ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു

ബെയ്ജിങ്: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന ലീ കെക്വിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്.
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെക്വിയാങ്, 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു.

മുന്‍ പ്രസിഡന്റ് ഹു ജിന്താവോയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ലീ കെക്വിയാങ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട നേതാവാണ്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് ഇ.ഡി നോട്ടീസ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് ഇ.ഡി നോട്ടീസ്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകന് എൻഫോഴ്സ്മെന്റ് റെയ്ഡ്. വിദേശ നാണയവിനിമ ചട്ടലംഘനത്തിനാണ് വൈഭവ് ഗെഹ്‍ലോട്ടിന് നോട്ടീസ് നൽകിയത്. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട്(ഫെമ) ആക്ട് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊട്ടസാരയുടെ വീട്ടില്‍ ഇ‍ഡി റെയ്ഡ് നടത്തുകയാണ്. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലാണ് ഗോവിന്ദ് സിങിന്റെ ജയ്പുരിലെയും സികാറിലെയും വീടുകളിൽ റെയ്ഡ് നടത്തുന്നത്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെയാണു ഇഡി റെയ്ഡ്.

കശ്മീരിലെ മച്ചില്‍ സെക്ടറില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

കശ്മീരിലെ മച്ചില്‍ സെക്ടറില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കുപ് വാര ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കുപ് വാര സെക്ടറിലെ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ഇന്റലിജന്‍സ് ഏജന്‍സികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തത്.

ഗാസയില്‍ കരയാക്രമണം തുടങ്ങി; ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍

ഗാസയില്‍ കരയാക്രമണം തുടങ്ങി; ഹമാസ് കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍

ടെല്‍അവീവ്: ഹമാസ് കേന്ദ്രങ്ങളില്‍ കരയാക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം. ഇന്നലെ രാത്രി ഹമാസ് കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. നിരവധി ഹമാസ് കേന്ദ്രങ്ങളും ആയുധ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചതായും സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് ശേഷം കരസേന ഇസ്രയേല്‍ അതിര്‍ത്തിക്കുള്ളിലേക്ക് മടങ്ങിയതായും സൈന്യം അറിയിച്ചു. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യവെ കരസേന ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

ഗാസയില്‍ കരസേന ബോംബ് ആക്രമണം തുടരുന്നതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം പരിശോധന ശക്തമാക്കി. അതേസമയം, ഇസ്രയേലിന്റെ നടപടിക്കെതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ രംഗത്തെത്തി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നിരപരാധികളായ സ്ത്രീകളും കുട്ടികളും വൃദ്ധരുമാണ് കൊല്ലപ്പെടുന്നത്. ഇത് തെറ്റാണെന്നും അംഗീകരിക്കാനാകില്ലെന്നും പുടിന്‍ പറഞ്ഞു.

ഗാസ ഭരിക്കുന്ന ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് നെതന്യാഹു ആവര്‍ത്തിച്ചു. ഇസ്രയേല്‍ കരസേന യുദ്ധത്തിനായി തയ്യാറായിരിക്കുകയാണെന്നും എപ്പോള്‍, എങ്ങനെ എന്നുള്ള കാര്യങ്ങള്‍ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.

നിര്‍ത്തിയിട്ട ടാങ്കറില്‍ സുമോ ഇടിച്ചുകയറി; കര്‍ണാടകയിലെ വാഹനാപകടത്തില്‍ 12 മരണം

നിര്‍ത്തിയിട്ട ടാങ്കറില്‍ സുമോ ഇടിച്ചുകയറി; കര്‍ണാടകയിലെ വാഹനാപകടത്തില്‍ 12 മരണം

ബംഗളരൂ: കര്‍ണാടക ചിക്കബെല്ലാപുരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ മരിച്ചു. നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റാ സുമോ ഇടിക്കുകയായിരുന്നു. മൂന്ന് സത്രീകളും ഒന്‍പത് പുരുഷന്‍മാരുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബാഗേപ്പള്ളിയില്‍ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അമേരിക്കയിലെ  ലെവിസ്റ്റണില്‍ വെടിവയ്പിനിടെ മരിച്ചവരുടെ എണ്ണം 22 ആയി

അമേരിക്കയിലെ ലെവിസ്റ്റണില്‍ വെടിവയ്പിനിടെ മരിച്ചവരുടെ എണ്ണം 22 ആയി

വാഷിംഗ്ടൺ: അമേരിക്കയിലെ ലെവിസ്റ്റണില്‍ വെടിവയ്പിനിടെ മരിച്ചവരുടെ എണ്ണം 22 ആയി. റോബര്‍ട്ട് കാര്‍ഡ് എന്ന മുന്‍ സൈനികനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ നേരത്തെ ഗാര്‍ഹിക പീഡന കേസില്‍ അറസ്റ്റിലായിരുന്നു. മനോരോഗ കേന്ദ്രത്തില്‍ ഇയാൾ അടുത്ത കാലത്ത് ചികിത്സ തേടിയിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്പെയർടൈം റിക്രിയേഷൻ, സ്കീംഗീസ് ബാർ & ഗ്രിൽ റെസ്റ്റോറന്റ്, വാൾമാർട്ട് വിതരണ കേന്ദ്രം എന്നിവിടങ്ങളിലാണ് അക്രമി വെടിവയ്പ്പ് നടന്നത്. വെടിയേറ്റ പലരുടേയും നില ഗുരുതരമാണ്.