhun HP News | Dec 13, 2023 | Latest News, ദേശീയ വാർത്ത
ഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീംകോടതിയിൽ. കേന്ദ്ര സർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന് എതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചു.
കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ വായ്പ പരിധിവെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.
കേരളത്തിന് ഇത്തവണ 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയിൽനിന്ന് കടമെടുക്കാനാവൂയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 28,550 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചത്. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. തുടർന്നാണ് കേടതിയെ സമീപിച്ചത്.
by Midhun HP News | Dec 12, 2023 | Latest News, ദേശീയ വാർത്ത
ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്.
ഇത് പ്രകാരം ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം ആണ് ഡിസംബർ 18ന് ഈ അവധി നൽകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Dec 12, 2023 | Latest News, ദേശീയ വാർത്ത
പുനെ: കോവിഡ് ഉപവകഭേദമായ ജെഎന്‍.1 കേരളത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് പിറോള(ബിഎ.2.86)യുടെ പിന്‍ഗാമിയാണിത്. ജീനോം നിരീക്ഷണത്തിലാണ് ജെഎന്‍.1 സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയത്.
ഐഎന്‍എസ്എസിഒജി യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ (ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യം) കേരളത്തില്‍ ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
കേരളത്തില്‍ കോവിഡ് കേസുകളുടെ സമീപകാല വര്‍ധനവിന് ജെഎന്‍.1 കാരണമാകുമെന്ന് നാഷണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോചെയര്‍മാന്‍ ഡോ രാജീവ് ജയദേവന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കോവിഡ് സജീവ കേസുകളുടെ എണ്ണം 938 ആയി ഉയര്‍ന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 768 ആണ്.
‘ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകള്‍ താരതമ്യേന കുറവാണ്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതുകൊണ്ടാണ് കേരളത്തില്‍ കാണപ്പെടുന്ന ജെഎന്‍.1 വേരിയന്റ് ഉള്‍പ്പെടെ ഇന്ത്യയിലെ ഏത് പുതിയ വകഭേദത്തിന്റെയും വ്യാപനം കണ്ടെത്താന്‍ കഴിയുന്നത്. നിലവില്‍, ഈ ഉപവകഭേദം ഇന്ത്യയില്‍ അപകടകരമായി കാണുന്നില്ല. യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ അപേക്ഷിച്ച് ഇന്ത്യയില്‍ കോവിഡ് വൈറസിന്റെ സ്വഭാവത്തില്‍ വലിയ വ്യത്യാസമുണ്ട്.
അതേസമയം ഇന്ത്യയില്‍ ശൈത്യകാലത്ത് ചില മാറ്റങ്ങളുണ്ട്, ഈ സീസണില്‍ ശ്വസന വൈറസുകള്‍ ഏറ്റവും സജീവമാണ്. കോവിഡ് കേസുകളുടെ സമീപകാല വര്‍ദ്ധനയ്ക്ക് പിന്നിലെ ഒരു കാരണവും ഇത് ആയിരിക്കാം. ഐഎന്‍എസ്എസിഒജി കോ ചെയര്‍മാന്‍ എന്‍ കെ അറോറ പറഞ്ഞു
by Midhun HP News | Dec 12, 2023 | Latest News, ദേശീയ വാർത്ത
സിഡ്‌നി: വിദേശത്ത് ജോലിയും പഠനവും സ്വപ്‌നം കാണുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി ഓസ്‌ട്രേലിയ വിസ ചട്ടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്റെ പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെയും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും വരവ് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പ്രധാനമായി ആലോചിക്കുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇവരുടെ പ്രാതിനിധ്യം പകുതിയായി കുറയ്ക്കുകയാണ് വിസ ചട്ടങ്ങള്‍ കടുപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിലവിലെ കുടിയേറ്റത്തില്‍ പാളിച്ചകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓസ്‌ട്രേലിയ കടുത്ത നടപടികളിലേക്ക് കടക്കുന്നത്. 2022-23 വര്‍ഷത്തില്‍ കുടിയേറ്റം അഞ്ചുലക്ഷം കടക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2024-25, 2025-26 വര്‍ഷങ്ങളില്‍ ഇത് ഏകദേശം രണ്ടരലക്ഷമായി കുറച്ച് കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
നിലവില്‍ കുടിയേറ്റത്തില്‍ നല്ലൊരു പങ്കും വിദേശത്ത് നിന്നുള്ള വിദ്യാര്‍ഥികളാണ്. കഴിഞ്ഞ വര്‍ഷം നിര്‍ണായക മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഓസ്‌ട്രേലിയ സ്വീകരിച്ചത്. നിര്‍ണായക മേഖലകളുടെ വളര്‍ച്ച ലക്ഷ്യമിട്ടായിരുന്നു തീരുമാനം. കോവിഡ് കാലത്ത് കുടിയേറ്റത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോവിഡ് മാറിയ പശ്ചാത്തലത്തില്‍ വ്യാവസായിക വളര്‍ച്ച മുന്നില്‍ കണ്ടാണ് ഇളവ് നല്‍കിയത്. എന്നാല്‍ കുടിയേറ്റം സുസ്ഥിരമാക്കാന്‍ പുറത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇംഗ്ലീഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന തരത്തിലാണ് നയത്തില്‍ മാറ്റം വരുത്തുക. കൂടാതെ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ കാലം കഴിയാന്‍ അനുവദിക്കുന്ന ക്രമീകരണങ്ങളും അവസാനിപ്പിക്കും.
by Midhun HP News | Dec 11, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതിനു ശേഷവും ജമ്മു കശ്മീരിന് പരമാധികാരമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു.
ഇന്ത്യയുമായുള്ള ജമ്മു കശ്മീരിന്റെ കൂടിച്ചേരല്‍ സുഗമമാക്കാന്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് ഭരണഘടനയുടെ 370ാം അനുഛേദമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അത് മാറ്റത്തിനു വിധേയമാണ്. ജമ്മു കശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേന്ദ്ര നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ പരസ്പരം യോജിക്കുന്ന മൂന്നു വിധിന്യായങ്ങളാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി 2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. ഈ രണ്ടു നടപടികളെയും ചോദ്യം ചെയ്തുള്ള 23 ഹര്‍ജികളാണ്, ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര നടപടിയെ അനുകൂലിച്ച് കക്ഷി ചേര്‍ന്നവര്‍ക്കും വേണ്ടി അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണിയുടെ നേതൃത്വത്തില്‍ വന്‍ അഭിഭാഷക നിരയാണ് വാദങ്ങള്‍ ഉന്നയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെ, രാകേഷ് ദ്വിവേദി, വി ഗിരി തുടങ്ങിയവര്‍ കേന്ദ്ര നടപടിയെ അനുകൂലിച്ച് വാദിച്ചു.
കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിക്കാര്‍ക്കു വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, സഫര്‍ ഷാ, ദുഷ്യന്ത് ദവെ തുടങ്ങിവര്‍ ഹാജരായി.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള 370ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് എന്ന വാദമാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വിഘടനവാദത്തിനു ശമനമുണ്ടായതായും അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്നും കേന്ദ്രം വാദിച്ചു.
1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ നിര്‍മാണ സഭ ഇല്ലാതായതോടെ 370ാം വകുപ്പിനു സ്ഥിര സ്വഭാവം കൈവന്നു എന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ജമ്മു കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ ഇത്തരമൊരു നടപടി കേന്ദ്രത്തിനു സ്വീകരിക്കാനാവില്ലെന്നും വാദം ഉയര്‍ന്നു.
Recent Comments