ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദ്ദനം; അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകന്റെ മർദ്ദനം; അഞ്ചു വയസ്സുകാരൻ മരണപ്പെട്ടു

ഹൈദരാബാദ്: ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അധ്യാപകൻ മർദിച്ചതിനെ തുടർന്ന് അഞ്ചുവയസ്സുകാരനായ വിദ്യാർഥി മരിച്ചു. ഹൈദരാബാദിലെ രാമന്തപൂർ വിവേക് നഗറിലെ സ്വകാര്യ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്.
ഗൃഹപാഠം ചെയ്യാത്തതിന്റെ പേരിൽ കുട്ടിയെ അധ്യാപകൻ ശനിയാഴ്ച സ്ലേറ്റ് കൊണ്ട് തലയ്ക്കടിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സ്‌കൂളിൽ കുഴഞ്ഞുവീണ ഹേമന്ത് (5) ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തിങ്കളാഴ്ച സ്‌കൂളിന് മുന്നിൽ മൃതദേഹവുമായി പ്രതിഷേധം നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്

ഡൽഹി: ‘ന്യൂസ് ക്ലിക്ക്’ പോർട്ടലിൻ്റെ ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ വീടുകളിലുമാണ് ഡൽഹി പൊലീസ് റെയ്ഡ് നടത്തുന്നത്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും ടീസ്ത സെതൽവാദിൻ്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു.

ഡൽഹി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ യുഎപിഎ ചുമത്തിയതായും റിപ്പോർട്ടുകളുണ്ട്.

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ ഷാനവാസടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഷാനവാസ് തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകളുണ്ടാക്കാൻ ശ്രമിച്ചെന്ന് സ്പെഷ്യൽ സെൽ അധികൃതർ വെളിപ്പെടുത്തി. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും അതിന് ശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട്, കണ്ണൂർ വനമേഖലയിലൂടെയും ഇവർ യാത്ര ചെയ്തു. പശ്ചിമഘട്ട മേഖലകളിൽ ഒളിത്താവളമുണ്ടാക്കാനായിരുന്നു നീക്കം. ഗോവ, കർണാടക, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ വനമേഖലകളിലാണ് ഒളിത്താവളമുണ്ടാക്കാൻ ശ്രമം നടത്തിയതെന്നാണ് സ്പെഷ്യൽ സെൽ വിശദീകരിക്കുന്നത്.

മുഹമ്മദ് ഫൈസലിന് തിരിച്ചടി; വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിന് സ്റ്റേയില്ല

മുഹമ്മദ് ഫൈസലിന് തിരിച്ചടി; വധശ്രമക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിന് സ്റ്റേയില്ല

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയില്‍ തിരിച്ചടി. കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് വിധി കോടതി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച ഉത്തരവ് മരവിപ്പിച്ചു.

നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്കു പിഴവു പറ്റിയെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ആറാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചത്.

മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധി വന്നതിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.

കുറ്റക്കാരനെന്നു കണ്ടെത്തിയതിനെതിനെയും ശിക്ഷാവിധിയെയും ചോദ്യം ചെയ്താണ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷാ വിധി ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഫൈസലിന്റെ പാര്‍ലമെന്റ് അംഗത്വം വീണ്ടും തുലാസിലായി. ഫൈസലിന് അയോഗ്യത നേരിടേണ്ടിവരുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും വിമാനാപകടത്തിൽ മരിച്ചു

ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രൺധാവയും മകനും വിമാനാപകടത്തിൽ മരിച്ചു

ഹരാരെ: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചിരുന്നെന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നു തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ വജ്രഖനിക്ക് സമീപം സ്വകാര്യ വിമാനം തകർന്നു വീഴുകയായിരുന്നു.

ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു

ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടു

ഡൽഹി: ഇന്നലെ പിടിയിലായ ഐഎസ് ഭീകരൻ ഷാനവാസ് ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടെന്ന് ഡൽഹി പൊലീസ്. പല സംസ്ഥാനങ്ങളിലായി പരീക്ഷണ സ്ഫോടനങ്ങളും നടത്തി. പാക് ചാരസംഘടനയുടെ സഹായം ഭീകരർക്ക് കിട്ടിയെന്നും പൊലീസ് പറയുന്നു.

മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ വിവിഐപികളെയും രാഷ്ട്രീയ നേതാക്കളെയും ഇവർ ലക്ഷ്യമിട്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇവരുടെ യാത്രാവഴികളിൽ ഐഇഡി സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാർത്ഥം സ്ഫോടനങ്ങളും നടത്തി. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഡൽഹിയിൽ സ്ഫോടന പരമ്പരകൾക്കും പദ്ധതിയിട്ടു. തുടർന്ന് അഫ്ഗാനിലേക്ക് പോകാനായിരുന്നു പദ്ധതി.

ഷാനവാസിനൊപ്പം അറസ്റ്റിലായ മറ്റു രണ്ടു പേരും ഐഎസ് സ്ലീപർസെല്ലിൽ പെട്ടവരാണ്. മുഹമ്മദ് വാസി, മുഹമ്മദ് റിസ്വാൻ എന്നിവരാണ് വടക്കേന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഷാനവാസിന് ഒപ്പം നിന്നത്. കേസിൽ അറസ്റ്റിലായ മൂന്ന് പേരും ബിടെക്ക് ബിരുദധാരികളാണ്. കോടതി ആറ് ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടത്. പ‍‍‍‍ഠനകാലത്ത് ഇവർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായെന്നാണ് പൊലീസ് പറയുന്നത്.

ജയ്പൂരിൽ നിന്നാണ് ഷാനവാസും സംഘവും പിടിയിലായത്. ഇയാള്‍ കേരളത്തിലും എത്തിയെന്ന് പൊലീസ് പറയുന്നു. കേരളത്തിലെ വനമേഖലയിൽ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടുകിട്ടിയതായും സ്പെഷ്യൽ സെൽ വ്യക്തമാക്കി. പശ്ചിമഘട്ടം കേന്ദ്രീകരിച്ച് സംഘങ്ങളെ രൂപീകരിക്കാനും ഇവർ ശ്രമങ്ങൾ നടത്തിയിരുന്നു. വനമേഖലകൾ, ആളൊഴിഞ്ഞ കൃഷിഭൂമി എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഈഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി. മൈനിംഗ് ഏഞ്ചീനിയിറിംഗിൽ ബിടെക്ക് നേടിയ ഷാനവാസ് ബോംബ് നിർമാണത്തിലും പരിശീലനം നേടിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.