വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

ഡല്‍ഹി: രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് കരുത്തുപകര്‍ന്ന്, ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് അംഗീകാരം. രാജ്യസഭയിലും ഭരണ- പ്രതിപക്ഷ കക്ഷികള്‍ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും കടന്നത്. രാജ്യസഭയില്‍ 11 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍, സഭയിലെത്തിയ 214 പേരും ബില്ലിനെ പിന്തുണച്ചു. ഇനി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കേണ്ടതുണ്ട്.

ലോസ്ഭയില്‍ സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. ലോക്സഭയില്‍ പരമ്പരാഗതരീതിയില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയാണ് ബില്ലിന് അംഗീകാരം നല്‍കിയതെങ്കില്‍ രാജ്യസഭയില്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തി ബില്‍ പാസാക്കിയത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയെടുത്തെങ്കിലും വനിതാസംവരണം നടപ്പിലാകാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും ഇത് നടപ്പിലാകുക.

റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു; പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി

റെയില്‍വേ സ്‌റ്റേഷനില്‍ പെട്ടി ചുമന്നു; പോര്‍ട്ടര്‍ ജോലി ചെയ്ത് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്‍പ് സാധാരണജനങ്ങളിലേക്ക് ഇറങ്ങി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തിലാണ് രാഹുല്‍ എത്തിയത്. പെട്ടിചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം ചെലവിട്ടു

തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുക ലക്ഷ്യമിട്ട് രാഹുല്‍ നേരത്തെയും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നേരിട്ട് എത്തിയിരുന്നു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. രാഹുല്‍ പോര്‍ട്ടറുടെ വേഷത്തിലെത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയതു. കഴിഞ്ഞ മാസം ആസാദ്പുരിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രാഹുല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ ആസാദ്പുരില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ന് രാഹുലെത്തിയത്. വിലക്കയറ്റത്തെ കുറിച്ച് വ്യാപാരികളോട് സംസാരിച്ച രാഹുല്‍ പച്ചക്കറികളുടെ നിലവിലെ വിപണിവിലനിലവാരം ചോദിച്ചറിയുകയും ചെയ്തിരുന്നു.

ഖലിസ്ഥാൻവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു

ഖലിസ്ഥാൻവാദി നേതാവ് കാനഡയിൽ കൊല്ലപ്പെട്ടു

ഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധിക്കിടെ മറ്റൊരു ഖലിസ്ഥാൻവാദി നേതാവ് കൂടി കാനഡയിൽ കൊല്ലപ്പെട്ടു. സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂൽ സിങ് ആണ് കൊല്ലപ്പെട്ടത്. ഇരുസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മരണമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ പല കേസുകളിലും ഉൾപ്പെട്ടയാളായിരുന്നു. കാനഡയിലേക്ക് കടന്ന ഖലിസ്ഥാൻ ഭീകരവാദികളെ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ പട്ടികയിലും ഇയാളുടെ പേര് ഉൾപ്പെടുന്നുണ്ട്.

ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് രണ്ടാമതൊരു ഖലിസ്ഥാൻ വാദി നേതാവിൻ്റെ കൊലപാതവും കാനഡയിലുണ്ടാകുന്നത്. ഖലിസ്ഥാൻ അനുകൂല സംഘടനകൾ തമ്മിലുള്ള തർക്കവും സംഘർഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. നിജ്ജാറുടെ കൊലപാതകം രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.

എന്നാൽ കൊലപാതകത്തിന് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്ററിൻ ട്രൂഡോയുടെ പ്രസ്താവന. ഇതാണ് കാനഡ ഇന്ത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന നിലയിലേക്ക് എത്തിയത്.

രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി; ഉദ്ഘാടനം ഞായറാഴ്ച

രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി; ഉദ്ഘാടനം ഞായറാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.

കാസർകോട്-തിരുവനന്തപുരം പാതയിൽ ആലപ്പുഴ വഴിയാകും രണ്ടാം വന്ദേഭാരത് ട്രെയിൻ ഓടുക. 24-ന് മൻകിബാത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി കേരളത്തിലേത് ഉൾപ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം ഷെഡ്യൂൾപ്രകാരമുള്ള യാത്ര ഉണ്ടാകില്ല.

ആഴ്ചയിൽ ആറു ദിവസമാകും ട്രെയിൻ സർവീസ് നടത്തുക. ചൊവ്വാഴ്ച ട്രെയിൻ ഉണ്ടാകില്ല. രാവിലെ ഏഴിന് കാസർകോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് മൂന്നരയ്ക്കുമുമ്പ് തിരുവനന്തപുരത്തെത്തും വിധമാകും സമയക്രമം. കണ്ണൂർ 8.03, കോഴിക്കോട് 9.03, ഷൊർണൂർ 10.03, തൃശ്ശൂർ 10.38, എറണാകുളം 11.45, ആലപ്പുഴ 12.38, കൊല്ലം 1.55 എന്നിങ്ങനെയുള്ള സമയക്രമമാകും ട്രെയിനിന്റേത് എന്നാണ് വിവരം.

മടക്കയാത്രയിൽ വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ കൊല്ലം 4.53, ആലപ്പുഴ 5.05, എറണാകുളം 6.35, തൃശ്ശൂർ 7.40, ഷൊർണൂർ 8.15, കോഴിക്കോട് 9.16, കണ്ണൂർ 10.16, കാസർകോട് 11.55-ന് എത്തും. തിരുവനന്തപുരം കൊച്ചുവേളി യാർഡിലാണ് ട്രെയിനിന്റെ അറ്റകുറ്റപ്പണിയും പരിപാലനവും നിശ്ചയിച്ചിട്ടുള്ളത്.

വനിതാ സംവരണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം

വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; ചര്‍ച്ചയും വോട്ടെടുപ്പും നാളെ

ഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും. വനിതാ സംവരണ ബില്‍ ലോക്‌സഭ ഇന്നലെ പാസ്സാക്കിയിരുന്നു. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.

‘നാരി ശക്തി വന്ദൻ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128–ാം ഭേദഗതിയാണിത്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ഭേദഗതി നടപ്പിലായി 15 വർഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

‘നാരീ ശക്തി വന്ദന്‍’; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍

‘നാരീ ശക്തി വന്ദന്‍’; വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍

ഡല്‍ഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്നു സീറ്റ് സ്ത്രീകള്‍ക്കു സംവരണം ചെയ്യാന്‍ നിര്‍ദേശിക്കുന്ന വനിതാ സംവരണ ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ നിയമ നിര്‍മാണമായാണ്, 128ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചു. ബില്‍ അവതരത്തിനു ശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.

വനിതാ സംവരണ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ലോക്‌സഭയിലെ വനിതകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാവുമെന്ന് അര്‍ജുന്‍ സിങ് മേഘ്വാള്‍ പറഞ്ഞു. നിലവില്‍ 82 അംഗങ്ങളാണ് സഭയിലുള്ളത്. ഇത് 181 ആവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാരീശക്തി വന്ദന്‍ അധിനിയം എന്നാണ് ബില്ലിനു പേര്.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്നു സീറ്റ് വനിതകള്‍ക്കു സംവരണം ചെയ്യാനാണ് ഭരണഘടന ഭേദഗതി ബില്‍ ലക്ഷ്യമിടുന്നത്. ദേശീയ, സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കാനാണ് നിയമ നിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണ്. വനിതകള്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരുമെന്നും അതു നിയമ നിര്‍മാണ പ്രക്രിയയുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയായതിനു ശേഷമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരൂ. പതിനഞ്ചു വര്‍ഷത്തേക്കു സംവരണം തുടരാനാണ് ബില്ലിലെ വ്യവസ്ഥ. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിനു ശേഷവും വനിതാ സംവരണ സീറ്റുകള്‍ മാറും. എസ് സി, എസ്ടി വിഭാഗത്തിന് വനിതാ സംവരണത്തില്‍ ഉപ സംവരണമുണ്ടാവും. മണ്ഡല പുനര്‍ നിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാനിടയില്ല.

1996 മുതല്‍ പലവട്ടം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച വിഷയമായെങ്കിലും ബില്‍ ഇതുവരെ പാര്‍ലമെന്റ് കടന്നിരുന്നില്ല. 2010ല്‍ രാജ്യസഭ പാസാക്കിയ ബില്‍ പിന്നീട് ലോക്‌സഭയില്‍ എത്തിയില്ല. വിവിധ പാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പാണ് ബില്ലിനു വിലങ്ങുതടിയായത്.