ബിരുദധാരിയായ ഭാര്യയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദധാരിയായ ഭാര്യയെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: ഭാര്യ ബിരുദധാരിയായതിനാല്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വേര്‍പിരിഞ്ഞ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ മനഃപൂര്‍വം ജോലി ചെയ്യുന്നില്ലെന്ന് കരുതാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. ബിരുദമുള്ളതിനാല്‍ ഭാര്യക്ക് നല്‍കേണ്ട ഇടക്കാല ജീവനാംശം പ്രതിമാസം 25,000 രൂപയില്‍ നിന്ന് 15,000 രൂപയായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യ ബിരുദധാരിയാണെന്നത് നിഷേധിക്കാനാവില്ലെന്നും അവര്‍ക്ക് നിലവില്‍ ജോലി ലഭിച്ചിട്ടില്ലെന്നും കുടുംബകോടതി നിശ്ചയിച്ച ഇടക്കാല ജീവനാംശത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യ ബിരുദമോ ബിരുദാന്തര ബിരുദമോ നേടിയതുകൊണ്ട് മാത്രം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാകണം എന്നില്ല. ഭര്‍ത്താവില്‍ നിന്ന് ഇടക്കാല ജീവനാംശം വാങ്ങിയെടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം മനഃപൂര്‍വം ജോലി ചെയ്യാത്തതാണ് എന്നും കരുതാനാവില്ലെന്നും ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, മെയിന്റനന്‍സ് തുക വര്‍ധിപ്പിക്കണമെന്നുള്ള ഭാര്യയുടെ ആവശ്യം കോടതി വിസമ്മതിച്ചു. എന്ത് കാരണം മൂലമാണ് തുക വര്‍ധിപ്പിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും വിഷയം കുടുംബക്കോടതി ന്യായമായി പരിഗണിച്ചിട്ടുണ്ടെന്നും അതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍, ഭര്‍ത്താവ് ഇടക്കാല ജീവനാംശം നല്‍കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രതിദിനം 1,000 രൂപ പിഴ ഈടാക്കുന്നത് നിര്‍ത്തലാക്കുകയും പകരം പ്രതിവര്‍ഷം 6 ശതമാനം പലിശ ഭാര്യയ്ക്ക് നല്‍കാനും നിര്‍ദേശിച്ചു. വ്യവഹാരച്ചെലവുകള്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയാല്‍ പ്രതിദിനം 550 രൂപ പിഴ ചുമത്തുന്നതും മാറ്റിയിട്ടുണ്ട്.

പ്രതിഷേധം ശക്തം; മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്

പ്രതിഷേധം ശക്തം; മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്

ഭോപ്പാല്‍: നവംബര്‍ പതിനേഴിന് തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, മധ്യപ്രദേശിലെ നാല് സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച നടപടി. സുമവലി, പിപിരിയ, ബാദ്‌നഗര്‍, ജോറ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്.

സുമവലി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ അജബ് സിങ് കുശ്വാഹയെ മാറ്റി കുല്‍ദീപ് സിക്കര്‍വാറിനെയായിരുന്നു സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ അജബ് സിങ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബിഎസ്പിയില്‍ ചേരാനൊരുങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്.

ബാദ്‌നഗറിലെ സിറ്റിങ് എംഎല്‍എ മുര്‍ലി മോര്‍വാളിന് പകരം രാജേന്ദ്രസിങ് സോളങ്കിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. മകന്‍ ബലാത്സംഗക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നേതൃത്വം മോര്‍വാളിന് ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ ഒരുവിഭാഗം ആളുകള്‍ രംഗത്തത്തിയിരുന്നു.

ജോറയിലും പട്ടിക ജാതി സംവരണമണ്ഡലമായി പിപിരയിയിലും സ്ഥാനാര്‍ഥികളെ മാറ്റിയിട്ടിട്ടുണ്ട്. ജോറയില്‍ ഹിമ്മക് ശ്രിമാലിന് പകരം വീരേന്ദ്ര സിങ് സോളങ്കിയും പിപിയയില്‍ ഗുരുചരണ്‍ ഖാരെയ്ക്ക് പകരം വീരേന്ദ്ര ബെല്‍വന്‍ഷിയുമാണ് സ്ഥാനാര്‍ഥികള്‍. ചില മണ്ഡലങ്ങളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡ്രൈവിങ്ങിനിടെ സെല്‍ഫി; കാര്‍ പുഴയിലേക്ക് വീണു; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

ഡ്രൈവിങ്ങിനിടെ സെല്‍ഫി; കാര്‍ പുഴയിലേക്ക് വീണു; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ കാര്‍ പുഴയിലേക്ക് വീണ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഝാര്‍ഖണ്ഡിലെ ദിയോഗറിലാണ് സംഭവം. സികാതിയ ബാരിയേജിന് സമീപം എസ് യുവി കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.

ദിയോഗറിലെ അസന്‍സോള്‍ സാന്‍കുല്‍ ഗ്രാമത്തില്‍ നിന്നും ഗിരിധിഹിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനം ഓടിച്ചയാള്‍ ഡ്രൈവിങ്ങിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ്, കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.

‘ഷെൻ ഹുവ 29’; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു

‘ഷെൻ ഹുവ 29’; വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ ഷൈൻ ഹുവ 15ൽ നിന്ന് അവസാനത്തെ ക്രയിൻ ഇറക്കാൻ ഇന്ന് ശ്രമം തുടരും.അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കണ്ടെയ്നര്‍ നീക്കം നടത്തുന്നതിനായി ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി എത്തുന്നു. ജനീവ ആസ്ഥാനമായുള്ള മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്ത് അദാനി ഗ്രൂപ്പ്.

നിലവില്‍ മുന്ദ്ര തുറമുഖത്ത് അദാനി ഗ്രൂപ്പ് എം എസ് സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.ആഗോള ചരക്കു ഗതാഗതരംഗത്ത് വലിയ പങ്കുവഹിക്കുന്ന മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ വരവ് വിഴിഞ്ഞം തുറമുഖത്ത് വികസനത്തിന്റെ അനന്ത സാധ്യതകള്‍ക്കാണ് വാതില്‍ തുറക്കുക. കമ്പനിയുമായുള്ള പങ്കാളിത്തം വിനോദ സഞ്ചാര രംഗത്തെ കുതിപ്പിനും സഹായകമാകും.

ഇതിന് പുറമെ അന്താരാഷ്ട്രരംഗത്തെ പ്രമുഖ ഷിപ്പിങ് കമ്പനികളായ എവര്‍ഗ്രീന്‍ ലൈന്‍, സിഎംഎസിജിഎം, ഒഒസിഎല്‍ തുടങ്ങിയ കമ്പനികള്‍ വിഴിഞ്ഞം തുറമുഖവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു; ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ ആക്രമണം

രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു; ഗാസയിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ ആക്രമണം

ടെല്‍ അവീവ്: ഈജിപ്തിന്റെയും ഖത്തറിന്റെയും ഇടപെടലിനെ തുടര്‍ന്ന് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചതായി ഹമാസ്. രണ്ട് ഇസ്രായേലി സ്ത്രീകളെയാണ് വിട്ടയച്ചത്. നേരത്തെ രണ്ട് അമേരിക്കന്‍ പൗരന്‍മാരെയും വിട്ടയച്ചിരുന്നു. ഇതോടെ ഹമാസ് വിട്ടയച്ചവരുടെ ബന്ദികളുടെ എണ്ണം നാലായി.

ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്ന് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഹമാസ് 200 ലധികം പേരെ ബന്ദികളാക്കിയതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലില്‍ ഇരട്ട പൗരന്മാരായ ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേര്‍ വനിതകളുമാണ്. 15,275ലേറെ പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത !! സൗദിയില്‍ വാഹനമോടിക്കാൻ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് മതി

പ്രവാസികള്‍ക്ക് സന്തോഷ വാർത്ത !! സൗദിയില്‍ വാഹനമോടിക്കാൻ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് മതി

കൊച്ചി: സൗദി അറേബ്യയിൽ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോ​ഗിച്ച് പ്രവാസികൾക്ക് ഇനി വാഹനമോടിക്കാം. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്ന് മാസമാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി.

അം​ഗീകൃത കേന്ദ്രത്തിൽ നിന്നു സ്വന്തം രാജ്യത്തെ ലൈസൻസ് തർജ്ജമ ചെയ്ത് കരുതിയാൽ മതി. എതു വിഭാ​ഗത്തിൽപ്പെട്ട ലൈസൻസാണോ കൈയിലുള്ളത് ആ വിഭാ​ഗത്തിലെ വാഹനമാണ് ഒടിക്കാൻ അനുമതിയുള്ളത്. നേരത്തെ സന്ദർക വിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവർക്ക് ഒരു വർഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗിച്ച് വാഹനമോടിക്കാൻ അനുമതിയുള്ളത്.