by Midhun HP News | Oct 2, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154-ാം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ചു.
‘ഗാന്ധിജിയുടെ കാലാതീതമായ വാക്കുകള്‍ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നു. മഹാത്മാഗാന്ധിയുടെ സ്വാധീനം ആഗോളമാണ്, അത് മുഴുവന്‍ മനുഷ്യരാശിയെയും ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വര്‍ദ്ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് എപ്പോഴും പ്രവര്‍ത്തിക്കാം.
എല്ലായിടത്തും ഐക്യവും സാഹോദര്യവും പുലരുന്നത് സ്വപ്‌നം കണ്ട ഗാന്ധിജിയുടെ ചിന്തകള്‍, ഓരോ ചെറുപ്പക്കാരനെയും മാറ്റത്തിന്റെ ഏജന്റാകാന്‍ പ്രാപ്തരാക്കട്ടെ’യെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഗാന്ധിജിക്ക് ആദമര്‍പ്പിച്ചു.
by Midhun HP News | Oct 2, 2023 | Latest News, ദേശീയ വാർത്ത
ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ. എൻഐഎയും ഡൽഹി പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്. മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഷഹനാസ് ആണ് പിടിയിലായത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് മൂന്നു ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്നു. ഷാഫ് എന്ന പേരിലും ഇയാൾ അറിയപ്പെടിരുന്നു. ഇന്നലെയാണ് ഇയാൾ പിടിയിലായത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കൊലപാതകങ്ങളിലും സ്ഫോടനങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഐഎസിന്റെ സ്ലീപ്പർസെൽ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന ഭീകരൻ ആണ് പിടിയിലായിരിക്കുന്നത്. ഒരു മാസമായി മുഹമ്മദ് ഷഹനാസ് അടക്കം നാലു പേർ ഡൽഹി പൊലീസും എൻഐഎയുടെയും നിരീക്ഷണത്തിലായിരുന്നു.
by Midhun HP News | Sep 30, 2023 | Latest News, ദേശീയ വാർത്ത
ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രംഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്ക്ക് കത്തയച്ചു. ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ അടിയന്തരമായി ഉണ്ടാകണമെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാണിച്ചു.
സർക്കാരിനെതിരെ വൻ തോതിൽ ജനരോഷം ഉയരുകയാണ്. പ്രതിഷേധത്തിന്റെ വേലിയറ്റം തന്നെയാണ് സർക്കാരിനെതിരെയുള്ളതെന്നും കത്തിലുണ്ട്. സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികൾ കത്തിൽ ഒപ്പിട്ടിട്ടുണ്ട്. കലാപം 150 ദിവസമായതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി നേതാക്കൾ ദേശീയ നേതൃത്വത്തെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന നേതാക്കൾക്ക് ആശയ വിനിമയം നടത്തണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, സുരക്ഷാ സേനകൾ ഉൾപ്പെടെയുള്ളവരുടെ കാര്യക്ഷമമായ ഇടപെടലുകൾ അനിവാര്യമാണ്. ക്രമസമാധാന പരിപാലനത്തിൽ നിന്നു സംസ്ഥാന സർക്കാരിനെ മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു മേൽക്കൈ നൽകുന്ന തരത്തിൽ കാര്യങ്ങൾ ക്രമീകരിക്കണം.
ഗവർണറുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ സമാധന യോഗങ്ങൾ ചേരുന്നില്ല. തുടർ നടപടികളും ഉണ്ടാകുന്നില്ല. പാലയനം ചെയ്തവരെ തിരികെ എത്തിക്കുന്നതിലും അവർക്ക് നഷ്ടപ്പെട്ട വീടുകൾ ഉൾപ്പെടെയുള്ളവ പുനർ നിർമിച്ചു നൽകുന്നതിനും അടിയന്തര ഇടപെടൽ ഉണ്ടാകണം.
ദേശീയ പാതകളിൽ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്നങ്ങളുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ എടുത്തു പറയുന്നു. കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണം. വീടുകൾ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ട പരിഹാരം നൽകണം
ഇംഫാൽ ഈസ്റ്റിലെ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാൽ വെസ്റ്റിലെ ബിജെപി എംഎൽഎയുടെ വീടും ഒരേസമയം ആക്രമിക്കാൻ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചതായി നേതാക്കൾ തുറന്നടിച്ചത്.
സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് എത്തിക്കാൻ സർക്കാർ രാവും പകലും ശ്രമിക്കുന്നുണ്ട്. പക്ഷേ അതൊന്നും ഫലം കാണുന്നില്ല. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ നിരന്തരം പരാജയപ്പെടുന്നു. ജനങ്ങൾ ഓരോ ദിവസവും തള്ളി നീക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുകയാണ്. ഇത്തരം കാര്യങ്ങളെല്ലാം പ്രതിസന്ധിയായി നിൽക്കുന്നു- കത്തിൽ വ്യക്തമാക്കുന്നു.
by Midhun HP News | Sep 30, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്. 2023 സെപ്റ്റംബർ 30-നകം നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ വേണമെന്നായിരുന്നു അറിയിപ്പ്. അതേസമയം, നോട്ടിന്റെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
500, ആയിരം രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ 2016ലാണ് റിസർവ്ബാങ്ക് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. എന്നാൽ, 2018 -19 സാമ്പത്തിക വർഷത്തോടെ നോട്ടിന്റെ അച്ചടി നിർത്തിവച്ചിരുന്നു. ഈ വർഷം മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതൽ കറൻസി മാറ്റിയെടുക്കാൻ അവസരമൊരുക്കിയിരുന്നു. സെപ്റ്റംബർ 30നകം കൈവശമുള്ള 2000 രൂപ നോട്ടുകൾ മുഴുവനായി മടക്കി നൽകണമെന്നതാണ് റിസർവ് ബാങ്കിന്റെ അഭ്യർഥന. ഈ സമയപരിധി നീട്ടുമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.
നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി പൊതുജനങ്ങൾക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ വരെ മാറ്റിയെടുക്കാനുള്ള സംവിധാനമാണ് ബാങ്കുകളിലുള്ളത്. അതായത് ഒരേ സമയം പത്ത് നോട്ടുകൾ മാറ്റിയെടുക്കാനാകും. അക്കൗണ്ടില്ലാത്ത ബാങ്കുകളിലും നോട്ട് മാറിയെടുക്കാനാകും.
by Midhun HP News | Sep 29, 2023 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കാവേരി നദീജല തര്‍ക്കത്തെത്തുടര്‍ന്ന് കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു. തെക്കൻ ജില്ലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. ബന്ദിനെത്തുടർന്ന് മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ബംഗലൂരുവിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധിയായിരിക്കും. ബംഗലൂരു വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
ബംഗലൂരുവിലെ വിമാനത്താവളത്തിൽ നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാൻഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർപോട്ട് അധികൃതർ പറയുന്നത്. യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ചിക്കമംഗലൂരുവിൽ പ്രതിഷേധക്കാർ പെട്രോൾ പമ്പുകളിൽ എത്തി പ്രതിഷേധിക്കുകയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയിൽ റോഡിൽ കിടന്നും റെയിൽവേ ട്രാക്ക് ഉപരോധിച്ചും പ്രതിഷേധിച്ചു. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് നേതൃത്വം നൽകുന്നത്. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തിൽ വിവിധ സംഘടനകളുടെ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
by Midhun HP News | Sep 28, 2023 | Latest News, ദേശീയ വാർത്ത
ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. കപിസ്ഥലയിൽ മൊബൈൽ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയർ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്.
രാജപുരം ഗ്രാമത്തിൽ നിന്നുള്ള കോകില ഭർത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈൽ സേവനങ്ങളും വാച്ച് റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു. ബുധനാഴ്ചയാണ് അപകടം നടന്നത്. ചാർജ് ചെയ്തുകൊണ്ടിരുന്ന ഫോണിൽ ഹെഡ് സെറ്റ് കണക്ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയിൽ കടയിൽ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. പ്രദേശ വാസികള്‍ ഓടിയെത്തി തീയണച്ച് കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
Recent Comments