ഷവർമ്മ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം, തന്തൂര്‍ വിഭവങ്ങൾക്ക് വിലക്കുമായി ജില്ലാ ഭരണകൂടം

ഷവർമ്മ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം, തന്തൂര്‍ വിഭവങ്ങൾക്ക് വിലക്കുമായി ജില്ലാ ഭരണകൂടം

നാമക്കല്‍: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. ഷവര്‍മ്മ കഴിച്ച 43 പേര്‍ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചത്.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടര്‍ വിശദമാക്കി. തന്തൂര്‍ വിഭവങ്ങള്‍ക്കും ഷവര്‍മ്മയ്ക്കുമാണ് താല്‍ക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കല്‍ മുന്‍സിപ്പാലിറ്റി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചക്.

മാതാപിതാക്കള്‍ക്കും സഹോദരനും ബന്ധുവിനൊപ്പവുമാണ് കലൈഅരൈസി ഈ റെസ്റ്റോന്റില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ഫ്രൈഡ് റൈസും, ഷവര്‍മ്മയും ഇറച്ചി വിഭവങ്ങളുമാണ് ഇവര്‍ ഇവിടെ നിന്ന് കഴിച്ചത്. എ എസ് പേട്ടയിലെ വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഛര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. പനിയും തളര്‍ച്ചയും കൂടിയായതോടെ പെണ്‍കുട്ടിയെ കുടുംബം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയ കലൈഅരൈസിയെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഈ ഭക്ഷണ ശാലയില്‍ നിന്ന് 200ഓളം പേരാണ് ഭക്ഷണം കഴിച്ചിട്ടുള്ളത്.

നാമക്കല്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ 11 പേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ചികിത്സ തേടിയവരില്‍ അഞ്ച് കുട്ടികളും ഗര്‍ഭിണിയുമുണ്ട്. ഭക്ഷണശാലയിലെ പരിശോധനയില്‍ സാംപിളുകള്‍ ശേഖരിച്ച ശേഷം മിച്ചമുള്ളവ നശിപ്പിച്ച് കളഞ്ഞതായി കളക്ടര്‍ വിശദമാക്കി. ഹോട്ടല്‍ ഉടമയും ഭക്ഷണം ഉണ്ടാക്കിയ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭൂമി വിട്ട് ആദിത്യ എല്‍ വണ്‍; ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍

ഭൂമി വിട്ട് ആദിത്യ എല്‍ വണ്‍; ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍

ബംഗളൂരു: സൂര്യനെ കുറിച്ച് പഠിക്കാന്‍ അയച്ച ആദിത്യ എല്‍ വണ്‍ പേടകം ഭൂഗുരുത്വ വലയം ഭേദിച്ച് ലക്ഷ്യത്തിലേക്ക് കുതിച്ചു. പതിനേഴ് ദിവസമായി ഭൂമിയെ ഭ്രമണം ചെയ്തിരുന്ന പേടകത്തെ പത്ത് മിനിട്ട് നീണ്ട ജ്വലന പ്രക്രിയയിലൂടെയാണ് തൊടുത്തു വിട്ടത്. 110 ദിവസത്തിന് ശേഷം ജനുവരി ആദ്യവാരം ലഗ്രാഞ്ച് പോയിന്റ് വണ്‍ ഭ്രമണപഥത്തില്‍ എത്തും. 15 ലക്ഷത്തിലധികം കിലോമീറ്റര്‍ ദൂരം വരുന്ന യാത്രക്കിടയില്‍ ചില പാത തിരുത്തല്‍ കൂടിയുണ്ടാകും.

ശ്രീഹരിക്കോട്ടയില്‍നിന്ന് സെപതംബര്‍ രണ്ടിനാണ് ഐഎസ്ആര്‍ഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ വിക്ഷേപിച്ചത്. നാല് ഘട്ടങ്ങളിലായി പഥം ഉയര്‍ത്തി. ചൊവ്വ പുലര്‍ച്ചെ 1.50ന് ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നുള്ള കമാന്‍ഡിനെ തുടര്‍ന്ന് പേടകത്തിലെ ത്രസ്റ്റര്‍ ജ്വലിച്ചു. പേടകം അതിവേഗത കൈവരിച്ച് ഗുരുത്വാകര്‍ഷണ വലയം കൃത്യമായി ഭേദിച്ചു.

മൗറീഷ്യസ്, ബംഗളൂരു, ഫിജി, ശ്രീഹരിക്കോട്ട ട്രാക്കിങ് സ്റ്റേഷനുകളുടെ സഹായത്തോടെയായിരുന്നു ഇത്. ലഗ്രാഞ്ച് പോയിന്റ് ഒന്നില്‍ എത്തുന്ന പേടകം പ്രത്യേക ഭ്രമണപഥത്തില്‍ സൂര്യനെ വലംവയ്ക്കും. സൂര്യനിലെ കാലാവസ്ഥ, സൗരവാതങ്ങള്‍, സൗരോപരിതല ദ്രവ്യ ഉത്സര്‍ജനം, കാന്തികമണ്ഡലം തുടങ്ങിയവ സമഗ്രമായി പഠിക്കുകയാണ് ലക്ഷ്യം.

വായ്പാ അടവ് മുടങ്ങിയോ?; എപ്പോള്‍ വേണമെങ്കിലും ചോക്ലേറ്റുമായി എസ്ബിഐക്കാര്‍ വരാം

വായ്പാ അടവ് മുടങ്ങിയോ?; എപ്പോള്‍ വേണമെങ്കിലും ചോക്ലേറ്റുമായി എസ്ബിഐക്കാര്‍ വരാം

മുംബൈ: വായ്പാ തിരിച്ചടവ് സമയത്ത് തന്നെ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ വേറിട്ട മാര്‍ഗവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പ്രതിമാസ തവണകളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു പായ്ക്ക് ചോക്ലേറ്റ് നല്‍കി അഭിവാദ്യം ചെയ്ത് ഓര്‍മ്മപ്പെടുത്തുന്ന രീതിയാണ് പ്രാവര്‍ത്തികമാക്കുന്നത്. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം.

ഏതെങ്കിലും കാരണവശാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തേണ്ട സ്ഥിതി വന്നാല്‍, ബാങ്കില്‍ നിന്ന് വായ്പാ തിരിച്ചടവ് ഓര്‍മ്മിപ്പിച്ച് വിളിക്കുന്ന കോളുകള്‍ക്ക് കടം വാങ്ങിയയാള്‍ പൊതുവേ മറുപടി നല്‍കാതിരിക്കുന്നതാണ് സാധാരണ കണ്ടുവരാറ്.അതിനാല്‍ അവരെ അറിയിക്കാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു.

മെച്ചപ്പെട്ട കളക്ഷന്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഒരു വശത്ത് പലിശനിരക്ക് ഉയരുമ്പോള്‍ മറുവശത്ത് വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്.’കടം വാങ്ങുന്നവരെ അവരുടെ തിരിച്ചടവ് ബാധ്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതിനുള്ള ഒരു പുതിയ മാര്‍ഗം ഞങ്ങള്‍ പൈലറ്റ് ചെയ്യുകയാണ്. ഒരാള്‍ കടം വാങ്ങുന്നവരുമായി അനുരഞ്ജനം നടത്തുമ്പോള്‍, മറ്റൊരാള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവരെ കണ്ടെത്തി അവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. പ്രതിനിധികള്‍ അവരെ സന്ദര്‍ശിച്ച് ഓരോരുത്തര്‍ക്കും ഒരു പാക്കറ്റ് ചോക്ലേറ്റ് നല്‍കിയാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. വരാനിരിക്കുന്ന ഇഎംഐകളെക്കുറിച്ചും അവരെ ഓര്‍മ്മപ്പെടുത്തും,’ റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

‘മുന്‍കൂട്ടി അറിയിക്കാതെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. ഈ നീക്കം പൈലറ്റ് ഘട്ടത്തിലാണെന്നും ഏകദേശം 15 ദിവസം മുമ്പാണ് ഇത് നടപ്പിലാക്കിയതെന്നും വിജയിച്ചാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അശ്വനി കുമാര്‍ തിവാരി കൂട്ടിച്ചേര്‍ത്തു.

കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാർ അറസ്റ്റിൽ

കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാർ അറസ്റ്റിൽ

ചെന്നൈ വിമാനത്താവളത്തിൽ കള്ളക്കടത്ത് നടത്തിയതിന് ഒരു വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും പിടിയിൽ. മസ്കറ്റിൽ നിന്നും ചെന്നൈയിലെത്തിയ ഒമാൻ എയർ വിമാനത്തിലെ 113 യാത്രക്കാരാണ് കസ്റ്റംസിന്റെ പിടിയിലായത് . വിമാനത്തിൽ 156 യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാരെല്ലാം ചതിയിൽ പെട്ടതാണെന്ന് കസ്റ്റംസ് അന്വേഷണത്തിൽ തെളിഞ്ഞു.

ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

ആന്‍ഡമാനില്‍ നശിപ്പിച്ചത് 100 കോടിയുടെ മയക്കുമരുന്ന്

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാനിൽ 100 കോടിരൂപയുടെ മാരക ലഹരിമരുന്ന് കേരളത്തിൽ നിന്നുള്ള കസ്റ്റംസ്പ്രിവന്‍റീവ് – എക്സൈസ് സംയുക്ത സംഘം പിടികൂടി നശിപ്പിച്ചു. കടലോരത്ത് ബങ്കറിൽ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ ആണ് പ്രാദേശിക സഹായത്തോടെ പിടികൂടിയത്. നാല് വർഷം മുൻപ് മ്യാൻമർ ലഹരിമാഫിയ സംഘം കടലിൽ മുക്കിയ കപ്പലിലെ 4000 കിലോ ലഹരിമരുന്ന് ആൻഡമാൻ തീരത്തടിഞ്ഞിരുന്നുവെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ ജൂണിൽ 500 ഗ്രാം മെത്താംഫെറ്റമീനുമായി മൂന്ന് മലയാളികൾ മ‌ഞ്ചേരിയിൽ പിടിയിലായപ്പോഴാണ് മാരക ലഹരി വസ്തു എത്തുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായത്. തുടർന്ന് എക്സൈസ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം വിവരം കൊച്ചി കസ്റ്റംസ് പ്രിവന്ർറീവിന് കൈമാറിയാണ് സംയുക്ത ഓപ്പറേഷന് തീരുമാനിച്ചത്. കേരളത്തിൽ പിടിയിലായവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആൻഡമാനിലെത്തി ആദിവാസി വിഭാഗത്തിലുള്ള യുവാവിനെ കസ്റ്റഡിയിലെടുത്തത്.

ആൻഡമാനിലെ മലാക്കയിൽ കടലോരത്ത് ജപ്പാൻ സൈന്യം നേരത്തെ ഉപേക്ഷിച്ച ബങ്കറിൽ ഇയാൾ സൂക്ഷിച്ച 50 കിലോ മെത്താംഫെറ്റമീൻ സംയുക്ത സംഘം കണ്ടെത്തി. 2 കിലോയുടെ 25 പാക്കറ്റുകളിലായിരുന്നു ലഹരി മരുന്ന്. ബങ്കറിൽ വെള്ളം കയറിയതിനാൽ ഇത് പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുർന്ന് സ്ഥലത്ത് തന്നെ നശിപ്പിച്ചു. പ്രദേശവാസികളുടെ കൈയ്യിൽ വ്യാപകമായി മയക്ക് മരുന്ന് ഉണ്ടെന്ന വിവരത്തെ തുടർന്ന് സംയുക്ത സംഘം ആൻഡമാൻ കളക്ടർ ഹരി കള്ളിക്കാട്ടിന്‍റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ ക്ലാസുകൾ നടത്തി. ഇതിന് പിന്നാലെ 2 കിലോയോളം മയക്ക് മരുന്ന് പ്രദേശവാസികൾ ജില്ലാ ഭരണകൂടത്തെ തിരിച്ചേൽപ്പിച്ചു. 98 ശതമാനം പ്യൂരിറ്റിയുള്ളതാണ് പിടികൂടിയ ലഹരിമരുന്ന്.

ഇനിയും നൂറ് കണക്കിന് കിലോ മെത്താംഫെറ്റമീൻ പ്രദേശവാസികളുടെ കൈയ്യിലുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. 2019ൽ ഇന്ത്യന്‍ കോസ്റ്റ്ഗാർ‍ഡിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ മ്യാൻമറിൽ നിന്നുള്ള ലഹരി സംഘം മയക്ക് മരുന്ന് സഹിതം കപ്പൽ മുക്കിയിരുന്നു. വായുകടക്കാത്ത കവറിലുള്ള ലഹരി മരുന്ന് തീരത്ത് അടിയുകയുകയായിരുന്നു. ഇതാണ് ഇപ്പോൾ കേരളത്തിലേക്ക് എത്തിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

ഏഷ്യാ കപ്പ് ആവേശപ്പോരില്‍ ലങ്ക ചാടി ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ കറക്കിയിട്ട് ജഡേജയും കുല്‍ദീപും

ഏഷ്യാ കപ്പ് ആവേശപ്പോരില്‍ ലങ്ക ചാടി ഇന്ത്യ ഫൈനലിൽ; ശ്രീലങ്കയെ കറക്കിയിട്ട് ജഡേജയും കുല്‍ദീപും

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആവേശ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി.നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യന്‍ ജയം സാധ്യമാക്കിയത്. സ്കോര്‍ ഇന്ത്യ 49.1 ഓവറില്‍ 213ന് ഓള്‍ ഔട്ട്, ശ്രീലങ്ക 41.3 ഓവറില്‍ 172ന് ഓള്‍ ഔട്ട്.ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയെ തുടക്കത്തിലെ തകര്‍ച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേര്‍ന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കന്‍ ഓപ്പണര്‍ പാതും നിസങ്കയെ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളില്‍ കുശാല്‍ മെന്‍ഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.ഇതിന് പിന്നാലെ ദിമുത് കരുണരത്നെയെ സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(53), ഇഷാന്‍ കിഷന്‍(31), കെ എല്‍ രാഹുല്‍(39) എന്നിവരുടെ ഭേദപ്പെട്ട പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 186 റണ്‍സിന് ഓമ്പതാം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അവസാന വിക്കറ്റില്‍ അക്സര്‍ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേര്‍ന്ന് 27 റണ്‍സ് കൂട്ടിച്ചേര്‍ത്തത് നിര്‍ണായകമായി