110 കിലോമീറ്റര്‍ വേഗത്തില്‍ മിഷോങ് ആന്ധ്രാതീരത്ത്; എട്ട് ജില്ലകളില്‍ ജാഗ്രത

110 കിലോമീറ്റര്‍ വേഗത്തില്‍ മിഷോങ് ആന്ധ്രാതീരത്ത്; എട്ട് ജില്ലകളില്‍ ജാഗ്രത

അമരാവതി: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരത്ത് എത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായി കരയിലേക്ക് കയറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനത്തെ എട്ട് തീരദേശജില്ലകള്‍.

അതേസമയം, കോനസീമ, കാക്കിനാഡ, കൃഷ്ണ, ബാപട്ല, പ്രകാശം എന്നീ ഏഴ് ജില്ലകളില്‍ നിന്ന് 211 ദുരിതാശ്വാസ ക്യാമ്പുകളിലായി 9,454 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ബാപട്‌ല മേഖലയെ സാരമായി ബാധിക്കുമെന്നതിനാല്‍ താമസക്കാര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു

ബാപട്ല തീരത്ത് കടല്‍ക്ഷോഭം ശക്തമാണ് ആറടി ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നെല്ലുര്‍. മെച്‌ലി പട്ടണം നഗരങ്ങള്‍ വെള്ളത്തിനടയിലാണ്. ചിന്നഗജ്ജാമില്‍ ഇരുപത് മണിക്കൂറിലേറെയായി വൈദ്യുതി ബന്ധമില്ല. ചില അണക്കെട്ടുകള്‍ തുറന്നു. ആയിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിജയവാഡ, വിശാഖപട്ടണം. തിരുപ്പതി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ വൈകുകയാണ്.

അതേസമയം, ചെന്നൈയില്‍ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ദുരിതപ്പെയ്ത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ നഗരത്തില്‍ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ ജില്ലകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റി

ഇന്ത്യ സഖ്യത്തില്‍ അസ്വാരസ്യം, നാളത്തെ യോഗം മാറ്റി

ന്യൂഡല്‍ഹി: നാളെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ യോഗം മാറ്റിവച്ചു. ഡിസംബര്‍ പതിനെട്ടിലേക്കാണ് മാറ്റിയത്. നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജിയും നിതീഷ് കുമാറും അഖിലേഷ് യാദവും അറിയിച്ചു. ഇതേതുടര്‍ന്നാണ് യോഗം മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലായിരുന്നു യോഗം വിളിച്ചത്.

യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി അറിയിച്ചിരുന്നു. യോഗത്തിന്റെ തീയതിയെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നേരത്തേ നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്നും മമത പറഞ്ഞു.

മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപിയുടെ വിജയം കോണ്‍ഗ്രസിന്റെ പരാജയമാണെന്ന് മമതാ ബാനര്‍ജി പറഞ്ഞിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് മത്സരിച്ചതും ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളുമായി ഇടപെടലുകള്‍ ഇല്ലാതെ പോയതും കോണ്‍ഗ്രസിനു പറ്റിയ തെറ്റെന്ന് ജെഡിയുവും കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു

നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു

തായ്‌ലൻഡിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് 14 യാത്രക്കാർ മരിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു.

പടിഞ്ഞാറൻ പ്രവിശ്യയായ പ്രചുവാപ് ഖിരി ഖാനിൽ അർദ്ധരാത്രി ഒന്നരയോടെയാണ് അപകടം. അപകടത്തെത്തുടർന്ന് ബസിന്റെ മുൻഭാഗം പകുതിയായി പിളർന്നതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ തായ്പിബിഎസ് അറിയിച്ചു.

രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തിട്ടുണ്ട്. പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തായ്പിബിഎസ് കൂട്ടിച്ചേർത്തു.

ഓഹരി വിപണി പുതിയ ഉയരത്തില്‍

ഓഹരി വിപണി പുതിയ ഉയരത്തില്‍

ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് ഓഹരി വിപണിയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ പുതിയ ഉയരം കുറിച്ച് വ്യാപാരം അവസാനിച്ച ഓഹരി വിപണി ഇന്ന് രാവിലെയും നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 70,000ലേക്കാണ് അടുക്കുന്നത്. നിലവില്‍ 450 പോയിന്റ് നേട്ടത്തോടെ 69,300 പോയിന്റിന് മുകളിലാണ് സെന്‍സെക്‌സ്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ പ്രകടനമാണ്. 152 പോയിന്റ് നേട്ടത്തോടെ 20,800 പോയിന്റിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം തുടരുന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് നിഫ്റ്റിയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്.നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റവും ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ പ്രതിഫലിക്കുന്നത്.
പ്രധാനമായി ബാങ്ക് ഓഹരികളാണ് മുന്നേറ്റം രേഖപ്പെടുത്തുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന ഓഹരികള്‍.

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈയില്‍ അതിതീവ്ര മഴ, ഇതുവരെ പൊലിഞ്ഞത് അഞ്ച്‌ ജീവനുകള്‍

ചെന്നൈ: നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിലായിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ 5 പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായത്.

ചെന്നൈ വിമാനത്താവളം രാവിലെ 9 വരെ അടച്ചിടും. 162 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. നാളെ ഉച്ചയോടെ ആന്ധ്രയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയില്‍ മിഷോങ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. കരയില്‍ പ്രവേശിക്കുമ്പോള്‍ 110 കിലോമീറ്റര്‍ വരെ വേഗം പ്രതീക്ഷിക്കുന്നതിനാല്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്രമഴയെ തുടര്‍ന്ന് ചെന്നൈ എയര്‍ പോര്‍ട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാന്‍ തീരുമാനിച്ചത്. നിലവില്‍ 33 വിമാനങ്ങള്‍ ബംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

സ്റ്റാറ്റസ്: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്

സ്റ്റാറ്റസ്: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്

ഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റാഗ്രാമിലും പങ്കിടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍സ്റ്റാഗ്രാം സ്റ്റോറികള്‍ ഫെയ്‌സ്ബുക്ക് സ്റ്റോറിയിലേക്ക് പങ്കിടുന്നതിന് സമാനമായാണ് പുതിയ അപ്‌ഡേറ്റ്. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണെന്നും വാട്ട്സ്ആപ്പ് ആന്‍ഡ്രോയിഡ് ആപ്പിന്റെ ബീറ്റാ പതിപ്പില്‍ ഫീച്ചര്‍
കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍, ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നത് ഇപ്പോള്‍ പറയാനാകില്ല.
ബീറ്റ പതിപ്പില്‍ ഫീച്ചര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് സൂചനയുള്ളതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. എല്ലാ മെറ്റാ ആപ്ലിക്കേഷനുകളിലും ക്രോസ്-പ്ലാറ്റ്‌ഫോം അനുയോജ്യതയെക്കുറിച്ചുള്ള മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ കാഴ്ചപ്പാടിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഈ ഫീച്ചര്‍.

റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആപ്പില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കും. ഇന്‍സ്റ്റാഗ്രാമില്‍ ഒരു സ്റ്റോറി അപ് ലോഡ് ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് നിലവില്‍ ഫെയ്‌സ്ബുക്കിലും പോസ്റ്റ് ചെയ്യാനുള്ള ഒപ്ഷന്‍ ഉണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച്, വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും ഒറ്റ ടാപ്പില്‍ ഒരേസമയം അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.

നിലവില്‍, വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ ഫേസ്ബുക്ക് സ്റ്റോറികളിലേക്ക് നേരിട്ട് പങ്കിടാന്‍ മെസഞ്ചര്‍ ഉപയോക്താക്കളെ വാട്‌സ്ആപ്പ് അനുവദിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒരേസമയം പങ്കിടാനുള്ള ഓപ്ഷന്‍ ഉടന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.