‘എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാന്‍ ശ്രമം’; കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

‘എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാന്‍ ശ്രമം’; കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ഡല്‍ഹി: തനിക്കെതിരെ വിദ്വേഷ പ്രചരണത്തിന് കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൈകോര്‍ത്തുവെന്ന് കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ് ഇവര്‍. ഈ പ്രീണന രാഷ്ട്രീയമാണ് കശ്മീരിലും പഞ്ചാബിലും കേരളത്തിലും നിരപരാധികളായ ജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും ജീവനെടുത്തത്.

ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നു കാട്ടിയതിനാണ് തനിക്കെതിരെ കേരള പൊലീസ് കേസെടുത്ത് ഭീഷണിപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്രമന്ത്രി ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് കൊച്ചി പൊലീസ് കേസെടുത്തിട്ടുള്ളത്.

400 കോടി രൂപ തരണമെന്ന് ഭീഷണി, മുകേഷ് അംബാനിക്ക് വീണ്ടും അജ്ഞാത ഇമെയില്‍ സന്ദേശം

400 കോടി രൂപ തരണമെന്ന് ഭീഷണി, മുകേഷ് അംബാനിക്ക് വീണ്ടും അജ്ഞാത ഇമെയില്‍ സന്ദേശം

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയില്‍ നിന്നും 400 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതനില്‍ നിന്ന് ഭീഷണി. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം. നാല് ദിവസത്തിനിടെ മുകേഷ് അംബാനിക്ക് അയച്ച മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയാണ് ആദ്യ ഇ-മെയില്‍ സന്ദേശം വന്നത്. അജ്ഞാതനായ ഒരാളില്‍ നിന്ന് 20 കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ആദ്യ സന്ദേശം. മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനിയാഴ്ച കമ്പനിക്ക് 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയില്‍ ലഭിച്ചു. ഇന്നലെയാണ് മൂന്നാമത്തെ മെയില്‍ വന്നത്. ഇ-മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും സൈബര്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കട ഉടമയ്‌ക്കെതിരെ കേസ്

ബിസ്‌കറ്റ് മോഷ്ടിച്ചതിന് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കട ഉടമയ്‌ക്കെതിരെ കേസ്

പട്‌ന: പലചരക്ക് കടയില്‍ നിന്ന് കുര്‍ക്കുറെയും ബിസ്‌കറ്റും മോഷ്ടിച്ചെന്നാരോപിച്ച് നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. കുട്ടികളെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ കട ഉടമക്കെതിരെ പൊലീസ് കേസ് എടുത്തു. ഒക്ടോബര്‍ 28നായിരുന്നു സംഭവം. നാല് കുട്ടികളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതും അവിടെ ആളുകള്‍ കൂടി നില്‍ക്കുന്നതും ക്യാമെറയിൽ ഉണ്ട്.

ആണ്‍കുട്ടികള്‍ കടയില്‍ നിന്ന് ബിസ്‌കറ്റും കുര്‍ക്കുറെയും മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ ഇവരെ പിടികൂടുകയായിരുന്നുവെന്ന് എസ്പി യോഗേന്ദ്ര കുമാര്‍ പറഞ്ഞു. എന്നാല്‍ കുട്ടികളെ കെട്ടിയിട്ട് മര്‍ദിച്ച നടപടി തീര്‍ത്തും തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടതായും കടയുടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ആരും പരാതി നല്‍കിയിട്ടില്ല. കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ മൊഴി രേഖപ്പെടുത്താനും ഞങ്ങള്‍ ബിര്‍പൂര്‍ പൊലീസിനോട് ആവശ്യപ്പെതായും കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയക്കേസില്‍ കെജരിവാളിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകണം

മദ്യനയക്കേസില്‍ കെജരിവാളിന് ഇഡി നോട്ടീസ്; വ്യാഴാഴ്ച ഹാജരാകണം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി വ്യാഴാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ കെജരിവാളിനെ സിബിഐ ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം പി സഞ്ജയ് സിങ് എന്നിവര്‍ മദ്യനയക്കേസില്‍ നിലവില്‍ ജയിലിലാണ്. കേസിലെ മുഖ്യപ്രതിയായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് കെജ്‌രിവാളിന് സമന്‍സ് നൽകിയത്.അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. ഇതിനായി വ്യാപാരികള്‍ കൈക്കൂലി നല്‍കിയെന്നും ആരോപണമുണ്ട്. വിവാദമായതോടെ പുതിയ മദ്യ നയം പിന്‍വലിച്ചിരുന്നു.

‘ജയിക്കുന്നതു വരെ യുദ്ധം’; ഹമാസിനെതിരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

‘ജയിക്കുന്നതു വരെ യുദ്ധം’; ഹമാസിനെതിരെ വെടിനിര്‍ത്തല്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണ്. വെടിനിര്‍ത്തലിനുള്ള ആഹ്വാനങ്ങള്‍ ഇസ്രയേല്‍ ഹമാസിന് കീഴടങ്ങാനും തീവ്രവാദത്തിന് കീഴടങ്ങാനുമുള്ള ആഹ്വാനങ്ങളാണ്, അത് സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ യുദ്ധം ജയിക്കുന്നതുവരെ ഇസ്രായേല്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎന്‍ നിരന്തരമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വെടിനിര്‍ത്തലിന് ആഹ്വാനം ഉണ്ട്. എന്നാല്‍ ഇതൊന്നും ഇസ്രേയേല്‍ സ്വീകരിക്കില്ലെന്ന നിലപാടാണ് ബെഞ്ചമിന്‍ നെതന്യാഹുവിനുള്ളത്. അതേസമയം ഗാസയില്‍ 230 ഇസ്രയേലുകാരെ ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുൽവാമയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന പൊലീസ് ഇൻസ്‌പെക്ടർ മസ്റൂർ അഹമ്മദ് വാനിക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ പുൽവാമയിലും ജമ്മു കശ്മീരിലെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.