തെലങ്കാനയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി; രാജാസിങിനും സീറ്റ്

തെലങ്കാനയില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി; രാജാസിങിനും സീറ്റ്

ഡല്‍ഹി: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 52 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് ബിജെപി പുറത്തു വിട്ടത്. വിദ്വേഷ പ്രസംഗത്തിന് നടപടി നേരിട്ട ടി രാജാസിങ് വീണ്ടും മത്സരിക്കും.

പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ടി രാജാസിങ് ഗോശാമഹലില്‍ മത്സരിക്കും. വിവാദ പരാമര്‍ശത്തില്‍ രാജാസിങിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജാസിങിന്റെ സസ്‌പെന്‍ഷനും പാര്‍ട്ടി പിന്‍വലിച്ചിട്ടുണ്ട്. ലോക്‌സഭാംഗങ്ങളായ ബണ്ടി സഞ്ജയ് കരിംനഗര്‍ മണ്ഡലത്തിലും, സോയാം ബാപുറാവു ബോത്തിലും, അരവിന്ദ് ധരമപുരി കോരാട്ട്‌ലയിലും ജനവിധി തേടും.

റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

റഫാ കവാടം തുറന്നു; മരുന്നുകളുമായി ആദ്യ ട്രക്ക് ഗാസയിലെത്തി

ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ റഫാ ഇടനാഴി തുറന്നു. പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്. കുടിവെള്ളവും ഇന്ധനവും ഇല്ലായെന്നാണ് സ്ഥിരീകരണം. ഇന്നലെ കവാടം തുറക്കുമെന്നായിരുന്ന് അറിയിച്ചിരുന്നത് എന്നാൽ സമയം നീണ്ടുപോകുകയായിരുന്നു.ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി.

ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.എന്നാല്‍ ദുരിതമനുഭവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് 20 ട്രക്കുകളിലെ സഹായം മതിയാവില്ലെന്നുറപ്പാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസിയുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് റഫാ അതിര്‍ത്തി തുറന്നുകൊടുക്കാമെന്ന് ഈജിപ്ത് ഉറപ്പു നല്‍കി. റഫ അതിര്‍ത്തിയില്‍ 200 ട്രക്കുകള്‍ 3000 ടണ്‍ സഹായവുമായി കാത്തു കിടപ്പാണ്.

100 ട്രക്കുകള്‍ക്കെങ്കിലും ഗാസയിലേക്ക് അനുമതി നല്‍കണമെന്ന് രക്ഷാ സമിതിയില്‍ യുഎന്‍ എയ്ഡ് ചീഫ് മാര്‍ട്ടിന്‍ ഗ്രിഫിത്ത് ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി നിലച്ച ഗാസയിലേക്ക് ഇന്ധനം കടത്തിവിടുമോ എന്നതില്‍ അവ്യക്തത തുടരുകയാണ്. കയറ്റി വിടുന്നവ ഹമാസ് പിടിച്ചെടുത്താല്‍ റഫ കവാടം അടയ്ക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പക വീട്ടരുതെന്നും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്ന് ഇസ്രയേലിനും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

ഗഗൻയാൻ നിർണായക പരീക്ഷണം വിജയം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി

ഗഗൻയാൻ നിർണായക പരീക്ഷണം വിജയം; ക്രൂ മൊഡ്യൂൾ കൃത്യമായി കടലിൽ ഇറക്കി

അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി.

തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീണു. ക്രൂമൊഡ്യൂൾ വീണ്ടെടുക്കാനായി നാവികസേനാംഗങ്ങൾ ദൗത്യം ആരംഭിച്ചു. പേടകം വീണ്ടെടുത്ത് ചെന്നൈയിലെത്തിക്കും.

ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

മഹാരാഷ്ട്രയിലെ മുംബൈയിലെ ഗഡ്ചിറോളിയിൽ കൂടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിലായി. ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെയാണ് പ്രതികൾ വിഷം നൽകി കൊലപ്പെടുത്തിയത്. ശങ്കർ കുംബാരെ, ഭാര്യ വിജയ കുംബാരെ, മക്കൾ റോഷൻ, കോമൾ, വിജയയുടെ സഹോദരി ആനന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭക്ഷണത്തിൽ താലിയം എന്ന വിഷപദാർത്ഥം കലർത്തിയായിരുന്നു പ്രതികൾ കൊലപാതകം നടത്തിയത്. റോഷന്റെ ഭാര്യയായ സംഘമിത്ര, വിജയയുടെ സഹോദരന്റെ ഭാര്യ റോസ രാംടെകെ എന്നിവരാണ് പിടിയിലായത്. കുടുംബത്തിലെ എല്ലാവരെയും വിഷം കൊടുത്ത് കൊലപ്പെടുത്താനുള്ള പദ്ധതി ഇവർ ആസൂത്രണം ചെയ്തത് ഗൂഗിളിലൂടെയാണ്.

സംസ്ഥാനത്തിന്റെ പുറത്ത് നിന്നാണ് ഇവർ വിഷം വാങ്ങിയത്. ആന്തരിക അവയവങ്ങളെ പതിയെ പ്രവർത്തനരഹിതമാക്കുന്ന ഈ വിഷം ഇവർ പല ഘട്ടങ്ങളിലായി ഓരോരുത്തർക്കായി ഭക്ഷണത്തിൽ കലർത്തി നൽകി. കുടുംബത്തിലെ ഓരോരുത്തരായി മരിക്കാൻ തുടങ്ങിയപ്പോൾ ശങ്കറിന്റെ മറ്റൊരു മകൻ പൊലീസിൽ പരാതിനൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകം അറിയുന്നത്. സംഘമിത്ര ഗാർഹിക പീഡനത്തിന് ഇരയായതിന്റെ ദേഷ്യമാണ് കൊലപാതകത്തിന് കാരണമായത്.

ഇന്ത്യയിലെ 3 കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് കാനഡ നിർത്തി

ഇന്ത്യയിലെ 3 കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് കാനഡ നിർത്തി

ഡൽഹി: നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാന ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നിരവധി മലയാളികൾക്ക് പരുക്ക്

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നിരവധി മലയാളികൾക്ക് പരുക്ക്

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളിക്ക് പരുക്കേറ്റു. കരാമയിലാണ് സംഭവം. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒൻപതോളം പേരെ ദുബായിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കറാമ ‘ഡേ ടു ഡേ’ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു.കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ നിധിൻ ദാസ്, ഷാനിൽ, നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബായ് റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ഫവാസ് പറഞ്ഞു.