മുറിക്കകത്ത് മൂര്‍ഖന്‍ പാമ്പ്, പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന് തീപിടിച്ചു

മുറിക്കകത്ത് മൂര്‍ഖന്‍ പാമ്പ്, പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിച്ചപ്പോള്‍ വീടിന് തീപിടിച്ചു

ലഖ്‌നൗ: വീടിനകത്ത് കയറിയ പാമ്പിനെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ വീടിന് തന്നെ തീപിടിച്ചു. ബന്ദ ജില്ലയിലാണ് സംഭവം. മൂര്‍ഖന്‍ പാമ്പിനെ കണ്ടതോടെ ചാണകം കത്തിച്ച് പുകയുണ്ടാക്കി പുറത്ത് ചാടിക്കാന്‍ ശ്രമിച്ചപ്പോഴാണ് വീടിന് തീ പിടിച്ചത്. വീട്ടിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കിലോക്കണക്കിന് ധാന്യങ്ങളും ചാരമായി.

ഡല്‍ഹിയില്‍ കൂലിപ്പണിക്കാരനായ രാജ്കുമാര്‍ ഭാര്യയ്ക്കും അഞ്ച് കുട്ടികള്‍ക്കുമൊപ്പമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ആജീവനാന്ത സമ്പാദ്യവും സ്വത്തുക്കളും ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും ലോക്കല്‍ പൊലീസും തീ നിയന്ത്രണ വിധേയമാക്കി. വിവരം റവന്യൂവകുപ്പിലും അറിയിച്ചിട്ടുണ്ട്. വീടിനകത്ത് കയറിയ പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിച്ചതാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നതെന്നും സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം;  ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഡിജിപി

കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം; ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഡിജിപി

തിരുവനന്തപുരം: കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനമെന്ന് പൊലീസ് മേധാവി. ഐഇഡി ഉപയോഗിച്ച സ്ഫാടനമാണ് നടന്നതെന്നും അവിടെ നിന്ന് ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു.

ആസൂത്രിതമായ സ്‌ഫോടനമാണെന്നും മറ്റ് ഏതെങ്കിലും ആളുകള്‍ക്ക് പങ്കുണ്ടോയെന്നത് അന്വേഷിക്കുകയാണെന്നും ഡിജിപി പറഞ്ഞു. ‘മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും കളമശേരിയിലേക്ക് തിരിച്ചതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടായേക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരന്‍; ഹമാസ് വ്യോമ മേധാവിയെ വധിച്ചതായി ഇസ്രയേല്‍

ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരന്‍; ഹമാസ് വ്യോമ മേധാവിയെ വധിച്ചതായി ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസിന്റെ വ്യോമമേധാവി ഇസ്സം അബു റുക്‌ബേയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തിലാണ് റുക്‌ബേ കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.

ഹമാസിന്റെ ഡ്രോണുകള്‍, ആളില്ലാ വിമാനങ്ങള്‍, പാരാഗ്ലൈഡേഴ്‌സ്, വ്യോമ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയ്ക്കു ചുക്കാന്‍ പിടിച്ചിരുന്നത് റുക്‌ബേ ആണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണം ആസുത്രണം ചെയ്തു നടപ്പാക്കുന്നതില്‍ റുക്‌ബേ നിര്‍ണായക പങ്കു വഹിച്ചെന്നാണ് ഇസ്രയേല്‍ പറയുന്നത്. റുക്‌ബേയ്ക്കു മുമ്പായി ഹമാസിന്റെ വ്യോമ വിഭാഗത്തിന്റെ മേധാവിയായിരുന്ന മുറാദ് അബു മുറാദിനെ വധിച്ചതായി കഴിഞ്ഞ പതിനാലിന് ഇസ്രയേലി സേന അറിയിച്ചിരുന്നു.

മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

മുകേഷ് അംബാനിക്ക് വധഭീഷണി; 20 കോടി നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സന്ദേശം

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇമെയിലിൽ സന്ദേശം ലഭിച്ചു. ഒക്‌ടോബർ 27ന് ഷദാബ് ഖാൻ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് പറഞ്ഞു. ‘‘നിങ്ങൾ ഞങ്ങൾക്ക് 20 കോടി രൂപ നൽകിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും. ഇന്ത്യയിലെ ഏറ്റവും മികച്ച ഷൂട്ടർമാർ ഞങ്ങളുടെ പക്കലുണ്ട്’’– ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

‘യുദ്ധം അവസാനിപ്പിക്കണം’- പ്രമേയം പാസാക്കി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, 120 രാജ്യങ്ങള്‍ അനുകൂലിച്ചു

‘യുദ്ധം അവസാനിപ്പിക്കണം’- പ്രമേയം പാസാക്കി യുഎന്‍; വിട്ടുനിന്ന് ഇന്ത്യ, 120 രാജ്യങ്ങള്‍ അനുകൂലിച്ചു

കാലിഫോര്‍ണിയ: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ജോര്‍ദാന്റെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയടക്കം 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. 120 രാജ്യങ്ങളുടെ പിന്തുണയില്‍ പ്രമേയത്തെ അനുകൂലിച്ചു. 14 രാജ്യങ്ങള്‍ എതിര്‍ത്തു.

ഗാസയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നു പ്രമേയം ആവശ്യപ്പെട്ടു. സഹായം എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം. അടിയന്തര വെടി നിര്‍ത്തല്‍ വേണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അതിനിടെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതിന്റെ കാരണം ഇന്ത്യ വിശദീകരിച്ചു. സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് നിലപാട്. അതിനാലാണ് വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നതെന്നു ഇന്ത്യ വ്യക്തമാക്കി.
അതിനിടെ ഹമാസിനെതിരായ കര യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. ടാങ്കുകളുമായി ഇസ്രയേല്‍ സേന ഗാസയിലേക്ക് കടന്നു. വടക്കന്‍ ഗോസയില്‍ ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടലുണ്ടെന്നു ഹമാസ് സ്ഥിരീകരിച്ചു. ഹമസിനെ ലക്ഷ്യമാക്കി കടുത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. വടക്കന്‍ ഗാസയില്‍ ശക്തമായ സ്‌ഫോടനങ്ങളും അരങ്ങേറുന്നു. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം തകരാറിലായി.