ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറയുക.

2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. ഇതിനെതിരെ 2020ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ ഈ വര്‍ഷം ആഗസ്റ്റ് 2 മുതല്‍ 16 ദിവസം വാദ കേട്ട സുപ്രീംകോടതി കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. ഹര്‍ജികളിലെ വിധി കേന്ദ്ര സര്‍ക്കാരിന് ഏറെ നിര്‍ണ്ണായകമാണ്.

അനുച്ഛേദം 370 എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭരണഘടന സാധുതയാണ് സുപ്രീം കോടതി പരിശോധിച്ചത്. വാദങ്ങളില്‍ കോടതിയെ സഹായിക്കാൻ രണ്ട് അഭിഭാഷകരെയും നിയമിച്ചിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജമ്മുകശ്‌മീരിലെ ജനങ്ങളിലേക്ക്‌ എത്തുന്നതിന്‌ തടസ്സമായിരുന്നെന്ന്‌ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. പ്രത്യേക പദവി താത്കാലിക അടിസ്ഥാനത്തിലാണ് ഏര്‍പ്പെടുത്തിയതെന്നും എന്നാല്‍ ഈ പ്രത്യേക അനുച്ഛേദം 75 വര്‍ഷം കഴിഞ്ഞിട്ടും തുടരുകയായിരുന്നുവെന്നും കേന്ദ്രം വാദിച്ചു. ജമ്മുകശ്‌മീരിന്‌ പുറമേ ഇന്ത്യൻ യൂണിയനില്‍ ലയിച്ച മറ്റ്‌ നാട്ടുരാജ്യങ്ങള്‍ക്കും ചില പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. ഇതൊക്ക പിന്നീട് റദ്ദാക്കിയിരുന്നുവെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ; എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍

ന്യൂഡല്‍ഹി: സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്രയെ പുറത്താക്കണമെന്നു ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് എത്തിക്‌സ് കമ്മിറ്റി ലോക്‌സഭയില്‍ വച്ചു. രാവിലത്തെ പ്രതിപക്ഷ ബഹളത്തിനു ശേഷം സഭ ചേര്‍ന്നപ്പോഴാണ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സോങ്കര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വോട്ടിനിടും മുമ്പ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച നടത്തണമെന്നും അവര്‍ പറഞ്ഞു. പ്രതിപക്ഷ ആവശ്യം ബഹളത്തിലേക്കു നീങ്ങിയപ്പോള്‍ അധ്യക്ഷനായിരുന്ന ബിജെപി അംഗം രാജേന്ദ്ര അഗര്‍വാള്‍ സഭ നിര്‍ത്തിവച്ചു.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനനന്ദാനി മഹുവയ്ക്കു പണം നല്‍കിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങള്‍ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തില്‍ സമിതിയെ അറിയിച്ചിരുന്നു. മഹുവയുടെ പാര്‍ലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സമിതിയിലെ നാലു പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടിനോടു വിയോജിച്ചു.

യാതൊരു തെളിവും ഇല്ലാതെയാണ് മഹുവയ്‌ക്കെതിരെ ബിജെപി അംഗം നിഷികാന്ത് ദുബെ ആരോപണം ഉന്നയിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഈ ആരോപണം കാരണമായെടുത്ത് മഹുവയ്‌ക്കെതിരെ നേരത്തെ നിശ്ചയിച്ച പദ്ധതി നടപ്പാക്കുകയാണ് ഭരണപക്ഷമെന്ന് അവര്‍ കുറ്റപ്പെടുത്തി. സമിതി റിപ്പോര്‍ട്ടിന് അനുകൂലമായി സഭ വോട്ടു ചെയ്താല്‍ മഹുവയുടെ അംഗത്വം റദ്ദാവും.

സവാള കയറ്റുമതി നിരോധിച്ചു

സവാള കയറ്റുമതി നിരോധിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സവാള കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് അടുത്തവര്‍ഷം മാര്‍ച്ച് വരെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് നിരോധിച്ചത്.

നിലവില്‍ ആഭ്യന്തരവിപണിയില്‍ സവാള വില വര്‍ധിച്ചിട്ടുണ്ട്. ഉല്‍പ്പാദനം കുറഞ്ഞത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ സവാളയുടെ ആവശ്യകത ഉയരുമെന്ന ആശങ്കയാണ് താത്കാലികമായി കയറ്റുമതി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കേരളത്തില്‍ സവാള വില കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലാണ്.

16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധൻ; ഉറക്കത്തിനിടെ ഹൃദയാഘാതം, ഡോക്ടര്‍ അന്തരിച്ചു

16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധൻ; ഉറക്കത്തിനിടെ ഹൃദയാഘാതം, ഡോക്ടര്‍ അന്തരിച്ചു

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരിൽ ഒരാളെന്ന് പേര് നേടിയ ഗൗരവ് ഗാന്ധിയുടെ മരണം നാടിനെയാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. രാത്രിയില്‍ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം ആശുപത്രി ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു.

തുടർന്ന് പാലസ് റോഡിലെ വസതിയിലേക്ക് മടങ്ങി. അത്താഴത്തിന് സാധാരണ പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷമാണ് ഉറങ്ങാനായി പോയത്. ഈ സമയത്തൊന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്നും ഒരു പ്രശ്നവും പറഞ്ഞില്ലായിരുന്നുവെന്നും ഗൗരവ് ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി കാഴ്ചയിലും തോന്നിച്ചിരുന്നില്ല. എന്നാല്‍, രാവിലെ ആറ് മണിയോടെ എന്നും ഉണരാറുള്ള ഗൗരവ് എഴുന്നേല്‍ക്കാതിരുന്നതോടെയാണ് കുടുംബാംഗങ്ങൾ എത്തി വിളിച്ചത്.

കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികരിക്കാതായതോടെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് ഗൗരവിനെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്‍റെ മെഡിക്കല്‍ ജീവിതത്തില്‍ 16,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ഗൗരവ് ഗാന്ധി.

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട്ടിൽ ഭൂചലനം; 3.2 തീവ്രത രേഖപ്പെടുത്തി

തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്.

കർണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സിൽ പോസ്റ്റ് ചെയ്തു. കർണാടകയിലെ വിജയപുര മേഖലയിൽ റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

മുംബൈ: ഓഹരി വിപണി വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 300 പോയിന്റ് ഉയര്‍ന്ന് 70,000ലേക്ക് അടുക്കുകയാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21000 കടന്നതും നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്നലെ ഓഹരി വിപണി നേരിയ നഷ്ടം നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് വിപണി വീണ്ടും ശക്തമായി തിരിച്ചുവരുന്ന കാഴ്ചയാണ് ദൃശ്യമായത്.
ജിഎസ്ഡബ്ല്യൂ സ്റ്റീല്‍, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് മുഖ്യമായി നേട്ടം ഉണ്ടാക്കുന്നത്. ബിപിസിഎല്‍, എംആന്റ് എം, ബജാജ് ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

പലിശനിരക്കില്‍ വീണ്ടും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പണവായ്പ നയവും ഓഹരി വിപണിയെ സ്വാധീനിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. മുഖ്യപലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരുമെന്നാണ് പ്രഖ്യാപനം.ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഭീഷണിയായി തുടരുന്നതായും ആര്‍ബിഐ വിലയിരുത്തി. എങ്കിലും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന ആര്‍ബിഐയുടെ പ്രഖ്യാപനം വിപണിക്ക് ശക്തി പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.