പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ

പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം ​ഗണേശ ചതുർഥി ദിനത്തിൽ

ഡൽഹി: പുതിയ മന്ദിരത്തിലേക്കുള്ള പ്രവേശനം അടിമുടി മാറ്റങ്ങളോടെയെന്ന് റിപ്പോർട്ട്. പാർലമെൻ്റ് സ്റ്റാഫുകൾക്ക് പുതിയ യൂണിഫോം നൽകും. മാർഷലുമാർക്ക് മണിപ്പൂരി തലപ്പാവും താമര ചിഹ്നംപതിച്ച ഷർട്ടുമായിരിക്കും വേഷം. വനിതാ ജീവനക്കാർക്ക് സാരിയായിരിക്കും യൂണിഫോം. സുരക്ഷ ഉദ്യോഗസ്ഥർക്ക് കമാൻഡോ പരിശീലനവും നൽകും. ഗണേശ ചതുർത്ഥി ദിനം പ്രത്യേക പൂജയോടെ മന്ദിര പ്രവേശമെന്നും റിപ്പോർട്ട്

ലോക്‌സഭയിലും രാജ്യസഭയിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പുതിയ യൂണിഫോം ഉൾപ്പെടെ നിരവധി മാറ്റങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം അടുത്ത ആഴ്ച ആദ്യ സമ്മേളനം നടത്താൻ തയ്യാറാണ്. നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ക്രീം നിറമുള്ള ജാക്കറ്റുകൾ, പിങ്ക് താമര പ്രിന്റ് ചെയ്ത ക്രീം ഷർട്ടുകൾ, കാക്കി ട്രൗസർ എന്നിവ ലഭിക്കും.

ഇരുസഭകളിലെയും ജീവനക്കാർക്കും ഒരേ യൂണിഫോം ആയിരിക്കും. ചേംബർ അറ്റൻഡർമാര‌ടക്കം സേവനത്തിനായി നിയോ​ഗിച്ച 271 ജീവനക്കാർക്കും പുതിയ യൂണിഫോം കൈമാറിയതായി അധികൃതർ അറിയിച്ചു. വിപാർലമെന്റ് സെക്യൂരിറ്റി സർവീസിലെ (ഓപ്പറേഷൻസ്) സുരക്ഷാ ഉദ്യോഗസ്ഥർ നീല സഫാരി സ്യൂട്ടിനുപകരം സൈനിക വേഷം ധരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ് ഡിസൈനുകൾ തയ്യാറാക്കിയത്. ജൻഡർ ന്യൂട്രൽ യൂണിഫോമുകളായിക്കും നൽകുക. സെപ്റ്റംബർ 18-ന് നിലവിലെ പാർലമെന്റിലെ അവസാന ദിനമാകും. ഗണേശ ചതുർഥിയായ സെപ്റ്റംബർ 19-ന് പുതിയ പാർലമെന്റിൽ സമ്മേളനം ചേരും. സെൻട്രൽ ഹാളിൽ പ്രതീകാത്മക സംയുക്ത യോഗം ചേർന്ന് നടപടികൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് പുതിയ പാർലമെന്റിൽ സമ്മേളനം. മറ്റ് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് സമ്മേളനം നടക്കുന്നതെന്നും സമ്മേളനത്തിന്റെ അജണ്ടയെക്കുറിച്ച് ആർക്കും ഒരു ധാരണയുമില്ലെന്നും കോൺ​ഗ്രസ് നേതാവ് സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

‘ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തുശതമാനം അധിക ജിഎസ്ടി’; സര്‍ക്കാര്‍ പരിഗണനയിലെന്ന്‌ കേന്ദ്രമന്ത്രി

‘ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തുശതമാനം അധിക ജിഎസ്ടി’; സര്‍ക്കാര്‍ പരിഗണനയിലെന്ന്‌ കേന്ദ്രമന്ത്രി

ഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വായു മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് പദ്ധതി ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

63-ാംമത് സിയാം വാര്‍ഷിക സമ്മേളനത്തിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. വായു മലിനീകരണം ഉയരുന്നത് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതിന് പരിഹാരമെന്നോണം ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം പരിഗണിക്കണമെന്ന് കാട്ടി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കത്ത് നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

നിലവില്‍ രാജ്യത്ത് ഓടുന്ന വാണിജ്യ വാഹനങ്ങളില്‍ ഒട്ടുമിക്കതും ഡീസല്‍ വാഹനങ്ങളാണ്. യാത്ര വാഹനങ്ങളുടെ കാര്യമെടുത്താല്‍ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയും ഹോണ്ടയും ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തിയതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നിലവില്‍ ഡീസല്‍ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡീസല്‍ കാറുകളോട് ഗുഡ്‌ബൈ പറയാന്‍ സാധിക്കണം. ഡീസല്‍ കാറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താന്‍ വാഹന നിര്‍മ്മാതാക്കള്‍ തയ്യാറാകണം. അല്ലെങ്കില്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന ബുദ്ധിമുട്ടേറിയ ഒന്നാക്കി മാറ്റി നികുതി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലവില്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമേ അധിക നികുതി സെസിന്റെ രൂപത്തിലും പിരിക്കുന്നുണ്ട്.

മുംബൈയില്‍ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 6 പേർ മരിച്ചു

മുംബൈയില്‍ 40 നില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 6 പേർ മരിച്ചു

മുംബൈ താനെയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളായആറ് പേര്‍ മരിച്ചു. അടുത്തിടെ പണി പൂര്‍ത്തിയായ 40 നില കെട്ടിടത്തിലായിരുന്നു അപകടമുണ്ടായത്. കെട്ടിടത്തിലെ വാട്ടര്‍പ്രൂഫിങ് ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ താഴേക്ക് വരുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചെങ്കിലും ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുകയായിരുന്നു.

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവ് അച്ഛനെ അടിച്ചുകൊന്നു

മുംബൈ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് മകന്‍ അച്ഛനെ അടിച്ചുകൊന്നു. 45കാരനായ അമിത് റായ്പുര്‍ക്കറാണ് വയോധികനായ പിതാവിനെ ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കേസില്‍ റായ്പൂര്‍ക്കറെ പൊലീസ് അറസ്റ്റ് ചെയ്തു.

ലോറി ഡ്രൈവറായ അമിത് ശനിയാഴ്ച രാത്രി മദ്യപിച്ചാണ് വീട്ടിലെത്തിയത്. മദ്യം വാങ്ങാനായി ഭാര്യയോടും പിതാവിനോടും പണം ആവശ്യപ്പെട്ടെങ്കിലും അവരാരും പണം നല്‍കിയില്ല. തുടര്‍ന്ന് അമിത് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. മകന്റെ മര്‍ദനത്തില്‍ നിന്ന് യുവതിയെ രക്ഷിക്കുന്നതിനിടെയാണ് പിതാവിന് അടിയേറ്റത്. ഉടന്‍ തന്നെ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. അമിത്തിനെതിരെ കൊലപാതകത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഡല്‍ഹിയില്‍ ഇരുപതുകാരനെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതികള്‍ 8 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

ഡല്‍ഹിയില്‍ ഇരുപതുകാരനെ നടുറോഡില്‍ കുത്തിക്കൊന്നു; പ്രതികള്‍ 8 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

ഡല്‍ഹിയില്‍ ഇരുപതുകാരനെ എട്ടംഗസംഘം കുത്തിക്കൊന്നു. സംഗം വിഹാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന എട്ടുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ദില്‍ഷാദ് എന്ന യുവാവാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്തവരാണ് കസ്റ്റഡിയിലുള്ളവര്‍. കഴിഞ്ഞ കൊല്ലം നടന്ന ഒരു തര്‍ക്കമാണ് ഇപ്പോള്‍ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികവിവരം.

ദില്‍ഷാദും പ്രതികളും സംഗം വിഹാര്‍ സ്വദേശികളാണ്.പരിക്കേറ്റ ദില്‍ഷാദിനെ മജീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. നെഞ്ചിലും മറ്റ് ശരീരഭാഗങ്ങളിലും കുത്തേറ്റ ദില്‍ഷാദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിരുന്നു. വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം ലഭിച്ചിരുന്നുവെങ്കിലും മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പുതന്നെ ദില്‍ഷാദ് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനിരയായ യുവാവിനെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

ജി20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ഇന്ത്യ ബ്രസീലിന് കൈമാറി, നവംബറില്‍ വിര്‍ച്വല്‍ ഉച്ചകോടിക്ക് ശുപാര്‍ശ

ദില്ലി: നിർണായക ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കും വേദിയായ ജി20 ഉച്ചകോടിക്ക് സമാപനം. ജി20 അധ്യക്ഷ പദം ഇന്ത്യ ബ്രസീലിന് കൈമാറി. നവംബറിൽ ജി20 വിർച്വൽ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാർശ ചെയ്തു. ജി20 യിലെ തീരുമാനങ്ങൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ വിലയിരുത്താനാണ് വിർച്വൽ ഉച്ചകോടി. ജി20 ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടായി. സമാപന ദിവസമായ ഇന്ന് രാവിലെ ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ ഒന്നിച്ച് രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തിയ നേതാക്കളെ സ്വീകരിച്ചു. കനത്ത മഴ അവഗണിച്ചാണ് നേതാക്കൾ രാജ്ഘട്ടിൽ ഒത്തുകൂടിയത്. എല്ലാ നേതാക്കളും ഒന്നിച്ച് പുഷ്പചക്രം അർപ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിനെതിരെ പോരാടിയ മഹാത്മാവിന് ആദരമർപ്പിക്കാൻ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തിയതും പ്രത്യേകതയായി. സബർമതി ആശ്രമത്തിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഷാളണിയിച്ച് മോദി നേതാക്കളെ സ്വീകരിച്ചു. രാജ്ഘട്ടിൽ ഇത്രയും ലോകനേതാക്കൾ ഒത്തുചേർന്ന് ആദരമർപ്പിക്കുന്നത് ഇതാദ്യമായാണ്. പിന്നീട് ഭാരത് മണ്ഡപത്തിൽ അവസാന സെഷൻ തുടങ്ങും മുമ്പ് ഇന്തോനേഷ്യയുടെയും ബ്രസീലിൻറെയും പ്രസിഡൻറുമാർ പ്രധാനമന്ത്രിക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.

ജി 20 സംയുക്ത പ്രഖ്യാപനം ചരിത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ചുള്ള പ്രതിജ്ഞ എന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ജി 20 അം​ഗങ്ങൾക്ക് മോദി നന്ദി അറിയിക്കുകയും ചെയ്തു. യുക്രെയിൻ സംഘർഷം കൂടി ഉൾപ്പെടുത്തിയുള്ള സംയുക്തപ്രഖ്യാപനം ദില്ലിയിൽ തുടരുന്ന ജി20 ഉച്ചകോടി അംഗീകരിച്ചു. റഷ്യയെ ശക്തമായി അപലപിക്കാതെ കടന്നുകയറ്റങ്ങൾക്കെതിരെ താക്കീത് നല്കിയാണ് പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കിയത്. ഇന്ത്യ ഗൾഫ് യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉച്ചകോടിക്കിടെ പ്രഖ്യാപിക്കാനായതും വൻ നേട്ടമായി.