by Midhun HP News | Oct 18, 2023 | Latest News, ദേശീയ വാർത്ത
ഗ്ലോബല്‍ വില്ലേജിന്റെ 28ാം സീസണ് ഇന്ന് തുടക്കം. അടുത്തവര്‍ഷം ഏപ്രില്‍ 28 വരെയാണ് പുതിയ സീസണ്‍ അരങ്ങേറുക. ഇന്ന് മുതല്‍ ദുബായിലെ വൈകുന്നേരങ്ങള്‍ വിസ്മയഗ്രാമത്തിലേക്ക് ചുരുങ്ങും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്.
വാരാന്ത്യങ്ങളൊഴികെ എല്ലാദിവസവും വൈകുന്നേരം നാലു മുതല്‍ 12 വരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ ഗ്ലോബല്‍വില്ലേജ് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. 22.50 ദിര്‍ഹം മുതലാണ് ഇത്തവണത്തെ ടിക്കറ്റ് നിരക്ക്. ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും.

ലോകത്തിന്റ വിവിധയിടങ്ങളില്‍ നിന്നുളള 400 ലധികം പ്രശസ്ത കലാകാരന്മാര്‍ 40000 ലധികം കലാപ്രകടനങ്ങളുമായി ഇത്തവണത്തെ സീസണെ മനോഹരമാക്കും. ലോകത്തിന്റെ വ്യത്യസ്തയിടങ്ങളിലെ രുചി വൈവിധ്യങ്ങളും ഒരു കുടക്കീഴില്‍ അനുഭവിക്കാനാവും. വാരാന്ത്യങ്ങളില്‍ വെടിക്കെട്ടും ആസ്വദിക്കാം. അടുത്തവര്‍ഷം ഏപ്രില്‍ 28 വരെ പുതിയ സീസണ്‍ നീണ്ടുനില്‍ക്കും.
by Midhun HP News | Oct 17, 2023 | Latest News, ദേശീയ വാർത്ത
ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായിരിക്കെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഇസ്രയേല്‍ സന്ദര്‍ശിക്കും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേലും വാഷിങ്ടനും ഗാസയിലെ ജനങ്ങളെ സഹായിക്കാനായി പദ്ധതി തയാറാക്കുന്നതായും ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.
ഇസ്രയേലിനോടുള്ള യുഎസിന്റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും പ്രസിഡന്റ് ഉറപ്പിക്കും. ഹമാസില്‍ നിന്നും പൗരന്മാരെ സുരക്ഷിതരാക്കാനും ആക്രമണങ്ങളെ തടയാനുമുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും ബ്ലിങ്കന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി എട്ടുമണിക്കൂറോളം ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ആന്റണി ബ്ലിങ്കന്റെ പ്രതികരണം. ഇസ്രയേല്‍ സന്ദര്‍ശനത്തിന് പിന്നാലെ ജോ ബൈഡന്‍ ജോര്‍ദാനും സന്ദര്‍ശിക്കും.

by Midhun HP News | Oct 16, 2023 | Latest News, ദേശീയ വാർത്ത
ടെല്‍ അവീവ്: പോരാട്ടം രൂക്ഷമായ ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. വൈദ്യസഹായം എത്തിക്കാനും വിദേശികള്‍ക്ക് പോകാനുമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. യുദ്ധം രൂക്ഷമായതോടെ ഗാസയില്‍ നിന്നും ജനങ്ങൾ പലായനം തുടരുകയാണ്. ഇതിനകം നാലുലക്ഷത്തോളം പേര്‍ ഗാസ വിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. കുടിവെള്ളം, വൈദ്യുതി, ഇന്ധനം, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയവയെല്ലാം ഗാസയില്‍ ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്.
ഗാസയില്‍ നിന്നും രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളാണ് ഈജിപ്റ്റ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസ പിടിച്ചടക്കി വെക്കുന്നത് വന്‍ അബദ്ധമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

by Midhun HP News | Oct 16, 2023 | Latest News, ദേശീയ വാർത്ത
അലഹാബാദ്: രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെ വിട്ടുകൊണ്ടാണ് ജസ്റ്റുസുമാരായ അശ്വനി കുമാര്‍ മിശ്രയുടെയും സയിദ് അഫ്താബ് ഹുസൈന്‍ റിസവിയുടെയും ഉത്തരവ്. കേസിലെ കൂട്ടുപ്രതി മൊനീന്ദരന്‍ സിങ് പാന്ഥറെ രണ്ടു കേസുകളില്‍ ഹൈക്കോടതി വെറുതെവിട്ടു. ഈ രണ്ടു കേസുകളില്‍ പാന്ഥര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ അപ്പീലുകളിലാണ് ഉത്തരവ്.
2005-2006 കാലഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2006ല്‍ ഓടയില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. നിതാരിയിലെ വീടിനു സമീപമാണ് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. വീട്ടുടമ പാന്ഥറും വീട്ടുജോലിക്കാരന്‍ കോലിയും കൊലപാതകങ്ങള്‍ നടത്തിയെന്നായിരുന്നു പൊലീസ് നിഗമനം.

by Midhun HP News | Oct 16, 2023 | Latest News, ദേശീയ വാർത്ത
യുഎസില്‍ പലസ്തീന്‍ വംശജനായ ആറു വയസ്സുകാരനെ ക്രൂരമായി കുത്തിക്കൊന്നു. ആറുവയസ്സുകാരന്റെ അമ്മ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. ജോസഫ് സ്യൂബ എന്ന 75കാരനാണ് ക്രൂരകൃത്യം ചെയ്തത്. 26 തവണയാണ് ഇയാള്‍ കുട്ടിയെ കുത്തിയത്. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം. ഷിക്കാഗോയിലാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട കുട്ടി പലസ്തീന്‍ വംശജന്‍ ആണെന്ന് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് പറഞ്ഞു. എന്നാല്‍, കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യുഎസ് പൊലീസ് തയ്യാറായില്ല. തങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ കുട്ടിയുടെ അമ്മയാണ് വിളിച്ചു പറഞ്ഞത്. പൊലീസ് എത്തുമ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. വീട്ടിനുള്ളിലെ മുറിയ്ക്കുള്ളിലാണ് അമ്മയേയും മകനെയും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ വയറ്റില്‍ നിന്ന് ഏഴ് ഇഞ്ച് നീളമുള്ള ബ്ലേഡ് ഘടിപ്പിച്ച കത്തി കണ്ടെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ വഴിയില്‍ തലയില്‍ മുറിവേറ്റ നിലയില്‍ സ്യൂബ ഇരിക്കുന്നത് കണ്ടെത്തി. ‘മുസ്ലിംകള്‍ ഉറപ്പായും മരിക്കണം’ എന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയേയും അമ്മയേയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബാഡന്‍ രംഗത്തെത്തി. വിദ്വേഷത്തിന്റെ ഭയാനകമായ പ്രവൃത്തിയാണ് ഇതെന്ന് ബൈഡന്‍ പറഞ്ഞു.
by Midhun HP News | Oct 14, 2023 | Latest News, ദേശീയ വാർത്ത
തൃശ്ശൂരിൽ ട്രക്ക് ഡ്രൈവര്‍മാരായി വന്ന് എടിഎമ്മുകളില്‍ നിന്ന് പണം മോഷ്ടിക്കുന്ന ഹരിയാന സ്വദേശികള്‍ പൊലീസ് പിടിയില്‍. സിയാ ഉള്‍ ഹഖ്, നവേദ് എന്നിവരെയാണ് തൃശ്ശൂർ പുതുക്കാട് പൊലീസിന്റെ പിടിയിലായത്. സിസിടിവികളും മൊബൈല്‍ കോളുകളും ബാങ്ക് ഇടപാടുകളും പരിശോധിച്ചുള്ള വ്യാപക അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികള്‍ ഹരിയാനയിൽ സിറ്റിസൺ സർവീസ് സെന്ററുകൾ നടത്തിവരുകയാണ്.
സിറ്റിസൺ സർവീസ് സെന്ററുകളിൽ നിന്നും ശേഖരിക്കുന്ന ഐ ഡി കാർഡുകളും ആധാർ കാർഡുകളും ഉപയോഗിച്ചാണ് പ്രതികൾ കൃത്രിമമായി ബാങ്ക് അക്കൗണ്ടുകൾ നിർമ്മിക്കുന്നത്. അക്കൗണ്ടുകളിൽ ചെറിയ തുക നിക്ഷേപിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ എത്തി പണം എടിഎമ്മിലൂടെ പിൻവലിക്കും. എടിഎമ്മിൽ നിന്നും പണം പുറത്തുവരുന്നതിനിടെ പ്രതികൾ എടിഎമ്മിൽ സാങ്കേതിക പിഴവ് ഉണ്ടാക്കിയാണ് പണം തട്ടിയെടുക്കുന്നത്. ഇതിലൂടെ ഒരേസമയം തട്ടിപ്പുകാർക്ക് എടിഎം മെഷീനിൽ നിന്നും പൈസ ലഭിക്കുകയും ബാങ്കുകൾക്ക് പണം നൽകിയില്ലെന്ന സന്ദേശം പോവുകയും ചെയ്യും.

പിന്നീട് ബാങ്കുകളിലെത്തി പണം നേടിയെടുക്കുന്നതാണ് ഇവരുടെ പതിവ്. രാജസ്ഥാൻ ഹരിയാന അതിർത്തിയിലെ മലയോര ഗ്രാമത്തിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഇവിടെ രാത്രി നടത്തിയ തന്ത്രപരമായ റെയ്ഡിലൂടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഹരിയാന പൊലീസിന്റെ സഹായവും പുതുക്കാട് പൊലീസിന് ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Recent Comments