കാനഡയിൽ ചെറുവിമാനം തകർന്ന് മൂന്ന് മരണം; മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും

കാനഡയിൽ ചെറുവിമാനം തകർന്ന് മൂന്ന് മരണം; മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും

കാനഡയിൽ ചെറുവിമാനം തകർന്ന് രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. ‘പൈപ്പർ പിഎ-34 സെനെക’ ചെറുവിമാനമാണെന്ന് അപകടത്തിൽപ്പെട്ടത്.

വാൻകൂവറിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി ചില്ലിവാക്കിലുള്ള ഒരു വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ചില്ലിവാക്ക് നഗരത്തിലെ ഒരു മോട്ടലിന് പിന്നിലുള്ള കുറ്റികാട്ടിലാണ് വിമാനം തകർന്നുവീണതെന്ന് കനേഡിയൻ പൊലീസ് അറിയിച്ചു. വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്.

മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. വിമാനം തകർന്നതിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.

സിക്കിം മിന്നല്‍ പ്രളയം; മരണം 53 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

സിക്കിം മിന്നല്‍ പ്രളയം; മരണം 53 ആയി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഗാങ്ടോക്: സിക്കിമിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 53 പേർ മരിച്ചു. 23 പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഇനിയും 100 അടുത്ത് ആളുകളെ കണ്ടെത്താനുണ്ട്. 2011 പേരെയാണ് ഇതുവരെ രക്ഷപെടുത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ്താങ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞിരുന്നു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികള്‍ അണക്കെട്ടിന്റെ തുരങ്കങ്ങളില്‍ കുടുങ്ങിയതായി പഥക് അറിയിച്ചു.

14 പാലങ്ങള്‍ ഒലിച്ചു പോയതിനാല്‍ റോഡ് ഗതാഗതം തകര്‍ന്നിരുന്നു. ഇതില്‍ ഒമ്പതെണ്ണം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ചതാണ്. അഞ്ചെണ്ണം സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചതുമാണെന്ന് പഥക് പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിച്ചിരുന്നു. ‘സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നിര്‍ഭാഗ്യകരമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനല്‍കി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മോദി എക്സില്‍ കുറിച്ചത്.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനില്‍ക്കാന്‍ ജനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇനി ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാം!; യൂസര്‍നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്

ഇനി ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കാം!; യൂസര്‍നെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡല്‍ഹി: ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാറ്റ് ചെയ്യാന്‍ കഴിയുന്ന യൂസര്‍ നെയിം ഫീച്ചറാണ് അവതരിപ്പിച്ചത്.

അപരിചിതരായ ആളുകള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ സങ്കടിപ്പിച്ച് ശല്യപ്പെടുത്തുന്നത് തടയാന്‍ ഈ സംവിധാനം എത്തുന്നതോടെ സാധിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ വരും ദിവസങ്ങളില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൊഫൈല്‍ സെറ്റിങ്‌സില്‍ പുതിയ സെക്ഷന്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. യൂസര്‍ നെയിമുകള്‍ വ്യത്യസ്തമാക്കാന്‍, അക്കങ്ങളും അക്ഷരങ്ങളും പ്രത്യേക ചിഹ്നങ്ങളും പേരിനോടൊപ്പം ചേര്‍ക്കേണ്ടതായി വരും. അതായത് ഓരോ യൂസര്‍നെയിമുകളും വ്യത്യസ്തമായിരിക്കണം. യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യുമ്പോള്‍ ഫോണ്‍ നമ്പര്‍ മറച്ചുപിടിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പരസ്പരം ഫോണ്‍ നമ്പറുകള്‍ അറിയാത്ത കാലത്തോളം ഇത് തുടരുകയും ചെയ്യും.

സമാധാനത്തിനുള്ള നൊബേല്‍ നര്‍ഗീസ് മൊഹമ്മദിക്ക്

സമാധാനത്തിനുള്ള നൊബേല്‍ നര്‍ഗീസ് മൊഹമ്മദിക്ക്

സ്‌റ്റോക് ഹോം: സമാധാനത്തിനുള്ള നൊബേല്‍ നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനിലെ വനിതകളെ അടിച്ചമര്‍ത്തുന്നതിന് എതിരെയും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കാനും അവര്‍ നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നേബേല്‍ പുരസ്‌കാര സമിതി അറിയിച്ചു. നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടം മൂലം അവര്‍ക്ക് വ്യക്തിപരമായ വലിയ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് നോബേല്‍ കമ്മിറ്റി വിലയിരുത്തി.

മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

റിയാദ്: ഹായില്‍ പ്രവിശ്യയിലെ ഹുലൈഫയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍(30) ആണ് മരിച്ചത്. ആറാദിയയില്‍ ബൂഫിയ ജീവനക്കാരന്‍ ആയിരുന്നു.

ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിലാണ് അപകടം. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ മരണം സംഭവിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. നവംബർ രണ്ടാം വാരത്തിനും ഡിസംബർ ആദ്യവാരത്തിനും ഇടയിൽ വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 8 നും 10 നും ഇടയിൽ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലാണ് 2018ലെപ്പോലെ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയെന്നും ഇസി വൃത്തങ്ങൾ അറിയിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലെയും പോളിംഗ് തീയതികൾ വ്യത്യസ്തമായിരിക്കാം. എന്നാൽ വോട്ടെണ്ണൽ ഒരുമിച്ച് നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, രാജസ്ഥാൻ, മിസോറാം, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇസി വിലയിരുത്തി. തെരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിന് അന്തിമരൂപം നൽകുന്നതിനായി തെരഞ്ഞെടുപ്പ് ബോഡി നിരീക്ഷകരുടെ യോഗം വിളിച്ചിട്ടുണ്ട്.

മിസോറാമിലെ നിയമസഭയുടെ കാലാവധി ഈ വർഷം ഡിസംബർ 17ന് അവസാനിക്കും. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനത്ത് ഭരണത്തിലുള്ളത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ സഭകളുടെ കാലാവധി അടുത്ത വർഷം ജനുവരിയോടെ അവസാനിക്കും. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി തെലങ്കാന ഭരിക്കുമ്പോൾ, മധ്യപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് സർക്കാരുകളാണുള്ളത്.