ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം

ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം

മനില: സാധാരണക്കാർക്ക് ചികിത്സ ലഭ്യമാക്കുന്ന അസമിലെ കാൻസർ ചികിത്സാകേന്ദ്രത്തിലെ ഡയറക്ടറായ ഡോ. രവി കണ്ണന് മാഗ്സസെ പുരസ്കാരം. രവി കണ്ണൻ അടക്കം 4 പേർക്കാണ് ഏഷ്യയുടെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. തമിഴ്നാട് സ്വദേശിയായ അദ്ദേഹം അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റലിന്റെ ഡയറക്ടറാണ്. മാഗ്സസെ പുരസ്കാരം ലഭിക്കുന്ന 59–ാമത് ഇന്ത്യക്കാരനാണ് രവി കണ്ണൻ.

തന്റെ ആശുപത്രിക്ക് ലഭിച്ച ബഹുമതിയായാണ് പുരസ്‌കാരത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് ടീമായാണ്. എല്ലാവരും ഒരേപോലെയാണ് ഈ പ്രൊജക്ടിനായി വര്‍ക്ക് ചെയ്യുന്നത്. ഇവിടെ ജോലി ചെയ്യുന്നവര്‍ മാത്രമല്ല, പുറത്തുനിന്നും നിരവധി പേര്‍ പിന്തുണയ്ക്കുന്നുണ്ട്. അവരും വിജയികളാണ്.’- രവി കണ്ണന്‍ പറഞ്ഞു.

ചെന്നൈയിലെ അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സര്‍ജനായി പ്രവര്‍ത്തിക്കുകയായിരുന്നു രവി കണ്ണന്‍. 2007 ലാണ് ആശുപത്രിയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് അസാമിലേക്ക് വരുന്നത്. ആരോഗ്യ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഫിലിപ്പീൻസിലെ സൈനിക ഭരണത്തിനെതിരെ അക്രമരഹിതമായ പ്രചാരണം നടത്തുന്ന മിറിയം കൊറോണൽ ഫെറെർ, ബംഗ്ലദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷാനന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയ ലെമോസ് എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.

ഫ്ളോറിഡയെ മുക്കി ഇഡാലിയ ചുഴലിക്കാറ്റ്: ജാ​ഗ്രത നിർ​ദേശം

ഫ്ളോറിഡയെ മുക്കി ഇഡാലിയ ചുഴലിക്കാറ്റ്: ജാ​ഗ്രത നിർ​ദേശം

ഫ്ളോറിഡ: യുഎസിൽ കനത്ത നാശം വിതച്ച ഇഡാലിയ ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു. ഫ്ളോറിഡയില്‌‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. പ്രദേശങ്ങളിൽ നിന്ന് ആളു​കളെ ഒഴിപ്പിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.

കാറ്റ് വീശിയടിച്ചത് ജനസാന്ദ്രത കുറഞ്ഞ മേഖലകളിലായതിനാൽ വലിയ ആൾനാശം ഉണ്ടായിട്ടില്ല. ഫ്ലോറിഡയിൽ ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇവ രണ്ടും വാഹനാപകടങ്ങളെ തുർന്നാണെന്ന് പൊലീസ് അറിയിച്ചു. ചുഴലിക്കാറ്റിന് പിന്നാലെ തെക്കുകിഴക്കൻ ജോർജിയയിൽ കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുകയാണ്. ഭരണകൂടം ജാഗ്രതാനിര്‍ദേശം നൽകി.

‘സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ’; ആശംസകളുമായി രാഷ്ട്രപതി

‘സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ’; ആശംസകളുമായി രാഷ്ട്രപതി

ഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണം. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് നാസ

ചന്ദ്രയാന്‍ മൂന്ന് വിജയം; ഇന്ത്യയെയും ഐഎസ്ആര്‍ഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യമായാണ് ചന്ദ്രയാന്‍ മൂന്ന് മാറിയത്. റഷ്യയുടെ ലൂണ- 25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ച്് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം.
‘ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയതിന് ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദനങ്ങള്‍. ചന്ദ്രനില്‍ ഒരു ബഹിരാകാശ പേടകം വിജയകരമായി ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായതിന് ഇന്ത്യയ്ക്കും അഭിനന്ദനങ്ങള്‍.ഈ ദൗത്യത്തില്‍ നിങ്ങളുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്’ – നെല്‍സല്‍ എക്‌സില്‍ കുറിച്ചു.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വൈകീട്ട് 6.04നാണ് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. യുഎസ്, ചൈന, റഷ്യ എന്നിവയാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ മറ്റു മൂന്ന് രാജ്യങ്ങള്‍.

ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി

ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി

ഡല്‍ഹി: ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളില്‍ പ്രവർത്തിക്കില്ല.

ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പൊതു അവധി നല്‍കിയത്. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ പത്ത് വരെ സര്‍ക്കാര്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ഡല്‍ഹി പ്രഗതി മൈതാനിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളെല്ലാം ഉച്ചകോടിയിൽ സംബന്ധിക്കും.

കൈയെത്തും ദൂരത്ത് ചന്ദ്രൻ, ആകാംക്ഷയിൽ രാജ്യം; ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വൈകിട്ട്

കൈയെത്തും ദൂരത്ത് ചന്ദ്രൻ, ആകാംക്ഷയിൽ രാജ്യം; ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് വൈകിട്ട്

ഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. ലാൻഡറും (വിക്രം) റോവറും (പ്രഗ്യാൻ) ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. ലാൻ‍ഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.

ഇന്ന് വൈകിട്ട് 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. ദൗത്യം വിജയിച്ചാൽ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ സ്പർശിക്കാനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനും കഴിഞ്ഞാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന.