മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു; രാജീവ് ചന്ദ്രശേഖറിന് ജലശക്തി വകുപ്പിന്റെ അധിക ചുമതല

മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു; രാജീവ് ചന്ദ്രശേഖറിന് ജലശക്തി വകുപ്പിന്റെ അധിക ചുമതല

ന്യൂഡല്‍ഹി: നിയമസഭാംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടതിന് തുടര്‍ന്ന് മൂന്നു കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക സിങ് എന്നിവരാണ് രാജിവെച്ചത്. ഇവരുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

ഇവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ ചുമതല രാജീവ് ചന്ദ്രശേഖര്‍ അടക്കം നാലു മന്ത്രിമാര്‍ക്ക് അധിക ചുമതലയായി നല്‍കി. ജലശക്തി വകുപ്പിന്റെ അധിക ചുമതലയാണ് രാജീവ് ചന്ദ്രശേഖറിന് നല്‍കിയത്. ഭക്ഷ്യ സംസ്‌കരണ വകുപ്പ് ശോഭാ കരന്തലജെയ്ക്ക് നല്‍കി.

നരേന്ദ്ര തോമര്‍ കൈകാര്യം ചെയ്തിരുന്ന കൃഷി-കര്‍ഷക ക്ഷേമ വകുപ്പുകള്‍ അര്‍ജുന്‍ മുണ്ടെയ്ക്ക് നല്‍കി. രേണുക സിങ് വഹിച്ചിരുന്ന ഗോത്രകാര്യ വകുപ്പ് സഹമന്ത്രിയുടെ ചുമതല ഡോ. ഭാരതി പവാറിനും കൈമാറി.

രാജിവെച്ച കേന്ദ്രമന്ത്രിമാര്‍ നിയമസഭയിലേക്ക് വിജയിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം എംപി സ്ഥാനം രാജിവെച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവികളിലേക്ക് നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവര്‍ പരിഗണിക്കപ്പെടുന്നുണ്ട്. രേണുക സിങ്ങിനെ ഛത്തീസ് ഗഡില്‍ മുഖ്യമന്ത്രി പദത്തിലേക്കും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു; മലയാളി ദമ്പതികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് അപകടത്തില്‍ മരിച്ചത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ വച്ചാണ് അപകടം ഉണ്ടായത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുമ്പോള്‍ കൊളറൂണ്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് കാറില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്.

തിരുച്ചിറപ്പള്ളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സിയെടുത്ത് ചെന്നൈയിലേക്ക് പോകുകയായിരുന്നുവെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്.

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും.

ഉപമുഖ്യമന്ത്രി അടക്കം അഞ്ചുപേരെങ്കിലും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. കഴിഞ്ഞ സഭയിലെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാവും ദലിത് മുഖവുമായ മല്ലു ഭട്ടി വിക്രമാര്‍കെ ഉപമുഖ്യമന്ത്രി ആയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് ഉത്തം കുമാര്‍ റെഡ്ഡിയും ഉപമുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടുണ്ട്.

2014 ല്‍ രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് 56 കാരനായ രേവന്ത് റെഡ്ഡി. മല്‍കജ്ഗിരിയില്‍ നിന്നുള്ള എംപി കൂടിയാണ് രേവന്ത് റെഡ്ഡി. സംസ്ഥാനം രൂപീകരിച്ചശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി.

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന രേവന്ത്, 2017 ലാണ് കോണ്‍ഗ്രസിലെത്തിയത്. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍?; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതുമുഖങ്ങള്‍?; ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ശിവരാജ് സിങ് ചൗഹാന്‍, വസുന്ധര രാജെ, രമണ്‍ സിങ് എന്നീവര്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മുന്‍ മുഖ്യമന്ത്രിമാരായുണ്ടെങ്കിലും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ആളുകളെ കൊണ്ടുവരാനാണ് സാധ്യതയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. അതിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ദേശീയ തലത്തില്‍ സജീവ ചര്‍ച്ച നടക്കുകയാണ്.

ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയില്‍ നാലരമണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമായില്ല. യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു. രണ്ട് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

മധ്യപ്രദേശില്‍, നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പുറമെ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍, മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരയെ കൂടാതെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്വാള്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷി, പ്രമുഖ നേതാക്കളായ ദിയാ കുമാരി, മഹന്ത് ബാലക്നാഥ് എന്നിവരുടെ പേരും പരിഗണിക്കുന്നു. ഛത്തീസ്ഗഢില്‍ രമണ്‍സിങിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ കുമാര്‍, മുന്‍ പ്രതിപക്ഷ നേതാവ് ധര്‍മലാല്‍ കൗശിക്, മുന്‍ ഐഎഎസ് ഓഫീസര്‍ ഒപി ചൗധരി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു.

അതേസമയം, നിയമസഭകളിലേക്ക് തെരഞ്ഞടുക്കപ്പെട്ട പന്ത്രണ്ട് എംപിമാര്‍ പത്ത് അംഗങ്ങള്‍ രാജിവച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമര്‍, പ്ലഹ്ലാദ് പട്ടേല്‍ എന്നിവര്‍ ഉള്‍പ്പടെ ഒന്‍പത് ലോക്‌സഭാ അംഗങ്ങളും ഒരു രാജ്യസഭാ അംഗവുമാണ് രാജി നല്‍കിയത്. മറ്റ് രണ്ട് എംപിമാരായ രേണുക സിങ്, ബാലക്‌നാഥ് എന്നിവരും രാജിവയ്ക്കും.

നിക്ഷേപ, വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

നിക്ഷേപ, വായ്പാ തട്ടിപ്പ്; 100 വിദേശ വെബ്‌സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക്

ന്യഡല്‍ഹി: രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം വിദേശ നിക്ഷേപ തട്ടിപ്പ് വെബ്സൈറ്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

സ്ത്രീകളും തൊഴില്‍ ഇല്ലാത്ത യുവാക്കളും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ അറിയിച്ചു. അന്വേഷണത്തിലൂടെ കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ സൈറ്റുകളാണ് നിരോധിച്ചത്.

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ നിരവധി അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരുന്നത്. തുടര്‍ന്ന് പണം ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2022ല്‍ 28 ചൈനീസ് വായ്പ ആപ്പുകള്‍ക്കെതിരെ പരാതി വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള 98 അനധികൃത വായ്പ ആപ്പുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നറിഞ്ഞത്. ഇതിനുമുമ്പ് 250ഓളം ചൈനീസ് ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചു

രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചു

ജയ്പൂര്‍: രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. വീട്ടിലെത്തിയ അജ്ജാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെത്തിയ നാലംഗസംഘം ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ സുഖ്‌ദേവ് സിങിന്റെ അംഗരക്ഷകനും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റതെന്ന് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു. വെടിയേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.